Current Date

Search
Close this search box.
Search
Close this search box.

1993 ജനുവരി 6; സൊപോര്‍ കൂട്ടക്കൊല

sopore.jpg

അങ്ങനെ ഒരു ജനുവരി 6 കൂടി കടന്ന് പോയി. 1993 ജനുവരി 6, കാശ്മീരികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ഇന്ത്യക്കാര്‍ തന്നെയാണോ എന്ന് ഒരുവേള അവര്‍ സംശയിച്ച് പോയ ദിവസമാണത്. കാശ്മീരികളും ഇന്ത്യക്കാരും വ്യത്യസ്തരാണോ എന്ന സംശയം അവരുടെ ഹൃദയങ്ങളെ കൊത്തിവലിച്ചു. 1993 ജനുവരി 5-ന് സൊപോറിലെ ബാബാ യൂസുഫ് ലെയ്‌നില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന ബി.എസ്.എഫ് സംഘത്തെ എട്ടോളം വരുന്ന ആയുധധാരികള്‍ കടന്നാക്രമിച്ചു. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടെന്നും, അതല്ല രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അന്ന് പുറത്ത് വരികയുണ്ടായി. എന്നാല്‍ പിറ്റേ ദിവസം സൊപോറില്‍ സൈന്യം അഴിഞ്ഞാടുന്നതാണ് കണ്ടത്. തങ്ങളുടെ കൂട്ടത്തിലെ ഒരു സൈനികന്റെ ജീവന് പകരം, സൊപോര്‍ മാര്‍ക്കറ്റ് മുഴുവന്‍ അവര്‍ അഗ്നിക്കരിയാക്കി. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ തലങ്ങുവിലങ്ങും വെടിയുതിര്‍ത്തു. കണ്‍മുന്നില്‍ വന്നുപ്പെട്ടവരെയെല്ലാം വെടിയുണ്ടക്ക് ഇരയാക്കിയ സൈന്യം, പ്രദേശവാസികളുടെ വീടുകള്‍ക്ക് തീവെച്ചു. വാഹനങ്ങളെയും വെറുതെവിട്ടില്ല. 100 വീടുകളും 250 കടകളുമടക്കം 450 ഓളം കെട്ടിടങ്ങളും, ഒരു ബസ്സും, മൂന്ന് കാറും സൈന്യം അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 15 യാത്രക്കാരടക്കം 57 നിരായുധരായ സിവിലിയന്മാരെ സൈന്യം കൊന്ന് തള്ളി. തങ്ങളുടെ നേര്‍ക്ക് ഏതോ ചില ആളുകള്‍ നടത്തിയ ആക്രമണത്തിന് പകരം ഇന്ത്യന്‍ സൈന്യം സൊപോറിലെ നിരപരാധികളോട് ചെയ്ത പ്രതികാരമാണിത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗത്തെയും അവര്‍ അഭയം തേടിയ വീടുകള്‍, കടകള്‍, ബസ്സുകള്‍ എന്നിവക്കുള്ളിലിട്ട് ജീവനോടെ ചുട്ട് കൊല്ലുകയാണ് സൈന്യം ചെയ്തത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 250 കടകളും 50 വീടുകളും കത്തി നശിച്ചുവെന്നാണ് കണക്ക്.

തണുത്ത് മരവിച്ച് നില്‍ക്കുന്ന ജനുവരിയിലെ ഒരു പ്രഭാതം. ആകാശത്ത് നിന്നും മഞ്ഞ് കണങ്ങള്‍ വീണുകൊണ്ടിരുന്നു. എല്ലാ ദിവസത്തേയും പോലെ 52 കാരനായ അലി മുഹമ്മദ് അന്നും തന്റെ ബസ്സ് നിരത്തിലിരക്കി. സൊപോര്‍ പട്ടണത്തില്‍ എത്തി, മുഹമ്മദ് ആക്‌സിലേറ്ററില്‍ നിന്നും കാലെടുത്തതേയുള്ളൂ, അടുത്ത നിമിഷം ബസ്സ് ഒരു മൊബൈല്‍ മോര്‍ച്ചറിയായി മാറി. ചില്ലുകഷ്ണങ്ങള്‍ ചിതറിത്തെറിച്ചു, സീറ്റുകള്‍ രക്തത്തില്‍ കുളിച്ചു, മൃതദേഹങ്ങള്‍ കൊണ്ട് ബസ്സ് നിറഞ്ഞു. യാത്രക്കാരില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഒരുപാട് പേര്‍ക്ക് പരിക്കേറ്റു. പൂര്‍ണ്ണമായും നശിച്ച ബസ്സിനുള്ളില്‍ നിന്നും അന്ന് രക്ഷപ്പെട്ടത് അലി മുഹമ്മദ് മാത്രമായിരുന്നു. അങ്ങനെ കാശ്മീര്‍ ചരിത്രത്തില്‍ 1993 ജനുവരി 6 സൊപോര്‍ കൂട്ടക്കൊല എന്ന പേരില്‍ രേഖപ്പെടുത്തപ്പെട്ടു.

സംഭവം നടന്ന് ഇന്ന് ഇരുപതിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു, പക്ഷെ ‘മരണം വരേക്കും അതെന്നെ വേട്ടയാടും. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി, പക്ഷെ ആ സാധുക്കളായ മനുഷ്യരുടെ നിലവിളി ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. തലക്ക് വേടിയേറ്റ് വീഴുന്നതിന് മുമ്പ് എന്നോട് സംസാരിച്ച ഒരു ബസ്സ് കണ്ടക്ടറുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. രക്ഷപ്പെടാനായി സിനിമാ ഹാളിലേക്ക് ഓടിക്കയറുന്നതിനിടെ വെടിയേറ്റ് വീണ ഒരു യുവാവ്. അഭയം തേടികൊണ്ട് കടകള്‍ക്കുള്ളിലേക്ക് ജീവനും കൊണ്ടോടുകയും, പിന്നീട് ആ കടകള്‍ക്കുള്ളില്‍ ജീവനോടെ കത്തിയെരിയാന്‍ വിധിക്കപ്പെടുകയും ചെയ്ത ആ സാധു ജന്മങ്ങളെ എനിക്കെങ്ങനെ മറക്കാന്‍ കഴിയും.’ അലി മുഹമ്മദ് പറയുന്നു.

അലി മുഹമ്മദ് അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. ഗവണ്‍മെന്റ് നടത്തുന്ന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴിലെ ബസ്സ് ഡ്രൈവറായിരുന്നു മുഹമ്മദ്. ‘അന്ന് രാവിലെ ഒരു 11 മണിയായി കാണും, എന്നത്തേയും പോലെ ഞാന്‍ ബന്ദിപൂര്‍ ജില്ലയിലേക്ക് പോകാനായി ബസ്സ് എടുത്തു. പത്തിലധികം യാത്രക്കാരുണ്ടായിരുന്നു, എന്നാല്‍ ഇടക്ക് വെച്ച് എന്തോ പന്തികേട് തോന്നിയ ഞാന്‍ ബസ്സ് നിര്‍ത്തി. ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് ആര്‍ക്കുമറിയില്ല. അതിനിടെ, പരിക്കേറ്റ ഒരു സൈനികനേയും കൊണ്ട് ബി.എസ്.എഫ് സംഘം കടന്ന് പോയി.’

‘ബൂന്ത് ഡാലോ സാലോം കോ.. (വെടിവെച്ച് കൊല്ല് ഈ…) സംഘത്തെ നയിച്ചിരുന്ന ഒരു ഓഫീസര്‍ തന്റെ ആളുകളോട് കല്‍പിച്ചു. ‘സൈനികര്‍ തലങ്ങും വിലങ്ങും വെടിവെക്കുന്നത് ബസ്സിനുള്ളില്‍ ശ്വാസമടക്കി പിടിച്ചിരുന്ന് ഞങ്ങള്‍ കണ്ടു. പെട്ടെന്ന് എന്റെ സുഹൃത്തും, മുന്‍ കണ്ടക്ടറുമായിരുന്ന അബ്ദു റഷീദിന്റെ തൊപ്പി നിലത്ത് വീണു. അതെടുക്കാനായി ഞാനൊന്ന് കുനിഞ്ഞതും, ബസ്സിന്റെ മുന്നിലെ ഗ്ലാസ്സ് തകര്‍ത്ത് കൊണ്ട് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞ് പോയതും ഒരുമിച്ചായിരുന്നു. വെടിയേറ്റ് വീണ് കിടക്കുന്ന റാഷിദിനെയാണ് പിന്നീടെനിക്ക് കാണാന്‍ കഴിഞ്ഞത്. നിമിഷങ്ങള്‍ക്കകം, രണ്ട് ബി.എസ്.എഫ് സൈനികര്‍ ബസ്സിനുള്ളിലേക്ക് കയറി വന്നു. പേടിച്ച് വിറച്ചിരിക്കുന്ന യാത്രികര്‍ക്ക് നേരെ യാതൊരു ദയാദാക്ഷിണ്യവമില്ലാതെ അവര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ബസ്സിനുള്ളില്‍ നിന്നും ഉയര്‍ന്ന കൂട്ടനിലവിളി തോക്കുകളുടെ ഗര്‍ജ്ജനത്തില്‍ കേവലമൊരു വനരോദനമായി ഒതുങ്ങി.’

വെടിവെപ്പ് ആരംഭിച്ചതും, ഡ്രൈവര്‍ സീറ്റില്‍ നിന്നും മുഹമ്മദ് പുറത്തേക്ക് ചാടി, സമീപത്തുള്ള സമദ് ടാല്‍ക്കീസില്‍ അഭയം തേടി. ‘നിരപരാധികളായ ആ സാധാരണ പൗരന്‍മാരെ ഈച്ചയെ കൊല്ലുന്ന ലാഘവത്തോടെയാണ് അന്നവര്‍ കൊന്ന് തള്ളിയത്’ മുഹമ്മദ് പറയുന്നു.

‘എന്റെ മുന്നില്‍ വെച്ചാണ് ഓടിരക്ഷപ്പെടുകയായിരുന്നു ഒരു ചെറിയ കുട്ടി വെടിയേറ്റ് വീണത്. ഞാനെങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിയില്ല. അവരുടെ മുന്നില്‍ നിന്നാണ് ഞാന്‍ പുറത്തേക്ക് ചാടി ഓടിയത്. എന്നിട്ടും അവര്‍ എന്നെ കണ്ടില്ല.’

സിനിമാ ഹാള്‍ സുരക്ഷിതമാണെന്ന മുഹമ്മദിന്റെ ധാരണ തെറ്റാണെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു അടുത്ത നിമിഷം അരങ്ങേറിയത്. ‘സൈന്യം സിനിമാ ഹാളിന് തീകൊടുത്തതോടെ അതിനുള്ളില്‍ അഭയം തേടിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആ വലിയ സംഘം സാധുമനുഷ്യര്‍ സഹായത്തിനായി നിലവിളിക്കാന്‍ തുടങ്ങി. രക്ഷപ്പെടാനുള്ള ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ തീ ആളിപ്പടര്‍ന്നു. ഞങ്ങള്‍ തളര്‍ന്നിരുന്നു. അന്ത്യം അടുത്തതായി ഞങ്ങള്‍ കരുതി. പെട്ടെന്ന്, സിനിമ ഹാളിന് പിറകിലെ ശ്മശാനത്തിലേക്ക് തുറക്കുന്ന ജനാല എന്റെ ശ്രദ്ധയില്‍പെട്ടു. അങ്ങനെ ജനാല തകര്‍ത്ത് ശ്മാശനം വഴി ഞങ്ങള്‍ ഓടിരക്ഷപ്പെട്ടു.’

കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട മുഹമ്മദ്, കുപ്പ്‌വാര ജില്ലയില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്ന ബസ്സില്‍ കയറി. സൊപോര്‍ പാലത്തിനടുത്ത് വെച്ച് ബസ്സ് തടഞ്ഞ ബി.എസ്.എഫ് സൈന്യം, യാത്രക്കാരെയെല്ലാം പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ‘ആരെയും അവര്‍ വെറുതെവിട്ടില്ല. ബാറ്റണ്‍ കൊണ്ടും തോക്കിന്റെ പാത്തികൊണ്ടുമാണ് സ്ത്രീകളെയും കുട്ടികളെയും അവര്‍ മര്‍ദ്ദിച്ചത്. അവരുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അവര്‍ അങ്ങേയറ്റം ക്ഷുഭിതരായിരുന്നു എന്ന് വേണം കരുതാന്‍. പക്ഷെ അവരെ സംബന്ധിച്ചിടത്തോളം 54 നിരപരാധികളുടെ മരണം ഒന്നുമല്ലായിരുന്നു.’ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

നാട്ടിലെത്തിയപ്പോഴേക്കും അലി മുഹമ്മദ് കൂട്ടക്കൊലയില്‍ മരണപ്പെട്ടതായ വാര്‍ത്ത നാട് മുഴുവന്‍ പരന്നിരുന്നു. ‘കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ എന്റെ പേരുമുണ്ടായിരുന്നു. കുടുംബക്കാരും, സുഹൃത്തുക്കളും ഞാന്‍ മരിച്ചെന്നാണ് കരുതിയത്. അനുശോചന പ്രവാഹമായിരുന്നു പിന്നീടങ്ങോട്ട്.’ മുഹമ്മദ് ചിരിച്ച് കൊണ്ട് പറഞ്ഞു.

‘അതിന് ശേഷം ഞാന്‍ സൊപോറില്‍ പോയിട്ടില്ല. ഡ്രൈവര്‍ ജോലിയും മതിയാക്കി. എനിക്കൊന്നിനും സാധിക്കുമായിരുന്നില്ല. ആ ദിവസം മൂന്ന് തവണയാണ് തലനാരിഴക്ക് ഞാന്‍ രക്ഷപ്പെട്ടത്. എന്തോ ഒരുതരം ദൈവിക സഹായം എന്നൊക്കെ നമ്മള്‍ പറയില്ലെ, അതുതന്നെയാണ് അന്നെന്നെ അത്തരമൊരു മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്,’ അലി മുഹമ്മദ് പറഞ്ഞവസാനിപ്പിച്ചു. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം കത്തിനശിച്ചിരുന്നു. SKIMS ഹോസ്പിറ്റലില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ 300 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ മനസ്സില്ലാ മനസ്സോടെയാണ് സൈന്യം സൊപോര്‍ ടൗണിലേക്ക് കടത്തി വിട്ടത്. സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും എല്ലാ തടസ്സങ്ങളെയും ഭേദിച്ച 5000-ത്തോളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പ്രതിഷേധവുമായി തെരുവിലിറങ്ങി. കാശ്മീരില്‍ ഉടനീളം നടന്ന പ്രതിഷേധ പരിപാടികള്‍ സൈന്യം സായുധമായി തന്നെ അടിച്ചമര്‍ത്തി.

എന്നാല്‍ സംഭവം കൂട്ടക്കൊല അല്ലാതാക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. തീവ്രവാദികളും സുരക്ഷാ സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ 40 ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് സംഭവത്തില്‍ അനുശോചിച്ച് കൊണ്ട് അന്നത്തെ കാശ്മീര്‍ ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര സാക്‌സെന്ന പറഞ്ഞത്. ഏറ്റുമുട്ടലിനിടെ പ്രദേശത്ത് തീവ്രവാദികള്‍ സൂക്ഷിച്ച് വെച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ക്ക് വെടിയേല്‍ക്കുകയും, അതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയിലാണ് തീപ്പിടുത്തമുണ്ടായതെന്നുമുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മാധ്യമങ്ങള്‍ അത് ഏറ്റുപാടുകയും ചെയ്തു. അതേസമയം വിരോധാഭാസമെന്ന് പറയട്ടെ, വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് സൊപോര്‍ കൂട്ടക്കൊലക്ക് ഉത്തരവാദികളെന്ന പേരില്‍ ഒരു ബി.എസ്.എഫ് ഇന്‍സ്‌പെക്ടറെയും, രണ്ട് സബ്ഇന്‍സ്‌പെക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തതായി പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. സൊപോര്‍ കൂട്ടക്കൊലയെ സംബന്ധിച്ച് പിന്നീട് അന്വേഷണങ്ങള്‍ ഉണ്ടായെങ്കിലും, സമാനമായ മറ്റു പല കേസുകളും പോലെ എവിടെയുമെത്താതെ അവസാനിക്കാനായിരുന്നു ഈ കേസിന്റെയും വിധി.

Related Articles