Current Date

Search
Close this search box.
Search
Close this search box.

ഹാദിയയും കേരളീയ മതേതര ബോധവും

Hadiya.jpg

കേരളീയ മതേതര പൊതുബോധം എത്രമാത്രം സവര്‍ണ ഹൈന്ദവതയുടെ പിടുത്തത്തിലാണ് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹാദിയ. ചരിത്രത്തില്‍ മലപ്പുറം ജില്ല രൂപീകരണത്തിലും അഞ്ചാം മന്ത്രി വിവാദത്തിലും തികട്ടി വന്ന സവര്‍ണതയുടെ വര്‍ഗീയബോധം ഹാദിയ വിഷയത്തിലുള്ള മൗനത്തിലൂടെ പ്രകാശിപ്പിക്കുകയാണ്. ലവ് ജിഹാദ് എന്ന കെട്ടുകഥയിലൂടെ ഒരു സമുദായത്തെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി നിഴല്‍ യുദ്ധം നടത്തിയവര്‍ ഇന്ന് തികഞ്ഞ മനുഷ്യാവകാശം നിഷേധിക്കുന്ന ഒരു വിഷയത്തില്‍ കാണിക്കുന്ന മൗനം അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും ഭീതിയുണ്ടാക്കുന്നു. മുസ്‌ലിം വിരുദ്ധമാണ് നമ്മുടെ മതേതര പൊതുബോധം എന്ന് വിശ്വസിക്കുവാന്‍ മാത്രമുള്ള തികഞ്ഞ മൗനമാണ് ഹാദിയയുടെ വിഷയത്തില്‍ കണ്ട് കൊണ്ടിരിക്കുന്നത്. ഒരു സത്രീ എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വേണ്ട അര്‍ഥത്തില്‍ ഗൗരവത്തിലെടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല.

കേരളീയ പൊതുബോധത്തില്‍ അന്തര്‍ഭവിച്ച സവര്‍ണ ഹൈന്ദവതയെ പോറലേല്‍പിക്കുന്ന ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ഇടുങ്ങിയതായി മാറി നമ്മുടെ മതേതരത്വം. അഖില എന്ന ഇരുപത്തിനാല് വയസ്സുള്ള വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് അവള്‍ ഇഷ്ടപ്പെടുന്ന ഒരു ആശയം തിരഞ്ഞെടുക്കുവാനും അതിനനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യമില്ലാത്ത ഇടമായി കേരളീയ സാമൂഹ്യ പരിസരം മാറിയിരിക്കുന്നു. വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ മാത്രം എന്ത് രാജ്യദ്രോഹമാണ് അവര്‍ ചെയ്തത് എന്ന ചോദ്യത്തിന് ആടിനെ മേയ്ക്കാന്‍ സിറിയയിലേക്ക് പോവാന്‍ സാധ്യതയുണ്ട് എന്ന വിചിത്രമായ മറുപടിയാണ് ലഭിക്കുന്നത്. ഇഷ്ടമുള്ള ആശയം തിരഞ്ഞെടുക്കുവാന്‍ ഒരാള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ കൃത്യമായ ലംഘനമാണ് ഹാദിയ കേസിലൂടെ വെളിപ്പെടുന്നത്. ഈയര്‍ഥത്തില്‍ മൗലികാവകാശം നിഷേധിക്കപ്പെട്ട് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ വീട്ടു തടങ്കലില്‍ കിടത്താന്‍ മാത്രം ഭീകരവാദിയാണൊ അവര്‍. എങ്കില്‍ ആ ഭീകരവാദിയെ ലോകത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരണം. എന്ത് ഭീകര കൃത്യമാണ് അവര്‍ ചെയ്തത് എന്ന് ലോകത്തെ അരീക്കേണ്ടതുണ്ട്. അതിനു പകരം തികഞ്ഞ മനുഷ്യാവകാശ ലംഘനം നടത്തി ഒരു സ്ത്രീയുടെ നിസ്സഹായതയെ മുതലെടുത്ത് നീതി നിഷേധം നടത്തുകയല്ല വേണ്ടത്. പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് ഇത്ര വലിയ മനുഷ്യാവകാശ ലംഘനം നടക്കുമ്പോള്‍ എന്ത് കൊണ്ടാണ് കേരളീയ പൊതു സമൂഹത്തില്‍ നിന്ന് ശബ്ദങ്ങള്‍ ഉയര്‍ന്ന് വരാത്തത്. ഇതൊരു മുസ്‌ലിം സാമുദായിക വിഷയമായി വെട്ടിച്ചുരുക്കുകയാണ് അറിഞ്ഞോ അറിയാതെയൊ നാം നടത്തുന്ന മൗനത്തിലൂടെ സംഭവിക്കുന്നത്. എന്തായിരുന്നാലും ഹാദിയയുടെ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന് വല്ലാതെ ശബ്ദിച്ചുകൂടാ. കാരണം ഇത്തരത്തിലുള്ള ഇടപെടല്‍ മറ്റൊരു കൂട്ടര്‍ക്ക് മരുന്നിട്ട് കൊടുക്കലാണെന്ന ഒരു ബോധത്തെ പ്രസരണം ചെയ്യാന്‍ കേരളത്തിലെ ഇടതുപക്ഷ മതനിരപേക്ഷ ഭരണകൂടം തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. മാത്രമല്ല ഒരു പ്രശ്‌നത്തിലെ വിഷയം മുസ്‌ലിം ഐഡന്റിറ്റിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ സമുദായത്തില്‍ പെട്ടവര്‍ ഇടപെട്ടാല്‍ വര്‍ഗീയതയായി തീരുന്ന ഒരു ബോധത്തെ ഉല്‍പാദിപ്പിക്കുന്ന സാമൂഹ്യ സ്ഥലകാലത്തിലാണ് നാം ജീവിക്കുന്നത്. എത്രത്തോളമെന്നാല്‍ കഴിഞ്ഞ അഞ്ചാം മന്ത്രി വിവാദ കാലഘട്ടത്തില്‍ മുസ്‌ലിം സമുദായത്തിന്റെ നേര്‍ക്ക് നടന്ന ഭര്‍ത്സനത്തെ നേരിടാന്‍ ഞങ്ങള്‍ ഓടിളക്കി കയറി വന്നവരല്ല എന്ന് കേരള നിയമ സഭയില്‍ പറയാന്‍ മാത്രം പി.കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരാള്‍ നിര്‍ബന്ധിതനായിട്ടുണ്ട് എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ.

