Current Date

Search
Close this search box.
Search
Close this search box.

മൈ നെയിം ഈസ് ഖാന്‍, എന്നെ അവര്‍ ഭീകരവാദിയാക്കി

amir-khan.jpg

17 ഭീകരവാദ കേസുകള്‍ ചുമത്തപ്പെട്ട് 14 വര്‍ഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട ഒരു ഡല്‍ഹി നിവാസിയുടെ ഞെട്ടിപ്പിക്കുന്ന സംഭവകഥ. അദ്ദേഹം അപരാധിയാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടതോ?

മറ്റൊരു ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായി ഐ.എസ് അംഗങ്ങളെന്ന് സംശയിക്കുന്നവരുടെ നേര്‍ക്ക് രാജ്യത്തെ രഹസ്യന്വേഷണ വിഭാഗം അതിക്രമങ്ങള്‍ നടത്തുകയും, ദിവസേന അറസ്റ്റ് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ സമയത്ത്, ഭീകരവാദത്തിനെതിരെയുള്ള അവരുടെ പോരാട്ടത്തില്‍ സംഭവിച്ച വീഴ്ച്ചകളാണ് ഇവിടെ തുറന്ന് കാട്ടപ്പെടുന്നത്. മുഹമ്മദ് അമീര്‍ ഖാന്റെ കഥയാണിത്. ഭീകരവാദിയാണെന്ന് സംശയിക്കപ്പെട്ട് 1990-ലാണ് ഡല്‍ഹി പോലിസ് അദ്ദേഹത്തെ പൊക്കിയത്. 14 വര്‍ഷത്തോളം ഖാന്‍ ജയിലില്‍ കിടന്നു. അദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ട 19 ഭീകരവാദ കേസുകളില്‍ 17-ലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ‘Framed As A Terrorist: My 14-Year Struggle To Prove My Innocence’ എന്ന പേരില്‍ ഖാന്‍ എഴുതിയ പുസ്തകം ഈയടുത്ത കാലത്താണ് പ്രസിദ്ധീകരിക്കപ്പെട്ടത്. രഹസ്യന്വേഷണ ഏജന്‍സികളുടെ കാര്യക്ഷമതയെ കുറിച്ച് ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ജയില്‍വാസമെന്ന് മനുഷ്യാവകാശ അഡ്വേക്കേറ്റ് നന്ദിത ഹസ്‌കര്‍ നിരീക്ഷിക്കുകയുണ്ടായി.

1998 ഫെബ്രുവരി 20 വൈകുന്നേരമാണ് സംഭവം. കിഡ്‌നി രോഗത്തിന് ഡോകടര്‍ കുറിച്ചു കൊടുത്ത മരുന്നുകള്‍ വാങ്ങാന്‍ പഴയ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഖാന്‍. ഭര്‍ത്താവിനോടൊപ്പം കറാച്ചിയില്‍ താമസിക്കുന്ന തന്റെ സഹോദരിയെ കാണാന്‍ പോയി ഖാന്‍ മടങ്ങി വന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഡല്‍ഹി പോലിസ് അദ്ദേഹത്തെ തേടിയെത്തിയത്. പാകിസ്ഥാനിലേക്ക് യാത്രപോകുന്നതിന് മുമ്പ് ‘ഗുപ്താജി’ എന്ന് പേരുള്ള ഒരാള്‍ തന്നെ ബന്ധപ്പെട്ടിരുന്നതായി ഖാന്‍ എഴുതുന്നുണ്ട്. പാകിസ്ഥാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെ കുറിച്ചുള്ള രേഖകളും ഫോട്ടോഗ്രാഫ്‌സും കൊണ്ടുവരാന്‍ ഗുപ്താജി തന്നോട് ആവശ്യപ്പെട്ടതായി ഖാന്‍ പറയുന്നു. ഖാന്‍ സമ്മതിച്ചുവെങ്കിലും വാഗ്ദാനം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഗുപ്താജിയെ കുപിതനാക്കുകയും അവിടം മുതല്‍ തന്റെ കഷ്ടക്കാലം ആരംഭിക്കുകയായിരുന്നു എന്നും ഖാന്‍ എഴുതുന്നു.

