Current Date

Search
Close this search box.
Search
Close this search box.

വിധവകള്‍ പോറ്റുന്ന യസീദി കൂടാരങ്ങള്‍

yazidi.jpg

ഇറാഖില്‍ ഇത് വസന്തകാലമാണ്. കുര്‍ദ്ദിഷ് മേഖലയിലെ ഖാന്‍കേ പട്ടണത്തില്‍ ഉച്ചവെയില്‍ പരക്കാന്‍ തുടങ്ങി. നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡ് ഇറാഖി ഭവനങ്ങളെ വിഭജിച്ചുകൊണ്ട് കടന്നുപോകുന്നു. റോഡിന് ഒരുവശത്ത് കോണ്‍ക്രീറ്റ് വീടുകളാണെങ്കില്‍ മറുവശത്ത് 3,000-ത്തോളം യസീദികള്‍ താമസിക്കുന്ന കൂടാരങ്ങളാണ്. വടക്കന്‍ ഇറാഖിലെ ഗ്രാമങ്ങളും നാടുകളും കൊള്ളയടിച്ചു നീങ്ങിയ ഐസിസിന്റെ തേര്‍വാഴ്ചയുടെ ബാക്കിപത്രങ്ങളായി ഇവിടെ അവശേഷിക്കുന്നത് കുറേ വിധവകളും കുട്ടികളുമാണ്. വടക്കന്‍ ഇറാഖിലെ മത-വംശീയ ന്യൂനപക്ഷങ്ങളായ യസീദികളെ ഐസിസ് വേട്ടയാടിയത് നാസ്തികരെന്ന് ആരോപിച്ചായിരുന്നു. കഴിഞ്ഞ ആഗസ്തില്‍ 5,000 യസീദി പുരുഷന്മാര്‍ വധിക്കപ്പെടുകയും 7,000 സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഭൂരിപക്ഷം യസീദി സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ഐസിസിന്റെ കിരാത നടപടികളില്‍ നിന്ന് രക്ഷ തേടി സമീപത്തുള്ള സിന്‍ജാര്‍ മലകയറി. എന്നാല്‍ കുറേ പുരുഷന്മാര്‍ തങ്ങളുടെ ഗ്രാമങ്ങളും വീടുകളും സംരക്ഷിക്കാനായി നാട്ടില്‍ തന്നെ തുടര്‍ന്നു.

38-കാരിയായ ലൈല യൂസുഫിന്റെ ഭര്‍ത്താവ് അവരിലൊരാളായിരുന്നു. അയാള്‍ പിന്നീട് ഐസിസ് പോരാളികളുടെ കൈയ്യാല്‍ കൊല്ലപ്പെട്ടു. എന്റെ ഭര്‍ത്താവ് ഞങ്ങളെ സിന്‍ജാറിലേക്ക് അയച്ച് നാട്ടില്‍ തന്നെ തങ്ങി. പിന്നീട് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ വിളിച്ചിരുന്നു. എന്നാല്‍ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവര്‍ അദ്ദേഹത്തെ പിടികൂടി. പിന്നീട് ആ ശബ്ദം ഞങ്ങള്‍ കേട്ടിട്ടില്ല, ലൈല ഓര്‍ക്കുന്നു. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും മുന്‍ ഇറാഖ് വനിതാകാര്യ മന്ത്രി ബയാന്‍ നൂരിയുടെ അഭിപ്രായ പ്രകാരം പത്തു ലക്ഷത്തോളം വിധവകള്‍ ഇന്ന് ഇറാഖിലുണ്ട്. 2014-ന് ശേഷം പൊതുവേ ഇറാഖി സ്ത്രീകള്‍ ദുരിത ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികവും മാനസികവുമായ വെല്ലുവിളികള്‍ അവരെ അലട്ടുന്നു, നൂരി പറയുന്നു. മറ്റ് ഇറാഖി സ്ത്രീകളെ പോലെ തന്നെ ലൈലയും രണ്ടുവര്‍ഷത്തോളമായി തനിച്ച് തന്റെ കുടുംബത്തെ പോറ്റുകയാണ്. മക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന യസീദികള്‍ക്കിടയില്‍ സമൂഹത്തില്‍ വിധവയായി ജീവിക്കുക എന്നത് ശ്രമകരമാണ്. കുടുംബം പുലര്‍ത്തുന്നതോടൊപ്പം സഞ്ചാര സ്വാതന്ത്ര്യത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കും നിരവധി നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്നു.

കുടുംബബന്ധമുള്ള ഒരു പുരുഷന്‍ കൂടെയില്ലാതെ സ്ത്രീകള്‍ തെരുവുകളിലൂടെ അലഞ്ഞുതിരിയുന്നത് യസീദികളുടെ പാരമ്പര്യമല്ല. ലൈല അധികനേരവും തന്റെ ചെറിയ മൂന്ന് കുട്ടികളെയും നോക്കി കൂടാരത്തിനുള്ളിലാണ് കഴിയുന്നത്. അവരുടെ മൂത്ത രണ്ട് പെണ്‍കുട്ടികളാണ് ജോലി ചെയ്യാനായി പുറത്തുപോകുന്നത്. വീട്ടില്‍ പുരുഷന്മാരാരും ബാക്കിയില്ലാത്ത സ്ത്രീകളുടെ ജീവിതം വളരെ കഷ്ടമാണ്. നിരവധി നിയന്ത്രണങ്ങള്‍ക്കിടയിലും സ്വന്തം കാലില്‍ നിന്നാലേ അന്നാന്നത്തെ അന്നം ലഭിക്കുകയുള്ളൂ. പ്രതികൂല കാലാവസ്ഥയില്‍ നിന്ന് ഒരു കൂടാരം സംരക്ഷണം നല്‍കുന്നത് പോലെയാണ് ഒരു കുടുംബത്തിന് കുടുംബനാഥന്‍, നേര്‍ത്ത ഒരു വിരിപ്പില്‍ ഇരുന്നുകൊണ്ട് ലൈല പറഞ്ഞു. ലൈലയുടെ മാതൃ-സഹോദരീ പുത്രി 21-കാരിയായ ഫതൂമ അസീസും വിധവയാണ്. ഐസിസ് പോരാളികളുമായുള്ള പോരാട്ടത്തിലാണ് ഫതൂമയുടെ ഭര്‍ത്താവും കൊല്ലപ്പെട്ടത്. തന്നെ കുറിച്ച് മോശം പറയാന്‍ ഒരു പുരുഷനെയും ഞാന്‍ അനുവദിക്കാറില്ല, രണ്ടു കുട്ടികളുടെ ഉമ്മയായ ഫതൂമ വളരെ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. പണമാണ് എനിക്ക് ആവശ്യം. അതുകൊണ്ട് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് തരുന്ന ഭക്ഷണം വിറ്റാണ് ചിലപ്പോഴൊക്കെ എന്റെ മക്കള്‍ക്കുള്ള പാലും വസ്ത്രങ്ങളും ഞാന്‍ വാങ്ങുന്നത്, ഫതൂമ പറയുന്നു.

യു.എന്‍ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ദിനേന പലവിധത്തിലുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ ലൈലയും ഫതൂമയും ഒരു സാധാരണ ക്യാമ്പിലാണ് കഴിയുന്നത്. അതുകൊണ്ട് സ്വയം അധ്വാനിച്ച് ജീവിക്കാനുള്ള വക കണ്ടെത്തുക എന്നതാണ് അവരുടെ മുന്നിലുള്ള ഏക പോംവഴി. യു.എന്‍ ക്യാമ്പുകളില്‍ ലഭിക്കുന്ന സുരക്ഷയും ഇത്തരം ക്യാമ്പുകളിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. സ്ത്രീകള്‍ വ്യാപകമായി ലൈംഗിക ചൂഷണത്തിനും ഉപദ്രവങ്ങള്‍ക്കും ഇരയാകുന്നു. കാരണം, സാമൂഹ്യ വ്യവസ്ഥിതി തന്നെ ആകെ താറുമാറായ അവസ്ഥയിലാണ്, മനശ്ശാസ്ത്ര വിഭാഗം ഡയറക്ടറായ റെഷ്‌ന മുഹമ്മദ് പറയുന്നു. മയാന്‍ ഖലഫിനെയും അവരുടെ ഭര്‍ത്താവിനെയും ഐസിസ് പോരാളികള്‍ അവരുടെ മക്കളില്‍ നിന്ന് വേര്‍പ്പെടുത്തുകയായിരുന്നു. മയാന്‍ അവരുടെ പിടിയില്‍ നിന്ന് പിന്നീട് രക്ഷപ്പെട്ടെങ്കിലും അവളുടെ ഭര്‍ത്താവിനെ അവര്‍ കൊന്നുകളഞ്ഞു. എന്റെ ഭര്‍ത്താവായിരുന്നു ഞങ്ങളുടെ കുടംബത്തിന്റെ എല്ലാം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ നിരവധി ആളുകള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ആര്‍ക്കും ഞങ്ങളെ വേണ്ടാതായി, 45-കാരിയായ മയാനിന്റെ ശബ്ദത്തില്‍ ക്യാമ്പിലെ എല്ലാ സ്ത്രീകളുടെയും ദുഃഖം നിഴലിച്ചിരുന്നു.

പല യസീദി സ്ത്രീകളും ഒറ്റപ്പെടലിന്റെ വേദനയാല്‍ ശക്തരായിരിക്കുന്നു. സ്‌നേഹത്തിന്റെ അവസാന കണികയും തങ്ങളില്‍ നിന്ന് തട്ടിത്തെറിപ്പിച്ച ഈ ലോകത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളായി അവര്‍ ജീവിക്കുന്നു. ഞാന്‍ ശക്തയാണ്, എന്നാല്‍ എന്റെ ഹൃദയം തകര്‍ന്നതാണ്. എന്റെ മക്കളാണ് എന്റെ ശക്തി. അവര്‍ക്ക് താങ്ങാകാന്‍ എനിക്ക് ശക്തയായേ മതിയാകൂ. എന്റെ ഭര്‍ത്താവിന്റെ വേര്‍പാടില്‍ ഞാന്‍ വളരെയധികം ദുഃഖിക്കുന്നു. എന്നാല്‍ അത് സ്വന്തം നിലക്ക് മാത്രം. മക്കളോട് ഞാന്‍ പറയാറുള്ളത്, ഇതാണ് ജീവിതം എന്നാണ്, മയാനിന്റെ വാക്കുകളില്‍ ഒരു വിപ്ലവകാരിയുടെ കരുത്ത് കാണാം.

വിവ: അനസ് പടന്ന

Related Articles