Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യമാറ്റത്തിനാവട്ടെ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍

nextgen.jpg

ദൃശ്യമാധ്യമരംഗം ഇന്ന് സമകാലീന യുഗത്തില്‍ മനുഷ്യമനസ്സില്‍ ഏറെ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. ഈ രംഗത്ത് ധാര്‍മിക സനാതന മൂല്യങ്ങള്‍ക്ക് ഇടം നല്‍കി വിവിധ തലങ്ങളിലേക്ക് ശക്തമായ കാല്‍വെപ്പ് നടത്തുക എന്നത് കാലഘട്ടത്തിന്റെ ഒരനിവാര്യതയായി വിലയിരുത്തപ്പെടുന്നു. ഇന്ന് നാം കേള്‍ക്കുന്ന പല വാര്‍ത്തകളും വായിക്കുന്ന വര്‍ത്തമാനങ്ങളും സമൂഹത്തില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നുവെന്നതിനും നമുക്ക് പ്രത്യേകം സ്ഥിതി വിവരക്കണക്ക് ആവശ്യമില്ല. ‘ആഗോളഗ്രാമവാസികളാ’യി മാറികൊണ്ടിരിക്കുന്ന ‘ന്യുജനറേഷന്‍’ തലമുറയുടെ കരുതല്‍ ശേഖരമായ പരസ്പര ബന്ധങ്ങള്‍ക്കും സ്‌നേഹത്തിനും വിള്ളലുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. അയല്‍പക്കത്തെ മരണവാര്‍ത്തയറിയുന്നത് സോഷ്യല്‍ മീഡിയകളില്‍ സംസ്‌കരണ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ കാണുമ്പോഴാണ് എന്ന അവസ്ഥയാണ് നമ്മുടെ ചുറ്റുപാടിലുള്ളത്. സ്വന്തം വീട്ടുകാരോടും ബന്ധുക്കളോടും സംസാരിക്കാന്‍ സമയം കണ്ടെത്താത്തവര്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്താനും ചാറ്റിംഗ് ചെയ്യാനും സമയത്തിന്റെ നല്ലൊരു ഭാഗം ചെലവിടുന്നു. സമകാലീന മനുഷ്യനെ ആമൂലം ഗ്രസിച്ചിരിക്കുന്ന ജീര്‍ണതയുടെ എല്ലാ ഭാരങ്ങളും കുടുംബ രംഗത്തും പ്രതിഫലിക്കുന്നു. ധാര്‍മികരംഗത്തും സദാചാര മേഖലകളിലും സമൂഹത്തിന് സംഭവിച്ച അധപതനത്തിന്റെ അലയൊലികള്‍ വീടകങ്ങളിലും പ്രതിധ്വനിക്കുന്നു. സോഷ്യല്‍ മീഡിയകളും ദൃശ്യമാധ്യമ രംഗവുമൊക്കെ ദുരുപയോഗപ്പെടുത്തി അപഥസഞ്ചാരത്തില്‍ യുവതലമുറ അഭിരമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ രംഗത്ത് എങ്ങനെ നല്ല മൂല്യങ്ങള്‍ ആസൂത്രണത്തോടെ പ്രസരിപ്പിക്കാം എന്ന ചിന്തകള്‍ സുമനസ്സുകളില്‍ വളര്‍ന്നു വരുന്നത്.

ദൃശ്യ മാധ്യമ രംഗത്തെ നല്ല സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്ത നന്മയെ സ്‌നേഹിക്കുന്ന ആളുകളുടെ മനോമുകുരത്തിലേക്ക് കടന്നു വന്നിട്ട് ഏറെ കാലമായിരുന്നു. നമ്മള്‍ കാണേണ്ട കാഴ്ചകളെ തമസ്‌കരിച്ചും വ്യര്‍ഥമായ ദൃഷ്യങ്ങളെ പവിത്രവത്കരിച്ചും ആധുനിക ദൃശ്യമാധ്യമരംഗം സകല സീമകളും അതിലംഘിച്ച് അരങ്ങ് തകര്‍ക്കുകയാണ്. മൂല്യ ച്യുതിയും അശ്ലീലതയും വരെ ഇന്ന് കച്ചവട വത്കരിച്ചിരിക്കുന്ന ഒരു പ്രവണതയാണ് നമുക്ക് കാണേണ്ടിവരുന്നത്. പാരമ്പര്യമായി നാം സ്വായത്തമാക്കിയ കുടുമ്പ നൈതിക മൂല്യങ്ങള്‍വരെ ഇന്ന് കൈമോശം വന്നിരിക്കുന്ന ഗൗരവമായ ഒരവസ്ഥയാണുള്ളത്. ജനാധിപത്യ സംവിധാനങ്ങളിലൂടെ അധികാരത്തിലേറിയ നമ്മുടെ ജനപ്രതിനിധികളില്‍ പലരും അഴിമതിയിലും കെടുകാര്യസ്ഥതയിലും ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം മുങ്ങി ക്കുളിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങളും മാനുഷിക മൂല്യങ്ങളും
മിക്ക മാധ്യമങ്ങളാലും അവഗണിക്കപ്പെടുന്നു. മാത്രമല്ല ചിലര്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്കും സ്വജന പക്ഷപാതങ്ങല്‍ക്കും വേണ്ടി വാര്‍ത്തകളും ദൃശ്യങ്ങളും വളച്ചൊടിച്ചു ജനങ്ങളിലേക്ക് എത്തിക്കാന്‍ തുനിയുന്ന ഭീതിതമായ അവസ്ഥയും നമുക്ക് കാണേണ്ടിവരുന്നു. ഈ സമകാലീന സന്ദര്‍ഭത്തില്‍ നിയോഗ ദൗത്യം തിരിച്ചറിഞ്ഞ് രംഗപ്രവേശം ചെയ്ത ചില ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറെ ജനകീയമായി മാറുന്ന സന്തോഷകരമായ അവസ്ഥ ഏറെ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

കാഴ്ചക്ക് പുതിയ മാനങ്ങള്‍ ഒരുക്കി കുടുംബ അകത്തളങ്ങളിലേക്ക് പരമാവധി നല്ല സന്ദേശവും വാര്‍ത്തകളില്‍ സത്യസന്ധതയും നല്‍കാനുള്ള ശ്രമങ്ങള്‍ ഏറെ പിന്തുണ നല്‍കേണ്ടത് തന്നെയാണ്. കാലത്തിന്റെ തേട്ടം സഫലമാക്കാനുള്ള ദൗത്യം നിര്‍വഹിക്കാന്‍ രംഗപ്രവേശം ചെയ്യുന്ന ഏതു സംരംഭവും നന്മ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മാനവിക സമൂഹം ഏറെ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ്. ചിലര്‍ക്ക് ചില വാര്‍ത്തകളും സംഭവങ്ങളും അപ്രിയ സത്യങ്ങള്‍ ആണ് എന്ന് കരുതി അവ വാര്‍ത്തകള്‍ അല്ലാതാകുന്നില്ല. വാര്‍ത്തകള്‍ തങ്ങള്‍ക്ക് പ്രതികൂലമാകുമ്പോള്‍ അസഹിഷ്ണുത കാണിക്കാതിരിക്കാനും ഗുണകാംഷയോടെ പ്രതികരിക്കുകയുമാണ് ധര്‍മ ബോധമുള്ളവര്‍ ചെയ്യേണ്ടത്. മാനുഷിക മൂല്യങ്ങളോട് ആഭിമുഖ്യമുള്ള ഏത് നല്ല സംരംഭങ്ങളും അതിന്റെ മഹിതമായ ലക്ഷ്യം ഭംഗിയായി നിര്‍വഹിച്ചു കുതിച്ചു കൊണ്ടിരിക്കുമെന്ന് നാം അറിയുക. നന്മയുടെ ചാലകശക്തിയെ ജനങ്ങള്‍ ഇരുകയ്യും നീട്ടി നെഞ്ചേറ്റുമെന്നതിന് കാലം സാക്ഷിയാണ്. ബഹുസ്വരതയുടെ സൗന്ദര്യം ഉള്‍കൊണ്ട് പരമാവധി സുകൃതങ്ങളുടെ നേര്‍ദൃശ്യങ്ങള്‍ പ്രസരിപ്പിക്കാന്‍ ധീരമായി മുന്നോട്ടുവരാന്‍ നമ്മുടെ പുതിയ ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് സമൂഹത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്നതില്‍ സംശയമില്ല.

Related Articles