Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക എത്രത്തോളം “വികസിത”മാണ്?

പകർച്ചപ്പനി ബാധിച്ചിട്ടും ഉയർന്ന ചികിത്സാച്ചെലവുകൾ ഭയന്നാണ് സൂസൻ ഫിൻലി ആശുപത്രിയിൽ പോവാതിരുന്നത്. പിന്നീട് അവരെ സ്വന്തം അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 53 വയസ്സായിരുന്നു മരിക്കുമ്പോൾ സൂസന്റെ പ്രായം. കോവിഡ് ബാധിച്ചല്ല അവർ മരിച്ചത്. കൊറോണാ വൈറസ് ലോകത്ത് പടർന്നു പിടിക്കുന്നതിനും നാലു വർഷങ്ങൾക്ക് മുമ്പ് 2016-ലാണ് കടക്കെണി ഭയന്ന് ചികിത്സ വേണ്ടെന്നു വെച്ച് ഒരു സ്ത്രീ അമേരിക്കൻ ആരോഗ്യ രംഗത്തിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തി മരണത്തിന് കീഴടങ്ങിയത്. അമേരിക്കൻ സംവിധാനമൊന്നാകെ ഇന്ന് കോവിഡിന്റെ കരവലയത്തിൽ ഞെരിഞ്ഞമരുകയാണ്. ലോകത്തെ മുൻനിര മെഡിക്കൽ സംഘങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പു നൽകിയിട്ടും ആയിരക്കണക്കിന് ആളുകൾ പിടഞ്ഞുമരിക്കുന്നത് നിസ്സഹായമായി നോക്കിനിൽക്കാൻ മാത്രമേ വാഴ്ത്തപ്പെട്ട അമേരിക്കൻ സംവിധാനങ്ങൾക്ക് കഴിയുന്നുള്ളൂ. ഒരു വികസിത രാജ്യമെന്ന പദവി അമേരിക്ക എത്രത്തോളം അർഹിക്കുന്നുണ്ടെന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്.

അമേരിക്കൻ പ്രസിഡന്റ് മുതൽ ഐക്യരാഷ്ട്ര സഭ വരെ അമേരിക്കയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നത് ഒരു വികസിത സമ്പദ്ഘടനയായാണ്. ഏറ്റവും ഔന്നിത്യ ഭാവത്തിൽ അവതരിപ്പിക്കപ്പെടുന്ന “വികസിതം” എന്ന ഈ വിശേഷണം കാലിലെ മന്ത് മണ്ണിലൊളിപ്പിക്കുന്നതിന് സമാനമാണ്. “വികസിത” രാജ്യങ്ങൾക്ക് ഇവിടെ വികസിതം എന്നതിന്റെ നിർവചനം തന്നെ തങ്ങളേക്കാൾ സാമ്പത്തികമായി പിറകിലുള്ള “വികസ്വര” രാജ്യങ്ങളെ എതിർസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ മാത്രം സാധുവാകുന്ന ഒരു പദപ്രയോഗമാണ്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യങ്ങളുടെ ദയനീയാവസ്ഥ വെളിപ്പെടുഞാൻ കൊറോണാ വൈറസ് ഒരു നിമിത്തമായി എന്നതാണ് വാസ്തവം.

Also read: അസം തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരെ നാം മറന്നുകൂട