ഇവിടെ ഹാദിയയുടെ വിഷയത്തില്‍ മതേതര സമൂഹത്തില്‍ നിന്ന് വലിയ ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല. മതേതര സമൂഹം എന്ന് വിവക്ഷിക്കപ്പെടുന്നവര്‍ നല്ല മൗനത്തിലാണ്. കാരണം സവര്‍ണ ഹൈന്ദവതയെ പ്രഹരിക്കുന്ന എന്തും മതേതരത്വം ചോദ്യം ചെയ്യാന്‍ വല്ലാതെ ഭയക്കുന്നു. ഈ ഭയത്തില്‍ കേരളീയ പൊതു സമൂഹം വീണ് പോയതിന്റെ ദുരന്തമാണ് ഹാദിയ വിഷയത്തില്‍ കാണിക്കുന്ന മൗനം. കോയമ്പത്തൂര്‍ സ്‌ഫോടനകേസ്സില്‍ പ്രതിയാണെന്ന് ആരോപിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയെ നീണ്ട പത്ത് വര്‍ഷം കാരാഗ്രഹത്തില്‍ അടച്ച ശേഷം നിരപരാധിയാണെന്ന് ബോധ്യപ്പെട് കോടതി വിട്ടയച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ മറ്റൊരു ഫോടനത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ തടവുകാരനായി കഴിയുകയാണ്. ഈ മനുഷ്യന് നീതി ലഭ്യമാവണം എന്ന് കൊടിയേരിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെടുമ്പോള്‍ മതേതരത്വവും ശിഹാബ് തങ്ങളോ എം.ഐ അബ്ദുല്‍ അസീസോ ആവശ്യപ്പെട്ടാല്‍ വര്‍ഗീയതയും ആയി തീരുന്ന ഒരു കെട്ട മതേതര ബോധമാണ് ഇവിടെയുള്ളത്. മാത്രമല്ല തീര്‍ത്തും മതരഹിത ജീവിതം നയിക്കുന്ന കമ്യൂണിസ്റ്റ് ബുദ്ധി ജീവികളായ പി.കെ പോക്കറോ കെ.ഇ.എന്‍ കുഞ്ഞമ്മദോ നാസര്‍ മഅ്ദനിക്ക് വേണ്ടി ശബദിച്ചാല്‍ അവര്‍ രണ്ട് പേരും മുസ്‌ലിം തീവ്രവാദികളായി ചിത്രീകരിക്കുന്ന ഒരു സാമൂഹ്യ സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ മതവും ജാതിയും നോക്കണമെന്നര്‍ഥം. അഥവാ ഞാനെന്ന മുസ്‌ലിം സ്വത്വം നീതി നിഷേധം അനുഭവിക്കുന്ന മറ്റൊരു മുസ്‌ലിം സ്വത്വത്തിന് വേണ്ടി ശബ്ദിച്ചാല്‍ വര്‍ഗീയതയും മുസ്‌ലിമേതര സ്വത്വമാണെങ്കില്‍ മതേതരവും ആവുന്ന ഒരു സ്യൂഡോ സെക്കുലര്‍ സങ്കല്‍പമാണ് നാം വികസിപ്പിച്ചത്. എന്നെ എന്തിന് ഇവിടെ പാര്‍പ്പിക്കുന്നു? ഞാന്‍ ഇങ്ങനെ ജീവിച്ചാല്‍ത്തിയോ? എന്ന ഒരു സ്ത്രീയുടെ നിലവിളി നാം കേള്‍ക്കാതിരിക്കാന്‍ മാത്രം നമ്മുടെ കര്‍ണ്ണ പടത്തെ എന്തിന് പൊത്തിപിടിക്കണം?

