Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് സബ്‌സിഡിയും കുംഭമേള ഫണ്ടുകളും

kumbh-mela.jpg

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്ക് ഹജ്ജിന് പോകുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഹജ്ജ് സബ്‌സിഡി തുടരേണ്ടതുണ്ടോ, അതുകൊണ്ട് വല്ല കാര്യവുമുണ്ടോ, അത് ഇന്ത്യന്‍ മതേതരത്വ സങ്കല്‍പ്പവുമായി ഒത്തുപോവുന്നതാണോ തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാ വര്‍ഷങ്ങളിലും ഉയര്‍ന്നു വരാറുണ്ട്. ജീവിതത്തിലൊരിക്കല്‍ സൗദി അറേബ്യയിലെ മക്കയിലേക്ക് മുസ്‌ലിംകള്‍ നടത്തുന്ന തീര്‍ത്ഥാടന യാത്രയാണ് ഹജ്ജ്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് വളരെ പരിശുദ്ധമാക്കപ്പെട്ടൊരു കര്‍മം കൂടിയാണത്.

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമൊരുക്കി കൊണ്ട് സൗദി അറേബ്യ ഇന്ത്യക്കാരുടെ ക്വോട്ട വര്‍ദ്ധിപ്പിച്ചതിന് തൊട്ടുടനെയാണ്, ഹജ്ജ് സബ്‌സിഡിയുടെ കാര്യത്തില്‍ പുരനാലോചന നടത്താനുള്ള ഒരു കമ്മിറ്റി ഇന്ത്യയുടെ ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിച്ചത്. 10 വര്‍ഷത്തിനുള്ളില്‍ സബ്‌സിഡി നിര്‍ത്തലാക്കണം എന്ന 2012-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുനരാലോചന നടത്തുന്നതെന്നാണ് ഗവണ്‍മെന്റിന്റെ വിശദീകരണം.

സബ്‌സിഡി കൈകാര്യം ചെയ്യപ്പെടുന്ന രീതിയെ കുറിച്ച് ഒരുപാട് ചോദ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി മുഖേന വിവിധ സാമുദായിക നേതാക്കളിലേക്കെത്തുന്ന ഫണ്ടുകള്‍ ഒരു രാഷ്ട്രീയ ഔദാര്യം എന്ന നിലയിലാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഫണ്ട് വിതരണത്തില്‍ ഒരുപാട് ക്രമകേടുകള്‍ നടക്കുന്നുണ്ട് എന്നും ചിലര്‍ പറയുന്നു്. ഹജ്ജ് സബ്‌സിഡി മുഖേന മക്കയിലേക്ക് തീര്‍ഥാടന യാത്ര പോകുന്നവര്‍ സര്‍ക്കാര്‍ വിമാനമായ എയര്‍ ഇന്ത്യയിലാണ് പോകുന്നത്. 2016-ല്‍ വിമാന ടിക്കറ്റ് ചാര്‍ജ്ജില്‍ 45000 രൂപ ഇളവാണ് സബ്‌സിഡിയായി നല്‍കിയത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളം, മുസ്‌ലിംകളിലേക്ക് എത്തിച്ചേരാനുള്ള യു.പി.എ സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് സബ്‌സിഡി വീക്ഷിക്കപ്പെട്ടിരുന്നത്. ഇതിനെതിരെ സമുദായത്തിനകത്ത് നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവില്‍ ഹജ്ജ് സബ്‌സിഡിക്ക് ഉപയോഗിക്കുന്ന 450 കോടിയോളം രൂപ, മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ചെലവാക്കുന്നതാണ് ഏറ്റവും ഉചിതമായ കാര്യമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇതിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി പറയുകയുണ്ടായി.

ഹജ്ജ് സബ്‌സിഡിക്കെതിരെ നീക്കങ്ങള്‍ നടക്കുമ്പോള്‍, മറ്റു ചില കാര്യങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്നുണ്ട്. അതായത് മറ്റു പല തീര്‍ത്ഥാടന യാത്രകള്‍ക്ക് വേണ്ടിയും ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ടും അല്ലാതെയും ഖജനാവില്‍ നിന്ന് സമ്പത്ത് ചെലവിടുന്നുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന സംഗമങ്ങളാണ് ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജെയ്ന്‍ എന്നിവിടങ്ങളില്‍ നടന്നു വരാറുള്ള നാല് കുംഭ മേളകള്‍. ഓരോ സംഗമത്തിലും ദശലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്. ഈ തീര്‍ത്ഥാടക സംഗമങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള മേള മൈതാനങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാറുകള്‍ വഴിയാണ് നല്‍കുന്നത്. ഉദാഹരണമായി, 2014-ല്‍ അലഹബാദ് കുംഭമേളക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ 1150 കോടി രൂപയും, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 11 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതില്‍ 800 കോടിയോളം രൂപ ദുരുപയോഗം ചെയ്യപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

കഴിഞ്ഞ വര്‍ഷം, 12 വര്‍ഷത്തിലൊരിക്കല്‍ ഉജ്ജെയ്‌നില്‍ വെച്ച് നടക്കുന്ന സിംഹസ്ഥ മഹാകുംഭ മേളക്ക് വേണ്ടി 100 കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാറിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നല്‍കിയത്. മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവിട്ട 3400 കോടി രൂപക്ക് പുറമെയാണത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ദുര്‍ഘടമായ മലയിടുക്കുകള്‍ താണ്ടി ഉത്തരേന്ത്യയില്‍ നിന്നും തിബറ്റന്‍ മലനിരകളിലേക്ക് നടത്തുന്ന കൈലാശ് മാനസരോവര്‍ യാത്രക്കും കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. സര്‍ക്കാറാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ, ആരോഗ്യസംവിധാനങ്ങള്‍ തുടങ്ങിയവക്ക് വേണ്ട പണവും കേന്ദ്രസര്‍ക്കാറാണ് ചെലവിടുന്നത്.

തീര്‍ത്ഥാടന യാത്രകള്‍ക്കും, മതപരമായ സംഗമങ്ങള്‍ക്കും വേണ്ടി നിരവധി സംസ്ഥാനങ്ങള്‍ നിശ്ചിത തുക സബ്‌സിഡിയായി നീക്കിവെച്ചിട്ടുണ്ട്. ചത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മാനസരോവര്‍ യാത്രക്ക് പോകുന്നവരുടെ ചെലവിന്റെ ഒരു ഭാഗം വഹിക്കുന്നുണ്ട്, ഇത് ഏകദേശം 1.5 ലക്ഷം രൂപ വരും. മധ്യപ്രദേശ് സര്‍ക്കാറിന്റെ ‘മുഖ്യമന്ത്രി തീര്‍ത്ഥ ദര്‍ശന്‍ യോജ്‌ന’ പദ്ധതിക്ക് കീഴില്‍ അയോധ്യ, മധുര, കേരളത്തിലെ സെന്റ് തോമസ് ചര്‍ച്ച തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും, അവര്‍ക്ക് കൂട്ടിന് പോകുന്നവര്‍ക്കും സബ്‌സിഡി നല്‍കുന്നുണ്ട്.

ജമ്മുകാശ്മീരില്‍, 2000-ല്‍ നിയമസഭ പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അമര്‍നാഥ് ദേവാലയ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടത്. ഗവര്‍ണര്‍ നേതൃത്വം നല്‍കുന്ന പ്രസ്തുത ബോര്‍ഡില്‍ ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും അംഗങ്ങളായുണ്ട്. ദേവാലയത്തിന്റെ ‘വികസന പ്രവര്‍ത്തനങ്ങള്‍’, ‘സ്റ്റാഫുകള്‍ക്കുള്ള ശമ്പള വിതരണം’, തീര്‍ത്ഥാടകര്‍ക്ക് വേണ്ട താമസസൗകര്യങ്ങളുടെ നിര്‍മാണം, അതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്തം ഈ ബോര്‍ഡിനാണുള്ളത്.

ദശലക്ഷങ്ങള്‍ പങ്കെടുക്കുന്നതാണ് ഇന്ത്യയിലെ തീര്‍ത്ഥാടക സംഗമങ്ങള്‍, അതിനാല്‍ തന്നെ തീര്‍ത്ഥാടകരുടെ സുരക്ഷ ഏറെ ആശങ്ക ഉയര്‍ത്തുന്ന ഒന്നാണ്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെടുന്നവരുടെ ദുരന്തകഥകള്‍ ഓരോ വര്‍ഷവും നാം കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഇത്തരം കാര്യങ്ങളിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തത് തന്നെയാണ്. അതേസമയം, വ്യക്തിഗത തീര്‍ത്ഥാടനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ അതാണ് സര്‍ക്കാറുകളുടെ രാഷ്ട്രീയ മുന്‍ഗണനകളെ ആശ്രയിച്ചിരിക്കും.

അതേസമയം, ഈ പൊതു ചെലവുകളെല്ലാം തന്നെ ഭരണഘടനയുടെ 27-ാം വകുപ്പിന്റെ ലംഘനമാണെന്ന് പറയാന്‍ സാധിക്കും. ഭരണഘടനയുടെ 27-ാം വകുപ്പ് പ്രകാരം ‘ഒരു പ്രത്യേക മതത്തിനോ, മതവിഭാഗത്തിനോ പ്രോത്സാഹനം നല്‍കുന്നതിനോ, ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ വേണ്ടി  വിനിയോഗിക്കുന്നതിനായി ജനങ്ങളില്‍ നിന്നും നിര്‍ബന്ധിച്ച് നികുതി പിരിക്കാന്‍ പാടുള്ളതല്ല.’

2012-ല്‍ സുപ്രീം കോടതി ചൂണ്ടികാട്ടിയത് പോലെ, ‘മറ്റുള്ള ഒരുപാട് മതചടങ്ങുകള്‍ക്ക് വേണ്ടി നേരിട്ടും രഹസ്യമായും സ്‌റ്റേറ്റ് ഫണ്ടുകളും, വിഭവങ്ങളും ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുതക്ക് നേരെ കണ്ണടക്കാന്‍ നമുക്ക് കഴിയില്ല’. സാമ്പത്തിക ചെലവിനെയും, മതേതരത്വത്തിനെയും കുറിച്ചുള്ള ആശങ്കകളില്‍ ഹജ്ജ് സബ്‌സിഡി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, കുംഭമേളകള്‍ ‘സൗകര്യപൂര്‍വ്വം മറന്ന് പോകുന്നു’ എന്ന് മാത്രം.

കടപ്പാട്: scroll
മൊഴിമാറ്റം: irshad shariathi

Related Articles