Current Date

Search
Close this search box.
Search
Close this search box.

മൂഷികര്‍ പോലും കെണിയില്‍ കുടുങ്ങാത്ത കാലത്ത് ഈ ഉമ്മത്തിനെന്തുപറ്റി!

trap33.jpg

ഇക്കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനുള്ളില്‍ എന്തൊക്കെ നാടകങ്ങളാണ് ആയുധ ഭീമന്മാരും ലോക പൊലീസുകാരും സമര്‍ഥമായി ആടിത്തിമിര്‍ത്തത്. 1980 ല്‍ സദ്ധാമിനെ മുന്നില്‍ നിര്‍ത്തി ഇറാനെതിരെ യുദ്ധ പ്രഖ്യാപനം. വര്‍ഷങ്ങള്‍ നീണ്ട യുദ്ധ പരാക്രമങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും ശേഷം രംഗം മാറി മറിയുന്നു. 1990 ല്‍ തനിക്ക് പട്ടും പുടവയും സമ്മാനിച്ചവര്‍ക്കെതിരെ സദ്ധാം തിരിച്ചടിക്കുന്നു. 1991 ല്‍ സദ്ധാമിനെ തുരത്താന്‍ പടിഞ്ഞാറന്‍ തമ്പുരാകന്‍മാരുടെ ഇടപെടല്‍. 2003 ല്‍ രണ്ടാം ഗള്‍ഫ് യുദ്ധം. ഗജ കേസരികള്‍ കരിമ്പിന്‍ തോട്ടത്തില്‍ കടന്നതിലും അപ്പുറം ഒരു ഭൂ പ്രദേശത്തെ തച്ചു തരിപ്പണമാക്കിയ വീര കഥകള്‍. പിന്നെ ബിന്‍ ലാദന്‍ പുറപ്പാട്. അമേരിക്കന്‍ ആക്രമണം. അഫ്ഘാന്‍ അധിനിവേശം. കൂട്ടത്തില്‍ ചില നായകന്മാര്‍ ഈ തിരക്കഥകളിലെ ഒളി അജണ്ടകള്‍ ലോകത്തോട് വിളിച്ചു പറയുമ്പോള്‍ ചെവി കൊടുക്കാത്ത മാധ്യമങ്ങള്‍. ഈയിടെ സണ്‍ഡേ മീറ്റില്‍ ബ്രിട്ടനിലെ മുന്‍ ഉപ പ്രധാനമന്ത്രി ജോണ്‍ പ്രെസ്‌കോട്ട് കുമ്പസരിച്ചിരിയ്ക്കുന്നു. കുമ്പസാരങ്ങള്‍ ഇനിയും വരുമായിരിയ്ക്കും. ഇതിനിടയില്‍ ആഫ്രിക്കന്‍ മധ്യേഷ്യന്‍ അറബ് രാജ്യങ്ങളില്‍ ചില ജാനാധിപത്യ പരീക്ഷണങ്ങള്‍. ലോകത്തെ വിശിഷ്യാ വന്‍ ശക്തികളെ ഞെട്ടിപ്പിച്ച് അറബ് വസന്തം. തങ്ങളുടെ ഉന്നം പിഴച്ചതില്‍ വിറളിപൂണ്ട സയണിസ്റ്റ് കൂട്ട് കെട്ട് ഒരു പടി കൂടെ മുന്നോട്ട് കുതിക്കുന്നു. അതാ അവതരിക്കുന്നു ഐ. എസ് ദുര്‍ഭൂതം. ഇവ്വിഷയത്തിലുള്ള കുമ്പസാരങ്ങള്‍ക്ക് ഇനിയും കാത്തിരിയ്‌ക്കേണ്ടി വരും.

ഐ. എസ് എന്ന വ്യാജാവതാരം വഴി ഒരു വെടിയ്ക്ക് നൂറായിരം പക്ഷികള്‍പിടഞ്ഞു വീഴുന്നതെന്നാണ് അനുമാനം. ഐ. എസ് വ്യാജന്‍ എന്ന ഒരു പ്രയോഗം പോലും വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത വിധം കാര്യങ്ങള്‍ പുരോഗമിക്കുന്നതില്‍ നിന്നും ശത്രുക്കളുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണ് ഈ കുപ്രസിദ്ധ ഗൂഢാലോചനയുടെ വിജയം. ദൈവീകമായ ദര്‍ശനത്തിന്റെ ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പത്തെയാണ് ഈ സയണിസ്റ്റ് കുബുദ്ധിയിലൂടെ ആദ്യം തകര്‍ത്തെറിയപ്പെടുന്നത്. സുസംഘടിതമായ ഇസ്‌ലാമിക സംഘങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഈ പൈശാചിക സംഘത്തിലേയ്ക്ക് ചേക്കാറുനുള്ള സാധ്യത ഇല്ലെന്നതത്രെ സത്യം. എന്നാല്‍ ഇത്തരം വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ പ്രസാരണ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇതിനൊക്കെ കാരണം എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ പുരോഗമിക്കുന്നുണ്ട്.

