Current Date

Search
Close this search box.
Search
Close this search box.

വിവാഹധൂര്‍ത്തിനെതിരെ മഹല്ല് സംവിധാനം ഉപയോഗപ്പെടുത്താനാവണം

vivah.jpg

വിവാഹത്തോടനുബന്ധിച്ചുള്ള അത്യാചാരങ്ങളെ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘മംഗല്യം അഥവാ ധൂര്‍ത്തിന്റെ മാമാങ്കം’എന്ന പരമ്പരയില്‍ വന്ന മിക്ക അത്യാചാരങ്ങളും മുസ്‌ലിം സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്നവയാണ്. മുസ്‌ലിം സംഘടനാ ഭാരവാഹികളും മതപണ്ഡിതന്മാരും സമുദായ നേതാക്കളും ആത്മാര്‍ഥമായി ശ്രമിച്ചാല്‍ അതിവേഗം അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ സാമൂഹിക തിന്മകള്‍. മുസ്‌ലിം സമുദായത്തില്‍ വ്യവസ്ഥാപിതമായി നിലനില്‍ക്കുന്ന മഹല്ല് സംവിധാനം അതിനായി ഫലപ്രദമായി ഉപയോഗിച്ചാല്‍ മാത്രം മതി.

എല്ലാ പള്ളി മഹല്ല് കമ്മിറ്റികളുടെയും കീഴില്‍ വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥിരം സംവിധാനമുണ്ടാക്കുക. പള്ളി ഇമാം, കമ്മിറ്റി ഭാരവാഹികള്‍, നാട്ടില്‍ സ്വാധീനമുള്ള വ്യക്തികള്‍ എന്നിവരുള്‍ക്കൊള്ളുന്നതായിരിക്കണം ഈ സമിതി. കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളും ഏതെങ്കിലും മതസംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തുന്നവയായതിനാല്‍ അവ നിശ്ചയിക്കുന്ന വ്യവസ്ഥകളും ക്രമങ്ങളും അനായാസം പാലിക്കപ്പെടും. പള്ളിക്കമ്മിറ്റിയും അതിന്റെ കീഴിലുണ്ടാകുന്ന സമിതിയും ചില നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും.

1. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരാമര്‍ശിക്കുന്ന വ്യക്തമായ പെരുമാറ്റച്ചട്ടം ഉണ്ടാക്കുക. ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും മറ്റനാവശ്യ കാര്യങ്ങളും സാമൂഹിക തിന്മകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ പര്യാപ്തമായിരിക്കണം പെരുമാറ്റച്ചട്ടം. അത് പള്ളിക്കമ്മിറ്റിയുടെ പരിധിയിലുള്ള എല്ലാവരും കണിശമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അവ പാലിക്കാത്ത വിവാഹങ്ങള്‍ക്ക് പള്ളിക്കമ്മിറ്റി സഹകരിക്കുകയോ ഇമാം കാര്‍മികത്വം വഹിക്കുകയോ ഇല്ലെന്ന് തീരുമാനിക്കുക.
2. സ്ത്രീധനം, സൗന്ദര്യഭ്രമം എന്നിവക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുക. സ്ത്രീധനം വാങ്ങുന്നവരെ നേരില്‍കണ്ട് അതില്‍നിന്ന് പിന്തിരിപ്പിക്കുക. വാങ്ങിയവരെ തിരിച്ചുകൊടുക്കാന്‍ പ്രേരിപ്പിക്കുക. സ്ത്രീധനത്തിലെ അനിസ്‌ലാമികതയെ സംബന്ധിച്ച് ഖുതുബകളില്‍ ഉദ്‌ബോധനം നടത്തുക.
3. വിവാഹം പരമാവധി ലളിതവും അനാചാരമുക്തവുമാക്കാന്‍ നിര്‍ദേശിക്കുകയും ആവശ്യമെങ്കില്‍ ഇടപെടുകയും ചെയ്യുക. വരന്റെ കൂടെ പോകുന്നവരും വരുന്നവരും മാന്യേതരമായി ഒന്നും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക. വിവാഹത്തലേന്ന് രാത്രി അത്യാചാരങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവരെ ബോധവത്കരിക്കുക. വിവാഹം ഒരൊറ്റ പകലില്‍ ഒതുക്കാന്‍ നിര്‍ദേശിക്കുക.
4. മഹല്ലിലെ വിവാഹപ്രായമത്തെിയ സ്ത്രീപുരുഷന്മാരുടെ പട്ടിക സൂക്ഷിക്കുക. വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന പുരുഷന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കുക. സ്ത്രീകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കൈയെടുക്കുക.
5. പണപ്പിരിവു നടത്തി സ്ത്രീധനം നല്‍കാന്‍ സഹായിക്കുന്നതിന് പകരം വിവാഹത്തിനും കുടുംബജീവിതം നയിക്കാനും പ്രയാസപ്പെടുന്ന പുരുഷന്മാരെ സഹായിക്കുന്ന രീതി സ്വീകരിക്കുക. അവര്‍ക്ക് തൊഴിലും താമസ സൗകര്യവും വിവാഹത്തിനാവശ്യമായ സഹായവും നല്‍കുക.
6. ലഹരിക്ക് അടിപ്പെട്ടവരെയും ക്രിമിനല്‍ സ്വഭാവക്കാരെയും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുക. വിജയിക്കുന്നില്ലെങ്കില്‍ അത്തരക്കാരുടെ വിവാഹത്തിന് മഹല്ല് നേതൃത്വം നല്‍കാതിരിക്കുക.
7. വിവാഹം മഹല്ലില്‍ രജിസ്റ്റര്‍ ചെയ്യുക
8. വിവാഹം പോലത്തെന്നെ വിവാഹമോചനവും മഹല്ല് ഖാദിയുടെയും മസ്വ്‌ലഹത്ത് സമിതിയുടെയും അറിവോടെയും സാന്നിധ്യത്തിലുമായിരിക്കണം. ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അവ പരിഹരിക്കാന്‍ അനുരഞ്ജന സംഭാഷണം നടത്തണം. വിജയിക്കുന്നില്ലെങ്കില്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കണം. എന്നിട്ടും പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ വിവാഹമോചനം അനിവാര്യമായി വരുകയാണെങ്കില്‍ അത് ഉഭയകക്ഷി സമ്മതപ്രകാരമാകാന്‍ പരമാവധി ശ്രമിക്കണം. ഇദ്ദാ കാലത്തെ ചെലവും മതാഉം മറ്റു ബാധ്യതകളും ചര്‍ച്ചചെയ്ത് തീരുമാനിച്ച ശേഷമായിരിക്കണം ത്വലാഖ് നടക്കുന്നത്. ഒരൊറ്റ ത്വലാഖേ അനുവദിക്കാവൂ. ഇദ്ദാകാലത്ത് ദാമ്പത്യത്തിലേക്ക് മടങ്ങാന്‍ ഇരുവരെയും പ്രേരിപ്പിച്ചുകൊണ്ടിരിക്കണം.
9. പ്രാപ്തരായ മക്കളുണ്ടായിട്ടും വൃദ്ധരായ മാതാപിതാക്കള്‍ക്ക് മാന്യമായ സംരക്ഷണം ലഭിക്കാത്ത അവസ്ഥ ഒരു കുടുംബത്തിലും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
10. വിവാഹമോചിതരുടെയും വിധവകളുടെയും വിവാഹത്തിന് പ്രത്യേകം ഊന്നല്‍ നല്‍കണം.
11. വിവാഹത്തട്ടിപ്പുകള്‍ നടക്കാതിരിക്കാന്‍ തികഞ്ഞ ശ്രദ്ധപുലര്‍ത്തണം. വിദൂര പ്രദേശത്തുകാര്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നത് സൂക്ഷ്മമായ അന്വേഷണത്തിനും പഠനത്തിനും ശേഷം മാത്രമായിരിക്കണം. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ ദുര്‍ബലമായ അന്വേഷണം കൊണ്ട് തൃപ്തരാകരുത്.
12. അനാഥരായ ബാലികാ ബാലന്മാരുടെ സംരക്ഷണം, വിദ്യാഭ്യാസം, ശിക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
13. രണ്ടാം വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നത് ഒന്നിലേറെ ഭാര്യമാരോട് നീതിപുലര്‍ത്തുമെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കണം. നീതിരഹിതമായ ബഹുഭാര്യത്വത്തിന് മഹല്ല് കൂട്ടുനില്‍ക്കരുത്.
14. മഹല്ലില്‍ നടക്കുന്ന അനന്തരസ്വത്തിന്റെ വിഭജനം പൂര്‍ണമായും ഇസ്‌ലാമികമായാണെന്ന് ഉറപ്പുവരുത്തുക. അനന്തരാവകാശികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്വത്ത് വിഭജനം വൈകാതിരിക്കാന്‍ ശ്രദ്ധിക്കുക. മരിച്ചയാളുടെ സ്വത്ത് നേരത്തേ ഓഹരിചെയ്യുന്നത് മോശമാണെന്ന ധാരണ മാറ്റിയെടുക്കുക.
15. മഹല്ലു നിവാസികള്‍ക്കിടയില്‍ ധാര്‍മിക, സദാചാര നിയമങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും നിരന്തരം യത്‌നിക്കുക. അശ്ലീലതക്കും നിര്‍ലജ്ജതക്കുമെതിരെ സമൂഹത്തെ ബോധവത്കരിക്കുക. ടി.വിയും ഇന്റര്‍നെറ്റും മൊബൈലും വരുത്തിയേക്കാവുന്ന അപകടങ്ങളെ സംബന്ധിച്ച ശരിയായ അവബോധം വളര്‍ത്തുക.
16. വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ പഠന, വിനോദയാത്രകള്‍, വിദ്യാലയങ്ങളിലെ കലോത്സവങ്ങള്‍ എന്നിവയിലെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുക.

കടപ്പാട് : മാധ്യമം

Related Articles