Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ മതനിരപേക്ഷത അത്ര എളുപ്പം തകര്‍ക്കാനാവില്ല

NotInMyName.jpg

ഈയടുത്ത് പശ്ചിമബംഗാളിലെ ബസിര്‍ഹത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷം വിവിധ കോണുകളിലൂടെ വിശകലനം ചെയ്യാവുന്നതാണ്. സമാധാനപരമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന്റെ സാമൂഹിക – സാമ്പത്തിക അന്തരീക്ഷം വര്‍ഗീയവല്‍കരിക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ തീവ്രശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണത് വ്യക്തമാക്കുന്നത്. അതേസമയം ബസിര്‍ഹത്തിലുണ്ടായ സംഭവങ്ങള്‍ പശ്ചിമ ബംഗാളിന്റെ ഇതര ഭാഗങ്ങളിലെ പൗരന്‍മാരെ പ്രകോപിപ്പിച്ചിട്ടില്ലെന്നത് അവഗണിക്കാവതല്ല. രാജ്യത്തിപ്പോഴും മതേതരത്വം നിലനില്‍ക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ചില തീവ്ര കക്ഷികള്‍ ധരിച്ചു വെച്ചിരിക്കുന്നത് പോലെ അത്ര എളുപ്പമല്ല അതിനെ പരാജയപ്പെടുത്താന്‍. മാത്രമല്ല, തീവ്രവര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു പ്രസ്താനം ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്നു എന്നാണ് ആധുനിക സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള, പ്രത്യേകിച്ചും മുസ്‌ലിംകള്‍ക്കെതിരെയുള്ള മതേതരത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി മൗനത്തിലായിരുന്ന മതേതര പ്രസ്ഥാനങ്ങള്‍ ശബ്ദമുയര്‍ത്തി വീണ്ടും രംഗത്ത് വന്നിരിക്കുന്നു. അതെ, ഇന്ത്യന്‍ മതേതരത്വം സജീവമായി തന്നെ നിലനില്‍ക്കുന്നു.

ഓരോ മതങ്ങളിലും വിശ്വസിക്കുന്നവര്‍ക്ക് അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ അവകാശം നല്‍കുന്ന മതനിരപേക്ഷതയാണ് ഇവിടത്തെ മതേതരത്വം. ഇതര സമുദായങ്ങള്‍ക്ക് നേരെയുള്ള വര്‍ഗീയവും തീവ്രവുമായ പ്രവര്‍ത്തനങ്ങളെ കുറ്റകരമായി കണ്ട് വിലക്കുകയും ചെയ്യുന്നു. എന്നിട്ടും മുസ്‌ലിംകള്‍ അവരുടെ മതത്തിന്റെ പേരില്‍ വര്‍ഗീയമായി ഉന്നംവെക്കപ്പെടുന്നതാണ് ഈയടുത്ത കാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഇരകളില്‍ ഒരാളാണ് ജുനൈദ് ഖാന്‍. കഴിഞ്ഞ മാസം പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന അവനെ ട്രെയിനില്‍ വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്.

ആവര്‍ത്തിച്ച് കുത്തേറ്റപ്പോഴും അവനെ രക്ഷിക്കാനായി ഒരാളും മുന്നോട്ടു വന്നില്ല എന്ന പച്ചയായ യാഥാര്‍ഥ്യം അവഗണിക്കാനാവില്ല. എങ്കിലും രാജ്യത്തെ പൊതസമൂഹത്തിന് ഈ സംഭവത്തെ അവഗണിച്ച് തള്ളാനാവുമായിരുന്നില്ല. ജുനൈദ് ഖാന്റെ കൊലക്കെതിരെ രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങള്‍ അതാണ് തെളിയിക്കുന്നത്. തന്റെ മതസ്വത്വത്തിന്റെ പേരിലുള്ള അവന്റെ കൊലപാതകം ഇന്ത്യയുടെ മതേതരത്വത്തിന്റെ ആത്മാവിനെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നത് തീര്‍ച്ചയാണ്. ഇപ്പോഴുണ്ടായ പ്രതിഷേധങ്ങള്‍ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ ഇല്ലാതായേക്കും. എന്നിരുന്നാലും കഴിഞ്ഞ മാസം (ജൂണ്‍ 28) രാജ്യത്തുടനീളം നടന്ന പ്രകടനങ്ങള്‍ പ്രസക്തമാണ്.

