Current Date

Search
Close this search box.
Search
Close this search box.

യുദ്ധത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍; ഗസ്സയിലെ യുവാക്കള്‍ പറയുന്നു

Moath-Alhaj-muad.jpg

‘ഉറങ്ങുമ്പോള്‍ ലൈറ്റണക്കാന്‍ എനിക്ക് ഭയമാണ്.. ഒരു ഭീരുവായതു കൊണ്ടല്ല.. മറിച്ച്, എന്റെ ജീവിതത്തിലിനി ആകെ അവശേഷിക്കുന്ന വെളിച്ചം ഈ ബള്‍ബിന്റേതു മാത്രമാണെന്ന തിരിച്ചറിവു കൊണ്ടു മാത്രം.’ ഈ വാക്കുകള്‍ കുറിച്ച് അധിക നാള്‍ കഴിയുന്നതിനു മുമ്പേ മുആദ് അല്‍ഹാജ് എന്ന യുവ കലാകാരന്‍ ഗസ്സ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉറങ്ങിക്കിടക്കവേ മരണത്തിലേക്ക് യാത്രയായി. രണ്ടു ദിവസം പുറത്തൊന്നും കാണാതെ വന്നപ്പോള്‍ സുഹ്യത്തുക്കള്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ്, പതിനൊന്ന് വര്‍ഷമായി താന്‍ ഒറ്റയ്ക്ക് ജീവിച്ചു വരുന്ന ആ വീട്ടില്‍ തന്റെ പുതപ്പിനുള്ളില്‍ ചുരുണ്ടുറങ്ങുന്ന അവസ്ഥയില്‍ മുആദിന്റെ ചലനമറ്റ ശരീരം കണ്ടത്.

ഗസ്സയിലെ ഏറ്റവും തിരക്കേറിയ ക്യാമ്പുകളിലൊന്നായ ‘നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പി’ലായിരുന്നു മുആദിന്റെ ജീവിതം. കഷ്ടപ്പാടിന്റെയും പ്രതിരോധത്തിന്റെയും ചരിത്രം കണ്ട ഏറ്റവും ഹൃദയ ഭേദകമായ ചിത്രമായിരുന്നു നുസൈറത്ത് ക്യാമ്പ്. വളന്നത് യു.എ.ഇ. യിലായിരന്നെങ്കിലും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനാര്‍ത്ഥം ഗസ്സയിലേക്ക് മടങ്ങിയതായിരുന്നു മുആദ്. എന്നാല്‍ മൂന്നു യുദ്ധങ്ങളുടെയും ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന ഉപരോധത്തിന്റെയും നേര്‍സാക്ഷിയായി അവന് അവിടെത്തന്നെ ജീവിതം തുടരേണ്ടി വന്നു.  

എന്നിട്ടും ശുഭപ്രതീക്ഷയുടെ പ്രതിരൂപമായിരുന്നു അവന്‍. താന്‍ വരച്ച ചിത്രങ്ങളിലും കുറിച്ചിട്ട വരികളിലും അവന്‍ നിറച്ചു വെച്ചത് പ്രതീക്ഷയുടെ സന്ദേശമായിരുന്നു.
ചെറുപ്രായം തൊട്ടേ സ്വന്തമായൊരു ലോകം തീര്‍ത്ത് അതിനുള്ളില്‍ ജീവിക്കാനായിരുന്നു അവന്‍ ശ്രമിച്ചിരുന്നത്. പുറംലോകത്തെ സംഭവവികാസങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം പ്രവചനാതീതമായിരുന്നു. പലപ്പോഴും ക്രൂരവും.

മാതാവ് മരിക്കുമ്പോള്‍ മുആദിന് പ്രായം ഒരു വയസ്. യു.എ.ഇ യില്‍ വെച്ച് കാന്‍സര്‍ ബാധിച്ച് പിതാവും മരണത്തിന് കീഴടങ്ങി. സാഹചര്യങ്ങളെ കൈപ്പിടിയിലൊതുക്കാനാവാതെ അവന്‍ ജീവിതത്തോട് ഒറ്റയ്ക്ക് പട പൊരുതി. സുഹൃത്തുക്കളെന്ന് പറയാന്‍ അയല്‍ക്കാര്‍ മാത്രം. എന്നാല്‍ അവന്റെ ആത്മാവില്‍ പുകഞ്ഞിരുന്ന അഗ്നിക്ക് ശമനമായത് പേനയും ഛായങ്ങളുമായിരുന്നു.

ഒരു കാര്‍ട്ടൂണിന് അവന്‍ നല്‍കിയ തലക്കെട്ട് ‘പുഞ്ചിരിക്കൂ.. യുദ്ധം നാണിച്ച് തല താഴ്ത്തട്ടെ’ എന്നായിരുന്നു. നിറയെ പൂക്കള്‍ തുന്നിയ ഉടുപ്പണിഞ്ഞ ഒരു പെണ്‍കുട്ടി ഒരു നീണ്ട പാതയുടെ അറ്റത്ത് പുറം തിരിഞ്ഞ് നില്‍ക്കുന്നതായിരുന്നു ചിത്രം. മുആദ് രൂപം നല്‍കിയ കഥാപാത്രങ്ങളെല്ലാം തങ്ങളുടെ കണ്ണുകള്‍ അടച്ചു പിടിച്ചിരുന്നു. ക്രൂരമായ ചുറ്റുപാടുകളെ കാണാന്‍ വിസമ്മതിക്കുന്ന പോലെ. മനോഹരമായ ഒരു ലോകത്തെ ധ്യാനിക്കുന്ന പോലെ.

മുആദിന്റെ മരണകാരണം സ്‌ട്രോക്ക് ആണെന്നാണ് ഡോക്ടര്‍മാരുടെ ഭാഷ്യം. കുമിഞ്ഞുകൂടിയ ദുഖഭാരം താങ്ങാനാവാതെ അവന്റെ ഹൃദയം പൊട്ടിത്തെറിച്ചതാവണം. ഗസ്സ കണ്ട ഏറ്റവും മാന്യനായ യുവാക്കളിലൊരാളായിരുന്നു മുആദ്. അവന്റെ സംസ്‌കാരച്ചടങ്ങില്‍ തടിച്ചുകൂടിയ ജനസാഗരം സാക്ഷ്യപ്പെടുത്തിയതും അതുതന്നെ. സോഷ്യല്‍ മീഡിയകളില്‍ അനുശോചനക്കുറിപ്പുകള്‍ നിറഞ്ഞൊഴുകുകയാണ്. അവയിലധികവും ഗസ്സയിലെ ഫലസ്തീനി യുവാക്കളുടേതാണ്. മുആദ് ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി യാത്രയായെന്ന് അവര്‍ ഞെട്ടലോടെയാണ് ഉള്‍ക്കൊള്ളുന്നത്. ഉപരോധവും യുദ്ധാന്തരീക്ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെയായിരുന്നു ഈ യുവാവിന്റെ വിടപറയലും.

അതേ ആഴ്ച തന്നെയായിരുന്നു മൂന്നുവര്‍ഷം മുമ്പ് ഇസ്രായീല്‍ തങ്ങള്‍ക്കുനേരെ തൊടുത്തുവിട്ട അതിക്രൂരമായ യുദ്ധാക്രമണങ്ങളുടെ അനുസ്മരണം ഫലസ്തീനികള്‍ ആചരിച്ചിരുന്നതും. 2200 ഫലസ്തീനികളുടെ ജീവന്‍ അപഹരിച്ച, ലോകചരിത്രത്തിലെ എക്കാലത്തെയും ഉണങ്ങാത്ത മുറിവായിരുന്നു ഗസ്സയെ പിച്ചിച്ചീന്തിയ ആ യുദ്ധം. 17000ത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിന് ആശുപത്രികളും സ്‌കൂളുകളും വ്യവസായ സ്ഥാപനങ്ങളും ഛിന്നഭിന്നമായി.
ഗസ്സയുടെ സാമ്പത്തിക സ്ഥിതിയും കീഴ്‌മേല്‍ മറിഞ്ഞു. ഇന്ന് ഗസ്സയിലെ എണ്‍പത് ശതമാനം ഫലസ്തീനികളും ദാരിദ്ര്യരേഖക്ക് താഴെ നിലകൊള്ളുന്നവരാണ്.
യുദ്ധവും ഉപരോധവും ഇല്ലാത്തൊരു ലോകത്തെക്കുറിച്ച സങ്കല്‍പം പോലും നഷ്ടപ്പെട്ട ഒരു തലമുറയുണ്ട് ഇന്ന് ഗസ്സയില്‍. തങ്ങള്‍ക്കു ചുറ്റും ആരെല്ലാമോ പണിതുയര്‍ത്തിയ ഉപരോധത്തിന്റെ വന്‍മതിലുകള്‍ക്കപ്പുറം മറ്റൊരു ലോകം ഉണ്ടെന്ന് പോലും അറിയാത്തവര്‍.

നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തങ്ങളുടെ നിലവിളികള്‍ക്ക് ലോകം കാതോര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഗസ്സയിലെ ചില യുവാക്കള്‍ തങ്ങളുടെ കരളലിയിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചതു കൂടി ചുവടെ ചേര്‍ക്കുന്നു.  

ഇസ്‌റാഅ് മിഖ്ദാദ് (ഇസ്‌ലാമിക് ഫിനാന്‍സ് വിദ്യാര്‍ഥിനി)
‘2014ലെ ഇസ്രാഈല്‍ യുദ്ധം ഭാഗികമായി തകര്‍ത്ത ഞങ്ങളുടെ വീട് വീണ്ടും പണിതുയര്‍ത്താന്‍ ഒരു വര്‍ഷത്തോളമെടുത്തു. ഭവനനിര്‍മാണത്തിനാവശ്യമായ സാധനങ്ങളുടെ അപര്യാപ്തതയും അവ ലഭ്യമാണെങ്കില്‍ തന്നെ ഞങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമുള്ള പണച്ചെലവുമെല്ലാമായിരുന്നു കാരണം. ഉപരോധത്തെത്തുടര്‍ന്ന് എനിക്കെന്റെ സ്‌കോളര്‍ഷിപ്പും നഷ്ടമായി. കഴിഞ്ഞ 3 വര്‍ഷമായി ഞാന്‍ പല യൂണിവേഴ്‌സിറ്റികളിലും സ്‌കോളര്‍ഷിപ്പിനായി നിരന്തരം അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പിലെ പല സര്‍വകലാശാലകള്‍ക്കും ഗസ്സയിലെ ഉപരോധത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന തിരിച്ചറിവ് മാത്രമായിരുന്നു ഫലം.

അതെ.. എനിക്കും വേണം ഒരു നല്ല ജീവിതം. പക്ഷേ ഞാന്‍ ഗസ്സയെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു. ഓരോ ദിനം കഴിയുന്തോറും സാഹചര്യങ്ങള്‍ ഇവിടെ വഷളായിക്കൊണ്ടിരിക്കുകയാണ്. സ്ഥിരമായ ഒരു ജോലി എന്നത് ഒരിക്കലും പുലരാത്ത ഒരു സ്വപ്‌നം മാത്രമാണ് ഞങ്ങള്‍ക്ക്. മറ്റെവിടെയെങ്കിലും എന്തെങ്കിലും ജോലി ശരിയായാല്‍ തന്നെ ഇവിടെ നിന്ന് പുറത്തുകടക്കല്‍ ഞങ്ങള്‍ക്ക് അസാധ്യവുമാണ്’.

ഗാദ (23 വയസ്, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, വിവര്‍ത്തക)
‘ഗസ്സയിലെ സ്ഥിതിഗതികള്‍ അനുദിനവും സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. നാളുകളായി പ്രതീക്ഷക്ക് വക നല്‍കുന്ന ഒന്നും തന്നെ ഇവിടെ സംഭവിച്ചിട്ടില്ല.
ഫലസ്തീനിലെ സാമ്പത്തിക സാഹചര്യങ്ങളുടെ ഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന ‘ഫലസ്തീനിയന്‍ ട്രേഡ് സെന്ററി’ന്റെ ഭാഗമായി ജോലി ചെയ്യുകയാണ് ഞാന്‍. ഓരോ ദിവസവും ഞാനഭിമുഖീകരിക്കുന്നത് ജീവിതത്തോട് പടപൊരുതുന്ന ജനങ്ങളെയാണ്. എല്ലാ തട്ടിലുള്ള ജനങ്ങളും സമാനതകളില്ലാത്ത ദുരിതസാഹചര്യങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വൈദ്യുതിയുടെ അപര്യാപ്തത ബിസിനസ് മേഖലയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നു. കയറ്റുമതി നിരോധനം കാരണം കാര്‍ഷിക മേഖലയും നാശത്തിലായി. നാടിന്റെ ശുചിത്വം താറുമാറിലായി. കടലുകള്‍ പോലും മലിനീകരിക്കപ്പെട്ടു. എന്തിനധികം, കുടിവെള്ളത്തിനു പോലും കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു മെച്ചപ്പെട്ട അവസ്ഥ ഞങ്ങള്‍ക്ക് വിദൂര സ്വപ്‌നം മാത്രമാണ്’.

ബനിയാസ് ഹര്‍ബ് (അധ്യാപകന്‍)
‘ഉപരോധം മൂലം ഞങ്ങളകപ്പെട്ടിരിക്കുന്ന നിസ്സഹായാവസ്ഥ വിവരണാതീതമാണ്. ഏറ്റവും അസഹ്യമായിത്തോന്നുന്നത് ‘റഫ’ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ്. ഫലസ്തീനികളില്‍ മൂന്നിലൊരു ഭാഗവും ഗസ്സ നിവാസികളാണ്. അവരില്‍ വെറും പത്ത് ശതമാനം ആളുകള്‍ക്കേ ഗസ്സക്കപ്പുറമുള്ള ഒരു ലോകത്തെ കാണാനാവുന്നുള്ളു. ഞങ്ങള്‍ നിസ്സഹായരാണ്. ഒറ്റപ്പെട്ടുപോയവരാണ്.’

ഖോലോദ് സുഗ്‌ഭോര്‍ (ഗസ്സയിലെ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം)
2006 മുതല്‍ ഗസ്സയില്‍ ഉപരോധം നിലവിലുണ്ട്. യുദ്ധം തുടങ്ങുന്നതിനു മുമ്പേ തന്നെ ഇവിടുത്തെ സാഹചര്യങ്ങള്‍ ഭീകരമായിരുന്നു. ഗസ്സയിലെ യുവാക്കളില്‍ 60 ശതമാനവും തൊഴില്‍ രഹിതരാണ്. മൂന്ന് യുദ്ധങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുുണ്ട്. ജീവിതം കൂടുതല്‍ കഠിനമായിക്കൊണ്ടിരിക്കുന്നതായി ഞാന്‍ തിരിച്ചറിയുന്നു. പ്രത്യേകിച്ചും അവസാന യുദ്ധത്തിനു ശേഷം.. 2014ലെ ആ നശിച്ച യുദ്ധം കഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിടുമ്പോഴും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുക തന്നെയാണ്. ഗസ്സക്കിനിയെന്നെങ്കിലും പഴയ സ്ഥിതി വീണ്ടെടുക്കാനാവുമോ.’

സോന്‍ഡോസ് (ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, സാമൂഹ്യ പ്രവര്‍ത്തക)
യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന 350ഓളം കുടുംബങ്ങളെ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെയെല്ലാം മാനസിക നിലക്കേറ്റ ആഘാതം ഭീകരമാണ്. തലയ്ക്കുമുകളില്‍ സദാ യുദ്ധഭീഷണിയും പേറിക്കൊണ്ട് ജീവിക്കുന്നവരാണവര്‍. ഞാന്‍ സന്ദര്‍ശിച്ച എല്ലാ വീടുകള്‍ക്കും പറയാനുള്ളത് ദാരിദ്ര്യത്തിന്റെയും തൊഴില്‍ രാഹിത്യത്തിന്റെയും ഭാവിയെക്കുറിച്ച ഭയത്തിന്റെയും നെഞ്ചുരുകുന്ന കഥകള്‍ മാത്രമായിരുന്നു.
ഇസ്രായേലിനു മേല്‍ പുറം രാജ്യത്തു നിന്നുള്ള കഠിനസമ്മര്‍ദം ഉണ്ടാവുന്നതു വരെ ഗസ്സ നിവാസികള്‍ ഈ നരകതുല്യമായ ജീവിതം തന്നെ തുടരും. തകര്‍ന്നു തരിപ്പണമായ തങ്ങളുടെ വീടുകളെ ഒരിക്കല്‍ കൂടി പുനര്‍നിര്‍മിക്കാനുള്ള ശേഷി ഇനിയിവര്‍ക്കില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ വരെ അപ്രാപ്തരായിക്കഴിഞ്ഞു ഇവര്‍. വെള്ളമില്ല. വൈദ്യുതിയില്ല.
പക്ഷേ ഗസ്സ ഇനിയും നില നില്‍ക്കും. ജീവിതത്തെ അള്ളിപ്പിടിക്കും. ഗസയെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല. ഞങ്ങളുടെ യുവാക്കള്‍ വിദ്യാസമ്പന്നരായി വളരും. അവരുടെ ലക്ഷ്യങ്ങളിലേക്കുയരും. നാലുപാടു നിന്നും വരുന്ന ആക്രമണങ്ങളെ അവര്‍ ഇനിയും സധൈര്യം പ്രതിരോധിക്കും. ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഞങ്ങളുടെ എക്കാലത്തെയും മുതല്‍ക്കൂട്ട്.’

വിവ: നബാ ഷെബിന്‍

Related Articles