Current Date

Search
Close this search box.
Search
Close this search box.

ലാരിബ : പലിശ രഹിത ലോണിങ്ങ് സംവിധാനത്തിന്റെ പുതിയ രൂപം

lariba.jpg

കോഴിക്കോട് തെക്കേപ്പുറം പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ ഒഴിവുസമയം ഫലപ്രദമാകണം എന്ന തീരുമാനത്തിന്റെ ഭാഗമായി രൂപപ്പെട്ട പദ്ധതിയാണ് ലാ രിബ. ലാരിബ(പലിശ രഹിതം) എന്ന പേരില്‍ നിന്നു തന്നെ സ്ഥാപനത്തിന്റെ ലക്ഷ്യം വ്യക്തമാണ്. വ്യവസ്ഥാപിതമായും വളരെ വിപുലമായും അതോടൊപ്പം നിശ്ശബ്ധമായും പാവങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശയുടെ നീരാളിപ്പിടുത്തത്തിന് ഒരു ബദല്‍ എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ലാരിബ നല്‍കുന്ന പ്രധാന സേവനം എന്നത് പലിശരഹിതമായ രീതിയില്‍ അത്യാവശ്യക്കാര്‍ക്ക് ലോണ്‍ നല്‍കുക എന്നതാണ്. പലിശ രഹിതനിധിയില്‍ തിരിച്ചടവ് മിക്ക സ്ഥലങ്ങളിലും പരാജയപ്പെടുമ്പോള്‍ ലോണ്‍ സംവിധാനം വളരെ ഫലപ്രദമായും ശാസ്ത്രീയമായും വിതരണം ചെയ്തുവരുന്നു എന്നതാണ് ലാരിബയുടെ സവിശേഷത.  2009 മാര്‍ച്ചിലാണ് ലാരിബ തുടങ്ങിയത്. ഇന്ന് മൂന്ന് കേന്ദ്രങ്ങളിലായി 2000-ത്തില്‍ പരം ആളുകള്‍ ഇതിന്റെ സേവനം അനുഭവിച്ചുവരുന്നു.

ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ബട്കല്‍, lifeline microcredit ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ലാരിബയുടെ പ്രചോദനം. ഇവയില്‍ നിന്നെല്ലാം നല്ല വ്യവസ്ഥകളെ പഠിക്കുകയും പ്രഗല്‍ഭരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടുമാണ് ലാരിബ അതിന്റെ ഗതി നിയന്ത്രിക്കുന്നത്. ഇതിനു പുറമെ പ്രദേശത്തിന്റെ സാഹചര്യവും ഇതില്‍ പരിഗണിച്ചിട്ടുണ്ട്.
ഗ്രാമീണ ബാങ്കിംഗ് നിയമം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. സാധാരണ സാമ്പത്തിക സ്ഥാപനങ്ങളില്‍ കാണപ്പെടുന്ന ഒരു കെട്ടിക്കുടുക്കും ലാരിബക്കില്ല. ലളിതമായ വ്യവസ്ഥയോടെ സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം സാധ്യമാകുക എന്ന ഉദ്ദേശ്യം കൊണ്ടാണ് ഇത് സാധിക്കുന്നത്. സമൂഹത്തില്‍ നന്മേച്ചുക്കളും സമ്പന്നരുമായവരില്‍ നിന്ന് സ്വരൂപിക്കുന്ന സദഖയാണ് ഇതിന്റെ പ്രധാന മൂലധനം. പലിശക്കെതിരെയുള്ള ഖുര്‍ആനിക പ്രചോദനം ഉള്‍ക്കൊണ്ട് സദഖയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും അത് പ്രായോഗികമായി അത്യാവശ്യക്കാര്‍ക്കു വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കുകയുമാണ് ലാരിബ ചെയ്യുന്നത്. ഞെരുക്കമനുഭവിക്കുന്നവന്റെ പ്രയാസം ലഘൂകരിച്ചുകൊടുക്കാനുള്ള ഇസ്‌ലാമിക ആഹ്വാനമാണ് ഇതിന്റെ പ്രധാന പ്രചോദനം. പൊതുവെ സമൂഹം സദഖയെ കടവുമായി ബന്ധപ്പെടുത്തി വിലയിരുത്താറില്ല. കടം കൊടുക്കുന്നതിന് സദഖയോളവും ചിലപ്പോള്‍ അതിനേക്കാളും പ്രതിഫലമുണ്ടെന്ന കാര്യവും വളരെ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. സദഖ നമ്മുടെ സൗകര്യത്തിനാണ് നാം കൊടുക്കുന്നതെങ്കില്‍ കടം അവരുടെ അത്യാവശ്യത്തിനാണ് അവര്‍ ചോദിക്കുന്നത്. സാധാരണ വ്യക്തികള്‍ക്ക് സദഖ ചെയ്യുമ്പോള്‍ അത് അവര്‍ക്കു മാത്രമാണ് പ്രയോജനപ്പെടുന്നതെങ്കില്‍ ഇവിടെ അത് തലമുറകള്‍ പ്രയോജനപ്പെടുത്തിവരുന്നു. അതിനാലാണ് ഇസ്‌ലാം കടം നല്‍കുന്നതിന് വലിയ പ്രാധാന്യം കല്‍പിക്കുന്നത്.

ഗ്രൂപ്പ് സംവിധാനം കര്‍ഷനമായി നടത്തിവരുന്നതിന്റെ ഫലമായി 90 ശതമാനത്തില്‍ ഉപരി തിരിച്ചടവുണ്ട്. 5 അംഗങ്ങള്‍ ഉള്ള കൂട്ടായ്മക്കെ കടം കൊടുക്കുകയുള്ളൂ. മറ്റു ഈടുകളൊന്നും അവരില്‍ നിന്ന് വാങ്ങുന്നില്ല. ഏതെങ്കിലും ഒരാള്‍ തിരിച്ചടവ് തെറ്റിച്ചാല്‍ ആ ഗ്രൂപ്പിലുള്ള മറ്റംഗങ്ങളുടെ ലോണിനെ അത് ബാധിക്കും. അതിനാല്‍ ആളുകള്‍ അംഗങ്ങളെ സൂക്ഷിച്ചേ തങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ക്കുകയുള്ളൂ. വളരെ ഫലപ്രദമായി നടക്കുന്ന ലാരിബയുടെ പ്രയോജനം അയല്‍പക്ക മഹല്ലുകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇതേ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ അവരെ സഹായിച്ചുവരുന്നു.

Related Articles