Current Date

Search
Close this search box.
Search
Close this search box.

അസം: നിര്‍ഭാഗ്യവാന്മാരുടെ വിധിദിനം

അസമിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ വേവലാതിയോടെ കാത്തിരിക്കുന്ന ഫലം പുറത്തുവരുന്ന ദിവസമാണിന്ന്. ഇന്ത്യയില്‍ ജനിക്കുകയും ഇന്ത്യക്കാരായി ജീവിക്കുകയും ചെയ്തിട്ടും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ എന്ന ചാപ്പ കുത്തപ്പെട്ട നിര്‍ഭാഗ്യവാന്മാരുടെ വിധിദിനം. National Register of Citzens (NRC) ഇന്ന് ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയിലാണ് ലക്ഷങ്ങള്‍. NRC യെന്ന കടമ്പ കടക്കുമോയെന്ന വേവലാതിയില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയവരുടെ എണ്ണം നാല്‍പതിലേറെയാണെന്ന് കണക്കുകള്‍ പറയുന്നു. പൗരാവകാശ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് ആയിരങ്ങള്‍ക്ക് പൗരത്വം പു:നസ്ഥാപിച്ച് കിട്ടിയിട്ടുണ്ടെങ്കിലും ലക്ഷങ്ങള്‍ ഇപ്പോഴും നീതി തേടിയുള്ള പോരാട്ടത്തിലാണ്.

നാല്‍പത് ലക്ഷത്തിലേറെ പേരെ പൗരത്വത്തിന്റെ പേരില്‍ രാജ്യത്തിനു പുറത്തേക്ക് തള്ളാനുള്ള പദ്ധതിയാണ് അണിയറയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. റജിസ്റ്റര്‍ പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനം സുരക്ഷാ വലയത്തിലാണ്. പതിനേഴായിരത്തിലേറെ അധിക സുരക്ഷാ ഭടന്മാരെ വിന്യസിച്ചിരിക്കുന്നു. ‘കുടിയേറ്റക്കാരായ ന്യൂനപക്ഷങ്ങളെ അറബിക്കടലിലേക്ക് വലിച്ചെറിയു’ മെന്ന് പ്രഖ്യാപിച്ചയാളാണ് കേന്ദ്രത്തില്‍ ആഭ്യന്തരം കൈയാളുന്നത്.

ഓള്‍ അസാം സ്റ്റുഡന്‍സ് യുനിയന്‍ (AASU) ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ സംഘ്പരിവാര്‍ ഭരണകൂടം നടത്തുന്ന ഗൂഢപദ്ധതിയാണ് അസമില്‍ നടപ്പാക്കാന്‍ പോകുന്നത്. 1983ല്‍ രണ്ടായിരത്തിലേറെ പേരെ കൂട്ടക്കൊല ചെയ്ത കലാപത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മാഞ്ഞിട്ടില്ല. റജിസ്റ്ററില്‍ പേരില്ലാത്തവര്‍ക്ക് 120 ദിവസത്തിനകം പ്രത്യേക ട്രിബ്യൂണലില്‍ (Special Foreigners Tribunals) അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെങ്കിലും എത്രപേര്‍ക്ക് പൗരത്വം തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. പൗരത്വ പട്ടികയില്‍ പേരില്ലാത്തവരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി ഇതിനകം ആറ് ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. പുതിയ പത്ത് ക്യാമ്പുകളുടെ പണി തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. 1,135 പേര്‍ ഇത്തരം ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന മുദ്രകുത്തി പൂറത്താക്കുന്നവരില്‍ മുസ്‌ലിംകളാണ് ഏറ്റവുമധികം എന്നതാണ് സംഘ്പരിവാരങ്ങളെ ആവേശഭരിതരാക്കുന്ന ഘടകം. NRC നേരത്തെ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ പേരില്ലാത്തവര്‍ തങ്ങളുടെ വേവലാതി പങ്കുവെക്കുകയുണ്ടായി. അക്കൂട്ടത്തിലൊരാളാണ് 55കാരനായ സാഹിബ് അലി. ‘എന്റെ പിതാമഹന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജനിച്ച മണ്ണാണിത്. എന്നാല്‍ എന്നെ ബംഗ്ലാദേശിയാക്ക് പൗരത്വ പട്ടികയില്‍നിന്ന് പുറത്താക്കിയിരിക്കുന്നു’. സാഹിബ് അലിയുടെ ഉമ്മയുടെ പേര് 1966 മുതലുള്ള വോട്ടര്‍ പട്ടികയിലുണ്ടെന്നതാണ് കൗതുകകരം.

അയല്‍ രാജ്യങ്ങളില്‍നിന്നുള്ള (ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനി്സ്ഥാന്‍) മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ വിഭാവനം ചെയ്യുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു ഭരണകൂടമാണിത്. തദ്ദേശീയരായ അറബ് പൗരന്മാരെ രണ്ടാംതരക്കാരായി തിരിച്ച് അവരുടെ മൗലികാവകാശങ്ങള്‍ പലതും റദ്ദ് ചെയ്യുകയും ഇസ്രായിലിനെ ജൂത രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സയണിസ്റ്റുകളുടെ പാതയിലേക്കാണ് നമ്മുടെ നാടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

Related Articles