Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം യുവതക്കൊരു തുറന്ന കത്ത്

ramzy-baroud.jpg

ചെറിയ കുട്ടിയായിരുന്നപ്പോള്‍, പ്രയാസങ്ങള്‍ നിറഞ്ഞ ഗസ്സയിലെ അഭയാര്‍ത്ഥി ക്യാമ്പിന് പുറത്ത്, പട്ടാളക്കാരും, സൈനിക അധിനിവേശവും പീഢനവും ഒന്നുമില്ലാത്ത മറ്റേതെങ്കിലും സ്ഥലത്ത് വീണ്ടും ജനിച്ചിരുന്നെങ്കിലെന്ന് ഞാന്‍ സ്വപ്‌നം കാണാറുണ്ടായിരുന്നു. വളര്‍ന്നപ്പോള്‍ കുട്ടിക്കാലത്തെ മനോരാജ്യങ്ങളിലേക്ക് ഞാന്‍ വീണ്ടുമൊന്നെത്തി നോക്കി. വളരെ വ്യത്യസ്തമായ ഒരു അഭിപ്രായത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നത്:വീണ്ടും ആ കാലത്തിലേക്ക് തന്നെ തിരിച്ച് ചെന്നാല്‍ അവയെല്ലാം വീണ്ടും ആവര്‍ത്തിക്കും, എങ്ങനെയൊക്കെ പരിശ്രമിച്ചാലും എന്റെ ഭൂതകാലത്തെ മാറ്റി പണിയാന്‍ എനിക്കാവില്ല.

യൗവനത്തിലേക്ക് കടന്നപ്പോള്‍, വേദനയെയും, ബുദ്ധിമുട്ടുകളെയും ഭയപ്പെടരുതെന്ന് ഞങ്ങള്‍ക്ക് പറഞ്ഞ് തരുന്നതില്‍ അവര്‍ വലിയ പരാജയം തന്നെയായിരുന്നു; അനീതിക്കെതിരായ പോരാട്ടത്തിനേക്കാള്‍ വലുതായി ഒന്നും തന്നെയില്ല. അതെ, വിധേയത്വവും ഇരയാണെന്ന ബോധവും ഒരു ബാഡ്ജ് പോലെ ആരും മനസ്സില്‍ പേറി നടക്കരുത്. ദാരിദ്ര്യം, യുദ്ധം, അനീതി എന്നിവക്കെതിരെയുള്ള ഏതെങ്കിലും വിധത്തിലുള്ള ചെറുത്ത് നില്‍പ്പാണ് അര്‍ത്ഥപൂര്‍ണ്ണമായ നിലനില്‍പ്പിനും, ഒരു നല്ല ജീവിതത്തിനും വേണ്ടി ഒരാള്‍ തയ്യാറാണ് എന്നതിന്റെ ഏറ്റവും പ്രധാന നിദാനം.

നിങ്ങളില്‍ പലരും കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥ മനസ്സിലാവുന്നത് കൊണ്ടാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത അത്ര ഭയാനകമായിരുന്നു അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിച്ച എന്റെ തലമുറയുടെ അനുഭവങ്ങള്‍. മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ് ഈ സമയം. പ്രത്യേകിച്ച് മുസ്‌ലിം യുവതക്ക്. അമേരിക്കന്‍-യൂറോപ്യന്‍ രാഷ്ട്രീയക്കാരുടെയും പാര്‍ട്ടികളുടെയും വംശീയതയുടെ ചെലവില്‍ മുസ്‌ലിം വിരുദ്ധ വികാരം ലോകമൊട്ടുക്ക് വ്യാപിച്ച് കഴിഞ്ഞു. ഗൂഢമായ അജണ്ടകളുള്ള സ്വാര്‍ത്ഥരായ വ്യക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ഭയവും, അജ്ഞതയും വെച്ചാണ് അവര്‍ കളിക്കുന്നത്. ആക്രമണവും പ്രത്യാക്രമണവും നടത്തുന്ന സംഘങ്ങളൊക്കെ തന്നെ തങ്ങള്‍ ‘മുസ്‌ലിംകള്‍’ ആണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. വാര്‍പ്പ് മാതൃകകളും, മാധ്യമങ്ങളുടെ വിദ്വേശ പ്രസംഗങ്ങളും ആക്രമണങ്ങളും തീര്‍ത്ത തടവറയില്‍ അകപ്പെട്ടതായി നിങ്ങള്‍ സ്വയം തിരിച്ചറിയുന്നു.

എപ്പോഴും അവഗണിക്കപ്പെടുന്ന, പുറന്തള്ളപ്പെടുന്ന സമൂഹത്തില്‍ പൗരാവകാശവും വിലാസവുമുള്ള ആളുകളാണ് തങ്ങളെന്ന ബോധമുണ്ടാക്കിയെടുക്കാനുള്ള പോരാട്ടം തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളെ ‘ഉള്‍പ്പെടുത്തണമെന്ന്’അവര്‍ ആവശ്യപ്പെടും, പക്ഷെ നിങ്ങള്‍ അടുത്തെത്തുമ്പോഴേക്കും അവര്‍ നിങ്ങളെ ഉന്തിയകറ്റും.

എന്ത് തന്നെ ചെയ്താലും വേണ്ടില്ല, നിങ്ങളെയും നിങ്ങളുടെ മതം ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങളും സമൂഹത്തില്‍ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതക്ക് ഒരു അറുതിവരുത്തേണ്ടിയിരിക്കുന്നു. അവരുടെ വംശീയത വളര്‍ന്നു കൊണ്ടിരിക്കുകയാണ്, അവരെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കമ്പോഴും അവരുടെ വെറുപ്പിന്റെ മുനകൂത്ത അമ്പുകളെല്ലാം ഇസ്‌ലാമിന് നേരെയാണ് എല്ലായ്‌പ്പോഴും പാഞ്ഞുവരുന്നത്.

ഈ ചര്‍ച്ചയില്‍ എന്തുകൊണ്ടാണ് ഇസ്‌ലാം പ്രഥമസ്ഥാനത്ത് നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല. മിഡിലീസ്റ്റില്‍ യുദ്ധം ചെയ്യാനും, നിങ്ങളുടെ നാഗരികതയില്‍ അനാവശ്യമായി കൈകടത്താനും, ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിങ്ങളുടെ സഹോദര മുസ്‌ലിംകളെ പീഢിപ്പിക്കാനുമെല്ലാം അമേരിക്കയെ ഒരിക്കല്‍ പോലും ഇസ്‌ലാം ക്ഷണിച്ച് വരുത്തിയിട്ടില്ല.

മനുഷ്യാവകാശങ്ങളെയും, അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍പറത്തി വെല്ലുവിളിച്ച് ഗ്വാണ്ടനാമോ എന്ന തടവറ കെട്ടിപ്പൊക്കിയത് ഇസ്‌ലാമുമായി കൂടിയാലോചിച്ചിട്ടല്ല.

സിറിയ, ഇറാഖ്, ലിബിയ, യമന്‍, അഫ്ഗാനിസ്ഥാന്‍ അങ്ങനെ തുടങ്ങിയ രാജ്യങ്ങളുടെ ഭാവിക്ക് വേണ്ടി യുദ്ധം ചെയ്യുന്ന സ്ഥാപിത താല്‍പര്യക്കാരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം എന്നത് ഒരു ചര്‍ച്ചാ വിഷയമേ അല്ല.

ബ്രിട്ടന്റെയും, അമേരിക്കയുടെയും സഹായത്തോടെ സയണിസ്റ്റ് ഭീകരവാദികള്‍ ഫലസ്തീന്‍ കൈയ്യേറുകയും, കഴിഞ്ഞ ദശാബ്ദക്കാലത്തിലുടനീളം പരിശുദ്ധഭൂമിയെ ഒരു യുദ്ധക്കളമാക്കുകയും ചെയ്തപ്പോഴൊന്നും ഇസ്‌ലാമായിരുന്നില്ല അവിടെ പ്രശ്‌നം. സയണിസ്റ്റ് ഭീകരവാദികളുടെ പ്രവര്‍ത്തനഫലമായി മേഖലയിലെ സമാധാനം തകര്‍ന്നു.

കോളനിവല്‍ക്കരണവും, സാമ്രാജ്യത്വവും കണ്ടുപിടിച്ചത് ഇസ്‌ലാമല്ല. പക്ഷെ ഇസ്‌ലാമാണ് ഈ തിന്മകള്‍ക്കെതിരെ പടപൊരുതാന്‍ അറബികള്‍ക്കും, ആഫ്രിക്കക്കാര്‍ക്കും, ഏഷ്യക്കാര്‍ക്കും പ്രചോദനം നല്‍കിയത്. അടിമത്തം കൊടികുത്തി വാണിരുന്ന കാലത്ത് ഇസ്‌ലാം ആരെയും അടിമകളാക്കിട്ടില്ല, മറിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും മില്ല്യണ്‍ കണക്കിന് അടിമകളില്‍ ഏറെയും മുസ്‌ലിംകളായിരുന്നു.

ഇതെല്ലാം നിങ്ങള്‍ അവരോട് പറയാന്‍ ശ്രമിക്കുന്നു, ഐ.എസ്.ഐ.എസ് പോലെയുള്ള സംഘങ്ങള്‍ ഇസ്‌ലാമിന്റെ ഉല്‍പ്പന്നങ്ങളല്ലെന്നും, മറിച്ച് അധിനിവേശത്തിന്റെയും, അതിക്രമത്തിന്റെയും ആര്‍ത്തിയുടെയും ഉപോല്‍പ്പന്നങ്ങളാണ് അവയെന്നും നിങ്ങള്‍ സമര്‍ത്ഥിക്കും. പക്ഷെ അവര്‍ നിങ്ങളുടെ വാക്കുകള്‍ ചെവികൊള്ളില്ല. ചില പ്രത്യേക ചരിത്രപശ്ചാതലത്തില്‍ അവതരിച്ച നിങ്ങളുടെ വേദഗ്രന്ഥത്തിലെ സൂക്തങ്ങളില്‍ ചിലത് തെരഞ്ഞെടുത്ത് അവര്‍ നിങ്ങളെ നേരിടും. ‘..വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും…’ (ഖുര്‍ആന്‍ 5 : 32). തുടങ്ങിയ സൂക്തങ്ങള്‍ നിങ്ങളുടെ മതം മനുഷ്യജീവന് നല്‍കുന്ന പവിത്രത അവര്‍ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ നിങ്ങള്‍ പങ്കുവെക്കും. പക്ഷെ മനോഭാവത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റം വരേണ്ടതുണ്ട്.

നിങ്ങളില്‍ ചിലരെങ്കിലും നിരാശയില്‍ ആണ്ടുപോകും. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവരില്‍ ചിലര്‍ തങ്ങള്‍ മുസ്‌ലിംകളാണെന്ന വസ്തുത മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിക്കുന്നുണ്ട്. സമൂഹം ഭ്രഷ്ട് കല്‍പിക്കുന്നതിലേക്ക് നയിക്കുന്ന എല്ലാവിധ ചര്‍ച്ചകളില്‍ നിന്നും അവര്‍ ഒഴിഞ്ഞ് നില്‍ക്കും. സങ്കടകരമെന്ന് പറയട്ടെ, മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ താമസിക്കുന്ന ചിലരാകട്ടെ, വെറുപ്പിനെ വെറുപ്പ് കൊണ്ടാണ് നേരിടുന്നത്. ക്രമേണ താന്‍ ആരാണ്, എവിടെ നിന്നാണ് വരുന്നത് എന്ന ബോധം തിരിച്ച് കിട്ടാത്ത വിധം നഷ്ടപ്പെടും.

പക്ഷെ, ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമിടയിലും, വ്യക്തിപരവും, സാമൂഹ്യപരവുമായ വളര്‍ച്ചയില്‍ ഉത്തമ പാഠങ്ങള്‍ പകര്‍ന്ന് തരാന്‍ ജീവിതയാതനകള്‍ക്ക് കഴിയും എന്ന് നാം ഓര്‍ക്കുന്നത് വളരെ പ്രധാനമാണ്.

ചരിത്രത്തിന്റെ ക്രൂരമായ വിധിപറച്ചിലുകളില്‍ നിന്നും രക്ഷപ്പെട്ട് ഒഴിഞ്ഞ് നിന്നിരുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇവിടെ നിലനിന്നിരുന്നുവെന്ന് നിങ്ങള്‍ നിര്‍ബന്ധമായും മനസ്സിലാക്കണം: പീഢനം, വംശീയത, തുടര്‍ച്ചയായ യുദ്ധം, വംശീയ ഉന്മൂലനം തുടങ്ങി സിറിയയിലെയും ഫലസ്തീനിലെയും ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലെയും മുസ്‌ലിംകള്‍ ഇന്ന് മല്ലിട്ടുകൊണ്ടിരിക്കുന്ന തിന്മകളില്‍ ഒന്നു പോലും അനുഭവിക്കാത്ത ആളുകളായിരുന്നു അവര്‍. നിങ്ങളുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലായിടത്തും ഒരുപോലെയല്ലായെന്ന് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.

ഈ പ്രയാസങ്ങളെ തരണം ചെയ്യാന്‍, നിങ്ങള്‍ ആരാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്; നിങ്ങളുടേതായ മൂല്യങ്ങളില്‍, നിങ്ങളുടെ വ്യക്തിത്വത്തില്‍, നിങ്ങള്‍ അഭിമാനിക്കേണ്ടതുണ്ട്; വെറുപ്പിനെ സ്‌നേഹം കൊണ്ടും, അറിവ് കൊണ്ടും നേരിടുന്ന പോരാട്ടം ഒരിക്കലും അവസാനിപ്പിക്കരുത്. കാരണം, നിങ്ങള്‍ അതിന് തയ്യാറല്ലായെങ്കില്‍, വംശീയത വിജയം വരിക്കും.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവരുടെ കാര്യത്തില്‍ ചിലപ്പോള്‍ എനിക്ക് കഷ്ടം തോന്നാറുണ്ട്. സമ്പത്തും, ഭൗതിക സുഖങ്ങളും അവസരങ്ങളും അവര്‍ക്ക് യഥേഷ്ടമുണ്ടെങ്കിലും, ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന അനുഭവങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും അവര്‍ക്ക് കഴിയാറില്ല. വേദനയിലും കഷ്ടപ്പാടിലും രാകിമിനുക്കിയെടുക്കപ്പെട്ട അറിവിനേക്കാളും വിവേകത്തേക്കാളും മഹത്വം മറ്റൊന്നിനും തന്നെയില്ല.

നിങ്ങള്‍ തളര്‍ന്ന് പോകുന്ന അവസരങ്ങളില്‍ ഓര്‍ക്കുക : ‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല.’ (ഖുര്‍ആന്‍ 2: 286)

 

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles