Current Date

Search
Close this search box.
Search
Close this search box.

രാംദേവിന്റെ സെക്യൂരിറ്റി ബിസിനസ് അസ്വസ്ഥപ്പെടുത്തേണ്ടത് തന്നെ

Baba-Ramdev.jpg

യോഗ ഗുരു ബാബാ രാംദേവ് ‘പരാക്രം സുരക്ഷാ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയിലൂടെ സുരക്ഷാ ബിസിനസിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ്. സുരക്ഷ ഉറപ്പുവരുത്തലും സൈനികബോധം വളര്‍ത്തലുമാണ് കമ്പനിയുടെ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. രാംദേവിന്റെ പതഞ്ജലിയുടെ സി.ഇ.ഒ ആചാര്യ ബാലകൃഷ്ണന്‍  പറയുന്നു, ”സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും സുരക്ഷ സുപ്രധാന വിഷയമാണ്. സ്വന്തത്തെയും വ്യക്തികളെയും പ്രതിരോധിക്കാന്‍ വ്യക്തികളെ സജ്ജരാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനാണ് നാം പരാക്രം രൂപീകരിച്ചിട്ടുള്ളത്. വ്യക്തികളുടെയും രാജ്യത്തിന്റെയും സുരക്ഷക്കായി ആവേശവും നിശ്ചയദാര്‍ഢ്യവും ഉണര്‍ത്തി രാജ്യത്തെ ഓരോ പൗരനിലും സൈനിക അവബോധം വളര്‍ത്താന്‍ ഇത് സഹായിക്കും. തെരെഞ്ഞെടുക്കപ്പെട്ട താല്‍പര്യമുള്ള ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കാനും സുരക്ഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സൈന്യത്തില്‍ നിന്നും പോലീസില്‍ നിന്നും വിരമിച്ചവരെ രാംദേവ് നിയമിച്ചിരിക്കുന്നു.”

ഒരു ജനാധിപത്യ രാജ്യത്ത് നിയമാനുസൃതമായി ഒരു ബിസിനസ് തുടങ്ങുന്നതിന് പ്രശ്‌നമൊന്നുമില്ല. സുരക്ഷാ സംരംഭം നിയമാനുസൃത ബിസിനസ് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള ലക്ഷക്കണക്കിന് അനുയായികളുള്ള കേവലം ഒരു യോഗ ഗുരു മാത്രമല്ല ബാബാ രാംദേവ്, കൗശലശാലിയായ ഒരു ബിസിനസുകാരന്‍ കൂടിയാണ്. യോഗാ ദിനം അടക്കമുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ പല സര്‍ക്കാര്‍ പരിപാടികളിലും അദ്ദേഹം തന്റെ യോഗ അവതരിപ്പിക്കാറുണ്ട്.

രാംദേവ് തന്റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന് 2008-09 വര്‍ഷത്തില്‍ തുടക്കം കുറിച്ചിരുന്നെങ്കിലും മോദി അധികാരത്തില്‍ വരുന്നത് വരെ കാര്യമായ നേട്ടമൊന്നും അതുണ്ടാക്കിയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ബിസിനസില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. 2016-17ല്‍ അതിന്റെ വരുമാനം 5000 കോടിയില്‍ നിന്നും 10000 കോടിയായി ഇരട്ടിക്കുകയും ഇന്ത്യയില്‍ അതിവേഗം വളരുന്ന കമ്പനികളില്‍ ഒന്നായിട്ടത് മാറുകയും ചെയ്തു. പതഞ്ജലിയും അസാധാരണമായ വളര്‍ച്ചക്ക് പിന്നില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലെ രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തിന് വലിയ പങ്കുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നല്ല ഒരു ബിസിനസുകാരന്‍ ലാഭകരമായ മറ്റൊരു ബിസിനസിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ എന്തിനാണ് അതിനെ ദോഷകരമായി കാണുന്നത്?

ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്നാണ് 2016 ഏപ്രിലില്‍ ഹരിയായനയിലെ റോഹ്ത്തകില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച സദ്ഭാവനാ സമ്മേളനത്തില്‍ രാംദേവ് പറഞ്ഞത്. ”ഞങ്ങള്‍ ഈ രാജ്യത്തെ നിയമത്തെയും ഭരണഘടനയെയും ആദരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ ആരെങ്കിലും ഭാരതമാതാവിനെ അനാദരിച്ചാല്‍, ഒന്നല്ല, ആയിരങ്ങളുടെയും ലക്ഷങ്ങളുടെയും തലവെട്ടാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്.” എന്നാണ് അതില്‍ അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന മുസ്‌ലിം സമൂഹത്തിന് നേരെയുള്ളതാണ്. ലോകത്തെ മുഴുവന്‍ സമാധാനകാംക്ഷികളെയും അസ്വസ്ഥപ്പെടുത്തുന്ന പ്രസ്താവനയാണിത്.

ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന മുദ്രാവാക്യം വിളിക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ മുസ്‌ലിംകളിലെ ആയിരക്കണക്കിനാളുകളുടെ തലയെടുക്കാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രസ്താവിച്ച ഒരു വ്യക്തി ‘വ്യക്തികളുടെയും രാജ്യത്തിന്റെയും സുരക്ഷക്കായി ആവേശവും നിശ്ചയദാര്‍ഢ്യവും ഉണര്‍ത്തി രാജ്യത്തെ ഓരോ പൗരനിലും സൈനിക അവബോധം വളര്‍ത്തുക’ എന്ന ലക്ഷ്യത്തോടെ ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനിക്ക് തുടക്കം കുറിക്കുമ്പോള്‍ തീര്‍ച്ചയായും നാം അസ്വസ്ഥരാവേണ്ടതുണ്ട്.

ഇന്ത്യയില്‍ അതിവേഗം വളരുന്ന ബിസിനസുകളില്‍ ഒന്നാണ് സ്വകാര്യ സുരക്ഷ. നഗരങ്ങളിലേക്ക് കുടിയേറുന്ന അവിദഗ്ദ തൊഴിലാളികളും മുമ്പ് കര്‍ഷകരായിരുന്നവരും തേടിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. അത്തരത്തിലുള്ള ദശലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളിലും അവരെ നമുക്ക് കാണാനാവും. അവരില്‍ ‘സൈനിക അവബോധം’ കുത്തിവെക്കാനാണ് രാദേവ് പോകുന്നതെങ്കില്‍ അത് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്. സംഘ്പരിവാര്‍ ശക്തികള്‍ എല്ലാ ‘അപരനെയും’ ദേശദ്രോഹിയായി മുദ്രകുത്തുന്ന സന്ദര്‍ഭത്തില്‍ ദേശസുരക്ഷയുടെ ആവേശം കുത്തിവെക്കുന്ന രാംദേവിന്റെ സ്വകാര്യ സൈന്യം ഭീതിയുണ്ടാക്കുന്നതാണ്. താല്‍പര്യമുള്ള ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് വിരമിച്ച സൈനിക, പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം ഒരു സ്വകാര്യ സമാന്തര സൈന്യത്തെ ഉണ്ടാക്കിയെടുക്കുകയല്ലാതെ മറ്റെന്താണ്?

അമേരിക്കയില്‍ മുന്‍ നേവി ഓഫീസര്‍ എറിക് പ്രിന്‍സ് രൂപീകരിച്ച ബ്ലാക്ക് വാട്ടര്‍ സെക്യൂരിറ്റി കമ്പനി ഒരു സമാന്തര സൈന്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന് വേണ്ടി പല ഓപറേഷനുകളും അവരാണ് നടത്തുന്നത്. ബ്ലാക്ക് വാട്ടര്‍ പിന്നീട് എക്‌സ് സര്‍വീസസ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇപ്പോള്‍ അക്കാദമി (Academi) എന്ന പേരിലാണത് അറിയപ്പെടുന്നത്. അമേരിക്കന്‍ സൈന്യവുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറാണ് അവര്‍ക്കുള്ളത്. ഇന്ത്യന്‍ സൈന്യത്തെ സ്വകാര്യവല്‍കരിക്കുന്നതിന്റെ ആദ്യ കാല്‍വെപ്പായിരിക്കുമോ ഈ ‘പരാക്രം’?

ബാബാ രാംദേവ് തന്റെ ബിസിനസ് കൗശലവും ഭരണകക്ഷിയില്‍ നിന്നും സംഘ്പരിവാറില്‍ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണയും ഉപയോഗപ്പെടുത്തി നിലവിലുള്ള സുരക്ഷാ ഏജന്‍സികളെ നിയമവിരുദ്ധമാക്കിയാല്‍ അതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. നിങ്ങളുടെ കച്ചവട സ്ഥാപനത്തിനും വീടിനും സംരക്ഷണം ഒരുക്കാന്‍ ദേശസ്‌നേഹികളും സൈനിക പരിശീലനം ലഭിച്ചവരുമായ പരാക്രം സുരക്ഷാ ഗാര്‍ഡുകളെ കാണാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ? എന്നില്‍ ഉത്കണ്ഠയാണ് അതുണ്ടാക്കുന്നത്.

അവസാനമായി ഒരു ആശങ്കയുണര്‍ത്തുന്ന ഒരു ചോദ്യം കൂടി. ഒരു വര്‍ഗീയ കലാപമുണ്ടാകുകയാണെങ്കില്‍ പരീശീലനം ലഭിച്ച ഈ പരാക്രം സുരക്ഷാ ഗാര്‍ഡുകള്‍ എങ്ങനെയായിരിക്കും അതിനോട് പ്രതികരിക്കുക? ഇന്ത്യയെ സംബന്ധിച്ചടത്തോളം അസാധാരണമായ ഒന്നല്ലല്ലോ അത്.
(countercurrents എഡിറ്ററാണ് ലേഖകന്‍)

അവലംബം: countercurrents.org

Related Articles