ഇന്ത്യന്‍ സമൂഹത്തിലെ വലിയൊരു ഭാഗം മുസ്‌ലിംകളെ ക്രൂരമായി കൊല ചെയ്യുന്നതിനെ അംഗീകരിക്കുന്നില്ലെന്നാണ് Not In My Name പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നത്. മതത്തിന്റെ അടിസ്ഥനത്തില്‍ ഇന്ത്യന്‍ ജനതയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നാണത് സാക്ഷ്യപ്പെടുത്തുന്നത്.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രകടനത്തില്‍ പങ്കെടുത്ത മതേതരായ ഇന്ത്യക്കാരുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ തങ്ങളിലെ വര്‍ഗീയത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ വളരെ ചെറിയ ന്യൂനപക്ഷമാണെന്നും ഈ പ്രകടനങ്ങള്‍ തെളിയിക്കുന്നു. മതേതരത്വം സജീവമായി തന്നെ നിലനില്‍ക്കുന്ന ഇന്ത്യയില്‍ വര്‍ഗീയതക്ക് വളരെ ചെറിയ സ്വാധീനം മാത്രമേ ഉള്ളൂ എന്ന ശക്തമായ സന്ദേശമാണ് വര്‍ഗീയ ശക്തികള്‍ക്കും ലോകത്തിനും ഇത് നല്‍കുന്നത്.

Not In My Name പ്രകടനങ്ങള്‍ക്ക് മാധ്യമങ്ങളിലും നല്ല പ്രചാരം തന്നെ ലഭിച്ചിട്ടുണ്ട്. നിരവധി രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ജുനൈദ് വീട് സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തതില്‍ നിന്നും അതാണ് വ്യക്തമാകുന്നത്. വരും നാളുകളില്‍ വര്‍ഗീയ രാഷ്ട്രീയക്കാര്‍ തങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രചാരങ്ങളില്‍ മതേതര മുഖംമൂടി ധരിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന് മൗനം പാലിക്കാനാവില്ലെന്ന സന്ദേശം കൂടി ഈ പ്രകടനങ്ങള്‍ നല്‍കുന്നുണ്ട്.

ജുനൈദ് ഖാനുമായും അവനെ പോലെ കൊല്ലപ്പെട്ട മറ്റുള്ളവരുമായും പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഒരൊറ്റ ബന്ധം മാത്രമാണുണ്ടായിരുന്നത്. പൗരത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള ബന്ധമാണത്. ഈ ഇരകളെ കാണുകയോ അറിയുകയോ ചെയ്യാത്തവരായിരുന്നു അവരെല്ലാം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലും അവ തടയുന്നതിലുള്ള അധികാരികളുടെ പരാജയത്തിലും ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു.

വര്‍ഗീയ കുറ്റകൃത്യങ്ങള്‍ക്കെതിരെ മൗനം പാലിക്കാന്‍ തീരുമാനിച്ചവരെ ഗൗരവത്തില്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ് ഈ സന്ദേശം. വര്‍ഗീയ കാര്‍ഡിറക്കി ഹിന്ദു വോട്ടുകള്‍ നേടാമെന്നാണ് അവര്‍ കരുതുന്നതെങ്കില്‍ അതിനെ കുറിച്ചൊരു പുനരാലോചന അവര്‍ നടത്തേണ്ടതുണ്ട്. ഈ പ്രകടനങ്ങളില്‍ പങ്കെടുത്തവരില്‍ 90 ശതമാനവും ഹിന്ദുക്കളായിരുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിെര കര്‍ശന നടപടി സ്വീകരിക്കേണ്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുവെന്നത് ഭീതിയോടെ കാണേണ്ട വിഷയം തന്നെയാണ്. ഇത്തരത്തിലുള്ള വര്‍ഗീയതക്കെതിരെ ഇന്ത്യന്‍ ജനത മൗനം പാലിക്കാന്‍ പോകുന്നില്ലെന്നാണഅ ഈയടുത്ത് നടന്ന പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കൂട്ടം വര്‍ഗീയ ശക്തികള്‍ വിചാരിച്ചാല്‍ തകരുന്നതാണ് ഈ രാജ്യത്തിന്റെ മതേതരത്വമെന്ന ധാരണയെയാണത് തിരുത്തുന്നത്.

അവലംബം: milligazette.com

Related Articles