Current Date

Search
Close this search box.
Search
Close this search box.

2014 തെരെഞ്ഞെടുപ്പിലെ മുസ്‌ലിം വോട്ടുകള്‍

muslimvote.jpg

ഇലക്ഷന്‍ നടക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ബാങ്കുകള്‍ തേടിയിറങ്ങും. പാരമ്പര്യമായി മുസ്‌ലിംകള്‍ മതേതര മുഖഛായയുള്ള കോണ്‍ഗ്രസിനോടാണ് ചായ്‌വ് പുലര്‍ത്തിയിരുന്നത്. നെഹ്‌റും, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെല്ലാം മതേതര പ്രതിഛായ പുലര്‍ത്തിയിരുന്നവരാണ്. എന്നാല്‍ അടിയന്തരാവസ്ഥയും സഞ്ജയ് ഗാന്ധിയുടെ കൈവിട്ട കളികളുമായപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയും, മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാവുകയും ചെയ്തു. 77ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മുസ്ലിംകള്‍ ശക്തമായി പ്രതികരിച്ചു. എന്നാല്‍ ചരണ്‍സിങിനെ പിന്തുണച്ച് ജനതാ പാര്‍ട്ടിയെ പിളര്‍ത്താന്‍ കഴിഞ്ഞു. 1980ല്‍ മുസ്‌ലിംകളുടെ പാരമ്പര്യവോട്ടുകള്‍ നേടി വീണ്ടും ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് എല്ലാ വിഭാഗങ്ങളുടേയും സഹതാപ വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ബോഫോഴ്‌സ് അഴിമതിയെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ താഴെ വീണു. വളരെ കുറച്ചു നാളുകള്‍ക്കൊണ്ട് വിശ്വനാഥ് പ്രതാപ് സിങ് വീഴുകയും, കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു. 91ല്‍  രാജീവ് വധത്തെ തുടര്‍ന്ന് നരസിംഹ റാവു പ്രധാനമന്ത്രിയായി. എന്നാല്‍ കാലയവിലാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നതും, മുസ്‌ലിംകള്‍ കോണ്‍ഗ്രസില്‍ നിന്നും അകലാന്‍ തുടങ്ങിയതും. അന്നുതൊട്ടിന്നു വരെ, അവസരം കിട്ടിയപ്പോഴൊക്കെ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ വിട്ടു ബദലുകള്‍ക്ക് പിന്തുണ നല്‍കി. യുപിയിലെയും ബിഹാറിലെയും പ്രാദേശികപാര്‍ട്ടികളാണ് ഇതു മുതലെടുത്തത്. രാമ ജന്മ ഭൂമി പ്രചാരണങ്ങളെ തുടര്‍ന്ന് 96ല്‍ ബി.ജെ.പി 13 ദിവസം അധികാരത്തിലിരുന്നു.

എന്നാല്‍ ദേവഗൗഡയുടേയും ഐ.കെ.ഗുജ്‌റാലിന്റെയും സര്‍ക്കാരുകള്‍ കോണ്‍ഗ്രസിനു ബദലായില്ല. ഒടുവില്‍ ബി.ജെ.പി. അധികാരത്തിലേറി ആറു വര്‍ഷം ഭരിച്ചു. 2002ലെ ഗുജറാത്ത് കലാപവും മറ്റുചില സംഭവങ്ങളും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കുന്നതില്‍ കാരണമായി. തങ്ങിള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്ന ആരേയും പിന്തുണക്കാന്‍ അവര്‍ തയ്യാറാവുന്ന അവസ്ഥയുണ്ടായി. ഏതൊരു സമുദായത്തേയും പോലെ മുസ്‌ലിംകളിലും വിഭാഗങ്ങളും അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുമുണ്ട്. എന്നാല്‍ അവരുടെ വോട്ടുനേടാന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ മുസ്‌ലിം പ്രശ്‌നങ്ങളായി ഉയര്‍ത്തി കാട്ടുന്നു. ഏതാനും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി മുസ്‌ലിം പ്രതിഛായ അവകാശപ്പെടുന്നു. ഇലക്ഷന്‍ സമയത്ത് മുസ്‌ലിം പുരോഹിതന്മാരെ സമീപിച്ച് മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ പറ്റി ആരായുന്നു. അവര്‍ പറയുന്ന പ്രശ്‌നങ്ങളെ പ്രകടനപത്രികയില്‍ ഉള്‍പെടുത്തി, ഇലക്ഷനു ശേഷം സൗകര്യപൂര്‍വ്വം അതു മറക്കുന്നു.

എന്നാലിതാദ്യമായി, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ബുദ്ധിജീവികളും, സമുദായ നേതാക്കളും മുസ്‌ലിം കേന്ദ്രീകൃതമല്ലാത്ത വിഷയങ്ങള്‍ ഈ ഇലക്ഷന്റെ അജണ്ടയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അത്തരം വിഷയങ്ങളാണ്:

1. ക്രിമിനല്‍ പശ്ചാത്തലമുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കരുത്.
2. വര്‍ഗീയതാ വിരുദ്ധ ബില്ലിനെ പാര്‍ലിമെന്റില്‍ പിന്തുണക്കുക.
3. വര്‍ഗീയ കലാപങ്ങളിലെയും ഭീകരാക്രമണ കേസുകളിലെയും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുക
4. എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുക
5. സ്വകാര്യ വിദ്യാലയങ്ങളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി വിദ്യാഭ്യാസത്തിനുള്ള അവകാശം ഫലപ്രദമായി നടപ്പിലാക്കുക.
6. സൗജന്യ/ തുഛവിലയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സ്ഥലം ലഭ്യമാക്കുക
7. 10 ലക്ഷം ജനസംഖ്യയുള്ള പട്ടണങ്ങളില്‍ ശാസ്ത്ര സാങ്കേതിക വളര്‍ചക്ക് ഊന്നല്‍ നല്‍കി 20 കേന്ദ്ര സര്‍വ്വകലാശാലകള്‍ കൂടി സ്ഥാപിക്കുക
8. എ.എഫ്.എസ്.പി.എ പിന്‍വലിക്കുക
9. യുഎപിഎ പിന്‍വലിക്കുക
10. വ്യഭിചാരം നിര്‍ത്തലാക്കാന്‍ കടുത്ത നിയമങ്ങളുണ്ടാക്കുക.

 

Related Articles