ഒന്നും രണ്ടും പേരിലറിയപ്പെടുന്ന ലോകമഹായുദ്ധങ്ങളിലും ഇതര ചട്ടമ്പി വേഷ ഇടപെടലുകളിലൂടേയും മാനവ രാശിയ്ക്ക് കടുത്ത വെല്ലു വിളികളുയര്‍ത്തിയവരും ഉയര്‍ത്തുന്നവരുമാണ് ഇന്നും ലോക മാന്യന്മാര്‍. തങ്ങളുടെ ദേശ താല്‍പര്യത്തിനു വേണ്ടി ലോകം മുഴുവന്‍ എരിഞ്ഞമര്‍ന്നാലും വിരോധമില്ലെന്ന് പറയുകയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. ഒരു വേള കള്ളനും പൊലീസും ഒരു കൂട്ടര്‍ തന്നെ.

ഒരിടപെടല്‍ അനിവാര്യമാണെന്നു വരുത്തിത്തീര്‍ക്കുന്ന സമര്‍ഥമായ മാധ്യമ പ്രചാരണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നിടത്താണ് ഈ വെള്ളക്കഴുകന്മാരുടെ വിജയം. യാത്രാ വിമാനം പോലും വെടിവെച്ചിട്ടിട്ട് അബദ്ധത്തില്‍ സംഭവിച്ചതാണെന്നു പറഞ്ഞാല്‍ അതേറ്റു പിടിച്ച് സമാശ്വസിക്കുന്നേടത്തോളം ദുര്‍ബലരാണ് മധ്യേഷ്യന്‍ എണ്ണ രാജാക്കന്മാര്‍. സ്വാര്‍ഥതയിലും സ്വജന പക്ഷപാതത്തിലും കുരുങ്ങി സമൂഹത്തെ കുരുതി കൊടുക്കുന്ന ലോക പ്രവണത എല്ലാ സീമകളും ഭേദിച്ചിരിക്കുന്നു.

അധര്‍മ്മവും അനീതിയും അക്രമ പരമ്പരകളും അരാജകത്വവും അഴിഞ്ഞാടുന്ന വര്‍ത്തമാനകാലത്തിന്റെ അവസ്ഥ ഏറെ ശോചനീയമാണ്. ആയുധക്കമ്പോളത്തില്‍ ഇത്രമാത്രം ലാഭം കൊയ്ത ഒരു കാലവും കടന്നു പോയിട്ടുണ്ടാവില്ല. കാലഹരണപ്പെട്ട ഒരു വക വെടിക്കോപ്പും ബാക്കിയാവാത്ത വിധം കച്ചവടം പൊടിപൊടിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ ലാഭം കൊയ്തവര്‍ ആരാണോ അവര്‍തന്നെയാണ് രക്ഷക വേഷത്തില്‍ ശാന്തി മന്ത്രം ജപിച്ചു കൊണ്ടിരിക്കുന്നതെന്നതത്രെ ഏറെ ലജ്ജാകരം.

താറുമാറായ ലോക ക്രമത്തിന്നിടയില്‍ അന്തര്‍ദേശീയ ഭൂപടത്തില്‍ മര്‍മ്മ പ്രധാന രാജ്യമായ ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തിയതോടെ എല്ലാം പുര്‍ണ്ണമായിരിക്കുന്നു. അവര്‍ക്ക് ചൂട്ടു പിടിക്കാനും വീര്യം പകരാനും കോര്‍പറേറ്റുകളും. ആത്മീയ കച്ചവടക്കാരും ഇനിയെന്തു വേണം.

സയണിസ്റ്റുകളുടെ സഹചാരിയായ ഇന്ത്യന്‍ ഫാഷിസം അതി സമര്‍ഥമായിട്ടാണ് കരുക്കങ്ങള്‍ നീക്കുന്നത്. ലോക സാഹചര്യങ്ങളുടെ തണലില്‍ ഇന്ത്യയില്‍ മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടിലാക്കാനും സ്വതന്ത്രമായ പ്രബോധന പ്രസാരണ പരിപാടികള്‍ക്ക് കടിഞ്ഞാടാനും തീവ്ര ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഒരു ”ഖൗം” എന്നതിനപ്പുറം വകതിരിവുള്ളവരാകാത്ത ആള്‍കൂട്ടം മതിയെന്നാഗ്രഹിക്കുന്ന പുരോഹിതന്മാരുടെ അനുഗ്രഹാശിസ്സുകള്‍ ഇവ്വിഷയത്തിലും സ്വാഭാവികമായും ഫാഷിസ്റ്റുകള്‍ക്ക് തുണക്കുണ്ടാകുകയും ചെയ്യും. സുഫീ നാടകോത്സവത്തിലൂടെ പങ്കുപറ്റി ചങ്കു പറിച്ചു കൊടുത്തവര്‍ക്ക് വേറെ ഉപാദികളൊന്നും ഉണ്ടാകാനും സാധ്യതയില്ല.

എന്നിട്ടും ഇതൊന്നും തിരിഞ്ഞില്ലെന്ന ഭാവത്തില്‍ മജ്‌ലിസുകളിലും ധ്യാന കേന്ദ്രങ്ങളിലും ചരിത്രാവശിഷ്ടങ്ങളുടെ പ്രദര്‍ശനവും നടത്തി സായൂജ്യം കൊള്ളുന്ന കപട ആത്മീയതയുടെമുഖങ്ങള്‍.പരാമര്‍ശിക്കപ്പെടാന്‍ പോലും അര്‍ഹതയില്ലാത്തവരത്രെ. ഒട്ടകപ്പാലും കുടിച്ച് ആടുകളെ മേയ്ച്ച് കാടുകയറുന്ന ചിന്തകളും ഒട്ടകച്ചരിത്രം വിറ്റു ജീവിതം പച്ചപിടിപ്പിക്കുന്ന കോലംകെട്ടുന്ന കുതന്ത്രങ്ങളും ഒരേ നാണയത്തിന്റെ ഇരു പുറങ്ങള്‍ മാത്രം. . ചരിത്രത്തില്‍ നിന്നും പാഠമുള്‍കൊണ്ട് പുതിയ ജീവിത സരണിയില്‍ മുന്നേറാന്‍ കഴിയണം. ചരിത്രാവശിഷ്ടങ്ങള്‍ക്ക് മുമ്പില്‍ തല കുനിച്ചു നില്‍ക്കാതെ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ സന്നദ്ധമാവണം. മനുഷ്യന്‍ ഒരു നല്ല മനുഷ്യനാകാന്‍ വിശ്വാസം കാരണമാകണം.

ശ്രി.പ്രദീപ് ജി. എസ് ഈയിടെ ഒരു കഥ ഓര്‍മ്മിപ്പിച്ചിരുന്നു. അതിസുന്ദരിയായ ഒരു പ്രഭുകുമാരി ഒരു ശീതകാലത്ത് മരിച്ചു. കല്ലറയില്‍ നിത്യശാന്തിയില്‍ കിടന്ന അവള്‍ തന്റെ കല്ലറയ്ക്കു മുകളില്‍ ആരോ ശക്തിയായി തോണ്ടുന്നത് തിരിച്ചറിഞ്ഞു ആരായിരിക്കാം. ജീവിച്ചിരുന്ന കാലത്തെ ആരാധകരില്‍ ചിലരാകാം എന്നു അവള്‍ വിചാരിക്കുന്നു. അല്ല അതു ഒരു നായയായിരുന്നു. നിറഞ്ഞ മിഴികളില്‍ മഴവില്ലുയര്‍ത്തി അവള്‍ ചോദിച്ചു ‘എന്നെ നിനക്കു മറക്കാന്‍ കഴിയുന്നില്ല.അല്ലേ,. ‘നായ പറഞ്ഞു ‘അല്ലയോകുമാരി: കഴിഞ്ഞ ശീതകാലത്ത് ഇവിടെ എവിടെയോ ഞാന്‍ ഒരു എല്ലിന്‍ കഷണം സൂക്ഷിച്ചു വച്ചിരുന്നു. അത് തിരയുകയാണ്.’

സ്വന്തം നേട്ടങ്ങളുടെ എല്ലിന്‍ കഷണങ്ങള്‍ തിരയുന്നത് തങ്ങളോടുള്ള ആരാധനകൊണ്ടായിരിയ്ക്കും എന്നു വ്യാമോഹിക്കുന്ന കഥാ നായികമാരെപ്പോലെയായിരിയ്ക്കാം ഒരു പക്ഷെ ഇവിടെ ചില മുല്ലാ തമ്പ്രാക്കന്മാര്‍.

എലികള്‍ പോലും കെണിയില്‍ കുടുങ്ങാതെ തന്ത്രപൂര്‍വ്വം അപ്പവും തിന്നു തടിതപ്പുന്ന ഇക്കാലത്ത് ശത്രുക്കളുടെ കെണിയില്‍ കുടുങ്ങാതെ രക്ഷപ്പെടാനുള്ള ഒരു വക തന്ത്രവും പാപ്പരായ വിശ്വാസിസമുഹത്തിനില്ലെന്നത് ഖേദകരം തന്നെ.മൂഷികര്‍ പോലും കെണിയില്‍ കുടുങ്ങാത്ത കാലത്ത് ഈ ഉമ്മത്തിനെന്തുപറ്റി.. ?

Related Articles