Onlive Talk

66 എ; സുപ്രീം കോടതി വിധിയും ആവിഷ്‌കാര സ്വാതന്ത്ര്യവും

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ സെക്ഷന്‍ 66 എ, കേരള പോലീസ് ആക്റ്റിലെ സെക്ഷന്‍ 118 ഡി എന്നിവ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചരിത്രപരവും ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് സന്തോഷകരവുമാണ്. 2012 നവംബറില്‍ ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുബൈയില്‍ ബന്ദ് പ്രഖ്യാപിച്ചതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശഹീന്‍ ദാദ, പോസ്റ്റ് ലൈക് ചെയ്ത മലയാളിയായ രേണു ശ്രീനിവാസന്‍ എന്നിവരെ സെക്ഷന്‍ 66 എ പ്രകാരം അറസ്ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രസ്തുത വകുപ്പിന്റെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്ത് നിയമ വിദ്യാര്‍ഥിനിയായ ശ്രേയ സിംഗാള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയില്‍ വാദം കേട്ട സുപ്രീം കോടതി സെക്ഷന്‍ 66 എ യില്‍ ഉപയോഗിച്ച വാക്കുകള്‍ അവ്യക്തമാണെന്നും വകുപ്പ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ 2009-ല്‍ നിലവില്‍ വന്ന സെക്ഷന്‍ 66 എ എന്ന ഭേദഗതി പ്രകാരം ആശയവിനിമയ ഉപകരണങ്ങളായ കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍ മുതലായവ വഴി കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍ തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ വിദ്വേഷമോ അനിഷ്ടമോ അപകടമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവക്കൊക്കെ മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ പൊലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താവുന്നതും, എസ് 78 ഐ.ടി ആക്ട് പ്രകാരം സ്‌പെഷല്‍ ഓഫിസേഴ്‌സിന് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ സെക്ഷന്‍ 66 എ യില്‍ ഉപയോഗിച്ച ‘കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍’ ‘ശത്രുതയോ വിദ്വേഷമോ അനിഷ്ടമോ അപകടമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍’ വാക്കുകള്‍ അവ്യക്തമാണ് എന്നും അനിഷ്ടകരമായ പദങ്ങള്‍ എന്നത് തികച്ചും ആപേക്ഷികമാണെന്നും വ്യക്തമാക്കിയ കോടതി ഒരാള്‍ക്കിഷ്ട്ടപെട്ടില്ല എന്നത് കൊണ്ട് മാത്രം അയാളെ അറസ്റ്റ് ചെയ്യുന്നതില്‍ ന്യായമില്ല എന്നും വ്യക്തമാക്കി. കോടതി നിരീക്ഷണം ശരിവെക്കുന്ന തരത്തില്‍ തന്നെയാണ് കാലങ്ങളായി ഈ വകുപ്പിന്റെ പ്രയോഗവും ഉണ്ടായിട്ടുള്ളത്.

രണ്ടായിരാം ആണ്ടില്‍ എന്‍.ഡി.എ ഭരണ കാലത്ത് പാസ്സാക്കപെട്ട ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ 2006-ലും 2008-ലും ഭേദഗതികള്‍ കൊണ്ട് വന്നിരുന്നു. 2008-ല്‍ അന്ന് വാര്‍ത്ത വിനിമയവിവര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എ. രാജ കൊണ്ട് വന്ന ഭേദഗതികളെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമ വിശാരദന്മാരും ജനാധിപത്യ വിരുദ്ധ നിയമങ്ങളായും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഒന്നായും ചൂണ്ടി കാണിച്ചിരുന്നത്. അവയില്‍ ഏറ്റവും ജനാധിപത്യ വിരുദ്ധ വകുപ്പായ സെക്ഷന്‍ 66 എ, കേരള പോലിസ് ആക്റ്റിലെ സെക്ഷന്‍ 118 ഡി എന്നിവയും അര്‍ത്ഥത്തിലും പ്രയോഗത്തിലും സമാനത പുലര്‍ത്തുന്നവ ആയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലുള്ള അറസ്റ്റിന് കേരള പൊലീസ് നിരന്തരം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടി മലയാളിയായ അനൂപ് കുമാരന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജി കൂടി പരിഗണിച്ചാണ് ഇപ്പോഴുള്ള കോടതി വിധി.

