Current Date

Search
Close this search box.
Search
Close this search box.

വൈകിയെത്തുന്ന നീതി നീതി നിഷേധം തന്നെ

kaleem-zahed.jpg

മകന്റെ അറസ്റ്റിന് ശേഷം നേരിട്ട കൊടുംപരീക്ഷണങ്ങള്‍ ഓര്‍ക്കുകയാണ് ഖൈറുന്നീസ ബീഗം. 2005ല്‍ ബീഗംപേട്ട് ടാസ്‌ക് ഫോഴ്‌സ് ബോംബ് സ്‌ഫോടന കേസില്‍ മകന്‍ മുഹമ്മദ് കലീമിനെ അറസ്റ്റ് ചെയ്തതോടെ അവര്‍ കഴിഞ്ഞിരുന്ന വാടകവീട്ടില്‍ നിന്നും കുടുംബം ഒന്നടങ്കം കുടിയിറക്കപ്പെട്ടു. മറ്റൊരു വീടു കിട്ടാത്തതിനാല്‍ ലാല്‍ബഹാദൂര്‍ നഗറിലെ സഹോദരപുത്രന്റെ വീട്ടിലാണ് പിന്നീട് കഴിഞ്ഞത്. അടുത്ത ബന്ധുക്കള്‍ പോലും കുടുംബത്തെ കയ്യൊഴിഞ്ഞതും ഖൈറുന്നീസ ഓര്‍ക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം കലീമിന് ഒരു മാസം മുമ്പ് വിവാഹം ചെയ്ത തന്റെ ഭാര്യയെയും ഉപേക്ഷിക്കേണ്ടി വന്നു. കലീമിന്റേത് പ്രേമവിവാഹമായിരുന്നെങ്കിലും താന്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ അവന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യയോട് പറയുകയായിരുന്നു. അവളിപ്പോള്‍ മറ്റൊരാളെ വിവാഹം ചെയ്ത് ജീവിക്കുന്നു.

വെല്‍ഡിംഗ് ജോലികള്‍ ചെയ്തു കൊണ്ട് ജീവിച്ചിരുന്ന കലീമിന് അന്ന് 23 വയസ്സായിരുന്നു പ്രായം. കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് പോകും വഴിയിലാണ് അംബര്‍പേട്ട് സ്വദേശിയായ കലീമിനെ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്യുന്നത്. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പോലീസ് അദ്ദേഹത്തെ കൊണ്ടു പോയി. അറസ്റ്റിന് പിന്നിലെ കാരണം എന്താണെന്ന് അവര്‍ക്ക് മനസ്സിലായിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷമാണ് ടാസ്‌ക് ഫോഴ്‌സ് ബോംബ് സ്‌ഫോടന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപനം വരുന്നത്. ശരിയായി നടക്കാന്‍ പോലും കഴിയാത്ത രീതില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനങ്ങള്‍ സഹിക്കേണ്ടി വന്നെന്ന് കലീം പറയുന്നു.

സമാനമായ പരീക്ഷണമാണ് അബ്ദുല്‍ സാഹിദിന്റെ കുടുംബവും നേരിട്ടത്. യാതൊരു തെളിവും ഇല്ലാതെയാണ് അദ്ദേഹത്തെ കേസില്‍ അകപ്പെടുത്തിയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 22 വയസ്സ് മാത്രമായിരുന്നു സാഹിദിന്റെ പ്രായം. അവിവാഹിതനായ അവന് തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടമാണ് നഷ്ടമായത്. സാഹിദിന്റെ വൃദ്ധരായ മാതാപിതാക്കള്‍ വലിയ ദുരിതത്തിലാണ് 12 വര്‍ഷം ജീവിച്ചത്. ആന്ധ്രപ്രദേശിലെ ജയിലുകളില്‍ മാറിമാറി പാര്‍പ്പിച്ചിരുന്ന തങ്ങളുടെ മകനെയൊന്ന് കാണാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല.

ഒരു അധ്യാപകനായിരുന്ന അവന്റെ പിതാവിന് 87ഉം മാതാവിന് 82ഉം ആണ് പ്രായം. ഹര്‍കത്തുല്‍ ജിഹാദുല്‍ ഇസ്‌ലാമി ഭീകരനെന്ന സംശയത്തിന്റെ പേരില്‍ പോലീസ് അന്വേഷിച്ചിരുന്ന മരണപ്പെട്ട ഷാഹിദ് ബിലാലിന്റെ സഹോദരനായി എന്ന കാരണത്താലാണ് സാഹിദ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഇപ്പോള്‍ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയെങ്കിലും ജയിലുകളില്‍ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് തങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ വര്‍ഷങ്ങളാണ്.

അവലംബം: siasat.com

Related Articles