ഇവിടെ ഹാദിയയുടെ വിഷയത്തില്‍ മൂന്ന് തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുകയാണ്. ഒന്ന് അന്യായമായി വീട്ട് തടങ്കലില്‍ പാര്‍പ്പിച്ച് പുറംലോകവുമായുള്ള എല്ലാ ബദ്ധവും വിഛേദിച്ച് ഒരു മനുഷ്യന്റെ മേല്‍ നടത്തുന്ന തികഞ്ഞ സ്വാതന്ത്ര്യ നിഷേധം. രണ്ട് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഹാദിയക്ക് വീട്ടില്‍ നിന്ന് ലഭിക്കുന്ന മര്‍ദനങ്ങളും മാനസിക പീഡനവും. മൂന്ന് സ്വതന്ത്രമായ ഒരു ആശയം സ്വീകരിച്ച് അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താനുള്ള ഒരു മനുഷ്യന്റെ മൗലികാവകാശ നിഷേധം. ഈയര്‍ഥത്തിലുള്ള അതിക്രമങ്ങള്‍ നടക്കുമ്പോള്‍ നാം കാണിക്കുന്ന മൗനം സത്യത്തില്‍ നാം ഇന്ന് വരെ ആര്‍ജിച്ചെടുത്ത ജനാധിപത്യ ബോധത്തിനെതിരെയുള്ള കൊഞ്ഞനം കുത്തലാണ്. എന്ത് സാംസ്‌കാരികമായ ഉയര്‍ച്ചയാണ് ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയെടുത്തത്? ആശയങ്ങള്‍ പരസ്പരം കൈമാറി സഹവര്‍ത്തിത്തത്തിന്റെ ഒരു ലോകം പണിയുന്നതിന് പകരം അപരന്റെ ആശയം എന്റെ കൂട്ടത്തിലുള്ള മറ്റൊരുവന്‍ സ്വാംശീകരിച്ചാല്‍ അവന് ഭ്രഷ്ട് കല്‍പിക്കുന്ന പഴയ ഗോത്ര പാരമ്പര്യത്തിന്റെയും ഫ്യൂഡല്‍ മനോഭാവത്തിന്റെയും സങ്കല്‍പം പേറുന്ന നമ്മുടെ പൊതുബോധത്തെ മാറ്റി പണിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. പീഡനങ്ങള്‍ കൊണ്ടും ഭീതിപ്പെടുത്തിയും ഒരു മനുഷ്യന്റെ ആശയ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയും എന്നുള്ള മൗഡ്യ ധാരണ തിരിച്ചറിഞ്ഞ് സഹാനുഭൂതിയുടെ ഒരു സ്ഥലകാലത്തിലേക്ക് എത്തിച്ചേരാന്‍ ഇനിയും എത്ര കാതം നാം സഞ്ചരിക്കണം? എല്ലാ അര്‍ഥത്തിലുമുള്ള മനുഷ്യാവകാശം നിഷേധിക്കപ്പെട്ട് വീട്ട് തടങ്കലില്‍ കഴിയുന്ന ഹാദിയക്ക് വേണ്ടി ശബ്ദിച്ചാല്‍ തകര്‍ന്നടിഞ്ഞ് പോവുന്ന മതേതരത്വമാണ് നാം കെട്ടിപ്പടുത്തതെങ്കില്‍ അത് പൊളിച്ചുമാറ്റി നമുക്കെല്ലാവര്‍ക്കും വര്‍ഗീയ വാദി എന്ന പട്ടം സ്വീകരിക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് മുസ്‌ലിം വിഷയത്തില്‍ മതേതരത്വം ഒരു ഭാരമായി തീര്‍ന്ന ഒരു ലോക പരിസരത്താണ് നാം ജീവിക്കുന്നത്. മാത്രമല്ല ഇസ്‌ലാമോഫോബിയ അതിന്റെ വ്യത്യസ്ത ഭാവങ്ങളോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കുമ്പോള്‍ കേരളവും അതില്‍ നിന്ന് മുക്തമാവില്ല. ഹാദിയയുടെ വിഷയത്തില്‍ കൃത്യമായ ഇസ്‌ലാം ഭീതിയുടെ പങ്കിനെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് എന്നുള്ളതാണ് യാഥാര്‍ഥ്യം. ഈ പ്രശ്‌നത്തിന്റെ വേരും കിടക്കുന്നത് അവിടെയാണ്. ഇസ്‌ലാം ഭീതിയുടെ ഏറ്റവും മൂര്‍ത്തമായ ഉദാഹരണമാണ് ഹാദിയ. അഖില ഇസ്‌ലാമല്ലാത്ത മറ്റേതെങ്കിലും ആശയത്തിലോ ആദര്‍ശത്തിലോ കൂടുമാറിയാല്‍ ഇത്ര വലിയ കോലാഹലം ഇവിടെ നടക്കില്ലായിരുന്നു. മാധവിക്കുട്ടി കമലാ സുറയ്യ ആയപ്പോള്‍ തികട്ടി വന്ന അസഹിഷ്ണുത ഹാദിയയുടെ വിഷയത്തിലും ആവര്‍ത്തിക്കുന്നു എന്ന് വേണം നമുക്ക് മനസ്സിലാക്കാന്‍. ഇസ്‌ലാം എന്നത് ഭീകരതയുടെയും രാജ്യദ്രോഹത്തിന്റെയും പര്യായമാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഒരു ലോകത്ത് വിശേഷിച്ചും. ഈയര്‍ത്തിലുള്ള ഇസ്‌ലാം ഭീതിയാണ് നമ്മുടെ ജുഡീഷ്യറിയും വെച്ച് പുലര്‍ത്തുന്നത് എന്നത് കൊണ്ട് നമ്മുടെ മതേതര സമൂഹം യാഥാര്‍ത്യം മനസ്സിലാക്കി ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു. കൂടാതെ മതം മരം വലിയല്ല എന്ന് എല്ലാ മതത്തിലെയും ഉഗ്രവാദികളെയും പഠിപ്പിക്കുവാന്‍ മതത്തിലെ സഹിഷ്ണുതാ വാദികള്‍ മുന്നോട്ട് വരണം. മതത്തിന് രൗദ്രഭാവമല്ല ചേരുകയെന്നും സ്വഛന്ദമായ സ്‌നേഹത്തിന്റെ സൗന്ദര്യമാണെന്നും തിരിച്ചറിഞ്ഞ് മനുഷ്യര്‍ പാര്‍ക്കുന്ന ഒരു ലോകമായി നമ്മുടെ നാടിനെ മാറ്റിയെടുക്കാന്‍ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നാം നമ്മുടെ ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു.

Related Articles