Current Date

Search
Close this search box.
Search
Close this search box.

ശിവാജിയും ഔറംഗസേബും ചരിത്രഗ്രന്ഥങ്ങളില്‍ ഉറങ്ങട്ടെ

shivaji-and-aurangazeb.jpg

3600 കോടി രൂപ മുടക്കി അറബിക്കടലില്‍ ഒരു ശിവാജി സ്മാരകം നിര്‍മിക്കുന്ന പദ്ധതിക്ക് ഒക്ടോബറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുണ്ടായി. 17-ാം നൂറ്റാണ്ടില്‍ മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവാജി എന്ന പോരാളിയോടുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രേമം ഒരു രഹസ്യമല്ല. മുംബൈ വിമാനത്താവളത്തിന് ചത്രപതി ശിവാജി എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. വിമാനത്താവളത്തിനകത്ത് അദ്ദേഹത്തിന്റെ കൂറ്റന്‍ പെയ്ന്റിംഗും, നഗരത്തില്‍ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. പൊതുരാഷ്ട്രീയ ഭാവനയില്‍ അദ്ദേഹം ധീരനായ പോരാളിയും, മുഗള്‍ സാമ്രാജ്യത്തിനെതിരെ പടനയിച്ച വീരശൂരപരാക്രമിയും, കോടതികളില്‍ പേര്‍ഷ്യന്‍ ഭാഷക്ക് പകരം സംസ്‌കൃതവും മറാത്തിയും കൊണ്ട് വന്ന് മുഗള്‍ അധിപത്യം തകര്‍ത്ത് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിച്ച മഹാനായ രാജാവുമാണ്.

ശിവാജിയുടെ പാത പിന്തുടരുന്ന ശിവാജിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരായിട്ടാണ് ഭരണകൂടം തങ്ങളെ സ്വയം കാണുന്നത്. ഔറംഗസേബിന്റെ ഇസ്‌ലാമിക സംസ്‌കാരം അടക്കമുള്ള ഇതര സംസ്‌കാരങ്ങളുടെ മേല്‍ ആധിപത്യ മനോഭാവം വെച്ച് പുലര്‍ത്തിയാണ് ഇന്ന് മാറാത്തി ദേശീയതയുടെ മുന്നോട്ട് പോക്ക്.

ഔറംഗസേബിനോടുള്ള വെറുപ്പിന്റെ കാര്യത്തില്‍ മാറാത്തി സംസ്‌കാരം ഒറ്റക്കല്ല. കഴിഞ്ഞ വര്‍ഷം, ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ നഗരഹൃദയത്തിലെ ‘ഔറംഗസേബ് റോഡ്’ ‘എ.പി.ജെ അബ്ദുല്‍ കലാം റോഡ്’ എന്ന് പുനഃനാമകരണം ചെയ്യുകയുണ്ടായി.

കേന്ദ്രം ഭരിക്കുന്നവരുടെ മനോഭാവം കൃത്യമായി പ്രതിഫലിപ്പിച്ച പ്രസ്തുത നീക്കം, അമുസ്‌ലിംകളെ കൊന്നൊടുക്കിയ ഒരു തീവ്രമുസ്‌ലിം ഏകാധിപതിയാണ് ഔറംഗസേബ് എന്ന മിത്തിനെ ഊട്ടിയുറപ്പിച്ചു. സമാന്തരമായി പോകുന്ന ‘അക്ബര്‍ റോഡി’നെ ഒന്നും ചെയ്യാതെ ‘ഔറംഗസേബ് റോഡ്’ മാത്രം പുനഃനാമകരണം ചെയ്യപ്പെട്ടതിന് ഒരു കാരണമുണ്ട്. ആധുനിക ഇന്ത്യയില്‍ ഒരു മതേതര ചിഹ്നമായിട്ടാണ് അക്ബര്‍ ചക്രവര്‍ത്തി വീക്ഷിക്കപ്പെടുന്നത്. ഈ ചിഹ്നം ഉള്‍ക്കൊള്ളപ്പെടേണ്ടതും മറ്റേത് പുറന്തള്ളപ്പെടേണ്ടതുമാണ്. ‘നല്ല മുസ്‌ലിമും’ ‘ചീത്ത മുസ്‌ലിമും’ എന്ന സംവാദത്തിന് റോഡിന്റെ പുനഃനാമകരണം വഴിവെച്ചു. അബ്ദുല്‍ കലാമും അക്ബറും ‘നല്ല മുസ്‌ലിമി’നെ പ്രതിനിധീകരിക്കുന്നത് കൊണ്ട് അവര്‍ക്ക് ഇന്ത്യയില്‍ ഇടമുണ്ട്. ‘ചീത്ത മുസ്‌ലിംകള്‍’ നിര്‍ബന്ധമായും പാകിസ്ഥാനിലേക്ക് പോകണം.

ഇവിടെ ഒരു ചോദ്യം അനിവാര്യമായും ചോദിക്കേണ്ടതുണ്ട്: ശിവാജി, ഔറംഗസേബ്, അക്ബര്‍ എന്നിവരെ കുറിച്ച സമകാലിക ധാരണകളെല്ലാം അവരുടെ യഥാര്‍ത്ഥ കര്‍മ്മചരിത്രത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നവയാണോ? അതെല്ലാം കേവലം നമ്മുടെ വര്‍ത്തമാനകാല രാഷ്ട്രീയ ഭാവനകളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണോ? നാം എങ്ങനെയാണോ നമ്മെ കാണാന്‍ ആഗ്രഹിക്കുന്നത് അതിന്റെ ഒരു പ്രതിഫലനമാണോ ഈ ചരിത്രപുരുഷന്‍മാരെ കുറിച്ചുള്ള നമ്മുടെ ഭാവനകള്‍?

കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ആയിരുന്ന സമയത്താണ് ടിപ്പുവിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നത്. ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. വര്‍ഷങ്ങളോളം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ കോട്ടക്കെട്ടി പ്രതിരോധിച്ച ധീരനെന്ന നിലയില്‍ മൈസൂര്‍ രാജാവിന്റെ ജന്മം ദിനം നവംബര്‍ 10-ന് ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യപ്രതിപക്ഷമായ ബി.ജെ.പി ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്നു. ടിപ്പുവിനെ മതഭ്രാന്തന്‍ എന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മുസ്‌ലിം ‘ന്യൂനപക്ഷ’ പ്രീണനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലേറുകയും, രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുത വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതോടെ വിഷയം ദേശീയ ശ്രദ്ധയാര്‍ജ്ജിച്ചു. ബീഫ് നിരോധനം, ദാദ്രിയിലെ അഖ്‌ലാക്കിന്റെ കൊല, അവാര്‍ഡ് മടക്കി നല്‍കല്‍ കാമ്പയിന്‍ തുടങ്ങിയവ ബി.ജെ.പിയെ പ്രതികൂലമായി ബാധിച്ച സമയത്ത്, ടിപ്പു സുല്‍ത്താനെ ഏറ്റുപിടിക്കുന്നതിലൂടെ ന്യൂനപക്ഷ സംരക്ഷകര്‍ എന്ന പദവി പാര്‍ട്ടിക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസ്സ് ചിന്തിച്ചു. അതേസമയം ഹിന്ദു സംസ്‌കാര സംരക്ഷകര്‍ എന്ന പേരില്‍ അറിയപ്പെടാനാണ് ബി.ജെ.പി ആഗ്രഹിച്ചത്.

എങ്ങനെ സ്വയം അറിയപ്പെടണം എന്നതിന്റെ പ്രതിഫലനമായിരുന്നു രണ്ട് പാര്‍ട്ടികളുടെയും നിലപാടുകള്‍. ചരിത്രകാരന്‍മാരും, ഗവേഷകരും, പണ്ഡിതന്‍മാരുമെല്ലാം തന്നെ ടിപ്പു സുല്‍ത്താന്‍ ഒരു മതഭ്രാന്തനാണോ, അല്ലേ, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടതുണ്ടോ എന്നൊക്കെയുള്ള അന്വേഷണത്തില്‍ മുഴുകി.

വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ ബംഗളൂരുവിലെ എന്റെ ആതിഥേയനും, പ്രശസ്ത ചരിത്രകാരനുമായ വിക്രം വി സമ്പത്തിനോട് ഞാന്‍ അഭിപ്രായം ആരാഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വിക്രം തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യം എന്റെ കാഴ്ച്ചപ്പാടുകളെ മാറ്റി മറിക്കുന്നതായിരുന്നു.

ടിപ്പു സുല്‍ത്താന്‍ ഏത് തരത്തിലുള്ള വ്യക്തിയുമായിക്കൊള്ളട്ടെ, ഒരു ചരിത്രപുരുഷനെ, ഒരു സമ്പൂര്‍ണ്ണ ചക്രവര്‍ത്തിയെ അളക്കാന്‍ നാം ആധുനിക കാലത്തെ അളവുകോലുകളാണ് ഉപയോഗിച്ചു കൊണ്ടിരുന്നത് എന്ന വസ്തുതയാണ് പ്രശ്‌നവത്കരിക്കേണ്ടത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സഹിഷ്ണുത, ഭാഷ, രാഷ്ട്രീയ അനിവാര്യതകള്‍ എന്നിവയുടെ അളവുകോലുകളെല്ലാം തന്നെ അക്കാലത്ത് വളരെ വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ, ആധുനിക അളവുകോലുകള്‍ വെച്ച് അളക്കുമ്പോള്‍ ടിപ്പു സുല്‍ത്താന്‍ ഒരു ഏകാധിപതി തന്നെയായിരുന്നു. അതിനാല്‍, 1947-ന് ശേഷം ജനാധിപത്യരാഷ്ട്രമായി മാറിയ ഇന്ത്യന്‍ റിപ്പബ്ലക്കിന് 18-ാം നൂറ്റാണ്ടിലെ ഒരു രാജാവിനെ ആദരിക്കേണ്ട ഒരാവശ്യവുമില്ല. അവരുടെ എല്ലാവിധ അധികാരങ്ങളോടും, ന്യൂനതകളോടും കൂടി അവര്‍ ചരിത്രപുരുഷന്‍മാരായി തന്നെ നിലകൊള്ളട്ടെയെന്നാണ് വിക്രം പറഞ്ഞത്. ആധുനിക സമൂഹത്തിലേക്ക് അവരെ വലിച്ചിഴക്കേണ്ട ഒരാവശ്യവുമില്ല, കാരണം അവരിവിടെ ഫിറ്റാവുകയില്ല.

ഇക്കാര്യത്തില്‍ ഇന്ത്യയെ പോലെ തന്നെയാണ് സഹോദരനായ പാകിസ്ഥാനും. രാജ്യത്തിന്റെ വ്യക്തിത്വം ഉയര്‍ത്തി കാട്ടാനായി ചരിത്രപുരുഷന്‍മാരായ രാജാക്കന്‍മാരെ ഉപയോഗിക്കുന്ന പ്രവണത അവിടെയുമുണ്ട്. മുഹമ്മദ് ബിന്‍ ഖാസിം, മഹ്മൂദ് ഗസ്‌നവി, മുഹമ്മദ് ഗോറി, അഹ്മദ് ഷാ അബ്ദലി തുടങ്ങിയ മുസ്‌ലിം രാജാക്കന്‍മാരും, അധിനിവേശകരുമെല്ലാം തന്നെ ഇസ്‌ലാമിന്റെ പോരാളികളായും, അവര്‍ നടത്തിയ യുദ്ധങ്ങളെല്ലാം അവിശ്വാസികള്‍ക്കെതിരായ പോരാട്ടങ്ങളുമായാണ് കണക്കാക്കപ്പെടുന്നത്.

സ്‌കൂള്‍ ടെക്സ്റ്റ്ബുക്കുകളില്‍ ഈ ചരിത്രപുരുഷന്‍മാര്‍ ആഘോഷിക്കപ്പെടുന്നു. രാജ്യത്തെ റോഡുകളും സ്മാരകങ്ങളുമെല്ലാം അവരുടെ പേരിനാല്‍ നാമകരണം ചെയ്യപ്പെടുന്നു. രാജ്യത്ത് നിര്‍മിക്കപ്പെട്ട മൂന്ന് അതിശക്ത ഹൃസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകള്‍ക്ക് അവരുടെ പേരാണ് നല്‍കിയത്. ശിവാജിയോ, ഔറംഗസേബോ, ബിന്‍ ഖാസിമോ, അബ്ദലിയോ ആരുമായിക്കൊള്ളട്ടെ, അവരുടെ കാലത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട് കേവലം കാരിക്കേച്ചറുകളാക്കപ്പെട്ട ഈ ചരിത്രപുരുഷന്‍മാര്‍ ഈ രണ്ട് രാജ്യത്തും ആഘോഷിക്കപ്പെടുകയാണ്, ആക്രമിക്കപ്പെടുകയാണ്. ദേശീയതയുടെ പേരില്‍ പരസ്പരം എതിര്‍ദിശയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ ചരിത്രപുരുഷന്‍മാരെല്ലാം തന്നെ, സ്വഭാവത്തിന്റെ കാര്യത്തില്‍ അസാമാന്യ സാമ്യതകള്‍ ഉള്ളവരാണെന്നതാണ് യാഥാര്‍ത്ഥ്യം.

അവലംബം: scroll.in
വിവര്‍ത്തനം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles