Current Date

Search
Close this search box.
Search
Close this search box.

സച്ചാര്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള പത്ത് വര്‍ഷങ്ങള്‍

rikshwaw-wala.jpg

2006 നവംബര്‍ 30-ന്, ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥകളെ കുറിച്ചുള്ള 403 പേജ് വരുന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റയുടനെ തന്നെയാണ് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. രണ്ട് വര്‍ഷത്തിനകം തന്നെ കമ്മിറ്റി അവരുടെ കണ്ടെത്തലുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

സമുദായം അഭിമുഖീകരിക്കുന്ന വൈകല്ല്യങ്ങളും ബലഹീനതകളും തുറന്ന് കാണിച്ച റിപ്പോര്‍ട്ട്, പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. പിന്നാക്കാവസ്ഥയുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ എസ്.സി, എസ്.ടി വിഭാഗങ്ങളുടെയും താഴെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. മുസ്‌ലിംകളുടെ ജനസംഖ്യാ ശതമാനവും ഐ.എ.എസ്, ഐ.പി.എസ്, പോലീസ് വിഭാഗങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യവും തമ്മില്‍ അനുപാതത്തില്‍ വലിയ അന്തരമുണ്ടെന്ന വസ്തുത റിപ്പോര്‍ട്ട് ഉയര്‍ത്തികാണിച്ച ഒരുപാട് പ്രശ്‌നങ്ങളില്‍ ഒന്നാണ്.

സച്ചാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട വര്‍ഷം മുതല്‍ക്കുള്ള സര്‍ക്കാര്‍ ഡാറ്റ പരിശോധിച്ചതില്‍ നിന്നും ഒട്ടുമിക്ക മേഖലയിലും സമുദായ പ്രാതിനിധ്യത്തില്‍ കാര്യമാത്ര പ്രസക്തമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ചില മേഖലകളില്‍ അവസ്ഥ മുമ്പത്തേതിനേക്കാള്‍ വളരെ പരിതാപകരമായിട്ടുണ്ട്. ഉദാഹരണമായി, 2005-ല്‍ ഇന്ത്യന്‍ പോലിസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യം 7.63 ശതമാനം ആയിരുന്നു, 2013-ല്‍ അത് 6.27 ആയി കുറയുകയാണ് ചെയ്തത്. തുടര്‍ന്ന് പോലിസ് സേനയിലെ മതംതിരിച്ചുള്ള പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു.

സച്ചാറിന് മുമ്പും ശേഷവുമുള്ള വര്‍ഷങ്ങളില്‍, ഏറ്റവും കുറഞ്ഞ പ്രതിമാസ ആളോഹരി ചെലവ് (എം.പി.സി.ഇ) ഉള്ള സമുദായം എന്ന അവസ്ഥയില്‍ തന്നെ മുസ്‌ലിം സമുദായം തുടര്‍ന്നു. 2001-ല്‍ 47.5 ശതമാനമായിരുന്ന മുസ്‌ലിംകളുടെ തൊഴില്‍ പങ്കാളിത്തം, 2011-ല്‍ 49.5 ശതമാനമായി നേരിയ തോതില്‍ മാത്രമാണ് വര്‍ദ്ധിച്ചത്. മുസ്‌ലിം സ്ത്രീകളുടെ കാര്യമെടുത്താല്‍ 2001-ല്‍ 14.1 ശതമാനമുണ്ടായിരുന്ന മുസ്‌ലിം സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം, 2011-ല്‍ 14.8 ശതമാനമായി മാത്രമാണ് വര്‍ദ്ധിച്ചത്.

രാജ്യത്തെ ഉന്നത തസ്തികകളായ ഐ.എ.എസ്. ഐ.പി.എസ് മേഖലകളിലെ കണക്കുകള്‍ക്കാണ് ചിലപ്പോള്‍ ഒരുപാട് പറയാനുണ്ടാവുക. ഐ.എ.എസിലെയും, ഐ.പി.എസ്സിലെയും മുസ്‌ലിം പ്രാതിനിധ്യം യഥാക്രമം 3 ശതമാനം, 4 ശതമാനം ആണെന്ന് സച്ചാര്‍ കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. 2016 ജനുവരി 1-ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്രാതിനിധ്യത്തിന്റെ തോത് യഥാക്രമം 3.32%, 3.19% എന്നിങ്ങനെയായി മാറിയിട്ടുണ്ട്. ഐ.പി.എസ്സിലെ മുസ്‌ലിം പ്രൊമോട്ടീ ഓഫീസര്‍മാരുടെ എണ്ണത്തിലുണ്ടായ ഇടിവാണ് ഐ.പി.എസ് തസ്തികയിലെ മുസ്‌ലിം പ്രാതിനിധ്യം കുത്തനെ ഇടിയാനുള്ള പ്രധാന കാരണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 7.1 ശതമാനമുണ്ടായിരുന്ന ഐ.പി.എസ്സിലെ മുസ്‌ലിം പ്രാതിനിധ്യം 2016-ന്റെ തുടക്കത്തില്‍ കേവലം 3.82 ആയി മാറി.

2001-ലെ സെന്‍സസ് അനുസരിച്ച്, മൊത്തം ഇന്ത്യന്‍ ജനസംഖ്യയിലെ 13.43 ശതമാനം മുസ്‌ലിംകളായിരുന്നു. 2011-ല്‍ അത് 14.2 ശതമാനമായി. രണ്ട് സെന്‍സസുകള്‍ക്കിടയില്‍ 24.69 ശതമാനം വര്‍ദ്ധനവാണ് മുസ്‌ലിം ജനസംഖ്യ രേഖപ്പെടുത്തിയത്. സമുദായത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണിത്.

2001-ലെയും 2011-ലെയും മൊത്തം ഇന്ത്യയുടെ സ്ത്രീ-പുരുഷ അനുപാതത്തേക്കാള്‍ മികച്ചതായിരുന്നു പ്രസ്തുത വര്‍ഷങ്ങളിലെ മുസ്‌ലിം സ്ത്രീ-പുരുഷ അനുപാതം. അതുപോലെ രണ്ട് സെന്‍സസുകളിലും നഗര കേന്ദ്രങ്ങളില്‍ ജീവിക്കുന്നവരുടെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതായിരുന്നു നഗരങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ ശതമാനം.

കടപ്പാട്: indianexpress

Related Articles