Current Date

Search
Close this search box.
Search
Close this search box.

അഹ് മദ് റാദി കൊറോണ വൈറസ് ബാധിച്ചു മരണത്തിന് കീഴടങ്ങി

ഇറാഖിലെ അറിയപ്പെടുന്ന ഫുട്‌ബോൾ താരം അഹ് മദ് റാദി അമീഷ് അൽ സ്വാലഹി കൊറോണ വൈറസ് ബാധിച്ചു മരണത്തിന് കീഴടങ്ങി. പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈ അമ്പത്താറുകാരൻ രോഗമുക്തിയെ തുടർന്ന് വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങിയതായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായ അദ്ദേഹം ഞായറാഴ്ച അന്ത്യ ശ്വാസം വലിച്ചു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.

അഹ് മദ് റാദിയുടെ വിയോഗ വാർത്ത കേട്ടപ്പോൾ ചിന്തകൾ 27 വർഷത്തിന് അപ്പുറത്തേക്ക് പോയത് സ്വാഭാവികം. 1993ൽ ദോഹ ആഥിത്യമരുളിയ ഫിഫ ലോക കപ്പ് ഫുട്‌ബോളിന്റെ ഏഷ്യൻ മേഖല ഫൈനൽ റൗണ്ടിൽ ബൂട്ടണിഞ്ഞ ശ്രദ്ദേയരായ താരങ്ങളിൽ റാദിയും ഉണ്ടായിരുന്നു. അന്ന് ‘മാധ്യമം’ ദിനപത്രത്തിന് വേണ്ടി മത്സരം റിപ്പോർട്ട് ചെയ്യാൻ നാട്ടിൽനിന്നെത്തിയ എനിക്ക് റമദാ ഹോട്ടലിലെ (ഇന്നത്തെ റാഡിസൺ ബ്ലു) മീഡിയ സെന്ററിൽ റാഡിയുമായി നടത്തിയ കൂടിക്കാഴ്ച്ച ഓർമയിൽ തങ്ങിനിൽക്കുന്നു. 1984ലും 88ലും ഗൾഫ് കപ്പിൽ ഇറാഖിന് കിരീടം നേടിക്കൊടുത്ത റാദി 88ൽ ഏഷ്യയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ലോക കപ്പ് ഫുട്‌ബോളിൽ ഒരു ഇറാഖി കളിക്കാരൻ നേടിയ ഏക ഗോളിന് ഉടമയെന്ന നേട്ടവും അഹ് മദ് റാദിക്ക്‌ മാത്രം അവകാശപ്പെട്ടത്. 1986ലെ മെക്സിക്കോ ലോക കപ്പിൽ ബെൽജിയത്തിന് എതിരെ ആയിരുന്നു ആ ഗോൾ. മത്സരം 1-2ന് ഇറാഖ് തോറ്റെങ്കിലും ചരിത്രത്തിൽ ഇടം നേടി ആ കളി.

റാദിയെപ്പോലെ ടുർണമെന്റിൽ അന്ന് ശ്രദ്ധിക്കപ്പട്ട താരങ്ങളാണ് ജപ്പാന്റെ മസാമി ഇഹാര, റാമോസ്, ഇറാന്റെ അലി ദായി, സൗദിയുടെ സഈദ് അൽ ഉവൈറാൻ, ഏഷ്യൻ ഫുട്‌ബോളിലെ തന്നെ അക്കാലത്തെ പ്രഗത്ഭരിൽ ഒരാളായ ദക്ഷിണ കൊറിയയുടെ ഹോങ് മിയൂങ് ബോ തുടങ്ങിയവർ. അൽ ശബാബിന്റെ സ്‌ട്രൈക്കർ കൂടിയായ ഉവൈറാൻ അടുത്ത വർഷവും മസാമി ഇഹാര 95ലും അലി ദായി 99ലും ‘ഏഷ്യൻ ഫുട്‍ബോളർ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

Also read: വിധവാ സംരക്ഷണം ജിഹാദ്

ഈ ടൂർണമെന്റിൽ ക്വാളിഫൈ ചെയ്യുന്ന രണ്ട് ടീമുകളാണ് 94ൽ അമേരിക്കയിൽ നടക്കുന്ന ലോക കപ്പ് ഫൈനലിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യേണ്ടിയിരുന്നത്. ഏഷ്യൻ മേഖല ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്ന ആറിൽ മൂന്ന് ടീമുകളും അമേരിക്കയുടെ ഉപരോധത്തിലുള്ള രാജ്യങ്ങൾ – ഇറാൻ, ഇറാഖ്, ഉത്തര കൊറിയ! മറ്റു മൂന്നു ടീമുകൾ അമേരിക്കയുടെ ചങാതികളും – സൗദി അറേബ്യ, ജപ്പാൻ, ദക്ഷിണ കൊറിയ!! യോഗ്യത നേടുന്ന രണ്ട് ടീമുകളിൽ തങ്ങളുടെ ശതുക്കൾ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു ബിൽ ക്ലിന്റൻ ഭരണകൂടം. ഉപരോധത്തിലൂടെ തങ്ങൾ ഞെരുക്കുന്ന മൂന്നു ശതുക്കളെ അടുത്ത വർഷം എഴുന്നള്ളിക്കേണ്ടി വരുന്നതിലെ ജാള്യത തന്നെ കാരണം. പക്ഷെ അതുണ്ടായില്ല എന്ന് മാത്രമല്ല, ശത്രു രാജ്യങ്ങൾ മൂന്നും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സൗദിയും ദക്ഷിണ കൊറിയയും യോഗ്യത നേടിയപ്പോൾ ജപ്പാൻ മൂന്നാം സ്ഥാനത്തായി. സൗദി, ദക്ഷിണ കൊറിയ, ജപ്പാൻ ടീമുകളെപ്പോലെ ഇറാനും രണ്ട് മത്സരങ്ങൾ ജയിച്ചിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ പോയന്റ് നിലയിൽ അവർ പിന്നിലായിപ്പോയി.

അഹ് മദ് റാദിയെ പറ്റി തന്നെ. ഫുട്‌ബോളിൽ നിന്ന് വിരമിച്ച ശേഷം 2006ൽ ഇറാഖിൽനിന്ന് കുടുംബത്തോടൊപ്പം ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്ക് പലായനം ചെയ്തു അദ്ദേഹം. 2003ലെ അമേരിക്കൻ അധിനിവേശത്തെ തുടർന്ന് ഇറാഖ് വംശീയ ദുരന്തത്തിൽ എറിയപ്പെട്ട സമയത്തായിരുന്നു ഇത്. എന്നാൽ ഒരു വർഷത്തിന് ശേഷം അദ്ദേഹം ജന്മനാട്ടിൽ തിരിച്ചെത്തി. 2014, 2018 തെരഞ്ഞെടുപ്പുകളിൽ സുന്നി -ശീഈ സഖ്യമായ നാഷണൽ അലയൻസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.

Related Articles