Current Date

Search
Close this search box.
Search
Close this search box.

സ്ലംഡോഗുകളുടെ നാട്ടിലെ സ്വര്‍ണകുപ്പായക്കാര്‍

pankaj.jpg

പത്രങ്ങള്‍ വായിക്കുമ്പോള്‍ നാട്ടിലൊരു ഗിന്നസ്സ് കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍ കാണുമ്പോള്‍ അയാളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കും സന്തോഷിക്കും. നമുക്കെല്ലാവര്‍ക്കും വേണ്ടി അയാളൊരു ഗിന്നസ്സ് റെക്കോര്‍ഡ് എഴുതിച്ചേര്‍ത്തല്ലോ എന്നോര്‍ത്ത്.

പക്ഷേ ഇന്ന് മാധ്യമം പത്രത്തില്‍ പന്ത്രണ്ടാം പേജിലൊരു ഗിന്നസ്സ് വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി. മറ്റു വാര്‍ത്തകളിലേക്കൊന്നും പോകാതെ പത്രം പിടിച്ചങ്ങനെ ഇരുന്നുപോയി. വാര്‍ത്തയിതാണ്; നാല് കിലോഗ്രാം സ്വര്‍ണം കൊണ്ടുണ്ടാക്കിയ കുപ്പായമണിഞ്ഞ് മഹാരാഷ്ട്രാ നാസിക്കിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയ പങ്കജ് പരാഖ് ഗിന്നസ് റെക്കോര്‍ഡ് നേടുന്നു. രൂപയിലേക്ക് വിനിമയമാറ്റം നടത്തുമ്പോള്‍ കുപ്പായവില 1.30 കോടി രൂപയാണ്. തന്റെ 45-ാം പിറന്നാളാണ് കക്ഷി സ്വര്‍ണത്തില്‍ മുക്കുന്നത്. 20-ഓളം തട്ടാന്മാര്‍ 3200 മണിക്കൂറെടുത്ത് നിര്‍മിച്ച കുപ്പായത്തിന് 7 സ്വര്‍ണക്കുടുക്കുണ്ട്. തനി 22 കാരറ്റ് സ്വര്‍ണം.

ഇതുംകൊണ്ടും തീര്‍ന്നില്ല. അദ്ദേഹത്തിന്റെ പൂതി പൂര്‍ത്തീകരിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ മറ്റൊരു മഹാനുമെത്തും. മഹാരാഷ്ട്രാ മന്ത്രി ഛഗന്‍ ഭുജ്ബാല്‍. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും.

‘റോം കത്തുമ്പോള്‍ സീസര്‍ വീണ വായിക്കുന്നു’ എന്ന് കേട്ടിട്ടുണ്ട്. അത് ചരിത്രമോ അതിശയോക്തിയോ എന്താണെന്നറിയല്ല. എന്നാലും കേട്ടിട്ടേയുള്ളൂ. എന്നാല്‍ ജീവതകാലത്ത് അത്തരക്കാരെ കാണാനുള്ള ഭാഗ്യം എനിക്കെന്റെ രാജ്യത്തുണ്ടായല്ലോ.

നമ്മുടെ ഭാരതമാതാവിന് മക്കളെയോര്‍ത്ത് ഊറ്റം കൊള്ളാനുള്ള വേറൊരു വകുപ്പുകൂടിയുണ്ട്. ലോകത്ത് ഏറ്റവും ധനികന്മാരുള്ള രാജ്യത്തില്‍ എട്ടാം സ്ഥാനവും ഇന്ത്യക്കു തന്നെ. 14,800 ശതകോടീശ്വരന്മാരാണത്രെ ഇന്ത്യയിലുള്ളത്. മുംബൈയില്‍ മാത്രം 27000 ശതകോടീശ്വരന്മാരുണ്ട്. ഏറ്റവും അധികം ധനികന്മാര്‍ വസിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ 25-ാം സ്ഥാനമാണത്രെ മുംബൈക്ക്. ന്യൂ വേള്‍ഡ് വെല്‍ത്ത് ആണ് പുതിയ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോകമാകെ 13 ദശലക്ഷം കോടീശ്വരന്മാരാണുള്ളത്.  

ആരെങ്കിലും നല്ല കുപ്പായമിടുന്നതിനും പണക്കാരനായതിനും അവരോടെന്തിനാ അസൂയയെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. അസൂയകൊണ്ടല്ല, വാര്‍ത്താ സ്രോതസ്സുകളില്‍  ചിലരെങ്കിലും ചൂണ്ടിക്കാട്ടിയ വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ വായിച്ചു ഞെട്ടിയതുകൊണ്ടാണ്. ആ യാഥാര്‍ഥ്യം കണ്ണുതുറന്ന് ചിലര്‍ കണ്ടപ്പോള്‍ പങ്കജ് പരേഖ് ഗിന്നസ്സ് നേടാന്‍ ശ്രമിക്കുന്നതിനെക്കാള്‍ മുന്നേ അതിന് ഏറ്റവും വലിയ തിളക്കമുള്ള ഓസ്‌ക്കാര്‍ അവാര്‍ഡ്  തന്നെ  കിട്ടിയിട്ടുണ്ടായിരുന്നു. 2008-ല്‍ ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ ഡാനിബോള്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്ലെനിയര്‍  എന്ന സിനിമ.  മുംബൈ ചേരിയില്‍ വളര്‍ന്ന അനാഥബാലന്റെ കഥയായിരുന്നു അതില്‍ പറഞ്ഞത്. മലത്തില്‍ കുളിച്ച് കിടക്കുന്ന അനാഥബാല്യങ്ങളെ പകര്‍ത്തിയ ചിത്രം നമുക്ക് കാണിച്ചുതന്നത് ഓസ്‌ക്കാര്‍ കിട്ടാന്‍ മാത്രം നമ്മുടെ ചേരികളും ഗ്രാമങ്ങളും ദാരിദ്ര്യത്തില്‍ വളര്‍ന്നിരിക്കുന്നുവെന്നാണ്. ഏറ്റവും ഏറെ ചേരികളും ദാരിദ്യത്തെ ഉന്തിവലിച്ചുകൊണ്ടുപോകുന്ന റിക്ഷാക്കാരനും ഏറെയുള്ള മുംബൈ നഗരത്തില്‍ തന്നെയാണ് ശതകോടീശ്വരന്മാരും സ്വര്‍ണക്കുപ്പായമിടുന്നവരും.

14800 പേരാണ് ഇന്ത്യന്‍ ശതകോടികള്‍. ഇന്ത്യന്‍ ജനസംഖ്യ ലോകജനസംഖ്യയുടെ രണ്ടാം സ്ഥാനത്താണ്. അത്  നൂറുകോടിക്ക് മുകളിലാണ്. അപ്പോള്‍ ഈ 14800 ശതകോടികളെ കഴിച്ചാല്‍ ബാക്കി ജീവിതങ്ങള്‍ ഏത് പട്ടികയിലാണ്. ദാരിദ്രത്തിന്റെ പതിത പട്ടികയിലാണ് അവര്‍ക്കിടം. ഇത് കാണാത്ത മറ്റൊരു വര്‍ഗം കൂടിയുണ്ടിവിടെ. അതാണ് അധികാര വര്‍ഗം.

നമ്മുടെ രാഷ്ട്രീയവ്യവസ്ഥയില്‍ നിന്നും മതേതരത്വം കൈയ്യൊഴിച്ചത് പോലെ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ കൈയ്യൊഴിഞ്ഞ് മുതലാളിത്തത്തിന് ദാസ്യവേല ചെയ്യുന്ന വര്‍ഗം അധികാരത്തില്‍ മേല്‍ക്കൈ നേടാന്‍ തുടങ്ങിയതോടെ പണക്കാരന്‍ കൂടുതല്‍ പണക്കാരനും പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനുമായി മാറിക്കൊണ്ടിരിക്കുകയാണ്. വെറും മുപ്പത്തെട്ട് ശതമാനം വോട്ടുബലത്തില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന പ്രധാനമന്ത്രികൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി.
ഇങ്ങനെ  ആയിരങ്ങളിലൊതുങ്ങുന്ന ശതകോടിശ്വരന്മാരെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ജീവിതത്തിന്റെ പുറം പോക്കില്‍ പെട്ടുപോയ കോടിക്കണക്കിന് ഇന്ത്യക്കാരുടെ സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്നത്. സ്വര്‍ണക്കുപ്പായക്കാരെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് 15 ഇരുപതും രൂപ ദിവസക്കൂലിക്കാരന്റെ തലവര ദാരിദ്ര്യരേഖക്കുമുകളില്‍ വരപ്പിച്ചു നിര്‍ത്തുന്നത്.  ഏറ്റവും വലിയ വികസനമാതൃകയെന്ന് മാധ്യമങ്ങള്‍ പൊക്കിക്കാട്ടിയ ഗുജറാത്തിനെ സി.എ.ജി വിമര്‍ശിച്ചതും നാം കണ്ടതാണ്. നമ്മുടെ പാര്‍ലമെന്റിലും പണക്കാരും പൊങ്ങച്ചക്കാരും നിറഞ്ഞുകൊണ്ടേയിരിക്കയാണ്.

നഗ്നത ആരും കാണാതെ മൂത്രമൊഴിക്കാന്‍ മൂത്രപ്പുരയും  കക്കൂസും ഇല്ലാത്ത നാട്ടില്‍, ഇരിക്കാന്‍ ബെഞ്ചും പൊട്ടിപ്പൊളിഞ്ഞ റോഡും പാലവും പ്രജകള്‍ക്കായി മാറ്റിവെച്ച് സ്വര്‍ണക്കുപ്പായമിടുന്നവരെ ഇനിയും ജനപ്രതിനിധികളായി അയക്കണോയെന്ന് ചിന്തിക്കേണ്ടത് നാം പാവം ജനങ്ങലാണ്.

Related Articles