Current Date

Search
Close this search box.
Search
Close this search box.

യാകൂബ് മേമന്റെ വധശിക്ഷാ വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

yakub-meman.jpg

ജൂലൈ 30-ന് യാകൂബ് മേമന് 53 വയസ്സാവും. അന്നേ ദിവസം പുലര്‍ച്ചെ 7 മണിക്ക് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് അദ്ദേഹം തൂക്കിലേറ്റപ്പെടുകയും ചെയ്യും. 20 വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കഴിച്ചു കൂട്ടിയത്.

ജൂലൈ 21-ന്, 1993 മുംബൈ സ്‌ഫോടന കേസില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് യാകൂബ് സമര്‍പ്പിച്ച അവസാന അപേക്ഷയും സുപ്രീം കോടതി തള്ളുകയുണ്ടായി. 257 പേര്‍ കൊല്ലപ്പെടുകയും, 713 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും, 27 കോടി രൂപയുടെ വസ്തുവകകള്‍ നശിക്കുകയും ചെയ്ത സ്‌ഫോടന പരമ്പരകളില്‍ മേമന് പങ്കുണ്ട് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് 2007-ലെ ടാഡ നിയമപ്രകാരം യാകൂബിനെ ശിക്ഷിച്ചത്. വധശിക്ഷയുടെ ന്യായാന്യായങ്ങള്‍ വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ യാകൂബ് മേമന്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടോ എന്നതാണ് ഇവിടെ ചര്‍ച്ചയാവേണ്ട മുഖ്യ പ്രശ്‌നം. 10,000 പേജ് വരുന്ന കുറ്റപത്രത്തിലെ കുറ്റക്കാരായ 100-ലധികം പേരോടൊപ്പമാണ് മേമനും ഉള്ളത്. പക്ഷെ അദ്ദേഹത്തിന് മാത്രമാണ് വധശിക്ഷ വിധിക്കപ്പെട്ടത്. എന്തു കൊണ്ട്?

പശ്ചാത്തലം
1993 മാര്‍ച്ച് 12-ന് നടന്ന തുടര്‍ച്ചയായ പത്ത് സ്‌ഫോടനങ്ങളില്‍ മുബൈ ചിന്നഭിന്നമായി. ഉച്ച തിരിഞ്ഞ് 1.28-നാണ് ആദ്യ സ്‌ഫോടനം നടന്നത്. 1992-ല്‍ പോലിസിന്റെ സഹായത്തോടെ മുസ്‌ലിംകളെ കൊന്നൊടുക്കി കൊണ്ട് ശിവസേന നടത്തിയ മുംബൈ കലാപത്തിനുള്ള മറുപടിയായിരിക്കാം പ്രസ്തുത സ്‌ഫോടനങ്ങള്‍. ഈ കലാപങ്ങളുടെ ഇരകളില്‍ ഒരാളാണ് ടൈഗര്‍ മേമന്‍. ഗള്‍ഫ് കച്ചവട ബന്ധങ്ങള്‍ ആരംഭിക്കുകയും, വമ്പിച്ച സ്വാധീന വലയവുമുണ്ടായിരുന്ന ഒരു കള്ളകടത്തുകാരനായിരുന്നു ടൈഗര്‍ മേമന്‍. കലാപം നടത്തിയ വര്‍ഗീയ ഭ്രാന്തന്മാര്‍ അദ്ദേഹത്തിന്റെ ഓഫീസും അഗ്നിക്കിരയാക്കി.

പകയും, നിരാശയും കലാപാനന്തരഭൂമിയില്‍ തളംകെട്ടി നിന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരു അവസരവും കാത്ത് നില്‍ക്കുന്നവനെ പോലെ, പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ഈ സാഹചര്യത്തില്‍ ഒരു അവസരം മണത്തു.

ഇങ്ങനെയാണ് മുംബൈ സ്‌ഫോടനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് കളമൊരുങ്ങിയത്. ദാവൂദ് ഇബ്രാഹിം (അന്ന് ദുബൈയിലായിരുന്നു താമസിച്ചിരുന്നത്), മുഹമ്മദ് ദോസ, ടൈഗര്‍ മേമന്‍, താഹിര്‍ മര്‍ച്ചന്റ് തുടങ്ങിയ യൂറോപ്പും ഗള്‍ഫ് നാടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ മുസ്‌ലിം അധോലോക നായകന്മാരുടെ ഒരു യോഗം ഐ.എസ്.ഐ വിളിച്ചു ചേര്‍ത്തു.

ഗൂഢാലോചന
കുറച്ച് യോഗങ്ങള്‍ക്ക് ശേഷം, ആക്രമണം നടത്തുന്നതിന്റെ ഉത്തരവാദിത്തം ടൈഗര്‍ മേമനും, മുഹമ്മദ് ദോസക്കും നല്‍കപ്പെട്ടു. ആക്രമണത്തിന് വേണ്ട സ്‌ഫോടകവസ്തുക്കളും മറ്റും എത്തിക്കുന്ന കാര്യം ദാവൂദ് ഏറ്റെടുത്തു. അന്ന് ഐ.എസ്.ഐയുടെ പരിശീലനത്തിന് വേണ്ടി പാകിസ്ഥാനിലേക്ക് അയക്കപ്പെട്ട യുവാക്കളില്‍ നിന്നും കുറച്ച് പേരെ ടൈഗര്‍ മേമന്‍ പദ്ധതി നിര്‍വഹണത്തിന് വേണ്ടി തെരഞ്ഞെടുത്തു. എങ്ങനെ ബോംബുകള്‍ എത്തിക്കും എന്നതു തൊട്ട് കസ്റ്റംസ് ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ട കൈക്കൂലി വരെയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി, പന്‍വേലിലെ പേര്‍ഷ്യന്‍ ദര്‍ബാര്‍ ഹോട്ടലില്‍ വെച്ച് ജനുവരി 6, ഫെബ്രുവരി 10, മാര്‍ച്ച 1 തിയ്യതികളില്‍ യോഗങ്ങള്‍ നടന്നിരുന്നു. അവസാന ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് 4-ന് താജ് ഹോട്ടലില്‍ വെച്ചും യോഗം ചേരുകയുണ്ടായി.

ഈ സുപ്രധാന യോഗങ്ങളില്‍ ഒന്നില്‍ പോലും ടൈഗര്‍ മേമന്റെ സഹോദരനായ യാകൂബ് മേമന്‍ പങ്കെടുത്തിട്ടില്ലെന്നാണ് പ്രോസിക്ക്യൂഷന്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്.

ആരാണ് യാകൂബ് മേമന്‍?
ആറു മക്കളില്‍ മൂന്നാമന്‍, മുംബൈയില്‍ ജനനം. 1983-ല്‍ ബാച്ച്‌ലേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കി. 1985-ല്‍ കൊമേഴ്‌സില്‍ മാസ്‌റ്റേഴ്‌സ് കരസ്ഥമാക്കി. 1986-ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ-യില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇന്ത്യയിലെ വളരെ കഠിനമായ കോഴ്‌സുകളില്‍ ഒന്ന് പൂര്‍ത്തിയാക്കിയതിന് ശേഷം, അദ്ദേഹം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ആരംഭിക്കുകയും, തന്റെ സ്‌കൂള്‍ സഹപാഠിയും സുഹൃത്തുമായ ചൈതന്യ മെഹ്തയുമായി ചേര്‍ന്ന് ‘മെഹ്ത ആന്റ് മേമന്‍ അസോസിയേറ്റ്‌സ്’ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു.

വര്‍ഷങ്ങള്‍ കസ്റ്റഡിയില്‍ ചെലവഴിച്ചു കൊണ്ടിരിക്കെ, 1999 ജൂലൈ മാസത്തില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് തന്റെ മോശം അവസ്ഥ വിശദീകരിച്ചും, ‘സഹിക്കാന്‍ കഴിയാത്ത ഈ ശിക്ഷയില്‍ നിന്നും’ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും യാകൂബ് ഒരു കത്തെഴുതി.

താനും തന്റെ സുഹൃത്തും ‘വളരെ നല്ല രീതിയില്‍ പോവുകയായിരുന്നെന്ന്’ യാകൂബ് ജഡ്ജിയോട് പറഞ്ഞു. 200-ഓളം വരുന്ന സെയില്‍ ടാക്‌സ്, ഇന്‍കം ടാക്‌സ് അക്കൗണ്ടുകള്‍ അവര്‍ കൈകാര്യം ചെയ്തിരുന്നു. യാകൂബ് അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നെന്നും, ഒരു അന്താരാഷ്ട്രാ ഗൂഢാലോചനക്ക് വേണ്ട സമയം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ലെന്നും അധികൃതരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പ്രസ്തുത 200 ടാക്‌സ് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ യാകൂബ് നല്‍കിയിരുന്നു.

