Current Date

Search
Close this search box.
Search
Close this search box.

രാമക്ഷേത്ര നിര്‍മാണവും മോദിയുടെ മൗനവും

babari.jpg

തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുന്നതിനായി ട്രക്കുകളില്‍ ശിലകള്‍ ഇറക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അയോധ്യ പ്രശ്‌നത്തിലെ മധ്യസ്ഥന്മാര്‍ വിശദീകരണം തേടി. ഇങ്ങനയൊരു തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ ആശിര്‍വാദങ്ങള്‍ ഉണ്ടെന്ന് ഒരു വി.എച്ച്.പി നേതാവ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. വി.എച്ച്.പി നേതാവായ നൃത്ത്യ ഗോപാല്‍ ദാസ് ഞായറാഴ്ച  ശിലാപൂജകള്‍ നടത്തിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള സമയമായിരിക്കുന്നു, പൂജകള്‍ക്ക് ശേഷം ദാസ് മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യയില്‍ ധാരാളം ശിലകള്‍ ഇറക്കിയിട്ടുണ്ട്, ഇനിയും ശിലകള്‍ വന്നുകൊണ്ടിരിക്കും. ക്ഷേത്രം പണിയാന്‍ സമയമായി എന്ന തരത്തില്‍ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ക്ക് സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു, ഗോപാല്‍ ദാസ് വ്യക്തമാക്കി.

 

നൃത്യ ഗോപാല്‍ ദാസ് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവാണ്. അയാളുടെ വാദങ്ങളില്‍ കഴമ്പുണ്ട്. ഇങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് മോദിയുടെ കടമയാണ്. മോദി മൗനം പാലിക്കുന്നത് വി.എച്ച്.പിയുടെ വാദങ്ങളെ ശരിവെക്കുകയാണ് ചെയ്യുക, നിര്‍മോഹി അഖാര ഉപദേഷ്ടാവ് തരുണ്‍ജീത്ത് ലാല്‍ വര്‍മ പറഞ്ഞു. 1949-ല്‍ ബാബരി മസ്ജിദിന്റെ അകത്ത് ശ്രീരാമവിഗ്രഹം കണ്ടെത്തിപ്പോള്‍ നിര്‍മോഹി അഖാരയ്ക്കായിരുന്നു മസ്ജിദിനു പുറത്തെ ഉയര്‍ന്ന തറയുടെ മേല്‍നോട്ടം. അയോധ്യാ വിഷയത്തിലെ പരാതിക്കാരൊക്കെ പുതിയ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് എനിക്കറിയണം. സ്വാതന്ത്ര്യലബ്ധി മുതല്‍ ഇക്കൂട്ടര്‍ ബാബരി മസ്ജിദിനെ രാമക്ഷേത്രമാക്കാന്‍ പണിയെടുത്തു കൊണ്ടിരിക്കുകയാണ്. പരസ്യമായി നിയമങ്ങളെ കാറ്റില്‍ പറത്തുകയാണ് ഇവര്‍ ചെയ്യുന്നത്. കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സുപ്രീം കോടതി വിധി മാത്രമേ ഇക്കാര്യത്തില്‍ എനിക്ക് സ്വീകാര്യമാവുകയുള്ളൂ, പരാതിക്കാരനായ ഹാഷിം അന്‍സാരി പറഞ്ഞു. 2010-ലാണ് സംഘര്‍ഷ ഭൂമിയെ മൂന്ന് വിഭാഗങ്ങള്‍ക്കായി മുറിച്ച് നല്‍കിക്കൊണ്ട് അലഹാബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. രാമക്ഷേത്രം എന്ന ആവശ്യമുന്നയിക്കുന്ന ഹിന്ദു മഹാസഭ, ഇസ്‌ലാമിക് സുന്നി വഖ്ഫ് ബോര്‍ഡ്, നിര്‍മോഹി അഖാര എന്നിവര്‍ക്കിടയിലാണ് കോടതി ബാബരി മസ്ജിദ് ഭൂമിയെ വീതിച്ചത്. എന്നാല്‍ ഹിന്ദു മഹാസഭയും സുന്നി വഖ്ഫ് ബോര്‍ഡും ഹൈക്കോടതി വിധിയില്‍ തൃപ്തരാവാതെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അലഹാബാദ് ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും നിലവില്‍ കേസ് പരിഗണിക്കുകയും ചെയ്യുന്നു.

 

ആറു മാസങ്ങള്‍ക്കു മുമ്പ് അയോധ്യയില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ രാമക്ഷേത്രത്തിന് വേണ്ട ശിലകള്‍ സമാഹരിക്കുന്നതിനായി രാജ്യവ്യാപക ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ വി.എച്ച്.പി തീരുമാനിച്ചിരുന്നു. 2.25 ലക്ഷം ക്യുബിക് അടി ശിലകള്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആവശ്യമുണ്ട്. പകുതിയിലധികം ശിലകളും കര്‍സേവകപുരത്ത് തയ്യാറാണ്. ശേഷിക്കുന്നവ രാജ്യവ്യാപകമായി ഹിന്ദു വിശ്വാസികളില്‍ നിന്ന് ശേഖരിക്കും എന്നാണ് വി.എച്ച്.പി ദേശീയ നേതാവ് അശോക് സിംഗാള്‍ അന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ മാസം അന്തരിച്ച അശോക് സിംഗാള്‍ ശിലകള്‍ ശേഖരിക്കുന്നതിനുള്ള തിയ്യതി വ്യക്തമാക്കിയിരുന്നില്ല. 2017-ലെ നിയമസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി സമുദായത്തെ വിഭജിക്കാനായി വി.എച്ച്.പി നടത്തുന്ന അപകടകരമായ നീക്കമാണിതെന്ന് ആചാര്യ സത്യേന്ദ്ര ദാസും പറഞ്ഞു. ബാബരി മസ്ജിദ് സ്ഥലത്ത് നിലവില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിലെ പ്രധാന പൂജാരിയാണ് അദ്ദേഹം. രാമന് വേണ്ടി ഒരു ക്ഷേത്രം പണിയുക എന്നതല്ല വി.എച്ച്.പിയുടെ ഉദ്ദേശ്യം. മറിച്ച് വര്‍ഗീയ ധ്രുവീകരണം മാത്രമാണ്. മോദി മൗനം തുടരുകയാണെങ്കില്‍ വി.എച്ച്.പിയുടെ ഭാഗമാണ് അയാളും എന്നാണ് മനസ്സിലാക്കേണ്ടത്, സത്യേന്ദ്ര ദാസ് കൂട്ടിച്ചേര്‍ത്തു.

 

വിവ: അനസ് പടന്ന

 

 

 

Related Articles