Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ കേരളത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍

bjp-yathra.jpg

ആര്‍.എസ്.എസിന് അപ്രമാദിത്യമുള്ള ബിജെപിയുടെ ഇന്ത്യന്‍ ഭരണാധികാരികള്‍ അവസാനം അക്രമത്തിനെതിരെ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. മുസ്‌ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ (ബാബരി തകര്‍ച്ചക്ക് മുമ്പും ശേഷവും രാജ്യത്തുടനീളം നടന്ന മുസ്‌ലിം കൂട്ടക്കൊല (1992-93), ഗുജറാത്തിലെ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ വ്യാപകമായ അക്രമങ്ങള്‍ (1998), ഗുജറാത്ത് വംശഹത്യ (2002), ഒറീസയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ (2007-08)) ഖേദം പ്രകടിപ്പിച്ച് കൊണ്ട് മാപ്പപേക്ഷിക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്യുന്നത് എന്ന് നിങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പശുവിന്റെയും ലവ് ജിഹാദിന്റെയും ഗര്‍വാപസിയുടെയും പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും ഹിന്ദുത്വത്തോടുള്ള കൂറ് വെടിയാനും അവരിതുവരെ തയ്യാറായിട്ടില്ല.

ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ മുന്നൂറ് ശതമാനത്തോളം വര്‍ധിച്ചിരിക്കുകയാണ്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലാകട്ടെ, ജാതീയവും പുരുഷാധിപത്യപരവുമായ ഘടകങ്ങള്‍ വളരെ പ്രകടവുമാണ്. കര്‍ഷക സമൂഹം, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ബുദ്ധിജീവികള്‍ എന്നിവരും സംഘ്പരിവാര്‍ അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെവിടെയും ഭാരത് മാതായുടെ പേരില്‍ ഇത്രത്തോളം മൃഗീയമായ പീഢനങ്ങള്‍ക്ക് ആളുകള്‍ വിധേയമായിട്ടില്ല.

അതേസമയം, കേരളത്തില്‍ മാത്രമാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം അതിക്രമങ്ങള്‍ നടക്കുന്നത്. ചുവപ്പ് ഭീകരത എന്നാണ് ബി.ജെ.പി അതിനെ വിശേഷിപ്പിക്കുന്നത്.ജനരക്ഷാ യാത്രയുടെ പ്രഖ്യാപനത്തിലൂടെ ബിജെപി നേതാക്കാള്‍ കേരളാ ഗവണ്‍മെന്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇടത്പക്ഷ ഗവണ്‍മെന്റിനെ മാത്രമല്ല അവര്‍ ലക്ഷ്യം വെക്കുന്നത്. കേരളാ സമൂഹവും അതിന്റെ സംസ്‌കാരവും അവര്‍ ഉന്നമിടുന്നുണ്ട്. സിപിഎം അക്രമത്തെ പ്രതിരോധിക്കാനെന്ന പേരിലാണ് ആര്‍എസ്എസ്‌ന ബിജെപിയുടെ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് വന്നിട്ടുള്ളത്. ഒരുപാട് ക്രിമിനല്‍ കേസുകളുള്ള യുപി മുഖ്യമന്ത്രി ആദിത്യനാഥും അക്കൂട്ടത്തിലുണ്ട്. ഹിന്ദുത്വ ആശയത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വക്താവാണയാള്‍. അയാള്‍ പറയുന്നത് ഇടത്പക്ഷം കേരളത്തെ ‘ജിഹാദി ഭീകരത’യുടെ ഒരു ഫാക്ടറിയാക്കി മാറ്റിയിരിക്കുകയാണെന്നും ഗൗരവപൂര്‍വ്വം ആ വിഷയത്തെ സമീപിക്കണമെന്നുമാണ്. അയാള്‍ പറയുന്നു: ‘മതേതരത്വത്തിന്റെ മറവില്‍ സിപിഎം കേരളത്തെ ജിഹാദി ഭീകരതയുടെ കേന്ദ്രമാക്കിയിരിക്കുകയാണ്. അതിനെതിരെ പൊതുമനസ്സാക്ഷി രൂപപ്പെടുത്താനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്.’

എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുകളുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്‌നാഥ് സിംഗിന്റെ കീഴിലുള്ള ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയമോ രഹസ്യാന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ, സി.ബി.ഐ, ഐ.ബി എന്നിവയോ ഒരു കേസ്ഫയല്‍ പോലും അതുമായി ബന്ധപ്പെട്ട് ഇന്നോളം ഉണ്ടാക്കിയിട്ടില്ല. ഇനി ആദിത്യനാഥിന്റെ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കില്‍ മോദി ഭരണകൂടം തന്നെ സി.പി.എം ഗവണ്‍മെന്റിനെ തള്ളിപ്പറഞ്ഞേനെ. അതേസമയം, കേരളാ ഗവണ്‍മെന്റിനെതിരായ ഇത്തരം ആരോപണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വെറെതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയെ കോടതി തന്നെ തടയുകയും ജയിലില്‍ അടക്കുകയും ചെയ്‌തേനെ.

ഒരു പുകമറ സൃഷ്ടിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സാധിച്ചിട്ടുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥ ലക്ഷ്യം മറച്ച് വെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ആദിത്യനാഥ് തന്നെയാണ് അത് പുറത്ത് വിട്ടത്. ‘കേരളം ഉടന്‍ തന്നെ ചുവപ്പില്‍ നിന്ന് കാവിയിലേക്ക് മാറും’ എന്നായിരുന്നു അയാളുടെ പ്രഖ്യാപനം. കേരളത്തെ സനാഥന ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുന്നതിലൂടെയാണ് അത് സാധ്യമാവുക എന്നാണയാള്‍ പറഞ്ഞത്. എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരാചാര്യ എതിരാളികളെ തുടച്ച് നീക്കിയത് പോലെ ഇടത്പക്ഷം തുടച്ച് നീക്കപ്പെടും എന്നുമയാള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ആദിത്യനാഥ് പറയുന്നു: ‘വിദേശ കടന്നുകയറ്റക്കാര്‍ നമ്മുടെ രാജ്യത്തിന്റെ മതത്തെയും സംസ്‌കാരത്തെയും വെല്ലുവിളിച്ചപ്പോള്‍ ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ വേണ്ടി ശങ്കരാചാര്യ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയുണ്ടായി. അതിനെ മാതൃകയാക്കിക്കൊണ്ട് കേരളത്തിലെ ഹിന്ദു സംസ്‌കാരത്തെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്’.

വിദേശ കടന്നുകയറ്റക്കാര്‍ എന്നത് കൊണ്ട് ആദിത്യനാഥ് ഉദ്ദേശിച്ചിട്ടുണ്ടാവുക ബുദ്ധിസത്തെയും ജൈനിസത്തെയുമാകാം. കാരണം അന്ന് മുസ്‌ലിം, ക്രൈസ്തവ ‘അധിനിവേശം’ ഉണ്ടായിരുന്നില്ല. ശങ്കരാചാര്യയുടെ സൈന്യം ഈ മതങ്ങളോട് എന്താണ് ചെയ്തത് എന്ന് രണ്ട് ഹിന്ദു സന്യാസിമാര്‍ വിശദീകരിക്കുന്നുണ്ട്: ആര്യസമാജിന്റെ സ്ഥാപകനായ ദയാനന്ദ സരസ്വതി പറയുന്നു:’പത്ത് വര്‍ഷത്തോളം ആദി ശങ്കരാചാര്യ രാജ്യത്തുടനീളം സഞ്ചരിക്കുകയുണ്ടായി. അദ്ദേഹം ജൈനിസത്തെ നിരാകരിക്കുകയും വേദ മതം പ്രചരിപ്പിക്കുകയും ചെയ്തു. ജൈനമതവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളെയും ആരാധനാ ചിത്രങ്ങളെയും അദ്ദേഹം നശിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തു. ചിലതെല്ലാം ജൈന മതക്കാര്‍ തന്നെ കുഴിച്ച് മൂടുകയുണ്ടായി. ശങ്കരാചാര്യയുടെ അനുയായികള്‍ അവ നശിപ്പിക്കുമെന്ന് ഭയന്നായിരുന്നു അവരങ്ങനെ ചെയ്തത്’.

ഇന്ത്യയില്‍ നിന്ന് ബുദ്ധിസത്തെ ഉന്‍മൂലനം ചെയ്യുന്നതിനെക്കുറിച്ച് സ്വാമി വിവേകാനന്ദ ഇങ്ങനെ എഴുതുകയുണ്ടായി:’ജഗനാഥ് ക്ഷേത്രം ഒരു പഴയ ബുദ്ധ ക്ഷേത്രമാണ്. നമ്മളതും മറ്റ് ബുദ്ധ ക്ഷേത്രങ്ങളും കയ്യേറിക്കൊണ്ട് അവയെ ഹൈന്ദവവല്‍ക്കരിക്കുകയാണ് ചെയ്തത്. അതിനിയും നാം തുടരേണ്ടതുണ്ട്.’

ബീഫ് ഒരു മതേതര ഭക്ഷണമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഹിന്ദുത്വ ശക്തികള്‍ ബീഫ് വിരുദ്ധ യാത്ര നടത്തുന്നില്ല എന്നത് അത്ഭുതകരം തന്നെയാണ്. കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുന്നതിനായി ഒരു ക്യാംപെയ്‌നും അവര്‍ നടത്തുന്നില്ല. അവരുടെ കാപട്യത്തെയാണ് അത് കാണിക്കുന്നത്. ഇസ്‌ലാമിനെയും ഇടത്പക്ഷത്തെയും വൈദേശിക പ്രത്യയശാസ്ത്രങ്ങളായാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. അതിലൂടെ ഗുജറാത്തിന് ശേഷം കേരളത്തെ ഹിന്ദുത്വത്തിന്റെ ഒരു പരീക്ഷണശാലയാക്കാം എന്നാണവര്‍ കണക്ക് കൂട്ടുന്നത്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാന്നിദ്ധ്യം കൂടുതലാണ് എന്നത് തന്നെയാണ് അതിന് കാരണം.

വടക്കേ ഇന്ത്യയുടെ ബ്രാഹ്മണ അധീശത്വത്തെപ്രതിനിധീകരിക്കുന്ന ആര്‍.എസ്.എസ് കേരളത്തിലെ ഹൈന്ദവരെ വളരെ താഴ്ന്ന വിഭാഗമായാണ് കണക്കാക്കുന്നത്. 1960 ഡിസംബര്‍ 17ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ആര്‍എസ്എസ് സ്ഥാപകനായ ഗോള്‍വാര്‍ക്കറെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ വേണ്ടി ക്ഷണിക്കുകയുണ്ടായി. വംശസിദ്ധാന്തത്തിലുള്ള തന്റെ വിശ്വാസത്തില്‍ ഊന്നിക്കൊണ്ട് ഇന്ത്യയിലെ ഹിന്ദു സമൂഹത്തിലെ വംശസങ്കലനം (cross breeding) എന്ന വിഷയത്തെക്കുറിച്ച് അന്നദ്ദേഹം സംസാരിക്കുകയുണ്ടായി:

‘വംശസങ്കലന പരീക്ഷണങ്ങള്‍ ഇന്ന് മൃഗങ്ങളില്‍ മാത്രമാണ് നടക്കുന്നത്. അത്തരം പരീക്ഷണങ്ങള്‍ മനുഷ്യരുടെ മേല്‍ നടത്താന്‍ ആധുനിക ശാസ്ത്രജ്ഞര്‍ പോലും ധൈര്യപ്പെടുന്നില്ല. ഈ മേഖലയില്‍ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പരീക്ഷണങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്. വംശസങ്കലനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് വടക്ക് ഭാഗത്തെ നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയത്. അന്ന് നമ്പൂതിരി കുടുംബത്തിലെ മൂത്ത മകന് കേരളത്തിലെ ശൂദ്ര, ക്ഷത്രിയ, വൈശ്യ കുടുംബങ്ങളിലെ മകളെ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന ഒരു നിയമമുണ്ടായിരുന്നു. ഏത് വര്‍ഗത്തിലും പെട്ട വിവാഹിതയായ ഒരു സ്ത്രീയുടെ ആദ്യത്തെ സന്തതിയുടെ പിതാവ് ഒരു നമ്പൂതിരി ബ്രാഹ്മണന്‍ ആയിരിക്കണമെന്നും അതിന് ശേഷമേ തന്റെ ഭര്‍ത്താവിന്റെ മക്കള്‍ക്ക് അവര്‍ ജന്‍മം നല്‍കാന്‍ പാടുള്ളൂ എന്ന ഒരു നിയമം കൂടി അന്നുണ്ടായിരുന്നു. ഇന്നിത് വ്യഭിചാരം എന്നാണ് വിശേഷിപ്പിക്കപ്പെടുക. എന്നാല്‍ അതൊരിക്കലും അങ്ങനെയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.’

ഗോള്‍വാക്കറിന്റെ ഈ വര്‍ത്തമാനം ഏറെ അസ്വസ്ഥതയുളവാക്കുന്നത് തന്നെയാണ്. ഇന്ത്യയില്‍ ഒരു ഉന്നത വംശവും താഴ്ന്ന വംശവും ഉണ്ടായിരുന്നുവെന്നും വംശസങ്കലനത്തിലൂടെ താഴ്ന്ന വംശം അഭിവൃദ്ധിപ്പെടേണ്ടതുണ്ടെന്നും ഗോള്‍വാര്‍ക്കര്‍ വിശ്വസിച്ചിരുന്നു എന്നാണിത് കാണിക്കുന്നത്. വടക്കേ ഇന്ത്യയിലെ ബ്രാഹ്മണര്‍, പ്രത്യേകിച്ചും നമ്പൂതിരി ബ്രാഹ്മണര്‍ ആണ് ഉന്നത വംശം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അത്‌കൊണ്ടാണ് കേരളത്തിലെ താഴ്ന്ന വിഭാഗത്തില്‍ പെട്ട ഹിന്ദുക്കളെ അഭിവൃദ്ധിപ്പെടുത്താന്‍ വടക്കേ ഇന്ത്യയില്‍ നിന്നും നമ്പൂതിരി ബ്രാഹ്മണര്‍ വന്നത്. ലോകത്തുടനീളമുള്ള ഹിന്ദുക്കളെ ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവകാശപ്പെടുന്ന ഒരാളാണ് ഇങ്ങനെ പറയുന്നത് എന്നതാണ് ഏറെ രസകരം. അത്‌പോലെ നമ്പൂതിരി ബ്രാഹ്മണനായ വടക്കേ ഇന്ത്യയിലെ ഉന്നത വംശത്തില്‍ പെട്ട ഒരു ആണിന് മാത്രമേ ദക്ഷിണേന്ത്യയിലെ താഴ്ന്ന വംശത്തില്‍ പെട്ട ഒരു സ്ത്രീയുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയൂ എന്നുമദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഹിന്ദു സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങള്‍ക്ക് യാതൊരു പരിശുദ്ധിയുമില്ല. അവരുമായി യാതൊരു ബന്ധവുമില്ലാത്ത നമ്പൂതിരി ബ്രാഹ്മണരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ വംശോല്‍പ്പാദനം നടത്തുക എന്നത് മാത്രമാണ് അവരുടെ കര്‍ത്തവ്യം. മധ്യകാലത്ത് നടന്നിരുന്ന വളരെ അപരിഷ്‌കൃതമായ ഒരു പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കുകയായിരുന്നു അദ്ദേഹം. പുരുഷാധിപത്യം നിലനിന്നിരുന്ന മേല്‍ജാതി ഹിന്ദു സമൂഹത്തില്‍ മാത്രം നിലനിന്നിരുന്ന ആചാരമായിരുന്നു അത്. താഴ്ന്ന ജാതികളില്‍ പെട്ട സ്ത്രീകള്‍ വിവാഹം കഴിച്ചാല്‍ അവരുടെ ആദ്യരാത്രി ഉന്നത ജാതിയില്‍ പെട്ട പുരുഷന്‍മാരുടെ കൂടെ ചെലവഴിക്കണം എന്ന ആ കാടന്‍ നിയമം യഥാര്‍ത്ഥത്തില്‍ സത്രീകള്‍ക്ക് നേരെയുള്ള ലിംഗാതിക്രമം (Gendered violence) തന്നെയായിരുന്നു.

കേരളത്തിലെ സ്ത്രീകള്‍ക്ക് അപമാനകരമായ ആശയങ്ങള്‍ ആര്‍എസ്എസ് മുറുകെപ്പിടിക്കുന്നുണ്ടെങ്കിലും കേരള സമൂഹത്തില്‍ അവര്‍ക്കിപ്പോഴും നല്ല സ്വാധീനമുണ്ട് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഹിന്ദുക്കളുടെ സംരക്ഷകരായാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്.

കേരളത്തിലെ ചില പ്രദേശങ്ങള്‍ രാഷ്ട്രീയ അക്രമങ്ങളുടെ പിടിയിലാണ് എന്നതില്‍ സംശയമില്ല. സാക്ഷരതക്കും ഉന്നതമായ സാംസ്‌കാരിക ബോധത്തിനും ലിംഗനീതിക്കുമെല്ലാം പേരുകേട്ട ഒരു സംസ്ഥാനത്ത സംബന്ധിച്ചിടത്തോളം അത് ദുഖകരം തന്നെയാണ്. ഹിന്ദുത്വ നേതാക്കള്‍ പറയുന്നത് തങ്ങളുടെ പ്രവര്‍ത്തകര്‍ മാത്രമാണ് അക്രമങ്ങളില്‍ കൊല്ലപ്പെടുന്നത് എന്നാണ്. എന്നാലിത് ശരിയല്ല. പത്രപ്രവര്‍ത്തകയായ എന്‍.ഡി.ടി.വിയിലെ സ്‌നേഹ മാരി കോശി സമാഹരിച്ച പോലീസ് റെക്കോര്‍ഡുകളില്‍ ഇങ്ങനെ കാണാം: ‘2000ത്തിന് ശേഷം 172ഓളം രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നിട്ടുണ്ട്. അവയില്‍ ആര്‍എസ്എസിനും ബിജെപിക്കും 65 പാര്‍ട്ടി പ്രവര്‍ത്തകരെയും സിപിഎമ്മിന് 85 പ്രവര്‍ത്തകരെയും നഷ്ടപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും 11 പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്’. ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണ് രാഷ്ട്രീയ അക്രമങ്ങളുടെ ഇരകള്‍ എന്ന അവരുടെ അവകാശവാദം വസ്തുതക്ക് നിരക്കാത്തതാണ് എന്നാണിത് കാണിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട എല്ലാവരും ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ് എന്നതാണ് സങ്കടകരമായ വസ്തുത.

‘ആഭ്യന്തര ഭീഷണികള്‍’ എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തില്‍ ‘വെറുപ്പിന്റെ ഗുരു’ (Guru of hate)എന്നാണ് ഗോള്‍വാള്‍ക്കറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൂന്ന് വിഭാഗം ജനങ്ങള്‍ ആഭ്യന്തര ഭീഷണികളാണെന്നും അവരെ നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്‌ലിംകള്‍, ക്രൈസ്തവര്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരാണ് യഥാക്രമം ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഭീഷണികള്‍. മുസ്‌ലിംകളും ക്രൈസ്തവരും കാലങ്ങളായി ഹിന്ദുത്വ ശക്തികളുടെ ഇരകളാണ്. പുറത്ത് നിന്ന് വന്നവര്‍ എന്നതാണ് അവരെക്കുറിച്ച് ഹിന്ദുത്വര്‍ ഉന്നയിക്കുന്ന ആരോപണം. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് നേരെയാണവര്‍ തിരിഞ്ഞിരിക്കുന്നത്. ഗോള്‍വാള്‍ക്കര്‍ എഴുതുന്നു:’സോഷ്യലിസം ഈ മണ്ണിന്റെ ഉല്‍പ്പന്നമല്ല. അത് നമ്മുടെ രക്തത്തിലോ പാരമ്പര്യത്തിലോ ഉള്ളതല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ ദേശീയതയുടെ ആശയവുമായോ പാരമ്പര്യവുമായോ അതിന് യാതൊരു ബന്ധവുമില്ല.’

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഒരു സോഷ്യലിസ്റ്റ് ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ വേണ്ടി തങ്ങളുടെ ജീവന്‍ ബലികൊടുത്ത ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ്, രാജ്ഗുരു, അശ്ഫാഖുല്ല ഖാന്‍ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെ ഗോള്‍വാള്‍ക്കര്‍ ഇവിടെ അപമാനിച്ചിരിക്കുകയാണ്. സോഷ്യലിസത്തെ ഒരു വിദേശ പ്രത്യയശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്ന ഗോള്‍വാള്‍ക്കര്‍ സോഷ്യലിസത്തെക്കുറിച്ച സ്വപ്‌നങ്ങള്‍ പങ്ക് വെച്ച സ്വാമി വിവേകാനന്ദനെയും വെറുതെ വിടുന്നില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിതായിരുന്നു: ‘ഞാനൊരു സോഷ്യലിസ്റ്റാണ്. അതൊരു മഹത്തായ വ്യവസ്ഥയായത് കൊണ്ടല്ല. വിശപ്പടക്കാന്‍ ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരു ചെറിയ അപ്പക്കഷ്ണം.’ വരാനിരിക്കുന്ന സാമൂഹ്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയാണ് സോഷ്യലിസം എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

താഴ്ന്ന ജാതികളില്‍ പെട്ട ഹിന്ദുക്കള്‍ ജീവിക്കുന്ന ഇന്ത്യയിലെ വിവിധങ്ങളായ പ്രദേശങ്ങളുടെ മേല്‍ അപ്രമാദിത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഹിന്ദുത്വ ശക്തികള്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ ആസൂത്രണങ്ങളില്‍ വീണുപോകാതെ കേരളത്തിലെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് ജാതീയതയും വംശീയതയും അസമത്വവും മാത്രം നിലനില്‍ക്കുന്ന സനാതന്‍ ഹിന്ദു രാഷ്ട്ര എന്ന ദേശവിരുദ്ധ പദ്ധതിക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇടത്പക്ഷം ചെയ്യേണ്ടത്.

വിവ: സഅദ് സല്‍മി
അവലംബം: sabrangindia.in

Related Articles