Current Date

Search
Close this search box.
Search
Close this search box.

യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നത് എന്തിന്?

bokoharam.jpg

ജൂണ്‍ മാസം ആദ്യത്തില്‍ ‘സിറാജ്’ ദിനപത്രത്തില്‍ വന്ന ‘പാശ്ചാത്യ അധിനിവേശത്തിന്റെ കുഴലൂത്ത്’ എന്ന ലേഖനം വായിക്കാനിടയായി. അതിനെ തുടര്‍ന്നുണ്ടായ ചില സന്ദേഹങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന നൈജീരിയന്‍ തീവ്രവാദസംഘടനയായ ബോകോ ഹറാമിനെപ്പറ്റിയും അതിന്റെ ഉല്‍പ്പത്തിയും, അത് നൈജീരിയന്‍ ജനതക്ക് എത്രത്തോളം ഭീഷണി ഉയത്തുന്നു എന്നും ലേഖനത്തില്‍ സാമാന്യം വിശദമായിത്തന്നെ പറയുന്നുണ്ട്. അതിനോടൊപ്പം സാമ്രാജ്യത്വ, ഇസ്‌ലാമോഫോബിയന്‍ പിണിയാളുകള്‍ക്ക് ഇസ്‌ലാമിനെ വികലമാക്കി ചിത്രീകരിക്കാനൊരു അവസരം ഇസ്‌ലാമിസ്റ്റ്് സംഘടന എന്ന പേരില്‍ ബോകോ ഹറാം ഒരുക്കുകയാണെന്നും, അതുകൂടാതെ നൈജീരിയന്‍ സര്‍ക്കാറും ഈ സംഘടനയും തമ്മിലുള്ള ആഭ്യന്തര കലഹത്തില്‍ ഇടപെടാനെന്ന മട്ടില്‍ അവിടത്തെ എണ്ണ സമ്പുഷ്ടമായ ഭൂപ്രകൃതിയില്‍ കണ്ണു വെച്ച് സാമ്രാജ്യത്വ ശക്തികള്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. പക്ഷേ പ്രശ്‌നം അതല്ല. ലേഖനത്തിന്റെ അവസാന ഭാഗത്തെത്തുമ്പോഴാണ് ചില കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് വരുന്നത്. പാശ്ചാത്യ അധിനിവേശങ്ങള്‍ക്ക് എന്നും തങ്ങളുടെ രാജ്യത്ത് സൗകര്യം ഒരുക്കികൊടുക്കുന്നത് അവിടത്തെ ഇസ്‌ലാമിസ്റ്റ് സംഘടനകളാണെന്നാണ് ലേഖകന്റെ കണ്ടെത്തല്‍. ‘ആധുനിക ലോകക്രമത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗമാണത്രെ ഇസ്‌ലാമിസ്റ്റുകള്‍ നിവഹിക്കുന്നത്’ എന്ന് ഒരു പരിഹാസമട്ടിലാണ് ലേഖകന്‍ പറയുന്നത്. ഇസ്‌ലാമിസ്റ്റുകളെ എണ്ണിയ കൂട്ടത്തില്‍ ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡും തുനീഷ്യയിലെ അന്നഹ്ദയും ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ പ്രവത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി നേതാവ് ഉര്‍ദുഗാനും സുഡാനിലെ ഉമര്‍ ബഷീറും ഉള്‍പ്പെടുന്ന ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പില്‍ അല്‍ഖ്വാഇദയും സോമാലിയയിലെ അശ്ശബാബും വരെയുണ്ടെന്നതാണ് കൗതുകം.

ചുരുക്കി പറഞ്ഞാല്‍ മേല്‍ പറഞ്ഞ ബോകോ ഹറാമും ഈ എണ്ണിയവരുമൊക്കെ ഒരേ ഗണത്തിലാണ് എന്നര്‍ഥം. ആഗോള പരിഗണനയില്‍ സുന്നീ വിഭാഗത്തില്‍ പെടുന്ന ഈ ഇസ്‌ലാമിസ്റ്റുകള്‍ അവര്‍ക്ക് സ്വാധീനമുള്ള എല്ലായിടത്തും പാരമ്പര്യ ശേഷിപ്പുകള്‍ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ലേഖകന്‍ പറയുന്നത്. അതിനാല്‍ ‘പ്രത്യക്ഷമായോ പരോക്ഷമായോ ബോധപൂര്‍വമോ അബോധപൂര്‍വമോ പാശ്ചാത്യ അധിനിവേശങ്ങള്‍ക്ക് കളമൊരുക്കുന്നത് ഇസ്‌ലാമിസ്റ്റ് ധാരയിലെ ഇത്തരം സംഘടനകളാണെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല’ എന്നാണ് ഒട്ടും ഗവേഷണം കൂടാതെ ലേഖകന്‍ പറയുന്നത്. സിറിയയില്‍ ബശ്ശാര്‍ വീണാല്‍ അധികാരത്തില്‍ കയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബ്രദഹുഡ് സിറിയയിലേക്ക് പാശ്ചാത്യരെ വിളിച്ചു വരുത്തുകയാണ് എന്നും പറയുന്നു ലേഖകന്‍. തീര്‍ന്നില്ല നിഗമനങ്ങളും നിരീക്ഷണങ്ങളും, ലിബിയയില്‍ ഗദ്ദാഫിയെ പുറത്താക്കി ഭരണം തുടങ്ങിയ ഇസ്‌ലാമിസ്റ്റുകള്‍ ഇന്ന് പല തട്ടുകളിലാണെന്നും അവിടത്തെ എണ്ണ സമ്പത്ത് വിദേശികള്‍ കപ്പലില്‍ കയറ്റി കൊണ്ടു പോകുകയാണെന്നും പറയുന്ന ലേഖകന്റെ മറ്റൊരു കണ്ടെത്തല്‍, ഈജിപ്തിലെ മുര്‍സി സര്‍ക്കാറിനെ പറ്റിയാണ്. ‘ഭരിച്ച് പരാജയപ്പെട്ട സര്‍ക്കാറിനെ ജനം പിടിച്ച് താഴെയിട്ടു’ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ബോകോ ഹറാമിനെ പറ്റിയും മറ്റും ഇത്ര വലിയ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന ലേഖകന് ഈജിപ്തിലേത് ഒരു സൈനിക അട്ടിമറിയാണെന്ന് സമ്മതിക്കാനുള്ള മനസ്സ് ഇപ്പോഴും വന്നിട്ടില്ല. ഐക്യ രാഷ്ട്രസഭ വരെ അപലപിച്ച അവിടത്തെ സൈനിക അട്ടിമറിയെ, അതും ജനാധിപത്യ രീതിയില്‍ ഭരണത്തിലേറിയ ഒരു സര്‍ക്കാറിനെ സൈന്യം അട്ടിമറിച്ചതിനെ ‘ജനങ്ങള്‍ പിടിച്ച് താഴെയിട്ടെന്ന്’ പറയുന്നതിലൂടെ ലേഖകന്റെ ഉദ്ദേശ്യമെന്താണെന്ന് സത്യം അറിയുന്ന ആര്‍ക്കും മനസിലാക്കാന്‍ പറ്റും. ഇങ്ങനെ പറയുമ്പോള്‍ സൈനിക അട്ടിമറിക്കെതിരായുള്ള പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി അംഗീകരിച്ച് അവര്‍ക്കു വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ലോക മുസ്‌ലിംകള്‍ ഇവിടെ വിഢികളാകുകയാണ്. അത് സൈനിക അട്ടിമറിയാണെന്ന കാര്യം ലേഖകന് അറിയാത്തതു കൊണ്ടല്ല, ജനങ്ങളെ തെിദ്ധരിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ലേഖനത്തിനുള്ളത്. അങ്ങനെ വരുമ്പോള്‍ മുല്ലപ്പൂ വിപ്ലവത്തിലൂടെ തുനീഷ്യയില്‍ അധികാരത്തിലേറി നല്ലൊരു ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്ന അന്നഹ്ദയും, തന്റെ ജനസമ്മിതി വീണ്ടും വീണ്ടും ലോകത്തിനു മുന്നില്‍ തെളിയിക്കുന്ന ഉര്‍ദുഗാനുമൊക്കെ ഭരിക്കുന്നിടത്ത് എന്തുകൊണ്ട് പാശ്ചാത്യ അധിനിവേശത്തിന് വഴിയൊരുങ്ങിയില്ല എന്ന് ലേഖനത്തില്‍ കാണുന്നില്ല. ഇതിലൂടെ ലേഖകന്‍ കൃത്യമായി ഉന്നം വെുന്നത് ജമാഅത്തെ ഇസ്‌ലാമിയെ അടക്കമാണ്. നമ്മുടെ കൊച്ചു കേരളത്തില്‍ പ്രവത്തിക്കുന്ന ജമാഅത്തും നൈജീരിയയിലെ ബോകോ ഹറാമും അല്‍ഖ്വാഇദയും ബ്രദര്‍ഹുഡുമൊക്കെ ഒരേ നിരയിലുള്ളവരാണെന്ന് നാലാളു വായിക്കുകയാണെങ്കില്‍ തന്റെ ലക്ഷ്യം പൂത്തിയായതില്‍ ലേഖകനു സന്തോഷിക്കാനുള്ള വകയായി.

