Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയെ അജണ്ടയാക്കുന്നതിനു പകരം ആഘോഷിക്കുകയാണ് ചെയ്യുന്നത്

lady.jpg

സ്ത്രീ വിഷയങ്ങള്‍ ഒരു അജണ്ടയാക്കുന്നതിനു പകരം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളടക്കം സ്ത്രീയെ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും വരെ സത്രീയെ അജണ്ടയാക്കുന്നതില്‍ വലിയ താല്‍പര്യമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.നമ്മുടെ പൊതുസമൂഹം ആദ്യം സ്ത്രീയെ അംഗീകരിക്കാന്‍ തയ്യാറാവണം. സ്ത്രീ ഒരു മനുഷ്യനാണ്. അവര്‍ക്ക് അവരുടെതായ സ്വാതന്ത്ര്യവും ആവശ്യങ്ങളുമുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കൊണ്ട് അവരുടേതായ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും സംരക്ഷിക്കുകയും ആദരിക്കുകയുമാണ് വേണ്ടത്. ഇതിനുള്ള ബോധവല്‍കരണമാണ് പ്രധാനമായും സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.  സ്‌കൂള്‍ സിലബസുകളില്‍ ധാര്‍മിക സംബന്ധിയായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പകര്‍ന്നുകൊടുക്കുക, പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ കാണപ്പെടുന്ന അധാര്‍മികതകള്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കുകയുള്ളൂ.

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ അഭിവൃദ്ധി പ്രാപിച്ചെങ്കിലും സാമൂഹിക -നവോഥാന പ്രക്രിയയില്‍ ക്രിയാത്മകമായി അവള്‍ക്ക് ഇടപെടാന്‍ സാധിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഒന്ന് ചെറുപ്പ കാലങ്ങളില്‍ തന്നെ ഏതെങ്കിലും സാമൂഹിക പ്രവര്‍ത്തന രംഗത്ത് ഇടപെടുന്നവരെയാണ് സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും ശ്രദ്ധിക്കാന്‍ കഴിയുക. അതോടൊപ്പം തന്നെ പെണ്‍കുട്ടികള്‍ പഠനം കഴിയുന്നതോടെ വിവാഹം, ഗര്‍ഭം, പ്രസവം, കുട്ടികളുടെ ശിക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ എന്‍കേജാണ്. ജോലിയുള്ളവര്‍ക്ക് തന്നെ ഈ കാലയളവില്‍ യഥാര്‍ഥ രീതിയിലുള്ള അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. മക്കളെ വിശ്വസ്ഥതയോടെ നഴ്‌സറിയിലോ മറ്റോ ഏല്‍പിക്കാനും പറ്റാത്ത അവസ്ഥ ചിലയിടങ്ങളിലുണ്ട്. മക്കളെ കുറിച്ച് അസ്വസ്ഥത നിലനില്‍ക്കുന്ന അവസ്ഥയില്‍ പൊതുസമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ മിക്ക സ്ത്രീകള്‍ക്കും കഴിയുന്നില്ല. പിന്നീട് ഒരു നാല്‍പത് വയസ്സാകുന്നതോടെയാണ് പ്രധാനമായും സ്ത്രീ ഫ്രീ ആകുന്നത്. ഈ ഒരു ഗാപ്പ് കാരണം പിന്നീട് അവള്‍ പൊതുവെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടടിക്കുകയാണ് ചെയ്യാറുള്ളത്. ജോലിയുള്ള സ്ത്രീകള്‍ തന്നെ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. തെക്കന്‍ ഭാഗത്ത് ജോലിയുളള സ്തീ -പുരുഷന്മാര്‍ വീട്ടിലെത്തിയാല്‍ ഒരു പോലെ വീട്ടുജോലികളിലേര്‍പ്പെടുന്നുണ്ടെങ്കിലും മലബാര്‍ മേഖലയില്‍ വീട്ടിലെ എല്ലാ ജോലിയും സ്ത്രീ ഒറ്റക്ക് ചെയ്തുതീര്‍ക്കേണ്ട ദുരവസ്ഥയാണുള്ളത്.

പണ്ടൊക്കെ കൂട്ടുകുടുംബമായിരുന്നു. അതിനാല്‍ തന്നെ മക്കളെ കുടുംബത്തില്‍ സുരക്ഷിതമായി ഏല്‍പിച്ച് അവള്‍ക്ക് പുറത്ത് പോകാമായിരുന്നെങ്കില്‍ ഇന്നത്തെ ന്യൂക്ലിയര്‍ ഫാമിലിയില്‍ ഓരോരുത്തരും സ്വന്തത്തിലേക്ക് ചുരുങ്ങിക്കൊണ്ടാണ് ജീവിക്കുന്നത്. ഈ അവസ്ഥയില്‍ എവിടെയാണ് മക്കളെ സുരക്ഷിതമായി ഏല്‍പിച്ചു പോകാന്‍ കഴിയുക. ഇത്തരം സാഹചര്യങ്ങളും പ്രതിസന്ധികളുമാണ് വിദ്യാസമ്പന്നയായ സ്ത്രീകള്‍ക്ക് പോലും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും സാമൂഹിക പ്രക്രിയയില്‍ ക്രിയാത്മകമായ പങ്കുവഹിക്കാനും കഴിയാത്തതിന് പ്രധാന കാരണം. നാല്‍പത് വയസ്സുകഴിഞ്ഞാല്‍ വീട്ടുകാരുടെയും മറ്റും സഹകരണമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയും.

വിവാഹപ്രായം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് സ്ത്രീകളോട് അഭിപ്രായം തേടേണ്ടതും അത്തരം ചര്‍ച്ചകളില്‍ അവരെ പങ്കെടുപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ മാരേജ് ആക്ട് ഉണ്ടാക്കിയ കാലത്ത് ആണ്‍കുട്ടികള്‍ക്ക് 18-ഉം പെണ്‍കുട്ടിക്ക് 16-ഉം വയസ്സായിരുന്നു വിവാഹപ്രായം. അന്ന് എന്തുകൊണ്ട് ആരും ഇതിനെ എതിര്‍ത്തില്ല! വയസ്സിനപ്പുറം പക്വതയാണ് പരിഗണിക്കേണ്ടത് എന്നാണെന്റെ അഭിപ്രായം. മുസ്‌ലിം പേഴ്‌സണല്‍ ലോ അനുസരിച്ച് പക്വതയെത്തിയാല്‍ മാതാപിതാക്കള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാം. അതേ സമയം ചൈല്‍ഡ് മാരേജ് ആക്ട് പ്രകാരം 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ അവരുടെ പേരില്‍ ക്രിമിനല്‍ ആക്ട് പ്രകാരം കേസ് എടുക്കാം. ഇത് രണ്ടും തമ്മില്‍ വൈരുദ്ധ്യമുള്ള അവസ്ഥയില്‍ കൃത്യമായ ഒരു ഉത്തരം തെളിഞ്ഞുവരേണ്ടതുണ്ട്.

ശാബാനു കേസിന്റെ പശ്ചാതലത്തില്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ആന്റ് ഡൈവേഴ്‌സ് മുസ്‌ലിം വിമണ്‍ എന്ന പേരില്‍ ആക്ട് 25ഉം 86ഉം വന്നത് എന്തൊരു സൗകര്യമാണ് ഉണ്ടായത്. മുസ്‌ലിം സ്ത്രീ വിവാഹമോചനം ചെയ്യപ്പെടുകയാണെങ്കില്‍ അവരുടെ മുതലുകള്‍ തിരിച്ചുകൊടുക്കപ്പെടണം. അതുപോലെ വിദ്യാഭ്യാസപരവും സാമൂഹികവുമായ അവരുടെ സ്റ്റാറ്റസ് നോക്കിയിട്ട് ഭീമമായ സംഖ്യ അവര്‍ക്ക് ജീവനാംശമായിട്ട് കൊടുക്കണം എന്നാണ് നിയമം പറയുന്നത്. വിവാഹമോചന സമയത്ത് മതാഅ് കൊടുക്കണമെന്നും അവളില്‍ നിന്ന് സ്വീകരിച്ചതെല്ലാം തിരിച്ചുകൊടുക്കണമെന്നുമെല്ലാം ഖുര്‍ആന്‍ തന്നെ അനുശാസിക്കുന്നതായി കാണാം.

സ്ത്രീ ബോധവതിയായാല്‍ ഇന്നുകാണുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഒരു അഡ്വക്കറ്റ് എന്ന നിലയില്‍ ഓരോ ദിവസവും വരുന്ന വിവാഹമോചനവും കുടുംബ പ്രശ്‌നങ്ങളും എത്രയാണെന്ന് എനിക്കറിയാം. നാം ശാക്തീകരണം പറയുമ്പോഴും ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പരിതസ്ഥിതിയില്‍ ധാര്‍മിക ശിക്ഷണത്തിലൂടെ സ്ത്രീയെ ഉന്നതിയിലെത്തിക്കാന്‍ കഴിയുകയാണെങ്കില്‍ സമൂഹത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയും. ഖുര്‍ആനും ഹദീസും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും ശക്തിയെയും പ്രവര്‍ത്തനത്തെയും കുറിച്ചെല്ലാം വിവരിക്കുന്നുണ്ട്. പക്ഷെ സമൂഹം അതില്‍ വീഴ്ച വരുത്തുകയാണ് ചെയ്യുന്നത്. ഒന്നാമതായി ഇസ്‌ലാം നല്‍കിയ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കലാണ് എല്ലാ പ്രശ്‌നത്തിനുമുള്ള പരിഹാരം. പെണ്‍കേസുകളും മറ്റും ആഘോഷിക്കുന്നതിനു പകരം മൂല്യവത്തായ സ്ത്രീകളുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുകയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. സ്ത്രീകള്‍ക്ക് പഞ്ചായത്ത് സംവിധാനത്തിലടക്കം ലഭിച്ചിട്ടുള്ള പ്രാതിനിധ്യം ക്രിയാത്മകമായ രീതിയിലേക്ക തിരിച്ചുവിടാനും പൊതുസമൂഹത്തിന് സാധിക്കേണ്ടതുണ്ട്.
(ന്യൂനപക്ഷ കമ്മീഷന്‍ അംഗമാണ് അഡ്വ. കെ പി മറിയുമ്മ)
തയ്യാറാക്കിയത് : അബ്ദുല്‍ ബാരി കടിയങ്ങാട്

 

 

 

Related Articles