ആയിരം പേർക്ക് 2.9 ആശുപത്രി കിടക്കകൾ എന്ന കണക്കിലാണ് അമേരിക്കയിലെ ജനസംഖ്യാനുപാതത്തിലുള്ള ചികിത്സാ സൗകര്യം. ഇത് വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാത്ത തുർക്ക്മെനിസ്താൻ (ആയിരം പേർക്ക് 7.4 കിടക്കകൾ), മംഗോളിയ (7.0), അർജന്റീന (5.0), ലിബിയ (3.7) എന്നീ രാജ്യങ്ങളേക്കാളും വളരെ കുറവാണ് എന്ന് കാണാം. ലോകാരോഗ്യ സംഘടനയുടെ റാങ്കിംഗ് പ്രകാരം ലോകത്തെ 182 രാജ്യങ്ങളിൽ 69-ാം സ്ഥാനമാണ് അമേരിക്കക്ക് എന്നത് ഇവിടെ പ്രസ്താവ്യമാണ്. തടയാൻ കഴിയുന്ന മരണങ്ങളുടെ നിരക്ക് പോലും കോവിഡിന്റെ സാഹചര്യത്തിൽ അമേരിക്കയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഡോക്ടർമാരുടെ ലഭ്യതയിലും അമേരിക്കൻ ഐക്യനാടുകൾ മെച്ചപ്പെട്ട പ്രകടനമല്ല കാഴ്ചവെക്കുന്നത്. ആയിരം പേർക്ക് 2.6 എന്ന കണക്കിലാണ് അമേരിക്കയിൽ ഡോക്ടർമാരുള്ളത്. ഇതാകട്ടെ റഷ്യയിലും ട്രിനിഡാഡ് ആന്റ് ടൊബാഗയിലും യഥാക്രമം 4.0 ഉം 2.7 ഉം ആണ്. നവജാത ശിശുക്കളുടെ ആയുസ്സിന്റെ കാര്യത്തിലാകട്ടെ ചിലിയെക്കാളും ചൈനയെക്കാളും പിറകിലാണ് അമേരിക്ക. പ്രസവസമയത്തുള്ള മാതൃ മരണ നിരക്കിന്റെ കാര്യത്തിലും ഇറാനേക്കാളും സൗദി അറേബ്യയേക്കാളും ഭേദപ്പെട്ട അവസ്ഥയിലല്ല അമേരിക്ക. ഈ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ മാതൃ മരണനിരക്ക് കൂടുതലാണ്.

ആരോഗ്യ രംഗത്ത് മാത്രമല്ല, ഇന്റർനെറ്റ് ലഭ്യതയുടെ കാര്യത്തിലും വികസിത രാജ്യങ്ങളായി ഐക്യരാഷ്ട്ര സഭ കണക്കാക്കാത്ത ബഹ്റൈനിനും ബ്രൂണെക്കും ഒപ്പമെത്താൻ പോലും അമേരിക്കക്ക് ആയിട്ടില്ല. ആഫ്രിക്കൻ രാജ്യമായ മാലിയിലും യമനിലും ഉള്ളതിനേക്കാൾ അസമത്വങ്ങൾ അമേരിക്കൻ പൊതുവിടങ്ങളിൽ കാണാം എന്നതും സ്മരണീയമാണ്. അസമത്വങ്ങളുടെ കണക്കിൽ അങ്ങനെ നോക്കുമ്പോൾ അമേരിക്കക്ക് ഒപ്പമുള്ളത് വംശീയ ശുദ്ധി അടിസ്ഥാനമാക്കി നിലകൊള്ളുന്ന ഇസ്രായേൽ മാത്രമാണ്.

Also read: ഒരിക്കലും കൈവിട്ടു പോകാന്‍ പാടില്ലാത്ത ഒന്നാണ് ജാഗ്രത

സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ ലോകത്ത് 81-ാം സ്ഥാനത്താണ് അമേരിക്ക. അഥവാ, വിയറ്റ്നാമിലോ അൽബേനിയയിലോ ആണ് നിങ്ങളെങ്കിൽ ഒരു സ്ത്രീ എന്ന നിലയിൽ രാഷ്ട്രീയ പ്രവേശം കൂടുതൽ എളുപ്പമായേനെ എന്ന് സാരം. ഈ കണക്കിൽ അമേരിക്കക്ക് ഒപ്പമുള്ളത് സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളാണ്, രണ്ടിടത്തും 24 ശതമാനം ആണ് പാർലമെൻറ്റിൽ സ്ത്രീകളുടെ പ്രാതിനിധ്യം.

വിദ്യാഭ്യാസ മേഖലയിലേക്ക് വരുമ്പോൾ, 83 ശതമാനം വിദ്യാർഥികൾ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നവരാണ് അമേരിക്കയിൽ. എന്നാൽ ഈ കണക്കിൽ ബെലറൂസ്, യുക്രൈൻ, കസാഖിസ്താൻ, ബാർബഡോസ്, അർമീനിയ, ബോസ്നിയ-ഹെർസഗോവിന, മോൺടിനീഗ്രോ എന്നീ രാജ്യങ്ങളെല്ലാം അമേരിക്കയേക്കാൾ മുൻപന്തിയിലാണ്. പക്ഷേ, ഈ രാജ്യങ്ങളൊന്നും വികസിത രാജ്യങ്ങളായിട്ട് ഐക്യരാഷ്ട്ര സഭ കണക്കാക്കാത്ത രാജ്യങ്ങളാണ്.

കണക്കുകളിൽ ഒക്കെ അമേരിക്ക പിറകിലാണ് എന്ന് കാണുമ്പോൾ തന്നെയും എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ അമേരിക്കയെ വികസിത രാജ്യമായി കണക്കാക്കുന്നത് എന്ന സ്വാഭാവികമായ സംശയം നമ്മുടെ മനസ്സിലുയർന്നേക്കാം. മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP), പ്രതിശീർഷാ വരുമാനം ഒക്കെ അടിസ്ഥാനമാക്കിയാണ് അത് നിശ്ചയിക്കുന്നതെന്ന് ഒരു മറുപടി ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ, റൊമാനിയ, ഹങ്കറി, സ്ലൊവാക്യ പോലുള്ള യൂറോപ്യൻ രാജ്യങ്ങളൊന്നും വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ അർഹതയുള്ളവയല്ല. മറിച്ച്, ഖത്തർ, സിംഗപ്പൂർ, ചൈന, ബർമുഡ പോലുള്ള രാജ്യങ്ങളാണ് ഉറപ്പായും ആ ലിസ്റ്റിൽ ഇടം പിടിക്കേണ്ടിയിരുന്നത്. ഇനി പ്രതിശീർഷാ വരുമാനത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ, രാജ്യത്തെ മൊത്തം സമ്പത്തിന്റെ മുന്നിൽ രണ്ടും രാജ്യത്തെ 5 ശതമാനം മാത്രം വരുന്ന സമ്പന്നർ കൈയ്യടക്കി വെച്ചിരിക്കുന്ന അമേരിക്കയിൽ അതൊരു മാനദണ്ഡമേയല്ല.

Also read: ആഫ്രിക്കയിലെ മെഡിക്കൽ കൊളോണിയലിസം

വസ്തുതകൾ നിരത്തുകയാണെങ്കിൽ പട്ടിക ഇനിയും നീളും. ചുരുക്കിപ്പറഞ്ഞാൽ, നമ്മൾ വഞ്ചിതരാണ്. മറ്റു പല പാശ്ചാത്യൻ നാടുകളെയും പോലെ അമേരിക്കയും വികസിതമാണ് എന്നത് ഒരു മിഥ്യാ പ്രചരണമാണ്. പ്രസവിച്ച തന്റെ കുഞ്ഞിനെ മാറോടണക്കുന്നതിന് 39.95 ഡോളർ ഈടാക്കുന്നത് ഏത് മാന്യതയുടെ അടിസ്ഥാനത്തിലാണ്. ഹോസ്പിറ്റലുകൾക്ക് താങ്ങാവുന്നതിലും അപ്പുറം ആളുകളെ കുത്തിനിറക്കുന്നത് ലാഭമിരട്ടിക്കാൻ വേണ്ടി മാത്രമാണ്. പൊതുജനാവശ്യാർത്ഥം തുടങ്ങിയ സംരഭങ്ങളിലൊക്കെയും സ്വകാര്യ ധനത്തിന്റെ വിനിയോഗം നടക്കുന്നത് യാതൊരു നൈതികതയും പാലിക്കാതെയാണ്.

ഒരു രാജ്യം വികസിതമാണോ വികസ്വരമാണോ എന്ന ചർച്ച എന്തുകൊണ്ട് ഈ സാഹചര്യത്തിൽ പ്രസക്തമാണ് എന്നു ചോദിച്ചാൽ, വോട്ടു ചെയ്യുന്ന സാധാരണക്കാരനെ സൈനിക ശക്തിയും നയതന്ത്രവും വാണിജ്യവുമൊക്കെ പറഞ്ഞാണ് പോളിസി രൂപീകരണ വേളയിൽ ചാക്കിലാക്കുന്നത്. പക്ഷേ, അമേരിക്ക അടിയന്തിരമായി ഊന്നൽ കൊടുക്കേണ്ട മേഖലകൾ ആരോഗ്യവും വിദ്യാഭ്യാസവുമാണ് എന്നതാണ് വാസ്തവം. ഈ മേഖലകളിൽ കൃത്യമായി ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന തരത്തിൽ ഒരു ദുരന്തമുഖത്ത് രാജ്യം നിൽക്കുമായിരുന്നില്ല.

വിവ: അനസ് പടന്ന
കടപ്പാട്: The Guardian

Related Articles