Current Date

Search
Close this search box.
Search
Close this search box.

സെക്യുലര്‍ ബ്രായും കമ്മ്യൂണല്‍ ഹിജാബും

hijab-terr.jpg

മുസ്‌ലിം പെണ്‍കുട്ടികള്‍ തലമറക്കുമ്പോഴാണ് അല്ലെങ്കില്‍ അവരുടെ ഹിജാബുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോഴാണ് കപട മതേതര മുഖങ്ങള്‍ കൂടുതല്‍ വ്യക്തമാകാറുള്ളത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മിഷിഹാ ചമയാറുള്ള മതേതര മുഖങ്ങളിലധികവും ഹിജാബിന്റെ വിഷയം വരുമ്പോള്‍ ഒട്ടക പക്ഷിയെ പോലെ തല മണ്ണില്‍ പൂത്തി മൗനം പൂണ്ട് തങ്ങളെ ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തൊട്ടാകെ നടന്ന മെഡിക്കല്‍ എന്‍ട്രസ് എക്‌സാം ആണ് വീണ്ടും ഈ സെക്യുലര്‍ നാടകത്തിന് അരങ്ങി ഒരുക്കിയിരിക്കുന്നത്. പരീക്ഷയില്‍ കോപ്പിയടി തടയുന്നതിന് വേണ്ടി നീറ്റ് പരീക്ഷ എഴുതാന് എത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രവും ആഭരണവും അഴിപ്പിച്ച് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ച അധികൃതരുടെ നടപടി സംസ്ഥാനത്ത് വലിയ വിവാദം ഉയര്‍ത്തി വിട്ടിരിക്കുകയാണ്.

കോപ്പിയടി തടയുന്നതിന്റെ ഭാഗമായി ഫുള്‍സ്ലീവ് ധരിച്ച വിദ്യാര്‍ഥികളുടെയും വിദ്യാര്‍ഥിനികളുടെയും ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ മുറിച്ച് നീക്കിയും, തലമറച്ച മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചും, ആഭരണങ്ങള്‍ അറുത്തും അഴിച്ചും മാറ്റിയും പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന നടപടികളാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും എക്‌സാം അധികൃതരില്‍ നിന്നും ഉണ്ടായത്. അതില്‍ തന്നെ കണ്ണൂരില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചത് കൂടുതല്‍ വിവാദമാകുകയും ചെയ്തിരിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇന്നലെ മുതല്‍ കടുത്ത പ്രതിഷേധമാണ് ഇതിന്റെ പേരില്‍ അലയടിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിരിക്കുന്നു. അതിനു പുറമെ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നവര്‍ക്ക് ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കിയ സി.ബി.എസ്.സി നടപടി നേരത്തെയും വിവാദമായിരുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിച്ചതായിരുന്നു അതിലെ പ്രധാന നടപടികളിലൊന്ന്. അതിനെതിരെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ വിശ്വാസത്തിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു സുപ്രീം നിരീക്ഷിച്ചത്. സുപ്രീം കോടതിയുടെ ഈ നിരീക്ഷണം വലിയ ഹര്‍ഷാവരത്തോടെയാണ് ഇവിടത്തെ സെക്യുലര്‍ ലിബറലുകള്‍ സ്വീകരിച്ചത്. തലമറക്കാനുള്ള മുസ്‌ലിം പെണ്ണിന്റെ മൗലികമായ അവകാശം ലംഘിക്കപ്പെടുന്നതില്‍ ആശങ്കപ്പെടുന്നതിന് പകരം പരമോന്നത കോടതിയുടെ തീര്‍ത്തും അസ്ഥാനത്തായ പ്രയോഗത്തെ കൈയ്യടിച്ച് സ്വീകരിക്കുന്നതിലും അതിന് ന്യായം ചമക്കുന്നതിലുമായിരുന്നു സെക്യുലര്‍ ലിബലറുകള്‍ അന്ന് താല്‍പര്യം കാണിച്ചത്. അന്ന് കമാ എന്നൊരക്ഷരം ഉരിയാടാതിരുന്ന എസ്.എഫ്.ഐയെ പോലുള്ള ലെഫ്റ്റ് വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥി നികളുടെ അടിവസ്ത്രം ഊരിയ പുതിയ സി.ബി.എസ്.സി ഡ്രസ് കോഡിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും ഈ ആവേശം നമുക്ക് കാണാനാകുന്നുണ്ട്. ഫുല്‍സ്ലീവ് മുറിച്ചതിനെ പറ്റിയും ഷര്‍ട്ടിന്റെയും പാന്റിന്റെയും കൊളുത്തും ബട്ടണും ഊരിയതിനെ പറ്റിയും അടിവസ്ത്രം അഴിപ്പിച്ചതിനെ പറ്റിയും സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ അപ്പോഴും മുസ്‌ലിം പെണ്ണിന്റെ ശിരോവസ്ത്രം അഴിച്ചതിനെ പറ്റി അറിയാതെ പോലും സംസാരിക്കാതിരിക്കാന്‍ കാണിക്കുന്ന ശ്രദ്ധ ലെഫ്റ്റ് ലിബറല്‍ സെക്യുലറുകള്‍ വെച്ചു പുലര്‍ത്തുന്ന കാപട്യവും മുസ്‌ലിം വിരുദ്ധ മനോഭാവവും തുറന്നു കാണിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ സമയത്തും സമാനമായ സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്നും മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിച്ച വിവരം മാധ്യമങ്ങളിലോ പൊതു സമൂഹത്തിലോ ചര്‍ച്ച ആയിരുന്നില്ല. അതേസമയം സംസ്ഥാനത്ത് എക്‌സാമിനെത്തിയ കന്യാസ്ത്രീയുടെ ശിരോവസ്ത്രം ഊരിയതായിരുന്നു അന്ന് ചര്‍ച്ചയായത്. മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബിന്റെ പേരില്‍ വിവേചനം നേരിടുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗായ ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്‌ലിം സ്ത്രീകള്‍ക്ക് നിരന്തരം നിഷേധിക്കപ്പെടുമ്പോള്‍ സെക്യുലര്‍ സമൂഹം നിസംഘരായ നോക്കി നില്‍ക്കുകയാണെന്ന് മാത്രമല്ല അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. കന്യാസ്ത്രീയുടെ ശിരോവസ്ത്രം ഊരുന്നത് പ്രശനമാകുകയും മുസ്‌ലിം പെണ്ണിന്റേതാകുമ്പോള്‍ അത് സ്വീകാര്യമാകുകയും ചെയ്യുന്നതിന്റെ കാരണം തലയില്‍ ആള്‍ താമസമുള്ളവര്‍ക്ക് എളുപ്പം മനസ്സിലാകുന്ന കാര്യമാണ്. പൊതു സമൂഹത്തില്‍ ഇസ്ലാമിനും മുസ്‌ലിം സ്ത്രീകള്‍ക്കും ലഭിക്കുന്ന വിസിബിലിറ്റി തന്നെയാണ് സെ്ക്യുലര്‍ ലിബറല്‍ ലെഫ്റ്റുകളെ ഇത്രയധികം പേടിപ്പെടുത്തുന്നതും അവര്‍ക്ക് അരോചകമുണ്ടാക്കുന്നതും. അതുകൊണ്ടാണ് ഒരു ദിവസം ഹിജാബ് ധരിച്ചില്ലെങ്കില്‍ മതവിശ്വാസത്തിന് ഒന്നും പറ്റില്ലെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇപ്പോള്‍ സി.ബി.എസ്.സി അധികൃതര്‍ കുട്ടികളുടെ അടിവസ്ത്രം ഊരിയപ്പോള്‍ അതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അടിവസ്ത്രം ഊരുമ്പോള്‍ മാത്രമാണല്ലോ മനുഷ്യാവകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത്. ഹിജാബ് ധരിക്കുന്നവര്‍ക്ക് ആവക അവകാശങ്ങളൊന്നും വകവെച്ച് കൊടുക്കേണ്ടതില്ലല്ലോ.

ഹിജാബ് വിഷയം കേവലം ഡ്രസ്‌കോഡിന്റെ പ്രശ്‌നമല്ല എന്നതാണ് നാം തിരിച്ചറിയേണ്ട യാഥാര്‍ഥ്യം. കേരളത്തില്‍ തന്നെ ഹിജാബിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പലകുറി വിവേചനത്തിന് ഇരയായിട്ടുണ്ട്. അതില്‍ തന്നെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ നേതൃത്വം കൊടുക്കുന്ന സ്‌കൂളുകളിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറെന്നത് വേറൊരു വിരോധാഭാസം. തലമറച്ചുവന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു കൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചത് മുമ്പ് വാര്‍ത്തയായിരുന്നു. തലമറച്ചതിന്റെ പേരില്‍ പഠിച്ച സ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തു തരാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെ കുറിച്ച് നാം ഈയടുത്താണ് വായിച്ചത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്‌കൂളുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ എത്രയോ ഉണ്ട്. അഥവാ നീറ്റ് എക്‌സാമുമായി ബന്ധപ്പെട്ടുണ്ടായ ഹിജാബ് വിവാദം ഒരു തുടക്കമോ ഒടുക്കമോ അല്ല, അതൊരു തുടര്‍ച്ചയുടെ ഭാഗമാണ്. സെക്യുലര്‍ ബ്രായും ഫുള്‍ സ്ലീവും അടുത്ത തവണ സി.ബി.എസ്.സി പരീക്ഷാര്‍ഥികള്‍ക്ക് അനുവദിച്ചേക്കും. എന്നാല്‍ ബ്രാ പോലെയോ ഫുള്‍ സ്ലീവ് പോലെയോ എളുപ്പം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാവതല്ല ഹിജാബിന്റെ വിഷയം. അത് ഇനിയും ആവര്‍ത്തിക്കും. ഇപ്പോള്‍ അടിവസ്ത്രത്തിനും ഫുള്‍സ്ലീവിനും ലഭിച്ച മാധ്യമ ശ്രദ്ധയും പൊതു സമൂഹത്തിന്റെ ജാഗ്രതയും മുമ്പത്തേത് പൊലെ തന്നെ ഇനിയും മുസ്‌ലിം പെണ്ണിന്റെ ഹിജാബിന് ലഭിക്കാന്‍ പോകുന്നില്ല. ഇത് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ മുസ്‌ലിം വിരുദ്ധതയുടെ പ്രശ്‌നമാണ്. അതിനെ അങ്ങനെ തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഈ മുസ്‌ലിം വിരുദ്ധ പൊതുബോധത്തെയാണ് അഡ്രസ്സ് ചെയ്യേണ്ടതും മാറ്റാന്‍ ശ്രമിക്കേണ്ടതും. അതില്‍ ഇടതും വലതും വ്യത്യാസമില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. അടിവസ്ത്രത്തിന്റെ പേരില്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുഖ്യമന്ത്രിയോ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച പ്രതിപക്ഷമോ മുസ്‌ലിം പെണ്ണിന്റെ ഹിജാബിനെ കുറിച്ച് മിണ്ടാത്തത് വേറൊന്നും കൊണ്ടല്ല.

Related Articles