പിന്നീട് പീഢനങ്ങളുടെ ഒരു പരമ്പരയായിരുന്നു. തലസ്ഥാന നഗരിയില്‍ നടന്ന ബോംബ് സ്‌ഫോടനപരമ്പരകളില്‍ പങ്കുണ്ടെന്ന് ഖാനെ കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു ലക്ഷ്യം. ജയില്‍ ജീവിതം എളുപ്പമായിരുന്നില്ല, പ്രത്യേകിച്ച് 19 ഭീകരവാദ കേസുകള്‍ ചുമത്തപ്പെട്ട ഒരു 21-കാരനെ സംബന്ധിച്ചിടത്തോളം. ഏകാന്ത തടവറയില്‍ ദീര്‍ഘമായ പീഢനപരമ്പകള്‍ അരങ്ങേറി. സെപ്റ്റംബര്‍ 11, 2001 ഡിസംബറിലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം എന്നിവക്ക് ശേഷം പീഢനങ്ങള്‍ ശക്തിപ്പെട്ടു. ‘സെപ്റ്റംബര്‍ 11, ഡിസംബര്‍ 13-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം എന്നിവക്ക് ശേഷം മുസ്‌ലിം തടവുകാര്‍ക്ക് നേര്‍ക്കുള്ള, പ്രത്യേകിച്ച് ഭീകരവാദ കേസുകള്‍ ചുമത്തപ്പെട്ടവരോടുള്ള ജയില്‍ അധികൃതരുടെ സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി,’ ഖാന്‍ പുസ്തകത്തില്‍ വിവരിക്കുന്നു.

ജയിലിന് പുറത്ത്, ഖാന്റെ മാതാപിതാക്കളുടെ അവസ്ഥയും അതികഠിനമായിരുന്നു. അല്ലെങ്കില്‍ തന്നെ സാമ്പത്തികമായി വളരെ പ്രയാസത്തിലായിരുന്ന കുടുംബത്തിന് മകന്റെ കോടതി ചെലവുകള്‍ കടുത്ത സാമ്പത്തിക ബാധ്യതകളാണ് വരുത്തിവെച്ചത്. മകന്‍ ഭീകരവാദ കേസില്‍ വിചാരണ നേരിടുന്നതിനാല്‍ ബന്ധുക്കളും അയല്‍വാസികളും അവരോട് അകലം പാലിച്ച് തുടങ്ങി. കോടതി സന്ദര്‍ശനം ഒരു ദൈനംദിനചര്യയായി മാറി. ഒരിക്കല്‍ ഖാന്‍ പിതാവ് കോടതിയില്‍ ഹാജറാവാത്തത് പ്രത്യേകം ശ്രദ്ധിച്ച ജഡ്ജി അത് എടുത്ത് പറയുകയും ചെയ്തു. ഇതറിഞ്ഞുണ്ടായ മാനസികവിഷമത്തില്‍ പിതാവ് ആശുപത്രിയിലായപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഖാന് അനുവാദം നല്‍കപ്പെടുകയുണ്ടായി. അന്നാണ് മരിക്കുന്നതിന് മുമ്പ് ഖാന്‍ അവസാനമായി പിതാവിനെ കണ്ടത്.

ഖാന് മേല്‍ ചുമത്തപ്പെട്ട 19 കേസുകളില്‍, 16 എണ്ണത്തില്‍ കീഴ്‌കോടതിയും, ഒരു കേസില്‍ ഹൈകോടതിയും ഖാനെ കുറ്റവിമുക്തനാക്കുകയുണ്ടായി. ‘ജുഡീഷ്യറിയില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. ബാക്കിയുള്ള രണ്ട് കേസുകളിലും എന്റെ നിരപരാധിത്വം തെളിയുക തന്നെ ചെയ്യും. പ്രോസിക്ക്യൂഷന്റെ വാദം വളരെ ദുര്‍ബലമാണ്.’ ഖാന്‍ ദി പ്രിന്റിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. രസകരമായ മറ്റൊരു വസ്തുതയെന്താണെന്നാല്‍, 16 കേസുകളില്‍ ഖാന്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനെതിരെ ഒരിക്കല്‍ പോലും ഡല്‍ഹി പോലിസും അതിന്റെ ക്രൈം ബ്രാഞ്ചും കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ലെന്നതാണ്.

‘അദ്ദേഹത്തിന് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നു. ചിലസമയങ്ങളില്‍, ഭീകരവാദ സംഭവങ്ങള്‍ നടന്നതിന് ശേഷം തെളിവുകള്‍ ശേഖരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സംഭവത്തില്‍ പങ്കുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പോലിസ് ആളുകളെ അറസ്റ്റ് ചെയ്യാറുള്ളത്.’ ഡല്‍ഹി പോലിസിലെ ഒരു ഉന്നത പോലിസ് ഓഫീസറുടെ വാക്കുകളാണിത്. സുരക്ഷാ വിദഗ്ദരുടെ പിന്തുണയും ഇത്തരം വാദങ്ങള്‍ക്കുണ്ട്. ‘രഹസ്യന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ സംശയിക്കപ്പെടുന്നവരെ പൊക്കാറുള്ളത്. തെളിവുകള്‍ ശേഖരിക്കുകയും, പ്രതികളെന്ന് സംശയിക്കുന്നവരെ വിചാരണ ചെയ്യുന്നതും അന്വേഷണ ഏജന്‍സികളുടെ ജോലിയാണ്. പക്ഷെ ഇവിടെ സാങ്കേതിക സഹായത്തിന്റെ അഭാവത്തിലാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നിലധികം കേസുകള്‍ അന്വേഷിക്കുന്നത്. അതുകൊണ്ടാണ് പ്രതികളെന്ന് സംശയിക്കുന്നവരില്‍ ഒരുപാട് പേര്‍ കുറ്റവിമുക്തരായി എളുപ്പം പുറത്ത് പോകുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസ്ഥകള്‍ ഇന്നത്തേതിനേക്കാള്‍ വളരെ പരിതാപകരമായിരുന്നു.’ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്റ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് സാഹ്നി ദി പ്രിന്റിനോട് പറഞ്ഞതാണിത്.

ഇപ്പോള്‍ ഉയരുന്ന വാദങ്ങളും വിശദീകരണങ്ങളും ഖാനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. കാരണം ജയില്‍ മോചിതനായതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ സന്തോഷപ്രദമായി തീരുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ബാല്യകാലസഖി ആലിയ ആ വര്‍ഷങ്ങളിലുടനീളം അദ്ദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ആലിയയെ തന്റെ ജീവിതസഖിയാക്കി മാറ്റുന്ന കാര്യം അവളുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ ഖാന്‍ കുറച്ച് വിഷമിച്ചു. സിവില്‍ സൊസൈറ്റി അംഗങ്ങളുടെ പിന്തുണകൂടിയായപ്പോള്‍ ആലിയ ഖാന്റെ ഭാര്യയായി മാറി. ഇന്ന്, അനുഷ എന്ന രണ്ട് വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുമോളുണ്ട് ഈ ദമ്പതികള്‍ക്ക്. ‘കഴിഞ്ഞത് കഴിഞ്ഞു. തകര്‍ന്ന് പോയ ജീവിതം വീണ്ടും വാര്‍ത്തെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞാനിപ്പോള്‍,’ ഖാന്‍ പറയുന്നു. പക്ഷെ പാകിസ്ഥാനിലുള്ള തന്റെ സഹോദരിയുമായി സംസാരിക്കാന്‍ താനിപ്പോള്‍ വളരെയധികം ഭയപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുന്‍കാലങ്ങളില്‍, പാകിസ്ഥാനെ കുറിച്ചുള്ള സംസാരങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമായിരുന്നു. ഇന്ന്, പാകിസ്ഥാനില്‍ കുടുംബക്കാരുണ്ടെന്ന് പറയാന്‍ ആരും ധൈര്യപ്പെടാത്ത അവസ്ഥയാണ്.’ രണ്ട് രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ബലിയാടായി മാറിയ ഒരു ദശാബ്ദക്കാലത്തിലേറെ നീണ്ടുനിന്ന ദുരിതജീവിത്തെ കുറിച്ച് ഖാന്‍ എഴുതുന്നു.

കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം എന്നെങ്കിലും ഗുപ്താജി ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ‘ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല’ എന്നായിരുന്നു ഖാന്റെ ഉത്തരം. ഖാന്റെ കഥ അദ്ദേഹത്തിന്റേത് മാത്രമല്ലെന്നാണ് ഹക്‌സര്‍ പറയുന്നത്. ‘എത്ര ആളുകളാണ് ഇത്തരത്തില്‍ പോലിസിനാല്‍ വേട്ടയാടപ്പെട്ടിരിക്കുന്നതെന്നതിന് കൃത്യമായ രേഖകളൊന്നുമില്ല. ഒരുപാട് പേരുണ്ട്. ഇത് ആമിറിന്റെ മാത്രം അനുഭവമല്ല’ ഹക്‌സര്‍ ചൂണ്ടികാട്ടി.

14 വര്‍ഷം ജയിലില്‍ കിടന്നതിന് ശേഷം നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കപ്പെട്ട ഖാന്റെ പുനരധിവാസം രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമല്ലേ എന്ന ചോദ്യമാണ് ഖാന്റെ ജീവിതം ഉയര്‍ത്തുന്ന മറ്റൊരു ചോദ്യം. ‘സ്വമേധയാ കീഴടങ്ങുന്ന ഭീകരവാദികള്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം നല്‍കുന്നുണ്ട്. പക്ഷെ ഭീകരവാദിയായി മുദ്രകുത്തപ്പെട്ട് അനേക വര്‍ഷം ജയിലില്‍ കിടന്നതിന് ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞ് വിട്ടയക്കപ്പെടുന്നവര്‍ക്ക് യാതൊരു വിധ സഹായവും സര്‍ക്കാര്‍ നല്‍കുന്നില്ല,’ ഖാന്‍ രോഷാകുലനായി.

(ദി പ്രിന്റിന്റെ എഡിറ്റോറിയല്‍ ട്രെയ്‌നിയാണ് രാജ് ഗോപാല്‍ സിംഗ്.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles