Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുവായത് കൊണ്ട് മാത്രം അവര്‍ എന്നെ വെറുതെ വിട്ടു

gujarat-riotcv.jpg

2002 ഫെബ്രുവരി 27 ഉച്ച തിരിഞ്ഞ സമയം, ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ്സിന്റെ S-6 ബോഗി കത്തിയമര്‍ന്ന വിവരം എന്റെ സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ എന്നോട് പറഞ്ഞു. ഒരു ദിവസം മുമ്പ് ഞാന്‍ ഗോധ്രയില്‍ ഉണ്ടായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഗോധ്രയില്‍ പോകാന്‍ എന്റെ സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ പദ്ധതിയിട്ടിരുന്നു. വൈകുന്നേരത്തോടെ, വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങി, ഒരു തരത്തിലുള്ള അനിശ്ചിതത്വം അഹ്മദാബാദിനെ മൊത്തത്തില്‍ മൂടി നിന്നു.

ഓഫീസില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു പുരുഷ ഹോസ്റ്റിലാണ് ഞാന്‍ താമസിക്കാറുണ്ടായിരുന്നത്. അധികം ആള്‍താമസമില്ലാത്ത ഒരു പ്രദേശത്തായിരുന്നു ഹോസ്റ്റല്‍. ആകെ ഒരു ഹൗസിംഗ് സൊസൈറ്റി മാത്രമാണ് അടുത്തുണ്ടായിരുന്നത്. ആ നിര്‍ഭാഗ്യകരമായ ദിവസം, സബര്‍മതി എക്‌സ്പ്രസ്സില്‍ സഞ്ചരിച്ചിരുന്ന ഹൗസിംഗ് സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് പേരെ കാണാതായിരുന്നു.

അന്നേ ദിവസം രാത്രി ഗസല്‍ മാന്ത്രികന്‍ ജഗ്ജിത് സിംഗിന്റെ സംഗീത പരിപാടി ഉണ്ടായിരുന്നതിനാല്‍ റോഡുകള്‍ വിജനമായിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ സംഗീത പരിപാടി അവസാനിച്ചു. പക്ഷെ, ട്രെയിന്‍ കത്തിക്കലിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന കിംവദന്തി എങ്ങും പരന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഫെബ്രുവരി 28-ന് ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ ഞങ്ങള്‍ അന്നും ഓഫീസില്‍ പോയി. ഞങ്ങള്‍ ജോലി തുടങ്ങിയിട്ടുണ്ടായിരുന്നില്ല, പെട്ടെന്നാണ് അടുത്തുള്ള ടാറ്റാ ടെലിസര്‍വീസസ് ഓഫീസില്‍ നിന്നും പുകച്ചുരുളുകള്‍ ഉയരുന്നത് ഞങ്ങളിലൊരാള്‍ കണ്ടത്. 200-ഓളം പേര്‍ വരുന്ന ഒരു ആള്‍ക്കൂട്ടം ഞങ്ങളുടെ ഓഫീസ് ലക്ഷ്യമാക്കി ചീറിയടുത്ത് വരുന്നത് ഞങ്ങള്‍ കണ്ടു. ജോലി മതിയാക്കി, പത്ത് മിനുട്ടിനുള്ളില്‍ ഞങ്ങളെല്ലാവരും ഓഫീസില്‍ നിന്നും പുറത്ത് കടന്നു. ആള്‍ക്കൂട്ടം കടന്ന് വരുന്ന വഴിയിലൂടെയാണ് എനിക്ക് തിരിച്ച് പോകേണ്ടത്. ഞാന്‍ അവര്‍ കടന്ന് പോകുന്നത് കാത്തു നിന്നു.

അല്‍പ്പ സമയം കഴിഞ്ഞ്, ഞാന്‍ എന്റെ ബൈക്കില്‍ ഓഫീസില്‍ നിന്നും പോയി. അപ്പോഴേക്കും, മറ്റൊരു ആള്‍ക്കൂട്ടം എന്റെ ഓഫീസിന് എതിരെയുള്ള ലാന്‍ഡ്മാര്‍ക്ക് ഹോണ്ട സിറ്റി ഷോറൂമിനടുത്ത് എത്തിയിരുന്നു. അതിന്റെ പ്രവേശനകവാടം അവര്‍ തകര്‍ത്തു. വൈകുന്നേരം ഞങ്ങള്‍ തിരിച്ച് വന്ന് നോക്കിയപ്പോള്‍, 36 ഹോണ്ട സിറ്റി കാറുകള്‍ വെറും ചാരക്കൂനകള്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നു.

ഹോസ്റ്റലില്‍ എത്തണമെങ്കില്‍ ഹൈവേയിലൂടെ പോകേണ്ട അവസ്ഥയായി. ഹോസ്റ്റലില്‍ എത്താന്‍ നേരം, എന്നെ മൊത്തത്തില്‍ പിടിച്ച് കുലുക്കിയ, എന്റെ വിശ്വാസം എല്ലാതരത്തിലും പരീക്ഷിക്കപ്പെട്ട ഒരു സംഭവം ഉണ്ടായി. കൈയ്യില്‍ ഇരുമ്പു വടികളുമായി എത്തിയ ഒരു നാലംഗ സംഘം എന്റെ ബൈക്ക് തടഞ്ഞു. ഗോധ്ര സംഭവത്തിന് കാരണം ഞാനാണെന്ന ഭാവത്തിലായിരുന്നു അവരുടെ നില്‍പ്പ്.

കൂട്ടത്തിലൊരാള്‍ എന്നോട് ഹെല്‍മെറ്റ് അഴിക്കാന്‍ പറഞ്ഞു. പിന്നീട് ചോദ്യങ്ങളുടെ ഒരു പെരുമഴയായിരുന്നു. ‘ഏതാണ് ജാതി? നീ ഏത് മതത്തില്‍പെട്ടവനാ? നിന്റെ പേര് എന്താണ്?’

ശേഷം മറ്റൊരാള്‍ മുന്നോട്ട് വന്ന് എന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ച് ഞാന്‍ ഉള്ളില്‍ എന്തെങ്കിലും ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നിട്ട് അയാള്‍ വിളിച്ച് പറഞ്ഞു, ‘ഇവന്‍ ഹിന്ദുവാണ്’.

മറ്റൊരാള്‍ എന്റെ പേര് എന്താണെന്ന് ചോദിച്ചു കൊണ്ടിരുന്നു. എന്തിനാണ് എന്നോട്ട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ഞാന്‍ സകലധൈര്യവും സംഭരിച്ച് മുഖത്ത് നോക്കി ചോദിച്ചു. അപ്പോള്‍ അവരുടെ നേതാവെന്ന് തോന്നിച്ചയാള്‍ ഉച്ചത്തില്‍ ഒച്ചയിട്ടു, ‘സാലെ പേ ടൈം വേസ്റ്റ് മത് കരോ, ജാനേ ദോ ഇസ്‌കോ (ഇവനെ വെറുതെ വിട്ടേക്ക്, നമ്മുടെ സമയം വെറുതെ കളയണ്ട)’

ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ചു. എങ്ങനെയാണ് അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരാള്‍ക്ക് സാധിക്കുന്നത്? ആ ദിവസം ഹോസ്റ്റലില്‍ ക്രിക്കറ്റ് കളിച്ച് ഞങ്ങള്‍ ചെലവഴിച്ചു, ഒരു ദിവസം കഴിഞ്ഞ് മാത്രമാണ് ആ ദുരനുഭവത്തിന്റെ ആഘാതത്തില്‍ നിന്നും ഞാന്‍ മുക്തനായത്.

രാത്രിയോടോ, ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളുകളുടെ 300-ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. എന്റെ ബോസ് ഒരു ഹിന്ദുമത വിശ്വാസിയാണ്. അദ്ദേഹം താമസിക്കുന്നിടത്ത് അത്യാവശ്യം മുസ്‌ലിം വീടുകളുണ്ടായിരുന്നു, അവയെല്ലാം അഗ്നിക്കിരയാക്കപ്പെട്ടു.

മാര്‍ച്ച് 1-ാം തിയ്യതി, ഒരു അഖിലേന്ത്യ ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. വൈകുന്നേരം ഞങ്ങള്‍ ബൈക്കില്‍ പുറത്തിറങ്ങി. വഴിയിലുടനീളം കണ്ട കാഴ്ച്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കല്‍ അഹ്മദാബാദിനെ പ്രതിനിധീകരിച്ചിരുന്ന ഒരുപാട് സ്ഥലങ്ങള്‍ ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ നാമാവശേഷമായി കഴിഞ്ഞിരുന്നു.

അഹ്മദാബാദ് എന്ന നഗരത്തെ കുറിച്ച് മുമ്പ് അറിയുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലാകും. സ്വാസ്തിക് സ്‌ക്വയറിന് അടുത്തുള്ള റസ്റ്റോറന്റ്. ഡ്രൈവ് ഇന്‍ റോഡിന് അടുത്തുള്ള കബീര്‍ റസ്‌റ്റോറന്‍്. വസ്ത്രപൂരിലെ സണ്‍ഫഌവര്‍ റസ്റ്റോറന്റ്. വിജയ് സ്‌ക്വയറിലെ നവ്ജീവന്‍, ഹോട്ടല്‍ സിഗ്നോര്‍. അങ്ങനെ തുടങ്ങി ഒരുപാട് സ്ഥാപനങ്ങള്‍, എല്ലാം മുസ്‌ലിംകളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്, ചുട്ടെരിക്കപ്പെട്ടു.

നരോദ പാട്ടിയ, ജമാല്‍പുര, തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം വീടുകള്‍ ചാരക്കൂമ്പാരങ്ങളായി മാറിയിരുന്നു. ആ രാത്രി, ഞങ്ങള്‍ക്ക് ഭീഷണിപ്പെടുത്തുന്ന കോളുകള്‍ വന്നു, ഞങ്ങളുടെ പ്രദേശം ലക്ഷ്യമാക്കി ഒരു വന്‍ ആള്‍ക്കൂട്ടം തന്നെ വരുന്നുണ്ടെന്ന വാര്‍ത്ത പരന്നു.

അടുത്ത് താമസിക്കുന്ന ആളുകള്‍ ഞങ്ങളോട് തയ്യാറായി ഇരിക്കാന്‍ പറഞ്ഞു. 25-ഓളം വരുന്ന ഞങ്ങളുടെ ഹോസ്റ്റലിലെ അന്തേവാസികള്‍ വടികള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇഷ്ടികക്കട്ടകള്‍, കല്ലുകള്‍ അങ്ങനെ തുടങ്ങി കൈയ്യില്‍ കിട്ടിയതെല്ലാം ശേഖരിച്ച് തയ്യാറായിരുന്നു. ടെറസ്സിന് മുകളില്‍ ‘ആയുധങ്ങള്‍’ സൂക്ഷിച്ച്, രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഞങ്ങള്‍ കാത്തിരുന്നു. ഭയം ഉള്ളിലൊതുക്കി കൊണ്ട് ഒന്നാം വര്‍ഷ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ജാഗ്രതയോടെ ഇരുന്നു. ഓരോരുത്തരും മാറിമാറി പരിസരം നിരീക്ഷിച്ചു. എന്തെങ്കിലും അസ്വാഭാവികമായി കണ്ടാല്‍ പ്ലേറ്റില്‍ തട്ടി ശബ്ദമുണ്ടാക്കാന്‍ പരിസരം നിരീക്ഷിക്കുന്നവരെ ചട്ടം കെട്ടിയിരുന്നു.

15-20 പേരുള്ള ഒരു ആള്‍ക്കൂട്ടത്തെ തടയാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷെ ആ ആള്‍ക്കൂട്ടം പെട്രോള്‍ ബോംബും, തീപന്തങ്ങളും എറിയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. ഈ ഭയം ഞങ്ങളെ തിന്നുകൊണ്ടിരുന്നു. അത്തരമൊരു ഭയാനകമായ അനന്തരഫലത്തെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ഞങ്ങളുടെ മതം ഞങ്ങളെ രക്ഷിക്കില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.

ആള്‍ക്കൂട്ടം ഏത് മതവിഭാഗത്തില്‍ നിന്നുള്ളവരായാലും, അവള്‍ ഉപയോഗിക്കുന്ന ‘തീ’ എന്ന ആയുധം വരുത്തി വെക്കുന്ന നാശനഷ്ടം ‘മതേതരം’ ആയിരിക്കും. അക്രമികള്‍ക്ക് എല്ലാവിധത്തിലുള്ള സഹായവും പോലിസ് ചെയ്തു കൊടുത്തത്തിന്റെ നിരവധി കഥകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും.

സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ നിന്നുള്ള ആളുകള്‍ സാധാരണഗതിയില്‍ ഇത്തരം അക്രമസംഭവങ്ങളില്‍ ഭാഗഭാക്കാകാറില്ലെന്ന് പൊതുവെ പറയാറുണ്ട്. പക്ഷെ, ഈ സമയം യാതൊരു തരത്തിലുള്ള വര്‍ഗവ്യത്യാസവും ഇല്ലായിരുന്നു. അക്രമസമയത്ത് താന്‍ കൊള്ളയടിച്ച് ഉണ്ടാക്കിയ വിലപിടിപ്പുള്ള വസ്തുക്കള്‍ (ഷൂ, സി.ഡി പ്ലേയര്‍ തുടങ്ങിയ) കാണിച്ച് തന്നും, താന്‍ കെട്ടിടങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞ പെട്രോള്‍ ബോംബുകളെ കുറിച്ചും ഞങ്ങളുടെ അടുത്തുള്ള ഒരു അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വീരവാദം പറഞ്ഞപ്പോള്‍, ഞങ്ങള്‍ ശരിക്കും ഞെട്ടിത്തരിച്ചു പോയി. വിദ്യാഭ്യാസത്തിന് നമ്മുടെ സമൂഹത്തിലെ മതജാതി വ്യത്യാസങ്ങളെ തുടച്ച് നീക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

കലാപകാരികളോട് അനുകൂല സമീപനം കാണിച്ചതായുള്ള ആരോപണങ്ങളെ സര്‍ക്കാറും പോലിസും എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് എനിക്ക് അറിയാം. പക്ഷെ, ഇത്തരത്തില്‍ ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് കൊണ്ട് വളരെ വ്യവസ്ഥാപിതമായി ഇത്തരത്തിലൊരു ആക്രമണം നടത്തണമെങ്കില്‍ സര്‍ക്കാറിന്റെയും പോലിസിന്റെയും അനുമതിയും സഹായവും ലഭിക്കാതെ സാധ്യമല്ല എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പുരാന അഹ്മദാബാദിലെ കര്‍ഫ്യൂവില്‍ അയവ് വന്നു, സ്ഥിതിഗതികളില്‍ വളരെയധികം പുരോഗതിയുണ്ടെന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ എനിക്ക് വിളിച്ചു പറഞ്ഞു- ഇപ്പോള്‍ ഒരു ദിവസം ആകെ നാല് കത്തിക്കുത്തുകള്‍ മാത്രമേ നടക്കുന്നുള്ളുവത്രെ. സാഹചര്യത്തെ ഇത്തരത്തില്‍ വിശദീകരിച്ചതിന് ഞാന്‍ അവളെ കുറ്റം പറയില്ല; സാഹചര്യം എത്രമാത്രം മോശമാണെന്ന് മാത്രമാണ് അത് പ്രതിഫലിപ്പിക്കുന്നത്.

ഈ അക്രമസംഭവങ്ങല്‍ നടക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ്, ഇതേ പ്രദേശത്തെ ജനങ്ങള്‍ ഭൂമികുലുക്കത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് ഒന്നിച്ച് പരസ്പരം സഹായഹസ്തങ്ങള്‍ നീട്ടിയത്. പക്ഷെ, വെറുപ്പിന്റെ പ്രത്യയശാസ്ത്ര വാഹകരായ ഒരുകൂട്ടം മനുഷ്യരുണ്ടാക്കിയ ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ കാലത്തിന് പോലും മായ്ക്കാനാവാതെ ഇന്നും അവശേഷിക്കുന്നു.
(ഒരു പ്രമുഖ മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മാണ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

മൊഴിമാറ്റം:  Irshad shariati

Related Articles