Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ വ്യവസ്ഥയാണ് രോഹിത്തിനെ കൊന്നത്

rohith-yakub.jpg

രോഹിത് വെമുലയുടെ ‘ആത്മഹത്യ’ മാധ്യമങ്ങളിലൂടെ ദേശീയ ശ്രദ്ധ പിടിച്ച് പറ്റുകയും, രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചുയരുകയും ചെയ്തു. മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോള്‍, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ദലിത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പരമ്പരകളില്‍ നിന്നും വ്യക്തമാവുന്ന ഒരു കാര്യമെന്താണെന്നാല്‍, യാകൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു രോഹിത്തിനെയും അദ്ദേഹത്തിന്റെ നാല് സഹപാഠികളെയും സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയത്. യാകൂബ് മേമനെ തൂക്കിക്കൊന്നതിനെതിരെ പ്രതിഷേധിക്കുന്നത് എ.ബി.വി.പിയെ സംബന്ധിച്ചിടത്തോളം ദേശവിരുദ്ധമായ പ്രവര്‍ത്തിയാണ്. ഇക്കാര്യം ചൂണ്ടികാണിച്ച് കൊണ്ട് എ.ബി.വി.പിക്കാര്‍ ഭണ്ഡാരു ദത്താത്രേയക്ക് കത്തെഴുതിയിരുന്നു. ഇത്തരത്തിലുള്ള കത്തുകളുടെ തുടര്‍ച്ചയാണ് രോഹിത്തിന്റെ ആത്മഹത്യയില്‍ കലാശിച്ചത്. കൂടാതെ, ഇതിന്റെ പേരില്‍ രോഹിത് ഒരു എ.ബി.വി.പി വിദ്യാര്‍ത്ഥിയെ ശാരീരികമായി ആക്രമിക്കുകയും ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തതായി ചില വാര്‍ത്താ ചാനലുകള്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും ചെയ്തിരുന്നു.

യാഥാര്‍ത്ഥ്യത്തില്‍ നിന്നും കാര്യങ്ങളെ വഴിതിരിച്ച് വിടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സംഭവം ബി.ജെ.പി, എ.ബി.വി.പി, കോണ്‍ഗ്രസ്സ് എന്നിവയില്‍ പരിമിതപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട ഹിന്ദി ഇംഗ്ലീഷ് ചാനല്‍ പരിപാടികള്‍ വിശകലനം ചെയ്തപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞ പൊതുവായ കാര്യമെന്താണെന്നാല്‍, സമ്മര്‍ദ്ദം താങ്ങാനാവാതെ, കാര്യങ്ങള്‍ യഥാവിധി കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാതെ, അങ്ങനെ ആത്മഹത്യ ചെയ്ത ഒരാളായി രോഹിത്തിനെ ചിത്രീകരിക്കാനായിരുന്നു അവര്‍ക്ക് തിടുക്കം.

കാര്യങ്ങള്‍ എ.ബി.വി.പി, ബി.ജെ.പി, കോണ്‍ഗ്രസ്സ് ത്രയത്തില്‍ പരിമിതപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ബ്രാഹ്മണിസവും അബ്രാഹ്മണിസവും തമ്മിലുള്ള പോരാട്ടമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അകത്തും പുറത്തും ദലിത് വിദ്യാര്‍ത്ഥികള്‍ വിവേചനത്തിന് ഇരയാവുന്നുണ്ട്. മനുഷ്യത്വരഹിതമായ, മാനുഷിക വിരുദ്ധമായ വാര്‍പ്പ് മാതൃകകളുടെ ഇരകളാണവര്‍. രോഹിത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് പോലെ, എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു കുട്ടിയായിരുന്നു അവന്‍, അര്‍ഹതപ്പെട്ടത് പോലും അവന് ലഭിച്ചിരിക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ അവന്റെ ശബ്ദം ദിക്കുകള്‍ പ്രകമ്പനം കൊള്ളിക്കുമാറുച്ചത്തില്‍ മുഴങ്ങി. ഈ സംഭവത്തെ കേവലം രോഹിത്തിന്റെ വ്യക്തിപരമായ പ്രശ്‌നമാക്കി പരിമിതപ്പെടുത്താന്‍ നമുക്കെങ്ങനെ കഴിയും?

ഒരു കുട്ടിയുടെ വ്യക്തിത്വ വികാസം അവന്റെ സാമൂഹികവും കുടുംബപരവുമായ ചുറ്റുപാടുകളെ ആശ്രയിച്ചാണ് സംഭവിക്കുന്നത്. തന്റേത് ഒരു ഭിന്ന വ്യക്തിത്വമാണെന്ന് ഒരു ദലിത് കുഞ്ഞ് തിരിച്ചറിയാന്‍ ഇടവരുന്നത് എങ്ങനെയെന്ന് നിങ്ങള്‍ ആലോചിട്ടുണ്ടോ. ബ്രാഹ്മണ സവര്‍ണ്ണ വിഭാഗത്തിലെ കുട്ടികളെ പോലെയല്ല താന്‍ എന്ന് സ്‌കൂളില്‍ വെച്ച് ഒരു ദലിത് വിദ്യാര്‍ത്ഥി തിരിച്ചറിയുന്നു. കുട്ടികളെ വിദ്യാഭ്യാസപരമായി നേര്‍വഴിയില്‍ നയിക്കാന്‍ മാത്രമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവരൊന്നും തന്നെ മിക്ക ദലിത് കുടുംബങ്ങളിലും ഉണ്ടാവില്ല. പെരിയാര്‍, അംബേദ്കര്‍, ഫൂലെ തുടങ്ങിയവരുടെ ജാതിവിരുദ്ധ തത്വശാസ്ത്രത്തെ കുറിച്ച് അവര്‍ അജ്ഞരാണ്. ഇതിന്റെ ഫലമായി കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും, വിദ്യ അഭ്യസിക്കാനുള്ള പ്രോത്സാഹനവും കിട്ടാതെ വരുന്നു. അതിനേക്കാളുപരി, പ്രാഥമിക തലം മുതല്‍ ഉന്നതതലം വരെയുള്ള വിദ്യാഭ്യാസ സമ്പ്രദായം ബ്രാഹ്മണിസത്തിലാണ് കെട്ടിപടുത്തിരിക്കുന്നത്. അത് ദലിത് ബഹുജന്‍ സംസ്‌കാരത്തെ പാടെ തള്ളിക്കളയുന്നതുമാണ്. ഇതാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആദ്യമായി മനസ്സിലാക്കേണ്ടത്.

ബ്രാഹ്മണരും സവര്‍ണ്ണവരും അന്യായമായി നേടിയെടുത്ത സ്ഥാനമാനങ്ങള്‍ക്കെതിരെയും, ജാതി വ്യവസ്ഥക്കെതിരെയും വിമര്‍ശന ശബ്ദമുയര്‍ത്താന്‍ തുടങ്ങുന്ന നിമിഷം മുതല്‍ക്ക് വളരെ വ്യവസ്ഥാപിതമായി തന്നെ ദലിത് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടാന്‍ തുടങ്ങും. ഭീഷണികളാല്‍ നിറഞ്ഞ ഒരു അന്തരീക്ഷത്തിലാണ് ദലിത് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളേജ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ അവരില്‍ ഏറെപേരും തങ്ങളുടെ ജാതി വെളിപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇനി ആരെങ്കിലും തങ്ങളുടെ ജാതി വെളിപ്പെടുത്തിയാല്‍, സ്വന്തം സഹപാഠികളില്‍ നിന്നു തന്നെയുള്ള മുന്‍ധാരണയോടു കൂടിയ നോട്ടങ്ങളായിരിക്കും അവരെ തേടിയെത്തുക. ഡോ. അംബേദ്കറെ കുറിച്ചോ മറ്റേതെങ്കിലും ദലിത് വ്യക്തിത്വങ്ങളെ കുറിച്ചോ ഭയപ്പാടോടെയല്ലാതെ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന സാഹര്യമാണോ ഇന്നുള്ളത്?

രോഹിത്തിന്റെ ആത്മഹത്യ എ.എസ്.എയും എ.ബി.വി.പിയും തമ്മിലുള്ള സംഘട്ടനത്തിന്റെ ഭാഗം മാത്രമായി അവതരിപ്പിക്കുന്നത് സത്യത്തിന് നിരക്കാത്ത കാര്യം തന്നെയാണെന്നതില്‍ സംശയമില്ല. ജാതി വിരുദ്ധ ചിന്തയെ അടിച്ചമര്‍ത്തുന്ന സംഘടനകള്‍ക്ക് വെള്ളവും വളവും നല്‍കുന്ന സാമൂഹ്യ വ്യവസ്ഥയിലാണ് ഇതിന്റെയെല്ലാം വേര് ചെന്ന് നില്‍ക്കുന്നത്. വിദ്യാഭ്യാസ-രാഷ്ട്രീയ ശക്തി നേടിയെടുക്കാനുള്ള ശക്തമായ ഒരു ദലിത് ബഹുജന്‍ മുന്നേറ്റവും, ബ്രാഹ്മണ മൂല്യങ്ങള്‍ മാത്രം ഉള്‍വഹിക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥയുടെ തകര്‍ച്ചയുമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles