Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളുടെ സ്വന്തം ഇന്‍തിഫാദ

inthifada.jpg

റജാ മുസ്തഫ 25 വര്‍ഷം മുമ്പത്തെ ഒരു ഫോട്ടോ കാണിക്കുകയാണ്. ഒരു കൈയില്‍ ചൂല് പിടിച്ചുനില്‍ക്കുന്ന റജാ മറുകൈക്കൊണ്ട് ഇസ്രയേലി സൈനിക്കാന്‍ അടിക്കാന്‍ ഓങ്ങുന്നതാണ് ചിത്രം. 1993ലെ രണ്ടാം ഇന്‍തിഫാദയുടെ നാളുകളിലേതാണ് ഫോട്ടോ.

‘ഞാന്‍ അടിച്ചുവീഴ്ത്തിയ ഒരു പട്ടാളക്കാരന്‍ നിലത്ത് കിടക്കുന്നത് ഫോട്ടോയില്‍ ഇല്ല’, ചിരിച്ചുകൊണ്ട് 44കാരിയായ റജാ പറയുന്നു.

വീടുകള്‍ റെയ്ഡ് ചെയ്യുമ്പോള്‍ സൈനികര്‍ വീടുകളിലുള്ള സാധനങ്ങളും മോഷ്ടിക്കുമായിരുന്നു. അഴിച്ചുവെച്ചിരുന്ന എന്റെ ആഭരണം അവര്‍ കൈക്കലാക്കി തിരിച്ചുതരുന്നില്ല. ആഭരണം തിരിച്ചുതന്ന് വീട്ടില്‍നിന്ന് ഇറങ്ങിപോകാന്‍ പറഞ്ഞായിരുന്നു ഞാന്‍ അടിച്ചത്.

സൈനികരുടെ ശ്രദ്ധ തനിക്കുനേരെയാക്കി വീട്ടിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷിക്കുകകൂടിയായിരുന്നു തന്റെ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് റജാ പറയുന്നു. ഇന്‍തിഫാദയുടെ തുടക്കം മുതലേ അവര്‍ അതില്‍ അംഗമായിരുന്നു. അന്ന് പ്രായം 16 വയസ്സ്.

യുദ്ധവും കെടുതികളുമായിരുന്നു ഓര്‍മകള്‍ മുഴുവനും. എന്നിട്ടും, തന്റെ കൗമാര കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ റജ സന്തോഷത്തോടെ ചിരിക്കുന്നു.

എന്റെ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളും ആദ്യ ഇന്‍തിഫാദയില്‍ പോരാടിയിരുന്നു. കല്ലുകളെറിഞ്ഞും, റോഡുകള്‍ ഉപരോധിച്ചും ഉറക്കെ മുദ്രാവാക്യം വിളിച്ചും ആണുങ്ങളോടൊപ്പം തന്നെ ഞങ്ങളുമുണ്ടായിരുന്നു.

ഇന്ന് ഇസ്രായേല്‍ ആക്രമണത്തിന്റെ കടുപ്പമേറിയിരിക്കുന്നെന്ന് റജാ പറയുന്നു.

ഇന്ന് റജാ ഒരു വല്യുമ്മയായിട്ടും തെരുവില്‍ പോരാട്ടം കനക്കുമ്പോള്‍ അതിന്റെ ഭാഗമാവും. പെണ്‍കുട്ടികള്‍ക്ക് ഇന്‍തിഫാദയില്‍ പങ്കെടുക്കാനാവുമോ എന്നൊരു ചോദ്യം തന്നെയില്ല. അവര്‍ക്ക് പങ്കെടുക്കാമെന്നത് ഇവിടെ സര്‍വാംഗീകൃതമാണ്.

സ്‌കൂള്‍ വിദ്യാഭ്യാസവും തങ്ങള്‍ അനുഭവിക്കുന്ന കടുത്ത ജീവിതസാഹചര്യങ്ങളും പെണ്‍കുട്ടികളെ ആണ്‍കുട്ടികളേക്കാള്‍ ഉശിരുള്ളവരാക്കിയിട്ടുണ്ടെന്ന് റജാ പറയുന്നു.

******

ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കവേ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ നെഞ്ചില്‍ വെടിയേറ്റ് മനാല്‍ അബു അഖര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പ്രായം 12 മാത്രം. ആദ്യത്തെ ഇന്‍തിഫാദയുടെ സമയമായിരുന്നു അത്. തീരെ ചെറുതായിരുന്നതിനാല്‍ ഇന്‍തിഫാദയില്‍ അവര്‍ അന്നു സജീവമായിട്ടില്ല.

2000ല്‍ നടന്ന ഇന്‍തിഫാദയുടെ സമയത്ത് കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഉമ്മയായിരുന്നു അവര്‍. ഇത്തവണ മനാല്‍ അവസരം പാഴാക്കിയില്ല.

തെരുവിലിറങ്ങുന്നതിനു പകരം, തന്റെ കൊച്ചുവീട്ടില്‍ പോരാളികള്‍ക്ക് അഭയം നല്‍കിയും ഇസ്രയേല്‍ സൈനികര്‍ അറസ്റ്റ് ചെയ്യുന്നവരെ മോചിപ്പിക്കാന്‍ അവരുടെ മുന്നില്‍ ബന്തവസ്സായിനിന്നുമൊക്കെ മനാല്‍ പോരാട്ടത്തില്‍ സജീവമായി.

‘ആരെയെങ്കിലും ഇസ്രയേല്‍ പട്ടാളം പിടിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അവര്‍ക്കിടയില്‍ കയറിനിന്ന് ബഹളമുണ്ടാക്കി അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കും’

പലതവണ സൈനികജീപ്പിനുള്ളിലേക്ക് ചാടിക്കയറി അറസ്റ്റ് ചെയ്ത ആണ്‍കുട്ടികളെ മറ്റാരെങ്കിലും വന്ന് മോചിപ്പിക്കുംവരെ അതിനുള്ളില്‍ ഇരുന്നു. സംഘടിതരായിട്ടായിരുന്നു സ്ത്രീകള്‍ അന്ന് പല പദ്ധതികളും ചെയ്തതെന്ന് മനാല്‍ ഓര്‍ക്കുന്നു.

മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും അവര്‍ ഇടപെട്ടിരുന്നില്ല. ഇന്ന് മനാലിന് അവരുടെ മകളെക്കുറിച്ചും ആധിയുണ്ട്.

എന്റെ ഇളയ മകള്‍ക്ക് 17 വയസ്സാണ് പ്രായം. അവള്‍ ഏറ്റുമുട്ടലുകളിലൊക്കെ സജീവമാണ്. കല്ലെറിയാറുണ്ടോ എന്ന് ഞാന്‍ ചോദിക്കാറില്ല. അവള്‍ അത് ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. അവളുടെ കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നാണ് മനാല്‍ പറയുന്നത്. സദുദ്ദേശത്തോടെയാണെങ്കില്‍, എനിക്കവളെ പിന്തിരിപ്പിക്കാനാവില്ല.

ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാത്ത ഏതൊരു തലമുറയും തെരുവിലിറങ്ങും, മനാല്‍ പറയുന്നു.

******

രണ്ടാം ഇന്‍തിഫാദ തുടങ്ങുമ്പോള്‍ നൂര്‍ ഹസീന്‍ തീരെ കുഞ്ഞായിരുന്നു. ആ അഞ്ച് വര്‍ഷങ്ങളെക്കുറിച്ച് അവള്‍ക്ക് കാര്യമായ ഓര്‍മയൊന്നുമില്ല.

എന്റെ തലമുറയിലെ എല്ലാവരെയും പോലെ, ചരിത്രവും ഭൂതകാലവുമെല്ലാം ഞങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് പഠിക്കുന്നതാണ്. ഉമ്മയെയും അമ്മായിമാരെയും പോലെ ഹസീനും ഇപ്പോള്‍ ഉടലെടുത്ത പോരാട്ടങ്ങളിലും സജീവമാണ്. ഇപ്പോള്‍ നടക്കുന്നത് ഇന്‍തിഫാദയല്ലെന്നാണ് ഹസീന്‍ പറയുന്നത്. അതിനു ഇനിയും വലിയ കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. അത് ഇനിയും നടന്നിട്ടുവേണം.

പ്രതിഷേധത്തിന്റെ രണ്ടാം ദിവസമാണ് ഞാന്‍ പങ്കാളിയാവാന്‍ തുടങ്ങിയത്. യുവാക്കളെ പോലെതന്നെ പെണ്‍കുട്ടികളും ഒരുപോലെ പോര്‍മുഖത്തുണ്ട്. പോരാട്ടമല്ലാതെ മറ്റൊരു ചോയ്‌സ് തങ്ങള്‍ക്കു മുന്നിലില്ലെന്ന് ഹസീന്‍ പറയുന്നു.

ഇന്റര്‍നെറ്റ് തലമുറ എന്ന് തന്റെ തലമുറയെ വിശേഷിപ്പിക്കുന്നവരോടും അവര്‍ക്ക് അമര്‍ഷമുണ്ട്. ഇസ്രയേല്‍ എന്താണോ തങ്ങളെക്കുറിച്ച് കരുതിയത് അതുതന്നെയാണ് അവരും മനസിലാക്കിയെന്നത് ഖേദകരമാണ്.

രാഷ്ട്രീയത്തിലും പ്രതിഷേധങ്ങളിലും പ്രതീക്ഷകെട്ടവരെന്ന് പഴികേട്ട ഇവരുടെ ഇപ്പോഴത്തെ പ്രതിഷേധരീതി മുതിര്‍ന്ന തലമുറയിലെ എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു.

സംഗ്രഹം: മുഹമ്മദ് അനീസ്

Related Articles