Current Date

Search
Close this search box.
Search
Close this search box.

ഹാദിയയുടെ ഇസ്‌ലാം ആശ്ലേഷം മതമൗലികവാദമോ?

Hadiya.jpg

ഇസ്‌ലാം സ്വീകരിക്കുകയും, ശേഷം ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത ഹോമിയോപതി വിദ്യാര്‍ത്ഥിനി ഹാദിയ/അഖിലയുടെ കേസ് ഒരുപാട് ആഖ്യാനങ്ങളാല്‍ വലയം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള ഹൈക്കോടതി ഹാദിയയുടെ വിവാഹം അസാധുവാക്കി വിധിപുറപ്പെടുവിച്ചു, ശേഷം ഹാദിയയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച റിട്ട് പെറ്റിഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍.ഐ.എ) ഉത്തരവിട്ടു. തങ്ങളുടെ വിവാഹം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയോട് പ്രതികരിക്കുന്നതിന് പകരം, ഹാദിയയുടെ പിതാവിന്റെ ഭയാശങ്കകളെയാണ് സുപ്രീംകോടതി പരിഗണിച്ചത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വിവാഹം അസാധുവാക്കാന്‍ ഉത്തരവിട്ടതിലൂടെ, തല്‍പ്പരകക്ഷികളുടെ ലൗ ജിഹാദ് പ്രചാരണത്തെ ശരിവെക്കുകയാണ് കോടതി ചെയ്തിരിക്കുന്നതെന്ന വിമര്‍ശനം ഉയരുകയുണ്ടായി. ഹാദിയയെ വെറുമൊരു കുട്ടിയാക്കി മാറ്റാനുള്ള ശ്രമങ്ങളും, സ്വയം തീരുമാനമെടുക്കാനുള്ള അവളുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനവും, പുരുഷാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയാല്‍ അവളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളുമെല്ലാം സ്ത്രീപക്ഷവാദികള്‍ ഉയര്‍ത്തികാട്ടിയിരുന്നു. തീര്‍ച്ചയായും, ഹാദിയയുടെ വിവാഹം റദ്ദാക്കിയതിലൂടെയും, ഹദിയയെ പിതാവിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിലൂടെയും സ്വയം നിര്‍ണ്ണയാവകാശമില്ലാത്ത ഒരു കുട്ടിയോടുള്ള സമീപനമാണ് കോടതി ഹാദിയയോട് സ്വീകരിച്ചത്. തന്റെ മേലുള്ള ബലപ്രയോഗങ്ങള്‍ക്കെതിരെ ഹാദിയ ഉച്ചത്തിലുയര്‍ത്തിയ പ്രതിഷേധശബ്ദം, അവള്‍ക്ക് ബുദ്ധിയുറച്ചിട്ടില്ലെന്നും, അവള്‍ ചെറിയ കുട്ടിയാണെന്നും, സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി അവള്‍ക്കില്ലെന്നുമുള്ള വാദങ്ങളാല്‍ നിശബ്ദമാക്കപ്പെട്ടു. ഈ ‘കൊച്ചാക്കല്‍’ പരിപാടി, കേവലം സ്ത്രീ പൗരകളോടുള്ള ഭരണകൂട സമീപനത്തിന്റെ അടയാളം മാത്രമല്ല. മതപരിവര്‍ത്തനത്തിന് നേര്‍ക്കുള്ള കോളനിയാനന്തര ഭരണകൂട സമീപനത്തിന്റെ നീണ്ടചരിത്രത്തിന്റെ തനിയാവര്‍ത്തനത്തില്‍ നിന്നാണ് ഈ ‘കൊച്ചാക്കല്‍’ പരിപാടി ഉടലെടുക്കുന്നത്.

ഇഷ്ടമുള്ള മതം ആചരിക്കാനും, പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25 അനുവദിച്ചു നല്‍കുന്നുണ്ടെങ്കിലും, മതപരിവര്‍ത്തനം എല്ലായ്‌പ്പോഴും സംശയത്തോടെയും, ദുര്‍ബലവിഭാഗങ്ങളെ ഇരയാക്കി ഹിന്ദു സമൂഹത്തെ പിളര്‍ത്താനുള്ള ശ്രമമായുമാണ് നോക്കിക്കാണപ്പെട്ടത്. മതപരിവര്‍ത്തന നിരോധനത്തിന് കേന്ദ്ര നിയമം പാസാക്കിയെടുക്കാനുള്ള ശ്രമം മൂന്ന് തവണ പരാജയപ്പെട്ടെങ്കിലും, ഒഡീഷയും (അന്നത്തെ ഒറീസ), മധ്യപ്രദേശും വളരെ നേരത്തെ തന്നെ മതപരിവര്‍ത്തന നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു. പ്രലോഭിപ്പിച്ചും, തട്ടിപ്പിലൂടെയും, ബലപ്രയോഗത്തിലൂടെയുമുള്ള മതപരിവര്‍ത്തനങ്ങള്‍ ക്രിമിനല്‍ക്കുറ്റങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. മതംമാറ്റത്തിന് വിധേയരാവുന്നവര്‍ പ്രായപൂര്‍ത്തിയാവാത്തവരോ, സ്ത്രീകളോ അല്ലെങ്കില്‍ എസ്.സി, എസ്.ടി വിഭാഗക്കാരോ ആണെങ്കില്‍ ശിക്ഷ ഇരട്ടിയാവും.

ഈ നിയമങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ന്നപ്പോഴെല്ലാം, കോടതി വിധികളിലൂടെ പ്രസ്തുത നിയമങ്ങളുടെ സഹജപൈതൃകം ശരിവെക്കപ്പെട്ടു. സ്‌റ്റെയ്‌നിസ്ലോസ് കേസിലെ സുപ്രീംകോടതി വിധി, മനസാക്ഷിയുടെ സ്വാതന്ത്ര്യത്തെ യാതൊന്നിനാലും സ്വാധീനിക്കപ്പെടാന്‍ പാടില്ലാത്ത അഥവാ മറ്റു മതവിശ്വാസങ്ങളുടെ അനുയായികളാല്‍ സ്വാധീനിക്കപ്പെടാന്‍ പാടില്ലാത്ത ഒന്നായാണ് വ്യാഖ്യാനിച്ചത്.

‘പാപികള്‍ അവരുടെ മരണശേഷം അനുഭവിക്കാന്‍ പോകുന്ന ശിക്ഷകളുടെയും, നരകത്തിന്റെയും വിവരണങ്ങളാല്‍ ഹാദിയ സ്വാധീനിക്കപ്പെട്ടിരുന്നു. നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്‌ലാമിക വിശ്വാസം സ്വീകരിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും അവള്‍ വിശ്വസിപ്പിക്കപ്പെട്ടിട്ടുണ്ട്.’ എന്നാണ് കേരള സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ‘ഇഹലോക ജീവിതത്തിന് ശേഷം സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ ഇസ്‌ലാം അവളെ സഹായിക്കുമെന്ന് അഖില വിശ്വസിച്ചു’ എന്നാണ് ഒരു പോലിസ് റിപ്പോര്‍ട്ട്. അനേകം വരുന്ന മതസ്വാതന്ത്ര്യ നിയമങ്ങളുടെ പരിധിയില്‍, വഞ്ചനയിലൂടെ മതപരിവര്‍ത്തനം നടത്തിയതിന്റെ തെളിവായി ഇവ ഉള്‍പ്പെടുത്തും. യുലിത ഹൈഡേ കേസില്‍, ഒഡീഷ ഹൈക്കോടതി നിരീക്ഷിച്ചു: ‘ദൈവകോപത്തെ സംബന്ധിച്ച ഭീഷണി മാനസ്സിനെ മരവിപ്പിക്കും; അവികസിത മനസ്സാണെങ്കില്‍ കൂടുതലും.’ ഹാദിയയെ ബുദ്ധിയുറക്കാത്ത കുട്ടിയാക്കുന്ന ജുഡീഷ്യല്‍ നടപടിയുടെ ചരിത്രസമാനതകള്‍ ഇവിടെ നിന്നും കണ്ടെടുക്കാന്‍ സാധിക്കും.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം വിവാഹത്തിലേര്‍പ്പെടുന്ന സംഭവങ്ങള്‍ അനവധിയുണ്ട്, എന്നാല്‍ അവ അംഗീകരിക്കുന്ന കാര്യത്തില്‍ പക്ഷെ കോടതികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും കേരള ഹൈക്കോടതി സമ്മതിക്കുന്നുണ്ട്. സ്‌നേഹത്തിന്റെ പേരില്‍ ഹാദിയ ഇസ്‌ലാം സ്വീകരിച്ചതിലല്ല കോടതിയുടെ ആശങ്ക, മറിച്ച് അവളുടെ മതഭക്തിയാണ് കോടതിയെ സംഭ്രമിപ്പിക്കുന്നത്. ഇസ്‌ലാമിക മതഭക്തിയെ മനസ്സിലാക്കാന്‍ ലഭ്യമായ ഒരേയൊരു ചട്ടക്കൂടിലാണ് കോടതിയും മുറുകെപിടിക്കുന്നത് – മൗലികവാദം, തീവ്രവാദം. ഹാദിയയുടെ ഇസ്‌ലാമിനോടുള്ള താല്‍പര്യത്തിന് പിറകില്‍ ഏതെങ്കിലും മതമൗലികവാദ സംഘടനകളും ഉണ്ടോ എന്നാണ് കോടതിയുടെ ഭയം; ഇസ്‌ലാം മതപഠനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സൂചനകളുള്ള ഹദിയ അടുപ്പംപുലര്‍ത്തിയിരുന്ന രണ്ട് വ്യക്തികളെ കുറിച്ച് അന്വേഷണം നടത്താത്തതിന് പോലിസിനെ കോടതി നിശിതമായി വിമര്‍ശിക്കുന്നു. ഹാദിയയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ‘അയാളുടെ മതമൗലികവാദ ചായ്‌വിനെ വ്യക്തമാക്കുന്നുണ്ട്’ എന്ന് പ്രസ്താവിക്കുന്ന കോടതി.

ഹാദിയയുടെ ഭര്‍ത്താവിന്റെ പഴയകാല എസ്.ഡി.പി.ഐ ബന്ധം (നിരോധിക്കപ്പെട്ടിട്ടില്ല, പക്ഷെ നിരോധിക്കപ്പെട്ട സിമിയോട് ചേര്‍ത്ത് സ്ഥിരം പരാമര്‍ശിക്കപ്പെടാറുണ്ട്), പശ്ചിമേഷ്യയിലെ അദ്ദേഹത്തിന്റെ ജോലി, ഒരു യുവജനസംഘടനയുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ ഒരു പഴയ ക്രിമിനല്‍ കേസ്, അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു മുന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ എന്‍.ഐ.എ മുഖേന അറസ്റ്റ് ചെയ്യപ്പെട്ട സംഭവം, ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് നമുക്ക് പരിചിതമായ എല്ലാ ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹാദിയ അവളുടെ കൂട്ടുകാരുടെയും, കുടുംബങ്ങളുടെയും തടങ്കലിലാണെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് ആദ്യം നല്‍കിയ ഹേബിയസ് കോര്‍പ്പസ് കോടതി തള്ളിയിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവളെ നിര്‍ബന്ധിച്ച് മതംമാറ്റിയ തീവ്രവാദ സംഘടനകള്‍ അവളെ ഐ.എസ്.ഐ.എസ്സില്‍ ചേര്‍ക്കുന്നതിന് വേണ്ടി സിറിയയിലേക്ക് കടത്തുമെന്ന് ഉന്നയിച്ച് നല്‍കിയ രണ്ടാം പരാതി കൂടുതല്‍ അനുകൂല സമീപനത്തോടെയാണ് പരിഗണിക്കപ്പെട്ടത്.

രാജ്യത്തെ പ്രധാന ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍.ഐ.എ-യോട് ‘സത്യം’ പുറത്ത് കൊണ്ടുവരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. പരമോന്നത കോടതി ഹൈക്കോടതി വിധിയെ റദ്ദാക്കുകയോ റദ്ദാക്കാതിരിക്കുകയോ ചെയ്യാം, പക്ഷെ, ഒരു സ്ത്രീയുടെ ഇസ്‌ലാം ആശ്ലേഷം ഭീകരവാദത്തിന്റെ നിയമഭൂമികയില്‍ നിന്നുകൊണ്ട് മാത്രമേ വ്യഖ്യാനിക്കാന്‍ കഴിയുകയുള്ളു എന്നാണ് സുപ്രീംകോടതിയുടെ അന്വേഷണ ഏജന്‍സി തെരഞ്ഞെടുപ്പ് നമ്മോട് പറയുന്നത്.

മൊഴിമാറ്റം:  irshad shariati

Related Articles