Current Date

Search
Close this search box.
Search
Close this search box.

സമാധാന നൊബേല്‍ ജേതാവ് നടത്തിയ ബോംബാക്രമണങ്ങള്‍

obama-nobel.jpg

മറ്റു രാഷ്ട്രങ്ങളുടെ മേല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക എത്ര ബോംബുകള്‍ വര്‍ഷിച്ചു എന്നതിന്റെ കണക്കുകള്‍ അടുത്ത കാലത്തായി കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിന്റെ മികാഹ് സെന്‍കോ പുറത്ത് വിട്ടിരുന്നു. അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു ആ കണക്കുകള്‍. 2015 ജനുവരി 1 മുതല്‍ക്ക് ഇതുവരെയായി ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യമന്‍, സൊമാലിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ 23144 ബോംബുകള്‍ വര്‍ഷിച്ചു എന്നാണ് സെന്‍കോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയൊക്കെയും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളാണ് താനും.

പൊതുവേ സര്‍ക്കാര്‍ അനുകൂല ചിന്തകനായ സെന്‍കോ തയ്യാറാക്കിയ പട്ടിക, മറ്റു രാഷ്ട്രങ്ങളില്‍ അമേരിക്ക വരുത്തിവെച്ച നാശനഷ്ടങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് വളരെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്.

2015-ല്‍ അമേരിക്ക ബോംബ് വര്‍ഷിച്ച രാജ്യങ്ങളും എണ്ണവും
ഇറാഖ്, സിറിയ 22110
അഫ്ഗാനിസ്ഥാന്‍ 947
പാകിസ്ഥാന്‍ 11
യമന്‍ 58
സൊമാലിയ 18
ആകെ 23144

2015-ല്‍ 947 ബോംബുകള്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക വര്‍ഷിച്ചിട്ടുണ്ടെങ്കിലും, 2001-ലേതിനേക്കാള്‍ കൂടുതള്‍ പ്രദേശങ്ങള്‍ ഇപ്പോള്‍ താലിബാന്റെ കൈവശം ഉണ്ടെന്നാണ് ഫോറിന്‍ പോളിസി മാഗസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മടങ്ങിപ്പോകുമെന്ന വാഗ്ദാനങ്ങള്‍ നിരവധി തവണ ഒബാമ ഭരണകൂടം നല്‍കിയെങ്കിലും, അഫ്ഗാനിസ്ഥാനിലെ 16-ാം വര്‍ഷത്തെ യുദ്ധത്തിലേക്ക് അമേരിക്ക പ്രവേശിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, പ്രസിഡന്റ് ഒബാമ തന്റെ നിലപാട് തിരുത്തുകയും, 2017 അവസാനം വരെ അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു.

കഴിഞ്ഞ നാല് അമേരിക്കന്‍ പ്രസിഡന്റുമാരും ഇറാഖില്‍ ബോംബാക്രമണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് 2014 ആഗസ്റ്റ് 7 മുതല്‍ക്കാണ് തന്റെ വകയായുള്ള ബോംബാക്രമണത്തിന് തുടക്കം കുറിച്ചത്. ‘പരിമിതവും’, ‘മാനുഷികവുമായ’ ഇടപെടലായിട്ടാണ് ഐ.എസ്.ഐ.എസ്സിനെതിരെയുള്ള യുദ്ധം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു 30 വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധമായിരിക്കുമെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ തറപ്പിച്ച് പറഞ്ഞിരിന്നു.

കണക്ക് പ്രകാരമുള്ള 23144 ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന വസ്തുതയിലേക്കും സെന്‍കോ വിരല്‍ചൂണ്ടുന്നുണ്ട്.

17 മാസത്തെ വ്യോമാക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ട 25,000 വിമതപോരാളികളുടെ കൂടെ 6 സിവിലിയന്‍മാര്‍ മാത്രമാണ് കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയെന്നാണ് ‘അവര്‍’ പറയുന്നത്. അതേസമയം, വിമതസംഘാംഗങ്ങളുടെ എണ്ണത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2014-ല്‍ സി.ഐ.എയുടെ കണക്ക് പ്രകാരം ഏകദേശം 20000-ത്തിനും 31000-ത്തിനും ഇടയില്‍ പോരാളികള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന് വേണ്ടി പോരാടുന്നുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ഇതേ 30000-ത്തിന്റെ കണക്ക് സി.ഐ.എ വീണ്ടും ആവര്‍ത്തിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. അപ്പൊ 30000-ത്തില്‍ നിന്ന് 25000 കുറച്ചാല്‍ വീണ്ടും 30000 തന്നെ ലഭിക്കുന്ന വിരോധാഭാസം.

20000-ത്തിലധികം ബോംബുകള്‍ വര്‍ഷിച്ച് കഴിഞ്ഞിട്ടും, ആകെ 6 സിവിലിയന്‍മാര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്ന കണക്കില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് യു.എസ് പ്രതിരോധ വിഭാഗം. ഇതേ നിലപാട് തന്നെയാണ് അമേരിക്കന്‍ മാധ്യമങ്ങളും കൈകൊണ്ടത്. സിറിയയിലും ഇറാഖിലും നടക്കുന്ന വ്യോമാക്രമണങ്ങളില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ മരിച്ച് വീണുകൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാവുന്നില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles