Current Date

Search
Close this search box.
Search
Close this search box.

ഹൈദരാബാദില്‍ സംഭവിച്ചതും സംഭവിക്കുന്നതും

hcu.jpg

സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സ്വരങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെയും സര്‍വകലാശാല വി.സിയുടെയും നേതൃത്വത്തില്‍ നടന്ന ആസൂത്രിത കൊലപാതകത്തിന് ഇരയായ രോഹിത് വെമുല ഈ വിവേചനങ്ങളുടെ സമീപകാല ചിത്രമാണ്.

രോഹിതിന്റെ മരണ ശേഷം സര്‍വകലാശാല വി.സിയായ അപ്പാറാവു രണ്ടു മാസത്തോളം ലീവില്‍ ആയിരുന്നു. എന്നാല്‍ പെരിയസ്വാമി താല്‍ക്കാലിക വി.സിയായി ചുമതലയേല്‍ക്കുകയും വിദ്യാര്‍ഥികള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയും വാര്‍ഷിക പരീക്ഷകളുടെ ഒരുക്കത്തിലുമായിരുന്നു. എന്നാല്‍ അപ്പാറാവു യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു വന്ന സാഹചര്യത്തില്‍ അത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് അപ്പാറാവുവിനെ പ്രതി സ്ഥാനത്ത് നിര്‍ത്തി കേസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ വി.സി സ്ഥാനത്തേക്കുള്ള അയാളുടെ മടങ്ങി വരവിനെയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്. ഹൈദരാബാദ് കമ്മീഷണര്‍ സി.വി ആനന്ദ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ താന്‍ ആക്രമിക്കപ്പെട്ടുവെന്ന സുശീല്‍ കുമാറിന്റെ വാദം വ്യാജമാണെന്നും പ്രസ്താവിക്കുന്നു. അതുപോലെ രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കാനാണ് വി.സി തിരിച്ചു വന്നതെന്നും അതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്യാമ്പസിനകത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് വിദ്യാര്‍ഥികളെയും അനധ്യാപക സ്റ്റാഫുകളെും പരസ്പരം ശത്രുക്കളാക്കാനുള്ള ആസൂത്രിത നീക്കവുമായാണ് അപ്പാ റാവു ക്യാമ്പസിലേക്ക് തിരിച്ചു വന്നത് എന്നു വേണം കരുതാന്‍. ഇന്ന് വിദ്യാര്‍ഥികള്‍ രണ്ട് ചേരിയിലാണ്. രോഹിതിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ക്യാമ്പസിലെ 14 വിദ്യാര്‍ഥി സംഘടനകള്‍ ഒരു ഭാഗത്തും രോഹിത് വെമുലയുടെ നീതിക്കെതിരെ സംസാരിക്കുന്ന ഏ.ബി.വി.പിയുടെ നേതൃത്വത്തിലുള്ള വിഭാഗം മറുഭാഗത്തും. വി.സി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അനധ്യാപക സ്റ്റാഫിനെയും എ.ബി.വി.പി വിദ്യാര്‍ഥികളെയും വി.സിയുടെ ഗസ്റ്റ്ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. ഒരു എക്‌സിക്യൂട്ടീവ് യോഗം ഗസ്റ്റ്ഹൗസില്‍ നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതറിഞ്ഞ മറ്റ് വിദ്യാര്‍ഥികള്‍ പ്രകടനമായി വി.സിയുടെ ഗസ്റ്റ്ഹൗസിന് പുറത്തെത്തുകയും സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്നാല്‍ ഇതുകേട്ട് അകത്തുണ്ടായിരുന്ന എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ ‘Anti-nationals go back’ ‘Appa Rao zindabad’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി.

ഇന്ന് ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസ് വളരെ പ്രക്ഷുബ്ധമാണ്. എന്നാല്‍ ഈയൊരു അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത് ആരെന്ന ചോദ്യം പ്രസക്തമാണ്. അതിന് നിസ്സംശയം നല്‍കാവുന്ന മറുപടി പ്രൊഫ. അപ്പാറാവു എന്നതു തന്നെയാണ്. ഇത്ര ധൃതിപിടിച്ച് ആ സ്ഥാനത്ത് തിരിച്ചെത്താന്‍ എന്താണ് അയാളെ പ്രേരിപ്പിച്ചത്? എന്തുകൊണ്ട് ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നത് വരെ അയാള്‍ ക്ഷമിച്ചില്ല? എന്തിനാണ് വിദ്യാര്‍ഥികളെ തന്റെ ഗസ്റ്റ്ഹൗസില്‍ വിളിച്ചുകൂട്ടിയത്? എന്തുകൊണ്ടാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഡീനുകളും പങ്കെടുക്കുന്ന യോഗം ഒരു ഗസ്റ്റ്ഹൗസില്‍ നടത്താന്‍ തീരുമാനിച്ചത്? എന്തുകൊണ്ട് സ്ഥാനത്ത് തിരിച്ചെത്തുന്നതിന് മുമ്പ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളുമായി സംസാരിക്കാന്‍ തയ്യാറായില്ല? വി.സി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ എന്ത് ധാര്‍മിക യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും അപ്പാറാവുവിന്റെ കയ്യില്‍ ഉത്തരമുണ്ടാവില്ല. അറിയാവുന്ന ഏക ഉത്തരം അദ്ദേഹം പ്രകടിപ്പിച്ചത് പോലീസിനെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ തല്ലിച്ചതക്കുന്നതിലൂടെയാണ്. ഹൈദരാബാദ് സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരം മൃഗീയമായ പോലീസ് വേട്ട അരങ്ങേറുന്നത്. വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും അവരെ ശാരീരികമായി അപമാനിച്ചും പോലീസ് ക്യാമ്പസിനകത്ത് വിഹരിക്കുകയായിരുന്നു.

മുസ്‌ലിം വിദ്യാര്‍ഥികളോടുള്ള പോലീസിന്റെ സമീപനം വളരെ മോശമായിരുന്നു. അവരെ തീവ്രവാദികളെന്ന് വിളിക്കുകയും സഭ്യത കടന്ന് പെരുമാറുകയും ചെയ്തു. പന്നികളെ തൊടുന്ന ആരെയും ആക്രമിക്കുന്ന വേട്ടപ്പട്ടികളെ കുറിച്ചുള്ള ജോര്‍ജ് ഓര്‍വെല്ലിന്റെ കഥയോട് സാമ്യമുള്ള ഒന്നു തന്നെയാണ് തെലങ്കാന പോലീസും കാഴ്ചവെച്ചത്. തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ ഈ വിദ്യാര്‍ഥി സംഘടനകള്‍ വഹിച്ച പങ്ക് സംസ്ഥാന ഭരണകൂടം പെട്ടെന്ന് വിസ്മരിച്ചുപോയി. സംസ്ഥാനത്തെ ഭരണപക്ഷ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതി എന്‍.ഡി.എയില്‍ ലയിക്കുകയാണെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ലോക്‌സഭാ എം.പിയുമായ കവിതയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടതായും പറയപ്പെടുന്നു.

ക്യാമ്പസിനകത്ത് പ്രതിഷേധിച്ച 25 വിദ്യാര്‍ഥികളില്‍ അധികവും ദളിത്, ആദിവാസി, മുസ്‌ലിം, ബഹുജന്‍ വിഭാഗങ്ങളില്‍ പെട്ടവരായിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, പശ്ചിമ ബംഗാള്‍, ഒറീസ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് അവര്‍. വിദ്യാര്‍ഥികളുടെ ‘ജാതി’ കണ്ടും അറിഞ്ഞുമുള്ള വ്യവസ്ഥാപിതമായ ആക്രണമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്നത്. എന്‍.ഡി.ടി.വിയില്‍ ഇവ്വിഷയകമായി നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി വക്താവായ കൃഷ്ണ സാഗര്‍ റാവു പറഞ്ഞത്, ”വിദ്യാര്‍ഥികളുടെ രാഷ്ട്രീയം ക്യാമ്പസിനകത്തെ അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ചായിരിക്കണം. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് അവര്‍ നടത്തേണ്ടത്. ലോകത്ത് എവിടെയുമില്ലാത്ത കോളേജ് രാഷ്ട്രീയമല്ല അവര്‍ പ്രകടിപ്പിക്കേണ്ടത്” എന്നാണ്. ബി.ജെ.പി വരച്ച ലക്ഷ്മണരേഖ മറികടക്കുന്ന ഏത് വിദ്യാര്‍ഥി മുന്നേറ്റത്തെയും നിഷ്ഠൂരമായി അടിച്ചമര്‍ത്തുമെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.

സര്‍വകലാശാലകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ക്രിയാത്മകമായ ഇടങ്ങളാണ്. ലോകത്ത് എല്ലായിടത്തുമുള്ള സര്‍വകലാശാലകള്‍ ഈ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുന്നു. സര്‍വകലാശാല എന്ന സങ്കല്‍പത്തെ കുറിച്ച് വളരെ ഇടുങ്ങിയ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരാണ് സംഘ്പരിവാര്‍ എന്നതിനുള്ള സൂചനയാണ് ആര്‍.എസ്.എസ് വക്താവ് പങ്കുവെച്ച അപക്വമായ ആ കാഴ്ചപ്പാട്. സാമൂഹ്യ നന്മക്കും ജനകീയ സമരങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ചരിത്രം നമ്മുടെ സര്‍വകലാശാലകള്‍ക്കുണ്ട്. നിര്‍ഭയ പ്രസ്ഥാനമായാലും തെലങ്കാന പ്രസ്ഥാനമായാലും Occupy UGC പ്രസ്ഥാനമായാലും സാമൂഹ്യ നീതി പ്രസ്ഥാനങ്ങളായാലും സര്‍വകലാശാലകളുടെ പങ്ക് വളരെ വലുതാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെയുള്ള ശബ്ദമാണ് രോഹിത് വെമുല ആക്ടിലൂടെ ഉദ്ദേശിക്കപ്പെടേണ്ടത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന സാമൂഹ്യ തിന്മക്കെതിരെയുള്ള പ്രതിഷേധങ്ങളാണ് സര്‍വകലാശാലകളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നായാലും ഒരിക്കലും വിലപ്പോകില്ല എന്നാണ് ജനാധിപത്യ വിരുദ്ധരായ ശക്തികള്‍ ഓര്‍ക്കേണ്ടത്. കാരണം, ഇന്ത്യ ജനാധിപത്യത്തിലെ അതിന്റെ പുത്തന്‍ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അതിന് ചുക്കാന്‍ പിടിക്കുന്നത് വിദ്യാര്‍ഥികളും യുവത്വവുമാണെന്നത് ശുഭസൂചനയാണ് നല്‍കുന്നത്.

വിവ: അനസ് പടന്ന

Related Articles