നാളിതുവരെയായി കടുത്ത പരീക്ഷണങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇതു വരെ അതില്‍നിന്നു ഒരു മോചനമായിട്ടില്ല. തൊട്ടതിനും പിടിച്ചതിനും ഇസ്‌ലാമോഫോബിയ കണ്ടെത്തുന്ന ഈ കാലത്ത് അത് വര്‍ധിക്കുകയല്ലാതെ കുറയാന്‍ ഇടയില്ല. ശത്രുവിനു മുന്നില്‍ എന്നും ഇര ഇസ്‌ലാം തന്നെയാണ്. അവിടെ ശിയാ-സുന്നീ വിവേചനം പോലുമില്ല. ഈയവസ്ഥയില്‍ ഇനിയെങ്കിലും ഭിന്നിപ്പുകള്‍ക്ക് വിരാമമിട്ട് മുസ്‌ലിംകള്‍ ഒറ്റക്കെട്ടായെങ്കിലെന്ന് പലപ്പോഴും ആശിക്കാറുണ്ട്. പിഞ്ചു കുഞ്ഞിന്റെ വായില്‍ നിന്ന് ഇറ്റിവീഴുന്ന നീര് നജസാണെന്നു പറഞ്ഞ സ്വഹാബിയും അതു പൂവില്‍ നിന്നു ഇറ്റി വീഴുന്ന മധുവിനു തുല്യമാണെന്ന് പറഞ്ഞ സ്വഹാബിയും അണിനിരന്നത് പ്രവാചകന്‍ മുഹമ്മദ് (സ)യുടെ ചര്യയുടെ കൂടെയായിരുന്നെന്ന് നാം വിസ്മരിച്ചു പോകരുത്. അത് കൊണ്ട് ഇനിയെങ്കിലും ഇത്തരം ആരോപണങ്ങളും ചെളിവാരിയെറിയലും നമുക്ക് നിത്തിക്കൂടെ.

മരണവും മരണാനന്തര ജീവിതവും ഉണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് നമ്മള്‍. ദൈവിക വിചാരണ വേളയില്‍ നമുക്ക് നല്‍കിയിട്ടുള്ള എഴുതാനും ചിന്തിക്കാനുമുള്ള കഴിവിനെുറിച്ചും, നമ്മുടെ അറിവ് എന്തിനു വേണ്ടി വിനിയോഗിച്ചു എന്നതിനെ കുറിച്ചും വ്യക്തമായ മറുപടി പറയാതെ നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത്തരം കഴിവുകളെ മുസ്‌ലിം ഐക്യത്തിനും ഇസ്‌ലാമിക സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി ഉപയോഗിച്ചാല്‍ ഇഹലോകത്തും പരലോകത്തും അതൊരു മുതല്‍ക്കൂട്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Related Articles