Current Date

Search
Close this search box.
Search
Close this search box.

മൗലികാവകാശ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്ന കോടതി വിധി

66aa.jpg

അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കു അല്‍പമല്ലാത്ത ആശ്വാസം പകരുന്നതാണ് ഐടി.വകുപ്പിലെ 66 എ, കേരള പോലീസ് ആക്ടിലെ 118  എന്നീ വകുപ്പുകള്‍ റദ്ദ് ചെയ്ത സുപ്രീം കോടതിയുടെ സുപ്രധാന വിധി. ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഷഹിന്‍ ദാദ, റിനു ശ്രീനിവാസന്‍  എന്നീ പെണ്‍കുട്ടികളെ ഐ.ടി ആക്ടിലെ 66 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിയായ ശ്രേയ സിംഗാള്‍ അടക്കമുള്ളവരാണ് 66 എ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

കംപ്യൂട്ടറിലൂടെയോ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ്, തുടങ്ങിയ കമ്യൂണിക്കേഷന്‍ ഉപകരണങ്ങളിലൂടെയോ കുറ്റംചുമത്താവുന്ന (വ്യക്തിഹത്യ, അപകീര്‍ത്തിപ്പെടുത്തല്‍, മോശമായി ചിത്രീകരിക്കല്‍ തുടങ്ങിയ) മെസ്സേജുകള്‍ അയക്കുന്ന വ്യക്തിക്ക് മൂന്നു വര്‍ഷം വരെ തടവ് വിധിക്കാവുന്ന വകുപ്പാണ് 66 എ.  കേരള പോലീസ് ആക്ടിലെ 118  ഡി യും ഏതാണ്ട് സമാനമാണ്. വാക്കുകൊണ്ടോ രേഖാമൂലമോ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗങ്ങളിലൂടെയോ വ്യക്തിക്ക് ദോഷകരമാകുന്ന തരത്തില്‍ പ്രചരണം നടത്തുന്നതിനെതിരെയാണ് 118 ഡി.

രാജ്യത്ത് ഇത് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത് ഫേസ്ബുക്കിലും ട്വിറ്ററിലും അടക്കമുള്ള നവമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ പറയുന്നവരെ കൈകാര്യം ചെയ്യാനാണ്. പ്രത്യേകിച്ചും ഭരണകൂടങ്ങള്‍ക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കുമെതിരെ അഭിപ്രായം പറയുന്നവര്‍ക്ക് എതിരെയാണ് ഉപയോഗിച്ചിട്ടുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചയാള്‍ തുടങ്ങി  മോദിക്കെതിരെ പറയുന്നവര്‍ക്കെതിരെയെല്ലാം 66 എ ഉപയോഗിച്ച് നിരവധി കേസുകളെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേരള നിയമസഭയില്‍ നടന്ന കയ്യാങ്കളികളെപ്പറ്റി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടവര്‍ക്ക് എതിരെ കേരള മുഖ്യമന്ത്രി ഭീഷണി മുഴക്കിയതും ഇതേ വകുപ്പകളുടെ തിണ്ണബലത്തിലാണ്.

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തെ കൂച്ചുവിലങ്ങിടാന്‍ ഭരണകൂടം മര്‍ദ്ദനോപകരണമായി ഉപയോഗിച്ച രണ്ടു വകുപ്പുകളാണ് സുപ്രീം കോടതി വിധിയിലൂടെ ഇല്ലാതായത്. സമാനമായി അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന കാലഹരണപ്പെട്ട 124 എ തുടങ്ങി നരവധി വകുപ്പുകളും നിയമങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. മൗലികാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് സുപ്രിം കോടതിയുടെ ഈ വിധി വലിയ പ്രചോദനമാകും തീര്‍ച്ച.

Related Articles