Current Date

Search
Close this search box.
Search
Close this search box.

യുദ്ധമല്ലാതെ മറ്റെന്താണ് ഒബാമ ബാക്കിവെക്കുന്നത്!

obama2123.jpg

2009-ല്‍ കെയ്‌റൊ സര്‍വകലാശാലയില്‍ വെച്ച് നടത്തിയ പ്രഭാഷണത്തിനിടെ, പ്രസിഡന്റായി അധികാരമേറ്റിട്ട് അപ്പോള്‍ അധികമൊന്നും ആയിട്ടില്ല, താന്‍ ഈജിപ്ഷ്യന്‍ തലസ്ഥാന നഗരിയില്‍ എത്തിയത് ‘ആഗോള മുസ്‌ലിംകള്‍ക്കും അമേരിക്കക്കും ഇടയില്‍ പുതിയൊരു തുടക്കം തേടിയാണ്’ എന്ന് പ്രസിഡന്റ് ഒബാമ പ്രസ്താവിച്ചിരുന്നു. മേഖലയിലെ കൊളോണിയലിസം മുസ്‌ലിംകളുടെ അവകാശങ്ങളും അവസരങ്ങളും നിഷേധിച്ചിരിക്കുന്നെന്നും, ‘അവരുടേതായ ആഗ്രഹാഭിലാഷങ്ങളെ പരിഗണിക്കാതെ’ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ തങ്ങളുടെ പകരക്കാരെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത് എന്നും മൂവ്വായിരത്തോളം വരുന്ന അതിഥികള്‍ക്ക് മുമ്പില്‍ വെച്ച് ഒബാമ സമ്മതിക്കുകയും ചെയ്തിരുന്നു. ‘ബറാക്ക് ഒബാമ, അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു’ എന്ന കേള്‍വിക്കാരുടെ ഉച്ചത്തിലുള്ള വിളി കാരണം പ്രഭാഷണം ഇടക്ക് തടസ്സപ്പെട്ടിരുന്നു. ‘ഓ.. ബാ… മാ, ഓ… ബാ… മാ’ എന്ന ആവേശത്തോടെയുള്ള വിളികളുടെ അകമ്പടിയോടെയാണ് പ്രഭാഷണം അവസാനിപ്പിക്കപ്പെട്ടത്.

അന്ന് വളരെ പ്രചോദനാത്മകമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒബാമയുടെ ട്രേഡ്മാര്‍ക്ക് പ്രഭാഷണങ്ങളില്‍ ഒന്നായിരുന്നു അത്. പക്ഷെ കുറച്ച് കഴിയുമ്പോഴേക്ക് വളരെയധികം അരോചകമായ ഒന്നായി തീര്‍ന്നു അത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധി അവസാനിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, അത്തരത്തിലുള്ള ഒരുപാട് പ്രഭാഷണങ്ങള്‍ ലോകം കണ്ടുകഴിഞ്ഞു. ചോദ്യമിതാണ്, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവോ?

തുടക്കത്തില്‍, പ്രായോഗികവല്‍ക്കരിക്കാനുള്ള കാര്യങ്ങളുടെ പട്ടികയില്‍, ജോര്‍ജ്ജ് ഡബ്യൂ ബുഷിന്റെ അധിനിവേശപരമായ ഇടപെടല്‍ സമീപനത്തില്‍ നിന്നും അകലം പാലിക്കുന്നതിന് ഒബാമ വളരെയധികം പ്രധാന്യം നല്‍കിയിരുന്നു. അതിന്റെ പേരില്‍ അധിനിവേശ വിരുദ്ധ പാളയത്തില്‍ അദ്ദേഹം പ്രശംസിക്കപ്പെട്ടു. പക്ഷെ മറ്റു പല കാര്യങ്ങളില്‍ ഈ നിലപാട് കാരണം കനത്ത തിരിച്ചടിയേല്‍ക്കേണ്ടിയും വന്നു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് എല്ലാവിധ പരിധികളും ലംഘിച്ച് കൊണ്ട്, സ്വന്തം ജനതക്കെതിരെ രാസായുധം പ്രയോഗിച്ചിട്ട് പോലും, സിറിയന്‍ ജനതക്കൊപ്പം നിന്ന് കൊണ്ട് സിറിയന്‍ വിഷയത്തില്‍ ഇടപെടാതിരുന്ന ഒബാമയുടെ തീരുമാനം ഒരു വലിയ പരാജയം തന്നെയാണെന്നാണ് ഒരുപാട് പേര്‍ വിശ്വസിക്കുന്നത്. ഐ.എസിനെ തകര്‍ക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് തീരുമാനിക്കുകയും, ഇറാഖിലും സിറിയയിലുമുള്ള ഐ.എസിനെ തകര്‍ക്കുന്നതിന് വേണ്ടി രൂപം നല്‍കിയ അന്താരാഷ്ട്രസഖ്യത്തെ നയിക്കുകയും ചെയ്തപ്പോള്‍ 2014 ആഗസ്റ്റില്‍ വഞ്ചകനെന്ന ആരോപണം ഒബാമക്കെതിരെ ഉയര്‍ന്നു.

പിന്നീട് ലിബിയയുടെ ഊഴമായിരുന്നു. 2011 മാര്‍ച്ചില്‍, ലിബിയയില്‍ സൈനിക ഇടപെടല്‍ നടത്തുന്നതിന് അനുമതി തേടികൊണ്ടുള്ള യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന് ഒബാമയാണ് നേതൃത്വം നല്‍കിയത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം ജന്മനഗരമായ സിര്‍ത്തെയിലെ ഒരു ഓവുചാലില്‍ നിന്നും പിടികൂടപ്പെട്ട ഗദ്ദാഫി, നാറ്റോയുടെ പിന്തുണയുള്ള വിമതരാല്‍ കൊല്ലപ്പെടുകയാണുണ്ടായത്. അന്ന് മുതല്‍ക്ക്, ഒരു ജനാധിപത്യ രാഷ്ട്രമെന്നതിനേക്കാള്‍, ഒരു പരാജയപ്പെട്ട രാഷ്ട്രമായി ലിബിയ മാറി. സിറിയയില്‍ ഇടപെടാതെ എന്തുകൊണ്ട് ലിബിയയില്‍ ഇടപെട്ടു? എന്ന ചോദ്യം ഒരുപാട് പേര്‍ ഉന്നയിക്കുകയുണ്ടായി. ലിബിയയില്‍ ഒരു അധിനിവേശാനന്തര പദ്ധതി ഒരുക്കുന്നതിലും നടപ്പാക്കുന്നതിലും ഒബാമക്ക് സംഭവിച്ച പരാജയത്തിലേക്കാണ് മറ്റു ചിലര്‍ ശ്രദ്ധ ക്ഷണിച്ചത്.

തന്റെ ഇടപെടല്‍ നയം ചാലിച്ചാണ് അറബ് വസന്തത്തെ ഒബാമ പിന്തുണച്ചത്. അവസാനം ഒബാമ ജനങ്ങള്‍ക്കൊപ്പം നിന്നുവെന്ന പ്രതിധ്വനി ഈജിപ്ഷ്യന്‍ വിപ്ലവത്തിനിടെ ഉണ്ടായി. 2011 ഫെബ്രുവരിയില്‍, ഹുസ്‌നി മുബാറക്ക് താഴെയിറങ്ങണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ആയിരക്കണക്കിന് വരുന്ന പ്രതിഷേധകര്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുകൂടിയപ്പോള്‍, ‘മാറ്റം സംഭവിക്കുക തന്നെ ചെയ്യും’ എന്നായിരുന്നു മുബാറക്കിനോട് ഒബാമ പറഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചു കൊണ്ട് അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടവുമായും, അതിന്റെ നേതാവ് അബ്ദുല്‍ ഫത്താഹ് സീസിയുമായും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന ഒബാമയെയാണ് ലോകത്തിന് കാണാന്‍ കഴിഞ്ഞത്. അന്ന് മുതല്‍ക്ക്, സീസിക്ക് എതിരെ സംസാരിക്കുന്നവര്‍ക്കെല്ലാം എതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ അഴിച്ച് വിടാന്‍ തുടങ്ങി. 2014 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് ഒബാമയും സീസിയും നടത്തിയ കൂടികാഴ്ച്ച, ‘മുര്‍സിയെ അട്ടിമറിച്ച് കൊണ്ട് അധികാരത്തിലെത്തിയ ഈജിപ്തിലെ പുതിയ പട്ടാള ഭരണകൂടത്തെ അമേരിക്ക പൂര്‍ണ്ണമായും ശരിവെക്കുന്ന നടപടിയായിട്ടാണ് കാണേണ്ടത്’ എന്നാണ് മുഹമ്മദ് അല്‍മന്‍ശാവി എഴുതിയത്.