20 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ യാകൂബ് രണ്ട് മാസ്റ്റേഴ്‌സ് ഡിഗ്രികള്‍ പൂര്‍ത്തിയാക്കി. ഒന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും മറ്റൊന്ന് പൊളിറ്റിക്കല്‍ സയന്‍സിലും.

ബോംബ് സ്‌ഫോടന പദ്ധതിയുമായി ബന്ധപ്പെട്ട് 21.90 ലക്ഷം രൂപ കൈകാര്യം ചെയ്തു, പാകിസ്ഥാനിലേക്ക് പരിശീലനത്തിന് പോകുന്ന 15 പേര്‍ക്ക് വിമാന ടിക്കറ്റും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുത്തു, ബോംബുകള്‍ സ്ഥാപിക്കാനുള്ള വാഹനങ്ങള്‍ വിലകൊടുത്ത് വാങ്ങി, ടൈഗര്‍ മേമന്‍ ഇന്ത്യയിലേക്ക് കടത്തുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കാന്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട ഒരാളോട് ആവശ്യപ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐ യാകൂബിന് മേല്‍ ആരോപിച്ചിരിക്കുന്നത്.

അസ്ഗര്‍ യൂസുഫ് മുഖദ്ദം, ഇസ്മാഈല്‍ തുര്‍ക്ക്, മൂസാ ബിയാരിവാലാ, മുസ്താഖ് സയീദ്, മുല്‍ചന്ദ് ഷാ തുടങ്ങിയ ആറു പേരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് യാകൂബിനെ കുറ്റക്കാനായി വിധിച്ചത്. എന്നാല്‍ പിന്നീട്, ഷാ ഒഴികെയുള്ള ബാക്കിയെല്ലാവരും യാകൂബിനെതിരായ തങ്ങളുടെ മൊഴികള്‍ കള്ളമാണെന്ന് പറഞ്ഞ് അവ പിന്‍വലിക്കുകയുണ്ടായി.

189 ആളുകളുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഇതില്‍ 44 പേര്‍ ഒളിവിലായിരുന്നു. 145 പേര്‍ പോലിസിന് മുമ്പാതെ ‘കുറ്റം സമ്മതിച്ചു’. ക്രൂരമായ പീഢനങ്ങളിലൂടെയാണ് പോലിസ് കുറ്റസമ്മത മൊഴികള്‍ എടുത്തതെന്ന് ഇതിനിടിയില്‍ ആരോപണമുയര്‍ന്നു.

എസ്. ഹുസൈന്‍ സെയ്ദി എഴുതിയ ‘ബ്ലാക്ക് ഫ്രൈഡെ’ എന്ന പുസ്തകത്തെ ആസ്പദമാക്കി അതേ പേരില്‍ നിര്‍മിച്ച് ‘ബ്ലാക്ക് ഫ്രൈഡെ’ എന്ന സിനിമ, കേസന്വേഷണത്തിനിടയില്‍ അരങ്ങേറിയ വിവിധ തരത്തിലുള്ള പോലിസ് പീഡനങ്ങളെ സംബന്ധിച്ച പരസ്യമായ രഹസ്യം തുറന്ന് കാട്ടുന്നുണ്ട്. പ്രസ്തുത സിനിമയുടെ പ്രദര്‍ശനം ഒരുപാട് വര്‍ഷക്കാലം കോടതി തടഞ്ഞു വെച്ചു.

മേമന്റെ ഇന്ത്യയിലേക്കുള്ള മടക്കം
ഔദ്യോഗിക രേഖകള്‍ പ്രകാരം, 1994 ആഗസ്റ്റ് 5-ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സി.ബി.ഐ യാകൂബ് മേമനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഭീകരവാദി ഡല്‍ഹിയിലേക്ക് നുഴഞ്ഞ് കയറിയിട്ടുണ്ടെന്നും, ഒരു റെയില്‍വേ സ്റ്റേഷനിലേക്ക് അയാള്‍ എത്തുമെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേമനെ അറസ്റ്റ് ചെയ്തത് എന്നാണ് സി.ബി.ഐയുടെ വിശദീകരണം.

കറാച്ചിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ വെച്ചാണ് മേമന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് എന്നത് മറ്റൊരു കഥ. മേമന്റെ പക്കല്‍ ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്നും, സി.ബി.ഐ മുമ്പാകെ കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് തന്റെ വക്കീലിനെ മേമന്‍ കണ്ടിരുന്നെന്നും പറയപ്പെടുന്നു.

1994 ജൂലൈ 28-ന് സി.ബി.ഐ-ക്ക് മുമ്പാകെ സ്വമേധയാ താന്‍ കീഴടങ്ങുകയായിരുന്നെന്ന് യാകൂബ് ആവര്‍ത്തിച്ചു പറഞ്ഞു.

‘ആത്മവിശ്വാസവും ശക്തിയും സംഭരിച്ച് 1994 ജൂലൈ 28-ന് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി. അന്നേ ദിവസം തന്നെ ഞാന്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തു.’ യാകൂബ് പറഞ്ഞു. യാകൂബിന്റെ മൊഴി കോടതി മുഖവിലക്കെടുത്തില്ല. പക്ഷെ സി.ബി.ഐ-യുടെ അറസ്റ്റ് കഥയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച കുറ്റത്തിന് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിനിമാതാരം സഞ്ജയ് ദത്തിനെ, പൂര്‍ണ്ണ സുരക്ഷയും മറ്റു പല വാഗ്ദാനങ്ങളും നല്‍കിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. മുബൈ വിമാനത്താവളത്തില്‍ വെച്ച് നൂറിലധികം പോലിസുകാരാണ് സഞ്ജയ് ദത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്.

തന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിനും, നിരപരാധിത്തം വ്യക്തമാക്കുന്നതിനും വേണ്ടിയാണ് യാകൂബ് ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യപ്പെട്ടതെന്ന് സെയ്ദി തന്റെ പുസ്തകത്തില്‍ നിരീക്ഷിക്കുന്നു. തന്റെ മാതാപിതാക്കളുടെ വഷളായി കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതിയും, പ്രസവത്തോടടുത്ത് നില്‍ക്കുന്ന ഭാര്യയുടെ അവസ്ഥയെ കുറിച്ചും യാകൂബ് ബോധവാനായിരുന്നു.

പാകിസ്ഥാന്റെ സുരക്ഷക്ക് കീഴില്‍ കഴിയുന്നതിനേക്കാള്‍, ഇന്ത്യന്‍ ഗവണ്‍മെന്റുമായി ഒരു ഉടമ്പടിയില്‍ എത്തുന്നതാണ് നല്ലതെന്ന് ഒരുപക്ഷെ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവാം.

ഫലം
1999-ല്‍ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍, പാകിസ്ഥാനിലെ അധോലോക നായകര്‍ക്കെതിരെയുള്ള തെളിവുകള്‍ മുഴുവന്‍ നിറച്ച ഒരു സ്യൂട്ട്‌കേസുമായി ഇന്ത്യയിലേക്ക് മടങ്ങുന്നത് ‘വളരെ പ്രയാസം നിറഞ്ഞതും, അപകടം പിടിച്ചതുമായ ഒരു സാഹസികകൃത്യമായിരുന്നു’ എന്ന് യാകൂബ് സൂചിപ്പിച്ചിരുന്നു. ‘ചെറുതാണെങ്കിലും തനിക്ക് കഴിയാവുന്നത്’ ചെയ്ത് ഇന്ത്യന്‍ ഗവണ്‍മെന്റിനെ സഹായിക്കാന്‍ ശ്രമിച്ച ‘ഒരു ഉത്തമ പൗരന്‍’ എന്നാണ് കത്തില്‍ യാകൂബ് സ്വയം വിശേഷിപ്പിച്ചത്. മുംബൈ സ്‌ഫോടന കേസ് ‘യുക്തമായ അന്ത്യത്തില്‍’ കലാശിച്ചാല്‍ തന്റെ ‘വിനീതമായ പരിശ്രമവും ത്യാഗവും’ ലോകം അറിയുമെന്ന് യാകൂബ് പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ പോയിട്ടില്ലെന്ന് കൂടി അദ്ദേഹം സാക്ഷ്യപ്പെടുത്തി. സ്‌ഫോടനങ്ങളില്‍ തനിക്കുണ്ടെന്ന് പറയപ്പെടുന്ന പങ്കിനെ അദ്ദേഹം നിഷേധിച്ചു. തന്നെ ചോദ്യം ചെയ്തവര്‍ക്കെല്ലാം തന്നെ സത്യം എന്താണെന്ന് അറിയാമെന്ന് യാകൂബ് വ്യക്തമാക്കി. ടൈഗര്‍ മേമന്റെ സഹോദരനായി എന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റെന്ന് യാകൂബ് പറയുന്നു. ‘കൂടുതല്‍ ചിന്തിക്കും തോറും, കൂടുതല്‍ ഞാന്‍ അസ്വസ്ഥനാവുകയാണ്. ഞാനെന്തിനാണ് ഈ ദുരിതങ്ങള്‍ അനുഭവിക്കുന്നത്? മുഖ്യപ്രതിക്ക് ഞാനുമായി കുടുംബബന്ധമുണ്ട് എന്ന ഒരോയൊരു കാരണത്താലാണോ ഇത്?’ ജഡ്ജിക്ക് എഴുതിയ കത്തില്‍ യാക്കൂബ് എഴുതി.

‘മുസ്‌ലിംകളായ മേമന്‍ കുടുബം മുംബൈയില്‍ ബോംബ് സ്‌ഫോടനം നടത്തി പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. പിന്നീട്, കഠിനമായ പരിശ്രമങ്ങള്‍ക്കൊടുവില്‍, മുഖ്യപ്രതി അറസ്റ്റ് ചെയ്യപ്പെട്ടു’ എന്ന വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ കേസ് കെട്ടിപടുത്തിരിക്കുന്നതെന്ന് പ്രോസിക്ക്യൂഷന് നേരെ വിരല്‍ ചൂണ്ടി കൊണ്ട് യാകൂബ് പറഞ്ഞു.

ഇന്ത്യയിലും അതിന്റെ ജുഡീഷ്യറിയിലും തനിക്ക് വലിയ വിശ്വാസമുണ്ടെന്ന് യാകൂബ് കത്തില്‍ എഴുതിയിരുന്നു. യാകൂബിന്റെ വെളിപ്പെടുത്തലുകള്‍ കാരണമാണ് പാകിസ്ഥാന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എളുപ്പം സാധിച്ചത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിലെ അപകടങ്ങളെ കുറിച്ച് സഹോദരന്‍ ടൈഗര്‍ മേമന്‍ യാകൂബിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘തും ഗാന്ധിവാദി ബന്‍ കെ ജാ രഹേ ഹോ, ലെകിന്‍ വഹാം ആതംഗ്‌വാദി ഖരാര്‍ ദിയേ ജാഓഗെ, (നിനക്ക് ഒരു ഗാന്ധിയനായി മാറാന്‍ ആഗ്രഹമുണ്ടായിരിക്കും, പക്ഷെ അവര്‍ നിന്നെ ഭീകരവാദിയായി മുദ്രകുത്തുക തന്നെ ചെയ്യും,’ ടൈഗര്‍ പറഞ്ഞു.

വിരോധാഭാസമെന്ന് പറയട്ടെ, മുംബൈ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ മുഖ്യസൂത്രധാരനായ ടൈഗര്‍ മേമന്‍ കുറ്റവിമുക്തനാക്കപ്പെട്ടത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. പ്രത്യേക ടാഡ ജഡ്ജി പ്രമോദ് ദത്തരായ കോഡെ വധശിക്ഷാ വിധി പുറപ്പെടുവിച്ചപ്പോള്‍, ‘താന്‍ ചെയ്തത് എന്താണെന്ന് അറിയാത്ത’ കോഡെക്ക് പൊറുത്ത് കൊടുക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ച് കോടതി മുറിയില്‍ നിന്ന് യാകൂബ് വികാരഭരിതനായി പൊട്ടിക്കരഞ്ഞു.

പോലിസ് കസ്റ്റഡിയിലെ ക്രൂരമായ ചോദ്യം ചെയ്യലിലൂടെ നിര്‍മിച്ചെടുത്ത കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, വരുന്ന ജൂലൈ 30-ന് യാകൂബ് മേമന്‍ മരണം വരെ തൂക്കിലേറ്റപ്പെടാനിരിക്കുമ്പോള്‍, അസ്വസ്ഥതയുളവാക്കുന്നതും, ശല്യപ്പെടുത്തുന്നതുമായ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടു തന്നെയാണ് അദ്ദേഹം മരണത്തെ പുല്‍കുക.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം:catchnews.com

Related Articles