Current Date

Search
Close this search box.
Search
Close this search box.

വിസ്മരിക്കപ്പെട്ട നേപ്പാള്‍ മുസ്‌ലിംകള്‍

nepal.jpg

കാഠ്മണ്ഡുവിലെ ജാമി മസ്ജിദിന്റെ ഒരു മൂലയില്‍, പഴയ രാജകൊട്ടാരത്തില്‍ നിന്നും കുറച്ച് അകലെയായാണ്, മുന്‍ പ്രതാപമോ മോടിയോ ഇല്ലാതെ ബീഗം ഹസ്‌റത്ത് മഹല്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ഇന്ത്യന്‍ നാട്ടുരാജ്യമായ അവധിലെ രാജ്ഞിയായിരുന്ന ഹസ്‌റത്ത് മഹല്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീര വനിതയാണ്. കലാപം അടിച്ചമര്‍ത്തപ്പെട്ടതിന് ശേഷം ലഖ്‌നൗവില്‍ നിന്ന് പലായനം ചെയ്ത ബീഗത്തിന് നേപ്പാള്‍ രാജാവായിരുന്ന ജംഗ് ബഹാദൂര്‍ ഥാപ്പ അഭയം നല്‍കി. രാജ്ഞിയോടൊപ്പം ധാരാളം അനുയായികളും അവരെ നേപ്പാളിലേക്ക് അനുഗമിച്ചിരുന്നെന്നാണ് ജാമി മസ്ജിദ് സെക്രട്ടറിയായ എം. ഹുസൈന്‍ പറയുന്നത്.

എന്നാല്‍ ബീഗം ഹസ്‌റത്ത് മഹലിന്റെ ആഗമനത്തിനും വളരെ മുമ്പ് തന്നെ നേപ്പാളില്‍ ഇസ്‌ലാം എത്തിയിരുന്നു. 15-ാം നൂറ്റാണ്ടില്‍ ടിബറ്റിലെ ലാസയിലേക്ക് പോകുന്ന വഴിക്ക് കാഠ്മണ്ഡുവിലെത്തിയ കശ്മീര്‍ വ്യാപാരികളാണ് നേപ്പാളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയത് എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. അന്നത്തെ രാജാവായ രത്‌നമല്ലയുടെ കാലത്ത് കാഠ്മണ്ഡു, ഭക്താപൂര്‍, ലളിത്പൂര്‍ എന്നിവിടങ്ങളില്‍ അവര്‍ താമസമാക്കിയതായും അറിയുന്നു. 500 വര്‍ഷം പഴക്കമുള്ള കശ്മീരി തകിയ്യ മസ്ജിദ് നേപ്പാളിലെ ഇസ്‌ലാമിക പാരമ്പര്യം വിളിച്ചോതി ഇന്നും കാഠ്മണ്ഡുവില്‍ കാണാം. നൂറ്റാണ്ടുകളോളം നിശബ്ദ ന്യൂനപക്ഷമായി മുസ്‌ലിംകള്‍ നേപ്പാളില്‍ കഴിഞ്ഞുവെന്ന് ഹുസൈന്‍ പറയുന്നു. എന്നാല്‍ 1996 മുതല്‍ 2006 വരെയുള്ള മാവോയിസ്റ്റ് കലാപത്തിന് ശേഷം നേപ്പാളിലെ മുസ്‌ലിംകള്‍ കൂടുതല്‍ സജീവരാണ്. കാരണം മാവോയിസ്റ്റ് കലാപമാണ് തങ്ങളുടെ രാഷ്ട്രീയപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുസ്‌ലിംകള്‍ക്ക് അവസരമൊരുക്കിയത്, പള്ളിക്കുള്ളിലെ തന്റെ ചെറിയ ഓഫീസിലിരുന്ന് ഹുസൈന്‍ വിശദീകരിച്ചു. 2008-ല്‍ രാജാധിപത്യം അവസാനിപ്പിച്ച് മാവോയിസ്റ്റുകള്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം മുസ്‌ലിം ആഘോഷദിവസങ്ങള്‍ നേപ്പാളില്‍ പൊതു അവധികളായി.

കാഠ്മണ്ഡുവില്‍ നിന്ന് 500 കി.മീ അപ്പുറത്ത്, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാങ്കേ ജില്ലയിലെ മുസ്‌ലിം വീടുകള്‍ക്ക് മുകളിലാകെ ഖുര്‍ആനിക സൂക്തങ്ങള്‍ ആലേഖനം ചെയ്ത പച്ച കൊടികള്‍ നാട്ടിയിരിക്കുന്നത് കാണാം. നബിദിനാഘോഷത്തിന്റെ ഭാഗമായാണ് ഇങ്ങനെ കൊടികള്‍ നാട്ടിയിരിക്കുന്നത്. ഇത്തരം മതചിഹ്നങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാം എന്നത് നേപ്പാള്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ച മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളുടെ പ്രതിഫലനമാണ്. രാജ്യത്തെ 95 ശതമാനം മുസ്‌ലിംകളും വസിക്കുന്ന തരായ് പ്രദേശത്താണ് ബാങ്കേ ജില്ല സ്ഥിതിചെയ്യുന്നത്. കാഠ്മണ്ഡു താഴ്‌വരയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ വസിക്കുന്ന അധിക മുസ്‌ലിംകളും ദരിദ്രരും ഭൂമിരഹിതരുമാണ്. 28-കാരനായ ആലം ഖാന്‍ പ്രദേശത്തെ സാമ്പത്തിക ഭദ്രതയുള്ള അപൂര്‍വം മുസ്‌ലിംകളില്‍ ഒരാളാണ്. ബാങ്കേയിലെ നേപ്പാള്‍ജംഗ് നഗരവാസിയായ ഖാന്‍ ടി.എച്ച്.ആര്‍.ഡി അലയന്‍സ് എന്ന സര്‍ക്കാതേര സംഘടനയില്‍ ജോലി ചെയ്യുന്നു. ഭരണകൂട ഭീകരതയ്‌ക്കെതിരെയും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. നേപ്പാളിലെ താന്‍ ഉള്‍പ്പെട്ട മധേശി വിഭാഗം രാജ്യത്ത് ഏറെ വിവേചനങ്ങള്‍ നേരിടുന്നവരാണെന്ന് ആലം ഖാന്‍ പറയുന്നു.

ഒരു മധേശി നേതാവിനെ അഭിമുഖം നടത്തിയതിന് തനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന ഖാന്‍ പറയുന്നു. അവര്‍ക്ക് ഒന്നും തെളിയിക്കാനായില്ല. അത് മരണ മുഖത്ത് നിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു, ഖാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ നേപ്പാളിലെ വിദൂര പ്രദേശങ്ങളില്‍ ഇത്തരം വിവേചനങ്ങള്‍ നേരിടുന്ന മനുഷ്യരുടെ കേസുകള്‍ പഠിക്കുകയാണ് ആലം ഖാന്‍. തന്റെ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകളെ വകവെക്കാതെ തദ്ദേശീയ മഗാര്‍ വിഭാഗത്തില്‍ പെട്ട ഒരു അമുസ്‌ലിം പെണ്‍കുട്ടിയെയാണ് ആലം ഖാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന കാലത്ത് തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് എനിക്ക് തോന്നി. അവളെ വീട്ടുകാര്‍ ഉള്‍ക്കൊണ്ട് വരുന്നതേ ഉള്ളൂ, ഖാന്‍ പറയുന്നു. മിശ്രവിവാഹങ്ങള്‍ വളരെ അപൂര്‍വമായ ഒരു രാജ്യത്ത് ആലം ഖാനിന് പല സാമൂഹ്യ പ്രതിബന്ധങ്ങളെയും വെല്ലുവിളിക്കേണ്ടി വന്നിട്ടുണ്ട്.

നേപ്പാളിലെ പിന്നാക്ക ജനവിഭാഗങ്ങളിലൊന്നായ മുസ്‌ലിംകളില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. നേപ്പാളിലെ മുസ്‌ലിം സ്ത്രീ സാക്ഷരത 26 ശതമാനമാണ്. രാജ്യത്തെ ശരാശരി സ്ത്രീ സാക്ഷരതാ നിരക്ക് 55 ശതമാനമാണ് എന്നോര്‍ക്കുക. 12 ശതമാനം മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമാണ് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. പര്‍ദ്ദ ധരിച്ച മുസ്‌ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും അന്യഗ്രജീവികളെ പോലെയാണ് ജനങ്ങള്‍ നോക്കുന്നത്. ഇത് ഒരുതരം മാനസിക പീഢനമാണ്, നേപാള്‍ജംഗ് ജാമി മസ്ജിദ് മുന്‍ ചെയര്‍മാനായ അബ്ദുറഹ്മാന്‍ പറയുന്നു. ഒന്നുകില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളോ പഠനസഹായമോ നല്‍കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ മക്കള്‍ക്ക് സ്വന്തം നിലക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മുസ്‌ലിം വിദ്യാര്‍ഥികള്‍ 5000-ത്തിന് താഴെയാണ്.

എന്നാല്‍ നേപ്പാളില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥകളെ പരിഗണിക്കാതിരുന്നിട്ടില്ല. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് അവസരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ മദ്രസാ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. 2007-ല്‍ മദ്രസാ ബോര്‍ഡ് രൂപീകരിക്കപ്പെടുകയും നേപ്പാള്‍ ചരിത്രത്തിലാദ്യമായി രാജ്യത്തെ മുസ്‌ലിംകളുടെ സംസാര ഭാഷയായ ഉര്‍ദുവില്‍ കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, നേപ്പാളി എന്നീ വിഷയങ്ങള്‍ കൂടി പഠിപ്പിക്കണമെന്ന നിബന്ധനയോട് കൂടി ഇത്തരം മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും ഏര്‍പ്പെടുത്തിയിരുന്നു. രാജഭരണ കാലത്താകട്ടെ നേപ്പാളി ഭാഷ മാത്രമായിരുന്നു സര്‍ക്കാറിന്റെ ഔദ്യോഗിക ഭാഷ. എന്നാല്‍ ഒരു പതിറ്റാണ്ട് തികയാറായിട്ടും 2007-ലെ വാഗ്ദാനങ്ങള്‍ പലതും പാലിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്ത മദ്രസകള്‍ രാജ്യത്ത് ധാരാളമാണ്. ആയിഷാ ബനാത്ത് എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കായി ഇംഗ്ലീഷ് മീഡിയം മദ്രസകള്‍ നടത്തുന്ന ബദ്രെ ആലം ഖാന്റെ പരാതിയും മറ്റൊന്നുമല്ല. ദാരിദ്ര്യമാണ് അധിക മുസ്‌ലിം പെണ്‍കുട്ടികളും നിരക്ഷരരായി തുടരാന്‍ കാരണമെന്ന് മദ്രസാ പ്രിന്‍സിപ്പാളും ഇന്ത്യക്കാരിയുമായ തലത്ത് പര്‍വീന്‍ പറയുന്നു.

3 കോടി ജനസംഖ്യയുള്ള നേപ്പാളില്‍ കേവലം 5 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. മുസ്‌ലിംകള്‍ മധേശ് പ്രദേശത്താണ് വസിക്കുന്നതെങ്കിലും അവരുടെ സംസ്‌കാരം തീര്‍ത്തും വിഭിന്നമാണെന്ന് യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ പ്രാദേശിക നേതാവായ അത്താര്‍ ഹുസൈന്‍ ഫാറൂഖി പറയുന്നു. 2015-ല്‍ നിലവില്‍ വന്ന പുതിയ നേപ്പാള്‍ ഭരണഘടന ആദ്യമായി മുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കി. തൊഴില്‍ രംഗത്തും മുസ്‌ലിം സംവരണം നടപ്പാക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന നഗരമായ നേപാള്‍ജംഗില്‍ ഇപ്പോള്‍ ഒരു റേഡിയോ സ്‌റ്റേഷന്‍, സ്‌കൂളുകള്‍, ചാരിറ്റി സംഘടനകള്‍ എന്നിവയൊക്കെ മുസ്‌ലിംകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. പുതിയ സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിംകളുടെ ഉന്നമനത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് പ്രത്യാശിക്കുന്നതായി അത്താര്‍ ഹുസൈന്‍ പറഞ്ഞു.

വിവ: അനസ് പടന്ന

Related Articles