Current Date

Search
Close this search box.
Search
Close this search box.

നിര്‍മിക്കാത്ത ശവകുടീരത്തിനായി ഒരു പ്രാര്‍ത്ഥന

ഇന്ത്യയെ മാറ്റിമറിച്ച ഒരു സംഭവം നിങ്ങള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് എന്തായിരിക്കും?. ഒരു വൈകുന്നേരം ടെലഗ്രാഫ് ന്യൂസ് റൂമില്‍ വെച്ച് ഞങ്ങളുടെ ഡെപ്യൂട്ടി എഡിറ്റര്‍ ദീപ്യന്‍ ചാറ്റര്‍ജി ചോദിച്ചു.

‘ബാബരി മസ്ജിദ് തകര്‍ത്തത്’ കൂടുതല്‍ ആലോചിക്കുന്നതിനു മുന്‍പേ ഞാന്‍ മറുപടി നല്‍കി. ‘അത് സാമ്പത്തിക പരിഷ്‌കരണം അല്ലേ’ ? അദ്ദേഹം തിരിച്ചു ചോദിച്ചു. ഞാന്‍ എന്തുകൊണ്ട് അതിനെക്കുറിച്ച് ചിന്തിച്ചില്ല.

ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ച പോലെ 1991ലെ പരിഷ്‌കാരങ്ങള്‍ എന്റെ ജീവിതത്തെയും മാറ്റിമറിച്ചു. ഫോണ്‍ കോളുകള്‍,വിമാന യാത്ര,കംപ്യൂട്ടര്‍ തുടങ്ങി അനവധി സാധ്യതകള്‍ ഉണ്ടായിരുന്നു. അംബാസിഡര്‍,പ്രീമിയര്‍ പത്മിനി കാറുകള്‍ റോഡുകള്‍ ഭരിച്ച കാലത്തെക്കുറിച്ച് ആലോചിക്കുന്നത് ഇപ്പോള്‍ പ്രയാസം തോന്നുന്നു. വിദേശങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ കൊണ്ടുവരുന്ന വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും മറ്റു സ്റ്റേഷനറി സാധനങ്ങളും ഇന്ത്യയിലും ലഭിക്കും എന്നത് നമ്മള്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. നഗരത്തിന് പുറത്തുള്ള ഒരാളോട് ഫോണില്‍ സംസാരിക്കുക എന്നത് വളരെ ചെലവേറിയതും ബുദ്ധിമുട്ട് നിറഞ്ഞതുമായിരുന്നു. യാത്രകള്‍ ഭൂരിഭാഗവും ട്രെയിനിലായിരുന്നു.

1991ല്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ച ബജറ്റിനു ശേഷമാണ് ഇതില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളും നിലവില്‍ വന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ വലിയ താല്‍പര്യമില്ലാത്തവര്‍ പോലും ബജറ്റ് അവതരണം ടെലിവിഷനില്‍ കാണാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

എന്നിട്ടും, ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യയെ മാറ്റിമറിച്ച സംഭവം എന്ന ചോദ്യത്തിന് എന്റെ മനസ്സിലേക്ക് കടന്നു വന്നത് ബാബരി മസ്ജിദ് തകര്‍ത്ത സംഭവം തന്നെയാണ്. ഞാന്‍ ഒരു മുസ്ലിമല്ല. രാമന്റെ ജന്മസ്ഥലത്ത് ആരാധന നടത്താനായി കാത്തിരിക്കുന്ന ഒരു ഹിന്ദു ഭക്തനും അല്ല. അയോധ്യ തര്‍ക്കം എന്നെ ബാധിക്കുന്ന ഒന്നല്ല.

എന്നാല്‍ ഞാന്‍ ആവര്‍ത്തിക്കുന്നു, ഈ സമയത്തും ആ ചോദ്യം ആവര്‍ത്തിച്ചാല്‍ ഞാന്‍ ഈ ഉത്തരം തന്നെയാണ് നല്‍കുക. 1992 ഡിസംബര്‍ ആറിന് എന്താണ് നഷ്ടപ്പെട്ടത്. ഒരു മതവിശ്വാസത്തിന്റെ ആരാധനാലയം തകര്‍ത്തു എന്നതില്‍ ഉപരി നിയമവാഴ്ചയിലുള്ള നമ്മുടെ വിശ്വാസമാണ് നഷ്ടപ്പെട്ടത്. ഇന്ത്യയിലെ എല്ലാ പൗരന്മാരും തുല്യരാണെന്ന നമ്മുടെ മതേതര രാജ്യമെന്ന വിശ്വാസത്തെയാണ് അത് ഇല്ലാതാക്കിയത്.

പള്ളിയുടെ ആ കെട്ടിടം തകര്‍ന്നിരിക്കാം,അവിടെ സ്ഥിരമായി പ്രാര്‍ത്ഥന നടന്നിരിക്കാം ഇല്ലാതിരിക്കാം.അയോധ്യക്ക് പുറത്തുള്ളവര്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ടാകാം. എന്നിരുന്നാലും അത് മുസ്ലിം വിഭാഗത്തിന്റെ ഒരു പള്ളിയായിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായമായ, ഇസ്ലാമിക രാജ്യമായ പാകിസ്താന്‍ തെരഞ്ഞെടുക്കാതെ മതേതര ഇന്ത്യയില്‍ നിലകൊണ്ട മുസ്ലിംകളുടെ പള്ളി. ഭരണഘടന ഉപയോഗിച്ച് അത് സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്.

എന്നാല്‍ ഒരു ശൈത്യകാലത്ത് ഭരണകൂടം അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു എന്നു മാത്രമല്ല, വേട്ടക്കാരാടൊപ്പം നിലകൊള്ളുകയും ചെയ്തു. ഇത് ഇന്ത്യയുടെ ആത്മാവിനേറ്റ കനത്ത പ്രഹരമായിരുന്നു. തകര്‍ച്ചയുടെ മാസങ്ങള്‍ക്ക് പിന്നാലെ വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറി. ഇന്ത്യയില്‍ ആദ്യമായി അരങ്ങേറിയ മുംബൈ ഭീകരാക്രമണ പരമ്പര സ്വാതന്ത്ര്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ളതായിരുന്നില്ല.

കാല്‍ നൂറ്റാണ്ടിനു ശേഷം അഹിംസയുടെയും സത്യഗ്രഹത്തിന്റെയും പാത കാണിച്ചു തന്ന മഹാത്മാ ഗാന്ധിയുടെ ഇന്ത്യയെ കേവലം ശൗചാലയ നിര്‍മാണ ദൗത്യത്തിലേക്കും ഗാന്ധിയുടെ ഘാതകരെ അധികാരത്തിലേക്കെത്തിക്കുന്നതിലേക്കും ചുരുങ്ങി.

നവംബര്‍ ഒന്‍പതിന് പുറത്തുവന്ന സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പള്ളി തകര്‍ത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് പറയുന്നില്ല. 1949ല്‍ പള്ളി അശുദ്ധമാക്കിയെന്നും 1992ല്‍ അത് നിയമവിരുദ്ധമായി തകര്‍ത്തു എന്നതും കോടതി അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ അത് ക്ഷേത്രത്തിനുള്ള വഴി തുറക്കണമെന്നും വിധിച്ചു. നീതിക്കു വേണ്ടി നിരന്തരം വാതിലില്‍ മുട്ടിയ ന്യൂനപക്ഷ സമുദായത്തിന് അയോധ്യയില്‍ മറ്റെവിടെയെങ്കിലും കൂടുതല്‍ സ്ഥലം നല്‍കാനും കോടതി ഉത്തരവിട്ടു.

ഭരണഘടനയുടെ സംരക്ഷകനായ സുപ്രീം കോടതിയുടെ വിധി മതേതരത്വത്തിന്റെയും നിയമവാഴ്ചയുടെയും ഭരണഘടന ആശയങ്ങളുടെയും ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച പോലെയാണ് തോന്നുന്നത്. വിധിയില്‍ അതിശയമില്ല. ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങള്‍ ഈ വിഷയത്തില്‍ പൊതു പ്രസ്താവനകളും മറ്റും ഉണ്ടായേക്കാം.

ഒരു മനുഷ്യന്റെ നിരാഹാരം ഇന്ത്യയില്‍ കലാപം അവസാനിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. അത് ഇന്നും അത് നമ്മളില്‍ അധിവസിക്കുന്നു. അത് രാജ്യത്തെ എല്ലാ സ്ത്രീകളിലും പുരുഷന്മാരിലും വസിക്കുന്നു. എഴുത്തുകാര്‍,വിദ്യാര്‍ത്ഥികള്‍,കലാകാരന്മാര്‍,ശാസ്ത്രജ്ഞര്‍,നിയമവിദഗ്ധര്‍,മാധ്യമപ്രവര്‍ത്തകര്‍,ജഡ്ജിമാര്‍ എന്നിവര്‍ ഇന്ന് രാജ്യത്തെ സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ്.

അവലംബം: telegraphindia.com
വിവ: സഹീര്‍ അഹ്മദ്

Related Articles