Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയെ കുറിച്ച ഖുര്‍ആനിക വായന വേണം

qavay.jpg

മതരംഗത്തും ഭൗതിക വിദ്യാഭ്യസ രംഗത്തും ഏറെ മുന്നിട്ടുനില്‍ക്കുന്ന പെണ്‍ശക്തിയുടെ കഴിവിനെ സമൂഹപുനര്‍ നിര്‍മാണ പ്രക്രിയയില്‍ ക്രിയ്ത്മകമായ രീതിയില്‍ ഉപയോഗപ്പെടുത്താനാവാതെ പോകുന്നതെന്തേയെന്ന ചോദ്യം ചെന്നെത്തുന്നത് നമ്മുടെ സമുദായത്തില്‍ വേരൂന്നിയ ഇസ്‌ലാമികമല്ലാത്ത കുടുംബ സങ്കല്‍പങ്ങളിലേക്കാണ്. കുടുംബജീവിതത്തില്‍ ഇസ്‌ലാമിനെക്കാള്‍ നാം പ്രയോഗവത്ക്കരിച്ചത് നടപ്പാചാരങ്ങളെയും നാട്ടുസമ്പ്രദായങ്ങളെയുമായിരുന്നു. അത് ഏറെ അടുത്തുനില്‍ക്കുന്നത് ഭാരതീയ സവര്‍ണ പെണ്‍സങ്കല്‍പങ്ങളോടും വിക്ടോറിയന്‍ കുടുംബസദാചാരസങ്കല്‍പങ്ങളോടും മുതലാളിത്ത സൗന്ദര്യവിധിയെഴുത്തിനോടുമാണ്. മകളും സഹോദരിയുമായിരിക്കുന്നിടത്തോളം എല്ലാ രംഗത്തും കഴിവ് തെളിയിച്ച പെണ്‍കുട്ടി വിവാഹിതയും മാതാവുമാകുന്നതോടെ ഒതുങ്ങിപ്പോകുന്നതിന് കാരണം അഭിരുചികളും കഴിവുകളും വിവാഹം വരെ എന്ന നിഷേധാത്മകവും സ്വാര്‍ഥതയുള്ളതുമായ ചിന്ത വല്ലാതെ വേരൂന്നിയതിനാലാണ്.

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും വിത്ത് വിതച്ചതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് റഷ്യന്‍ വിപ്ലവങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് പുരുഷ കേന്ദ്രീകൃതമായ നാഗരികതകളെ കുറിച്ചായിരുന്നു. എന്നാല്‍ ഇസ്‌ലാമിക നാഗരികത പടുത്തുയര്‍ത്തപ്പെട്ടത് സ്ത്രീ സാന്നിധ്യത്തിലും പങ്കാളിത്തത്തിലുമായിരുന്നു. കഴിവും അഭിരുചിയും പരിഗണിക്കാതെ സ്ത്രീയെയും പുരുഷനെയും ഒരുപോലെയാക്കുക എന്നതല്ല ഇസ്‌ലാമിക നയം. ആരാധനാ സ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ സ്ത്രീ സാമൂഹിക ബാധ്യതകളും ഉള്ളവളായിരുന്നു, വിജ്ഞാനത്തില്‍, പുരുഷനെ കവച്ചുവെക്കുന്ന തരത്തില്‍ ആയിശ, കര്‍മശാസ്ത്രപണ്ഡിതയും വിജ്ഞാനം നേടിയ സ്ത്രീകളില്‍ വെച്ചേറ്റവും ബുദ്ധിമതി എന്ന് ഇമാം നവവി വിശേഷിപ്പിച്ച പ്രവാചക പത്‌നി സഫിയ, ഉമ്മുസലമ, ഇസ്‌ലാമിക നിയമത്തില്‍ അവഗാഹം നേടിയ ഉമ്മു അതിയ്യ, ഇസ്‌ലാമിക ശാസ്ത്രത്തില്‍ അവഗാഹം നേടിയ ആഇശ ബിന്‍ത് ഇബ്‌നു സഅദ്ബിന്‍ത് അബീവഖാസ,് നിയമപണ്ഡിത ഉമ്മുസല്‍മയുടെ പുത്രി സൈനബ് മതവിഷയത്തില്‍ അഗാത പണ്ഡിത്യമുണ്ടായിരുന്ന ഫാത്വിമ ബിന്‍ത് ഖൈസ് തുടങ്ങിയവരൊക്കെ ഭര്‍തൃമതികളും മാതാക്കളുമായിരുന്നു. എന്നിട്ടും അവര്‍ ചരിത്രത്തില്‍ ഇടം തേടിയത് അക്കാലത്തെ മുസ്‌ലിം പുരുഷന്മാര്‍ പ്രവാചക അധ്യപനത്തിലൂടെയും  അല്ലാഹുവിന്റെ ഖുര്‍ആനിലൂടെയും  സ്ത്രീജീവിതത്തെ കണ്ടതിനാലാണ്. അതുകൊണ്ടാണ് ഉമര്‍(റ) ഭാര്യ ആതിഖയെ പള്ളിയില്‍ വിടാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും വ്യക്തിയെന്ന നിലയില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ അനുവദിച്ച എല്ലാ സ്വാതന്ത്ര്യവും അവരവര്‍ക്ക് വകവെച്ചുകൊടുത്തത്. അതുകൊണ്ട് ഹാജറയെന്ന അടിമപ്പെണ്ണിലൂടെ പിറവിയെടുത്ത ഇസ്‌ലാമിക വിമോചനപാത സുമയ്യയെന്ന ധീര വനിതയെ രക്തസാക്ഷി ആക്കിക്കൊണ്ട് അറിവും ആര്‍ജത്വവുമുള്ള ഒരുപാട് ധീരമാതാക്കളിലൂടെ പൂത്തുലഞ്ഞു. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ പൗരുഷമുള്ള പണ്ഡിതന്മാരുണ്ടായിരുന്നു. അവര്‍ ഖുര്‍ആനിലെ 6236 വചനങ്ങളെയും എണ്ണാന്‍ കഴിയാത്തത്ര പ്രവാചകവചനങ്ങളെയും ജീവിതത്തില്‍ സ്വാംശീകരിച്ചുകൊണ്ടാണ് സമുദായത്തിന് ദിശ നിര്‍ണയിച്ചു കൊടുത്തത്.

എന്നാല്‍ പ്രവാചകന്റെയും നാല് ഖലീഫമാരുടെയും പ്രോജ്വലമായ ഇസ്‌ലാമിക ഖിലാഫത്തിന് ശേഷം സ്വാര്‍ഥത മുറ്റിയ പണ്ഡിതന്മാര്‍ക്കാണ് സമുദായത്തില്‍ മേല്‍ക്കൈ ഉണ്ടയത്. ആ പുരോഹിത പണ്ഡിതര്‍ ആകെ പഠിച്ചത് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ഒരോ വീതം വാക്യമാണെന്ന് തോന്നുന്നു. ”പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യമുണ്ട്” എന്ന ഖുര്‍ആന്‍ വചനവും ”സ്ത്രീ അവളുടെ ഭര്‍തൃഗൃഹത്തിലെ ഭരണാധിയാണ് അവള്‍ ചോദ്യം ചെയ്യപ്പെടും”  എന്ന നബി വചനവുമാണത്. ധാര്‍മിക ശിക്ഷണവും സദാചാര സാമൂഹ്യമര്യാദകളും പഠിപ്പിക്കപ്പെടുന്നതിന്റെ തോതനുസരിച്ചാണ് നാളെ അവള്‍ ചോദ്യം ചെയ്യപ്പെടുക എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. പക്ഷേ കയറി വന്ന വീട്ടിലെ എല്ലാ പ്രജകള്‍ക്കും ഇഷ്ടപ്പെട്ട തരാതരം ഭക്ഷണമുണ്ടാക്കിക്കൊടുക്കാഞ്ഞാല്‍, അവരുടെ വിഴുപ്പ് സമയത്തിന് അലക്കിത്തേക്കാത്തതിനാല്‍ അവര്‍ തിന്ന പാത്രം കഴുകിവൃത്തിയാക്കാത്തതിനാല്‍ ‘ഇന്നുതന്നെ’ ഭര്‍ത്താവിനാല്‍ ചോദ്യം ചെയ്യപ്പെടും എന്നാണതിന്റെ പുരോഹിത ഭാഷ്യം. അതാണവര്‍ സ്ത്രീയെയും സമുദായത്തെയും പറഞ്ഞു പഠിപ്പിക്കുന്നത്. അതിന്നുവേണ്ടി മാത്രം അവളെ ‘വീട്ടില്‍ തളച്ചിടുക’ എന്നതാണ് അവര്‍ക്കവളുടെ മേലുള്ള ആധിപത്യം. പ്രവാചകന്‍ തന്റെ പത്‌നിമാരെ സഹായിച്ചത് പുരോഹിതര്‍ വഅള് പറയുമ്പോള്‍ മിണ്ടുകയുമില്ല. ഇങ്ങനെ നല്ല ‘ഭരണാധികാരിയാക്കാനുള്ള’  ശ്രമത്തിന്റെ ഫലമായാണ്  മദ്രസയിലും കാമ്പസിലും മിടുക്കിയായ അവള്‍ക്ക് പിന്നീട് ആ മിടുക്ക് പുറത്തെടുക്കാനാവാതെ പോവുന്നത്. അല്ലാതെ ഗര്‍ഭത്തിന്റെ ആലസ്യമോ മക്കളെ വളര്‍ത്തിയതിന്റെ തളര്‍ച്ചയോ ഒന്നുമല്ല. നാം ഒന്ന് നമുക്കൊന്ന് എന്ന സര്‍ക്കാര്‍ ചൊല്ലില്‍ നാമും വിധേയരായിപ്പോയിട്ടുണ്ട്. അല്ലാതെ വീട്ടില്‍ തന്നെ ഒതുങ്ങാന്‍ ചരിത്രം രചിച്ച സ്ത്രീകളെ പോലെ അനേകം മക്കളെയൊന്നും നമ്മുടെ സ്ത്രീകള്‍ പെറ്റുപോറ്റുന്നില്ലല്ലോ.

സ്ത്രീ വസ്തുവത്കരിക്കപ്പെട്ടതിന്റെ ഫലമാണിത്. ആധുനിക മുതലാളിത്തം  സ്ത്രീയെ പെണ്മയുടെ  എല്ലാ കെട്ടുപാടില്‍ നിന്നും ‘മോചിപ്പിച്ചെടുത്ത’് പ്രദര്‍ശനവത്ക്കരിക്കുമ്പോള്‍ പുരോഹിതര്‍  സദാചാരവും സഹിഷ്ണുതയും കടപ്പാടും വിധേയത്വവും സ്ത്രീക്ക് മാത്രമാണന്ന് മതപഠന ക്ലാസ്സിലൂടെ പറഞ്ഞുപഠിപ്പിച്ച് വീട്ടില്‍ തളച്ചിടാന്‍ ശ്രമിക്കുന്നു. സമൂഹത്തില്‍ സദാചാര ഭ്രംശമുണ്ടാകുമ്പോള്‍ അതിനുത്തരവാദി സ്ത്രീ മാത്രമാണെന്ന തരത്തിലാണ് മിക്ക മതപഠനക്ലാസ്സുകളുടെയും പോക്ക്.  
പ്രവാചക കാലത്ത് മൈക്കില്‍ ബാങ്ക് വിളിച്ചിട്ടില്ലോ എന്നുകരുതി സാങ്കേതിക വിദ്യ വളര്‍ന്ന ഇക്കാലത്ത്  മൈക്കില്‍ ബാങ്ക് വിളിക്കാന്‍ സമ്മതം കൊടുത്ത പണ്ഡിതന്മാര്‍ക്ക്, പ്രദേശ വാസികള്‍ക്ക് തിരിയുന്ന ഭാഷയില്‍ ജുമുഅ ഖുതുബ പറയാന്‍ ധൈര്യമില്ലാത്തത്, തിരിയുന്ന ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യന്മാര്‍ക്ക് പലതും തിരിയുമെന്നറിയുന്നതുകൊണ്ടാണ്. അങ്ങനെ ചെയ്താല്‍ പെണ്ണ് മഹറ് ചോദിച്ചുവാങ്ങും. മന്ത്രിച്ചൂതിയ വെള്ളം കുടിക്കാനും ജാറത്തില്‍ തൊട്ട് വന്ധ്യത മാറ്റാന്‍ പ്രാര്‍ഥിക്കാനും പെണ്‍തിരക്കുണ്ടാകില്ല. ‘പുര നിറഞ്ഞു നില്‍ക്കുന്ന’ പുരുഷനെ കതിര്‍ മണ്ഡപത്തിലേക്കിറക്കാന്‍  വല്ലതും കൊടുത്ത് സഹായിക്കണേ എന്ന് മൈക്കിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പറഞ്ഞ്, സ്ത്രീധനത്തിന് ഇന്നേവരെ ലോകത്തൊരിടത്തും ഒരു പണ്ഡിതനും കൊടുക്കാത്ത നിര്‍വചനം കൊടുത്ത പണ്ഡിതന്റെ ധൈര്യത്തില്‍ സ്ത്രീധനം ചോദിച്ചുവരുന്ന മണവാളനെ വീട്ടില്‍ അടുപ്പിക്കില്ലെന്ന്  മറിച്ചൊരു ഫത്‌വ പുറപ്പെടുവിക്കും.   അതുകൊണ്ടാണ് കാലേക്കൂട്ടി പറഞ്ഞത് നമ്മള്‍ മലയാളത്തില്‍ ഖുതുബ പറയില്ലെന്ന്.

നിങ്ങള്‍ ചെനയില്‍ പോയട്ടെങ്കിലും വിദ്യയഭ്യസിക്കുക എന്നാണ് പ്രവാചകന്‍ പറഞ്ഞത് അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ പറഞ്ഞിട്ടില്ല. 1400 വര്‍ഷം മുമ്പേ അല്ലാഹുവിന്റെ പ്രവാചകന്‍ സ്ത്രീകള്‍ക്ക് തന്ന ഈ അവകാശ ബലത്തില്‍ തിളങ്ങിയ ഹസ്രത്ത് ആയിശയില്‍ നിന്ന് ഉദ്ദരിച്ച2000ത്തിലധികം ഹദീസുകളാണ് ഈ പുരോഹിത പണ്ഡിതന്മാരടക്കം ഉരുവിട്ടുകൊണ്ടിരിക്കുന്നതെന്ന് പോലും ഓര്‍മയില്ലാതായിപ്പോകുന്ന അവസ്ഥ വലുതാണ്. മനസ്സില്‍ ഏറെ യുവത്വം ഉണ്ടെന്ന് തോന്നിയതുകൊണ്ടായില്ല. അതുകൊണ്ടാണ് അറേബ്യയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഒരു സ്ത്രീക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ കഴിയുന്ന കാലം വരുമെന്ന പ്രവാചക വചനം മുമ്പിലുണ്ടായിരിക്കെ സ്ത്രീക്ക് അത്ര ദൂരമൊന്നും സഞ്ചരിക്കേണ്ട ആവശ്യമില്ലെന്ന് ചില പുരോഹിതന്മാര്‍ക്ക് പറയേണ്ടി വരുന്നത്.
സ്ത്രീ അവളുടെ അവകാശങ്ങളെകുറിച്ച് ബോധവതിയാകുന്നുണ്ട്. പക്ഷേ പുരുഷന് ആ ബോധം ഇനിയും ഉണ്ടായിട്ടില്ല എന്നിടത്തു നിന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീയുടെ പൊതുപങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ച ഉണ്ടാകുന്നത്. എന്തുകൊണ്ട് സ്ത്രീ ഒതുങ്ങുന്നു എന്നതിന്റെ   ഉത്തരം കണ്ടെത്തേണ്ടത് ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടാണ്.  സ്ത്രീയെകുറിച്ചുള്ള ഖുര്‍ആനിക വായനയാണ് ഇനി വേണ്ടത്.

 

Related Articles