യൂറോപ്പിലെ മറ്റനേകം രാഷ്ട്രങ്ങള്‍ക്കൊപ്പം, ‘ഭീകരവിരുദ്ധ യുദ്ധ’ത്തിലെ സഖ്യകക്ഷിയായി സീസിയെ അമേരിക്കയും അംഗീകരിച്ചു. ഈ യുദ്ധം അവസാനിപ്പിക്കും എന്നതായിരുന്നു ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. പക്ഷെ, യഥാര്‍ത്ഥത്തില്‍ അത് അവസാനിപ്പിക്കുന്നതിന് പകരം ആളികത്തിക്കുകയാണ് ഒബാമ ചെയ്തത്. ഗ്വാഢനാമോ തടവറ അടച്ചുപൂട്ടുന്നതിലുള്ള ഒബാമയുടെ പരാജയം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.

2011 മെയ് മാസത്തില്‍ ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഒബാമ, അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ വധിക്കുന്നതിനായി അമേരിക്ക നടത്തിയ ഓപ്പറേഷന്‍ വിജയിച്ചതായി വിളംബരം ചെയ്തു. ബിന്‍ ലാദന്റെ ഒളിസങ്കേതം കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ബോര്‍ഡിംഗ് അടക്കമുള്ള പീഢന മുറകള്‍ പ്രയോഗിച്ചതായി, ജോണ്‍ ബ്രണന്‍, സി.ഐ.എ തലവനും, ഭീകരവിരുദ്ധയുദ്ധത്തില്‍ ഒബാമയുടെ മുതിര്‍ന്ന ഉപദേഷ്ടാവുമായിരുന്ന ലിയോണ്‍ പാനേറ്റ എന്നിവരടക്കമുള്ള ഉന്നത രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സെയ്‌മോര്‍ എം. ഹെര്‍ഷ് ഒരു ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. എന്തുകൊണ്ട് ബിന്‍ലാദനെ ജീവനോടെ പിടിച്ചില്ല, മൃതദേഹത്തിന്റെ ഒരു ഫോട്ടോഗ്രാഫ് പോലും എന്തുകൊണ്ട് പുറത്തുവിടപ്പെട്ടില്ല, ഡി.എന്‍.എ തെളിവുകള്‍ എന്തുകൊണ്ട് പുറത്ത് വിട്ടില്ല തുടങ്ങിയ ചോദ്യങ്ങള്‍ക്കൊപ്പം അതും ചേര്‍ക്കപ്പെട്ടു.

ബിന്‍ ലാദന്റെ മരണം ജുഡീഷ്യല്‍ബാഹ്യ വധശിക്ഷയാണെന്ന (extrajudicial execution) ആരോപണം പരസ്യമായി ഉയര്‍ന്നുവന്നു. ജന്മം കൊണ്ട് അമേരിക്കക്കാരനായ അന്‍വര്‍ അല്‍-ഔലക്കിയെ അതേ വര്‍ഷം സെപ്റ്റംബറില്‍ യമനില്‍ വെച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊന്നതിനെ വിശേഷിപ്പിക്കാനാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആ പദം ഉപയോഗിച്ചത്. പ്രസ്തുത ഡ്രോണ്‍ ആക്രമണത്തോടെ, യാതൊരു വിധ ക്രിമിനല്‍ കുറ്റാരോപണവുമില്ലാതെ, അല്ലെങ്കില്‍ ‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടാതെ കൊല്ലപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ പൗരനായി അല്‍-ഔലക്കി മാറി. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയിക്കപ്പെട്ടിരുന്നില്ലെങ്കിലും, രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം അല്‍-ഔലക്കിയുടെ 16 വയസ്സുകാരനായ മകനും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

പ്രസിഡന്റായി അധികാരത്തിലിരുന്ന കാലത്ത്, ബുഷിനേക്കാള്‍ പത്തിരട്ടി ഡ്രോണ്‍ ആക്രമണങ്ങളാണ് ഒബാമ നടത്തിയത്. പാകിസ്ഥാനാണ് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിന് കൂടുതല്‍ ഇരയായത്. അഫ്ഗാനിസ്ഥാന്‍, സോമാലിയ, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും അമേരിക്ക ബോംബ് വര്‍ഷിച്ചു. ഒബാമ അധികാരത്തിലേറിയതിന് ശേഷം, അമേരിക്കക്ക് പുറത്തുള്ള ‘യുദ്ധമേഖലകളില്‍’, 2015 ഫെബ്രുവരിയില്‍ മാത്രം 2464 പേരാണ് ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 314 പേര്‍ സിവിലിയന്‍മാരായിരുന്നു. ബുഷിന്റെ കാലത്ത് കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ ഇരട്ടിയാണിത്.

ഫലസ്തീന്‍ അതോറിറ്റിയുമായുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിന്റെ മുന്നുപാധിയായി ജൂതകുടിയേറ്റ പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നെങ്കിലും, അധിനിവിഷ്ഠ ഫലസ്തീനില്‍ ജൂതകൂടിയേറ്റ പാര്‍പ്പിട കേന്ദ്രങ്ങള്‍ കൂണ് പോലെ മുളച്ച് പൊന്തുന്നത് തുടരുക തന്നെയാണ്. പ്രസ്തുത മുന്നുപാധി പ്രയോഗവല്‍ക്കരിക്കപ്പെടാതിരിക്കെയാണ്, 2013-ല്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നീക്കുപോക്കിന് സ്വയം ഇറങ്ങിപുറപ്പെട്ടത്. 2014-ഓടെ അതും തകര്‍ന്നു. പ്രസിഡന്റായി ചുമതലയേറ്റ ആദ്യ 48 മണിക്കൂറില്‍ തന്നെ ഗസ്സക്ക് മേലുള്ള ഉപരോധത്തില്‍ അയവ് വരുത്താന്‍ ഒബാമ ഇസ്രായേലിനോട് ആവശ്യപ്പെട്ടു: ‘വെടിനിര്‍ത്തല്‍ നീട്ടികൊണ്ടുപോകുന്നതിന്റെ ഭാഗമായി, വൈദ്യസഹായവും, മറ്റു ചരക്കുകളും ഗസ്സയിലേക്ക് എത്തിക്കുന്നതിനായി അതിര്‍ത്തികള്‍ അടിയന്തിരമായി തുറക്കുക തന്നെ വേണം.’ ഒബാമയുടെ ഭരണകാലത്ത് ഗസ്സക്ക് മേലുള്ള ഉപരോധം കൂടുതല്‍ കഠിനമായി, ഇസ്രായേല്‍ അതിര്‍ത്തി മാത്രമല്ല, ഈജിപ്തിന്റെ അതിര്‍ത്തിയും ഗസ്സക്ക് മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു.

നിയന്ത്രണങ്ങളോടു കൂടി, ഇറാന് അവരുടെ ആണവപദ്ധതി തുടരാന്‍ അനുവാദം നല്‍കിയ 2015-ലെ ആണവ കരാറായിരിക്കും ചിലപ്പോള്‍ മിഡിലീസ്റ്റില്‍ ഒബാമ ചെയ്ത ഏറ്റവും വലിയ നല്ലകാര്യം. പ്രസ്തുത കരാര്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ലോബികള്‍ മില്ല്യണ്‍ കണക്കിന് ഡോളര്‍ എറിഞ്ഞ് നോക്കിയെങ്കിലും, സെനറ്റില്‍ തനിക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കുന്നതില്‍ ഒബാമ വിജയിച്ചു. പരസ്യമായി തന്നെ ഇസ്രായേല്‍ ലോബിയെ പരാജയപ്പെടുത്തിയ ഒബാമയുടെ നടപടി വളരെയധികം കൈയ്യടി നേടുകയും ചെയ്തു.

പക്ഷെ ഇത് മതിയോ? മുസ്‌ലിംകളുമായും, മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുമായും ഉണ്ടാക്കുമെന്ന് വാഗ്ദാനം നല്‍കിയ പുതിയ തുടക്കം നടപ്പില്‍ വരുത്താന്‍ ഒബാമക്ക് കഴിഞ്ഞോ? കഴിഞ്ഞ വര്‍ഷം മാര്‍ക്ക് ലിഞ്ച് എഴുതിയത് പോലെ: ‘പ്രചോദനാത്മക പ്രഭാഷണങ്ങളിലൂടെ നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഒബാമ ഭരണകൂടം തുടര്‍ച്ചയായി പരാജയപ്പെട്ടു.’ 2009-ല്‍ കെയ്‌റോയില്‍ വെച്ച് നല്‍കിയ വാഗ്ദാനം അതുപോലുള്ള ഒന്നായിരുന്നു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles