Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാറും ഹിന്ദുസ്ഥാനും

mohan-bhagvat.jpg

‘ജര്‍മ്മനി ആരുടെ രാജ്യമാണ്?’ കഴിഞ്ഞ ശനിയാഴ്ച ഒരു സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് ആര്‍.എസ്.എസ് നേതാവായ മോഹന്‍ ഭഗവത് ചോദിച്ച ചോദ്യമാണിത്. അദ്ദേഹം തന്നെയാണ് അതിന് മറുപടി പറഞ്ഞത്: ‘അത് ജര്‍മ്മന്‍കാരുടെ രാജ്യമാണ്, ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ രാജ്യമാണ്. അമേരിക്ക അമേരിക്കക്കാരുടെ രാജ്യമാണ്. അതുപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്.’

സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വം ഇന്ത്യക്കാരെയും ഹിന്ദു ദേശീയതെയും സമീകരിക്കുന്നു എന്നതൊരു വാര്‍ത്തയൊന്നുമല്ല. ഒരുപാട് കാലമായി സംഘ്പരിവാര്‍ അത് തെളിയിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എന്നാണെങ്കില്‍ പിന്നെ ആ രാജ്യം ഹിന്ദുക്കളുടേതാണ് എന്നാണ് സംഘ്പരിവാര്‍ വാദിക്കുന്നത്.

ഇന്ത്യക്കു പകരം ഹിന്ദുസ്ഥാന്‍ എന്ന പദം ഹിന്ദു വലത്പക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവായ പ്രയോഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന പദമാണ് ഉപയോഗിച്ചത്.

അതേസമയം, ‘ഹിന്ദു’ എന്ന പദവുമായി ‘ഹിന്ദുസ്ഥാന്‍’ എന്ന പദത്തിന് യാതൊരു ബന്ധവുമില്ല എന്ന യാഥാര്‍ത്ഥ്യം സംഘ്പരിവാറിനെ നിരാശരാക്കുമെന്നത് തീര്‍ച്ചയാണ്. ‘ഹിന്ദു’ എന്നത് ഒരു തദ്ദേശീയപദം പോലുമല്ല. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട പദമാണത്. ഹിന്ദുത്വത്തിന്റെ തീവ്രദേശീയവാദത്തിന് വിരുദ്ധമായ ചരിത്രയാഥാര്‍ത്ഥ്യമാണിത്. ഹിന്ദു എന്ന പദത്തിന് കാലങ്ങളായി ഉണ്ടായ അര്‍ത്ഥങ്ങളെല്ലാം ഭൂമിശാസ്ത്രപരമാണ്. ഭഗവത് ആഗ്രഹിക്കുന്ന ഒരു ദേശീയതയെ ആ പദമൊരിക്കലും സൂചിപ്പിക്കുന്നില്ല.

ഹിന്ദുത്വത്തിന്റെ സ്ഥാപകനായ വിനായക് സവര്‍ക്കറും ഹിന്ദുസ്ഥാന്‍ എന്ന പദത്തെ തെറ്റായാണ് മനസ്സിലാക്കിയത്. സംസ്‌കൃത പദമായ സിന്ദുസ്ഥാനില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ ഉണ്ടായത് എന്നാണ് സവര്‍ക്കറുടെ വാദം. സിന്ദുസ്ഥാനിലെ (Sindhustan) എസ് (s) മാറി എച്ച് (H) ആയതാണ് എന്നാണദ്ദേഹം പറയുന്നത്. എന്നാല്‍ ഈ വീക്ഷണം പൂര്‍ണ്ണമായും തെറ്റാണ്. ഹിന്ദുവും സിന്ധുവും സമാനപദങ്ങളാണ്. ഇരുപദങ്ങളുടെയും പൊതുവായ വേര് കിടക്കുന്നത് യഥാക്രമം ഇറാനിയന്‍, ഇന്‍ഡിക് ഭാഷകളിലാണ്. വ്യത്യസ്തങ്ങളായ ഇന്‍ഡിക് ഭാഷകളില്‍ സിന്ധു എന്ന പദം ഉപയോഗിച്ചത് സിന്ധ് എന്ന പ്രദേശത്തെയും സിന്ധു നദിയെയും സൂചിപ്പിക്കാനാണ്. അതേസമയം, സിന്ധു നദിക്ക് എതിര്‍വശത്തുള്ള ജനങ്ങളെയാണ് ഇറാനിയന്‍ ഭാഷകളില്‍ ‘ഹിന്ദുക്കള്‍’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.

ഭൂമി എന്നര്‍ത്ഥമുള്ള സ്ഥാന്‍ (stan) എന്ന പൊതുവായ പേര്‍ഷ്യന്‍ പ്രത്യയം (Persian Suffix) ചേര്‍ക്കപ്പെട്ടതിലൂടെയാണ് ‘ഹിന്ദുസ്ഥാന്‍’ എന്ന പദം രൂപപ്പെടുന്നത്. ഈ പേര്‍ഷ്യന്‍ പ്രത്യയം നമുക്ക് ഹിന്ദുസ്ഥാന്‍ എന്ന പദം മാത്രമല്ല നല്‍കുന്നത്. പാകിസ്ഥാന്‍, ഉസ്‌ബെസ്‌കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, കസാകിസ്ഥാന്‍ തുടങ്ങി ഒരുകാലത്ത് പേര്‍ഷ്യന്‍ പൊതുഭാഷയായിരുന്ന എല്ലാ സ്ഥലനാമങ്ങളെയും രൂപപ്പെടുത്തിയത് അതാണ്. പേര്‍ഷ്യക്കാരും അറബികളും ഉപയോഗിച്ച ഹിന്ദുസ്ഥാന്‍ എന്ന പദം (എല്ലാ പൂര്‍വ്വാധുനിക പദങ്ങളെയും പോലെ) അവ്യക്തമാണെങ്കിലും ഇന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മുഴുനായും അത് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സമുദ്രത്തിന്റെ ദക്ഷിണഭാഗത്തെയാണ് ഇറാനിയന്‍ പണ്ഡിതനായിരുന്ന അല്‍ബിറൂനി 1305ല്‍ ഹിന്ദ് (ഹിന്ദുസ്ഥാന്റെ അറബി വിവര്‍ത്തനം) എന്ന് വിളിച്ചത്.

ചുരുക്കത്തില്‍, ഹിന്ദുസ്ഥാന്‍ എന്ന പദത്തിന് രൂപം നല്‍കിയത് വിദേശികളാണ്. ഈ വിദേശപദങ്ങള്‍ സര്‍വ്വസാധാരാണമാണ്. ഉദാഹരണത്തിന് ജര്‍മ്മനി എന്നത് ഒരു വിദേശപദമാണ്. ഇംഗ്ലീഷുകാരാണ് ആ പേര് നല്‍കിയത്. ഡച്ച്‌ലാന്റ് (Deutschland) എന്നായിരുന്നു ജര്‍മ്മന്‍കാര്‍ അതിനുമുമ്പ് ജര്‍മ്മനിയെ വിളിച്ചിരുന്നത്.

അതേസമയം, തദ്ദേശീയ ജനത തന്നെ തങ്ങളെക്കുറിച്ച വിദേശപദങ്ങള്‍ സ്വീകരിച്ചിട്ടുള്ള സംഭവങ്ങള്‍ കുറവാണ്. എന്നാല്‍, ഇന്ത്യയില്‍ അത് സംഭവിച്ചത് മധ്യേഷ്യയില്‍ നിന്നുള്ള പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ അധിനിവേശങ്ങളോടു കൂടിയാണ്. അവരാണ് ഹിന്ദുസ്ഥാന്‍ എന്ന പദം കൊണ്ടുവന്നത്.

ഈ പദത്തിന് പല ഘട്ടങ്ങളില്‍ അര്‍ത്ഥത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഡല്‍ഹി സുല്‍ത്താന്‍മാരുടെ ശക്തികേന്ദ്രം ഉത്തരേന്ത്യയിലായിരുന്ന കാലത്ത് ഹിന്ദുസ്ഥാന്‍ എന്നുതന്നെയായിരുന്നു ഇന്ത്യയെ വിളിച്ചിരുന്നത്. ഉദാഹരണത്തിന് പതിനെട്ടാം നൂറ്റാണ്ടിലെ സഞ്ചാരിയായിരുന്ന ദര്‍ഗ ഖുലി ഖാന്‍ (Dargah Quli Khan) ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള തന്റെ യാത്രയെ വിശേഷിപ്പിച്ചത് (പേര്‍ഷ്യന്‍ ഭാഷയില്‍) ഡക്കാനില്‍ നിന്നും ഹിന്ദുസ്ഥാനിലേക്കുള്ള യാത്ര എന്നാണ്. ഡല്‍ഹിയിലെ പൊതുഭാഷയെ ഹിന്ദുസ്ഥാനി എന്നായിരുന്നു ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്. ബംഗാളി സംസാരഭാഷയില്‍ ഈ ചരിത്രപരമായ വിശേഷണം തന്നെയാണ് ഹിന്ദുസ്ഥാന്‍ എന്ന പദത്തിനുള്ളത്. ബംഗാളികള്‍ക്കിടയില്‍ ബംഗാളും ഹിന്ദുസ്ഥാനും ഭാരത് എന്ന രാഷ്ട്രത്തിന്റെ സവിശേഷമായ ഭാഗങ്ങളാണ്. 1987ല്‍ നിറാദ്. സി. ചൗധരി രാമനെ വിശേഷിപ്പിച്ചത് ‘ഹിന്ദുസ്ഥാനികള്‍ ദൈവമായി ആരാധിച്ചിരുന്ന വിഷ്ണുവിന്റെ അവതാരമായാണ്.’ ഇവിടെ ഹിന്ദുസ്ഥാനികള്‍ എന്നതുകൊണ്ട് അദ്ദേഹം സൂചിപ്പിക്കുന്നത് കൊല്‍ക്കത്തയിലെ ഉത്തരേന്ത്യന്‍ കുടിയേറ്റക്കാരെയാണ്.

ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മൊത്തത്തിലാണ് ഹിന്ദുസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത്. അതിനുമുമ്പ് ഉപഭൂഗണ്ഡത്തിന്റെ ഒരുഭാഗത്തെ മാത്രമായിരുന്നു ഹിന്ദുസ്ഥാന്‍ എന്നുവിളിച്ചിരുന്നത്. ഇത് ഭാഷാശാസ്ത്രപരമായ ഒരു പൊതുപ്രതിഭാസമാണ്. ‘pars pro toto’ എന്നാണത് വിളിക്കപ്പെടുന്നത്. ഉദാഹരണത്തിന് നെതര്‍ലാന്റിനെ ഹോളണ്ട് എന്നാണ് ഇംഗ്ലീഷില്‍ വിളിക്കുന്നത്. ഹോളണ്ട് എന്നത് നെതര്‍ലാന്റിലെ ഒരു പ്രദേശത്തിന്റെ പേരാണ്. ഒരു മതസമുദായത്തെ സൂചിപ്പിക്കുന്ന വിധം ഹിന്ദു എന്ന പദത്തിന്റെ (ഇന്‍ഡസ് നദിക്ക് സമീപമുള്ള ആരെയും പേര്‍ഷ്യക്കാര്‍ ഹിന്ദു എന്നാണ് വിളിച്ചിരുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ അങ്ങനെയാണ് ആ പദം ഉണ്ടാകുന്നത്.)  അര്‍ത്ഥത്തിന് മാറ്റം വരികയുണ്ടായി. ഹിന്ദുസ്ഥാന്റെ അര്‍ത്ഥത്തിലുണ്ടായ ഈ മാറ്റം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ദേശത്തിന്റെ ആരംഭഘട്ടത്തില്‍ ഉത്തരേന്ത്യ വഹിച്ച പങ്കിനെയാണ്. ബോളിവുഡിലെല്ലാം ഹിന്ദുസ്ഥാന്‍ എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കാറുള്ളത്.

ഹിന്ദു ദേശീയവാദികള്‍ ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഹിന്ദുവിനെയും ഹിന്ദുസ്ഥാനെയും സമീകരിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാഷ്ടമാണെന്നാണവര്‍ വാദിക്കുന്നത്. ചരിത്രത്തിനു മേലുള്ള ഈ അവകാശവാദം ഹിന്ദുത്വവാദികളുടെ പൊതുവായ ഒരു പ്രത്യേകതയാണ്. ഉദാഹരണത്തിന് ഹിന്ദുത്വവാദികള്‍ പതിവായി ഉദ്ധരിക്കാറുള്ള എഴുത്തുകാരനാണ് പി.എന്‍ ഓകെ (PN OaK). അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ ലോകം മൊത്തം ഒരുകാലത്ത് ഹിന്ദുമതത്തിന് കീഴിലായിരുന്നു. കൃഷ്ണനീതി എന്ന പദത്തില്‍ നിന്ന്  (Krishna-neeti- സംസ്‌കൃതത്തില്‍ കൃഷ്ണന്റെ തന്ത്രം എന്നര്‍ത്ഥം) ക്രൈസതവതയും വതികാ (vatika) എന്ന സംസ്‌കൃത പദത്തില്‍ നിന്ന് വത്തിക്കാനും രൂപപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്.

ഹിന്ദി, ഉറുദു ഭാഷകളില്‍ പൊതുവായി നിലനിന്ന പദമായിരുന്നെങ്കിലും ഇന്ത്യയുടെ പൂര്‍വ്വനേതാക്കള്‍ ഇന്ത്യയുടെ പര്യായപദമായി ഹിന്ദുസ്ഥാന്‍ എന്ന പദത്തെ സ്വീകരിച്ചിരുന്നില്ല. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നുത്ഭവിച്ച ഹിന്ദുസ്ഥാന്‍ ഒരിക്കലും സംസ്‌കൃതപദമായ ഭാരതിനും ഇംഗ്ലീഷ് പദമായ ഇന്ത്യക്കും പകരം ഉപയോഗിക്കാവുന്ന ഔദ്യോഗിക നാമമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ഹിന്ദുത്വവാദികള്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ തുടങ്ങിയ പദങ്ങളെല്ലാം തങ്ങളുടെ പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിര്‍വ്വചിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാഷണങ്ങളിലെല്ലാം ഭരണഘടനാപരമായ പദങ്ങളെ  ഹിന്ദുത്വ പദപ്രയോഗങ്ങള്‍ മറികടക്കാറുണ്ട്. ഹിന്ദുസ്ഥാന്‍ എന്ന പദം അദ്ദേഹം ഉപയോഗിക്കാറുണ്ട്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന പദമുപയോഗിച്ചതിന് മഹാരാഷ്ട്രയിലെ ഒരു വക്കീല്‍ മോദിക്കെതിരെ ഒരു പരാതി രേഖപ്പെടുത്തുകയുണ്ടായി. ഭരണഘടനയോടുള്ള അധിക്ഷേപം എന്നാണ് അദ്ദേഹം മോദിയുടെ പ്രഭാഷണത്തെ വിലയിരുത്തിയത്.

ചരിത്രപരമായും പദോല്‍പ്പത്തി ശാസ്ത്രപരമായും ഭഗവതിന്റെ പരാമര്‍ശം അബന്ധമാണ് എന്നതുപോലെത്തന്നെ അദ്ദേഹത്തിന്റെ താരതമ്യവും തെറ്റാണ്. ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ രാജ്യമാണ് എന്നതുപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ ഭൂമിയാണ് എന്നാണദ്ദേഹം പറഞ്ഞത്. അതേസമയം,  ആധുനിക യു.കെയിലും (United Kingdom) അയര്‍ലണ്ടിലുമെല്ലാം ബ്രിട്ടീഷുകാരന്‍ (Britisher) എന്ന വിശേഷണം കുറ്റകരമായാണ് കണക്കാക്കുന്നത്. കാരണം ആധുനിക യു.കെ ബഹുസ്വരതയെ പ്രാധാന്യപൂര്‍വ്വം കാണുന്ന രാഷ്ട്രമാണ്. നാല് രാഷ്ട്രങ്ങള്‍ (ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലന്റ്, വെയ്ല്‍സ്) അടങ്ങിയ വലിയൊരു രാജ്യമാണ് യു.കെ. ഈ രാഷ്ട്രങ്ങളെ അന്താരാഷ്ട്ര വേദികളില്‍ സ്വയം പ്രതിനിധീകരിക്കാന്‍ യു.കെ അനുവദിക്കുന്നുണ്ട്. ഇംഗ്ലണ്ടിന് സ്വന്തമായി ഒരു ക്രിക്കറ്റ് ടീമുണ്ട്. അതുപോലെ യു.കെ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് സ്‌കോട്ട്‌ലാന്റിനെ ഹിതപരിശോധന ചെയ്യാന്‍ പോലും അവര്‍ അനുവദിക്കുകയുണ്ടായി. എന്തായാലും അടുത്ത പ്രാവശ്യം പറയാനാഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് ഭഗ്‌വത് കുറേക്കൂടി ബോധവാനാകേണ്ടതുണ്ട്.

വിവ: സഅദ് സല്‍മി

Related Articles