2012-ല്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അസ്സിം ത്രിവേദിയുടെ അറസ്റ്റ് മുതല്‍ ഏറ്റവുമൊടുവില്‍ യു.പിയില്‍ മന്ത്രി അഅ്‌സം ഖാനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയ പതിനൊന്നാം ക്ലാസ്സുകാരനെ അറസ്റ്റ് ചെയ്യാനും ഉപയോഗിച്ചത് ഇതേ വകുപ്പ് തന്നെ. ഭരണകൂടത്തെയും രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ചാല്‍ അവരെ നിശബ്ദമാക്കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ത്രിണമൂലും സമാജ്‌വാദി പാര്‍ട്ടിയുമെല്ലം തരംപോലെ ദുരുപയോഗിച്ച ഐ.ടി നിയമത്തിന്റെ 66എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍, വിധി സ്വാഗതംചെയ്യാന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും. 2012-ല്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കാരനാണെന്ന് ട്വിറ്ററില്‍ കുറിച്ച ബിസിനസുകാരന്‍ രവി ശ്രീനിവാസനെതിരെ പുതുച്ചേരി പൊലീസ് കുറ്റംചുമത്തിയിരുന്നെങ്കിലും നിയമം ഭരണഘടനാ വിരുദ്ധമാണെന്ന കോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്തവരുടെ മുന്‍നിരയില്‍ ചിദംബരം ഉണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിയമ ദുരുപയോഗത്തിന് കേന്ദ്രസര്‍ക്കാറും ഏറെ വിമര്‍ശം കേട്ടെങ്കിലും, ബി.ജെ.പിയും വിധിയെ സ്വാഗതം ചെയ്യുന്നതില്‍ പിന്നാക്കം പോയില്ല.

സെക്ഷന്‍ 66 എയുടെ ജനിതക ചരിത്രം
2003-ല്‍ യു.കെ.യില്‍ പാസ്സാക്കിയ യു.കെ. കമ്മ്യൂണിക്കേഷന്‍സ് ആക്റ്റിലെ സെക്ഷന്‍ 127(1) എന്നാ വകുപ്പാണ് ഇന്ത്യയില്‍ ചില്ലറ ഭേദഗതികളോടെ സെക്ഷന്‍ 66 എ ആയി രൂപാന്തരം പ്രാപിച്ചിട്ടുള്ളത്. രസകരമെന്നു പറയട്ടെ ബ്രിട്ടന്‍ പ്രസ്തുത വകുപ്പ് 1935 ലെ പോസ്റ്റ് ഓഫീസ് ആക്ടില്‍ നിന്ന് അപ്പടി പകര്‍ത്തി വെച്ചതാണ്. ബ്രിട്ടനില്‍ തന്നെ ഏറെ വിമര്‍ശനം ക്ഷണിച്ച് വരുത്തിയ ഈ നിയമം 2006-ല്‍ Director of Public Prosecution v Collins എന്ന കേസിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിധിയെ തുടര്‍ന്ന് ദുര്‍ബലപ്പെടുകയും യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ ചാര്‍ട്ടറിലെ പതിനേഴാം വകുപ്പ് പ്രകാരം ഭേദഗതി ചെയ്യണമെന്ന് നിര്‍ദേശിക്ക പ്പെട്ടിട്ടുള്ളതുമായിരുന്നു. ഈ വകുപ്പിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ഭരണകൂടം സെക്ഷന്‍ 66 എയെ ന്യായീകരിചിരുന്നതെന്നത്. ഏറ്റവും ശ്രദ്ധേയമായ മറ്റൊരുകാര്യം, ബ്രിട്ടനില്‍ സെക്ഷന്‍ 127 (1) പ്രകാരം 6 മാസമാണ് പരമാവദി ശിക്ഷയെങ്കില്‍ ഇന്ത്യയിലത് 2008 ല്‍ രണ്ടു വര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമാക്കി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഭരണകൂടം വിമര്‍ശനങ്ങളെ അത്ര മേല്‍ ഭയപ്പെടുന്നുവെന്ന് ചുരുക്കം.

2013-ല്‍ മുംബൈയില്‍ പെണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വിഷയം ലോകസഭയില്‍ ചര്‍ച്ചയപ്പോള്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുന്നതിനു കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്ന് അന്നത്തെ നിയമ മന്ത്രി കപില്‍ സിബല്‍ പറയുകയും അറസ്റ്റ് ചെയ്യുന്നതിന് ഐ.ജി യുടെ അനുമതി വേണമെന്ന് കോടതി നിര്‍ദേശിച്ചുവെങ്കിലും 2014 ല്‍ ഫേസ്ബുക്കില്‍ രാജ്യദ്രോഹകരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച് അറസ്റ്റ് ചെയ്യപെട്ട തിരുവനന്തപുരം യൂനിവേര്‍സിറ്റി കോളേജിലെ വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകനുമായ സല്‍മാനെ അര്‍ധരാത്രി വീട്ടില്‍ നിന്ന് പിടിച്ച കൊണ്ട് പോയതു കേരളീയ സമൂഹം നേരില്‍ കണ്ട കാഴ്ചയാണ്. സല്‍മാനെതിരെ ചുമത്തിയതില്‍ രാജ്യദ്രോഹ നിയമമെന്നു കുപ്രസിദ്ധമായ സെക്ഷന്‍ 124(എ) ഐ.പി.സി എന്നിവക്ക് പുറമെ ഐ ടി ആക്റ്റിലെ സെക്ഷന്‍ 66 (എ)യും ഉണ്ടായിരുന്നു.  

66 എ ഭരണഘടനാ വിരുദ്ധമാണെന്ന വിധി അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ട് വരുമോ?
ഇന്നലത്തെ കോടതിവിധിയിലൂടെ അഭിപ്രായ സ്വതത്രത്തിനു മേലുള്ള ഭരണകൂടത്തിന്റെ പിടി അയഞ്ഞുവെങ്കിലും ഭരണകൂടത്തിനെതിരെ സോഷ്യല്‍ മീഡിയ കളിലൂടെയും മറ്റുമുള്ള വിമര്‍ശനങ്ങളെ നിരീക്ഷിക്കാന്‍ ‘ഓപറേഷന്‍ ചക്രവ്യൂഹ’ എന്ന കൊണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിദേശ ചാരസംഘടനകളുമായി ചേര്‍ന്ന് കൊണ്ട്. ജനങളുടെ പ്രതേകിച്ചും യുവജനതയുടെ ‘ഇന്റര്‍നെറ്റ് ഇടപെടലുകള്‍’ നിരീക്ഷിക്കുക എന്നതാണ് മുഖ്യദൗത്യം. അറബ് മുസ്‌ലിം നാമങ്ങള്‍ സ്വീകരിച്ചുകൊണ്ട് ചാറ്റ്‌ബോക്‌സിലൂടെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അഭിരുചികളെയും പ്രവര്‍ത്തനങ്ങളെയും മനസ്സിലാക്കുകയാണ് ലക്ഷ്യം.

മാത്രമല്ല, ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമാണെന്നു വ്യഖ്യാനിക്കാവുന്ന നിയമങ്ങളായ ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 124 (എ) പോലുള്ളവ ഇന്നും നിയമമായി തന്നെ നില നില്‍ക്കുന്നുണ്ട് എന്നത് ജനാതിപത്യത്തെയും അഭിപ്രായ സ്വാതന്ത്രത്തെയും ഭരണക്കൂടം എത്രത്തോളം ഭയപ്പെടുന്നു എന്നതിന് തെളിവാണ്. അത് കൂടാതെയാണ് UAPA, അഫ്‌സ്പ തുടങ്ങിയ കിരാത നിയമങ്ങളുമുണ്ട്.

 

കോടതി റദ്ദാക്കിയ 66 എ വകുപ്പ് മാത്രമല്ല, ഐ.ടി ആക്ട് മൊത്തത്തില്‍ തന്നെ ഒരു കരിനിയമമാണ്. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും കൂടാതെ 2000-ത്തില്‍ പാസാക്കിയ ഈ ഐ.ടി നിയമത്തിലെ ഭരണകൂടത്തിന് ആവശ്യമുള്ളപ്പോള്‍ പൗരന്റെ ഇമെയില്‍, മറ്റു സോഷ്യല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ ബ്ലോക്ക് ചെയ്യാനും കഴിയുന്ന മറ്റു വകുപ്പുകള്‍ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നുണ്ട് എന്നിരിക്കെ കോടതി വിധി കൊണ്ട് മാത്രം നേടാനാവുന്ന ഒന്നല്ല അഭിപ്രായ സ്വാതന്ത്ര്യം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

നിയമേതര മാര്‍ഗങ്ങളിലൂടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടാനാവുമെന്ന് എഴുത്തുകാരനായ പെരുമാള്‍ മുരുകന്റെ അനുഭവം നമ്മെ ഓര്‍മ പെടുത്തുന്നു. സുപ്രീം കോടതി വിധി ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷകരമാവുമ്പോള്‍ തന്നെ തങ്ങളെ വിമര്‍ശികുന്നതോ തങ്ങള്‍ക്ക് അനിഷ്ട്ടകരമായതോ ആയ ഏതു ആവിഷ്‌കാരങ്ങളോടും അസഹിഷ്ണുതയോടെ പ്രതികരിക്കുകയും അത്തരം പ്രതികരണങ്ങളെ തീവ്രദേശാഭിമാനത്തിന്റെയും മതത്തിന്റെയും മേമ്പൊടി ചേര്‍ത്ത് ജനങ്ങളില്‍ കൃത്യമായ പ്രചാരണ ആസൂത്രണത്തോടെ പറഞ്ഞു പരത്തി കൃത്രിമമായ ‘പൊതു മനസാക്ഷി’ രൂപപ്പെടുത്തി എടുത്ത്,  ഒടുവില്‍ ജനക്കൂട്ടം നിയമപാലകരവുകരാവുകയും ‘പൊതു മനസാക്ഷി’ വിധികര്‍ത്താവ് ആവുകയും ചെയ്യുന്ന ‘മോബോക്രസി’യുടെ കാലത്ത് അത്തരം പൊതു മനസാക്ഷിക്കെതിരെ മാനവികമായ കൗണ്ടര്‍ പബ്ലിക്കിനെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളില്‍ ആദര്‍ശ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിന്ന് പൊരുതേണ്ടതുണ്ട്. കവി സച്ചിതാനന്ദന്‍ പറഞ്ഞത് പോലെ അവര്‍ 31 ശതമാനമുള്ള പൊതുമനസാക്ഷിക്കെതിരെ നാം 69 ശതമാനം എഴുന്നേറ്റ് നില്ക്കുക!

Facebook Comments

അഡ്വ. സി അഹമ്മദ് ഫായിസ്

മണ്ണാര്‍ക്കാട് കോടതിപ്പടി സ്വദേശിയായ അഡ്വ. സി. അഹ്മദ് ഫായിസ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവയില്‍ നിന്ന് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി അഭിഭാഷകനായി എന്റോള്‍ ചെയ്തു. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദ പഠനം തുടരുന്നു. സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകനായും ദി കമ്പാനിയന്‍ മാസികയുടെ അസിസ്റ്റന്റെ എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker