Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളെ കുറിച്ച് മുസ്‌ലിംകള്‍ സംസാരിക്കട്ടെ

Muslim-ban3.jpg

മുസ്‌ലിംകളെല്ലാം അടിസ്ഥാനപരമായി പാശ്ചാത്യരുടെ പഠന-പരിശോധനകള്‍ക്കുള്ള വിഷയങ്ങളാണെന്നും, തങ്ങളുടെ അസ്തിത്വത്തില്‍ നിന്ന് കൊണ്ട് സംസാരിക്കുന്നതില്‍ നിന്നും, സംഭാവനകള്‍ അര്‍പ്പിക്കുന്നതില്‍ നിന്നും വ്യവസ്ഥാപിതമായി പുറത്ത് നിര്‍ത്തപ്പെട്ടവരാണെന്നും എഡ്വേര്‍ഡ് സൈദ് തന്റെ വിഖ്യാതമായ ‘ഓറിയന്റലിസം’ എന്ന കൃതിയില്‍ സിദ്ധാന്തിക്കുന്നുണ്ട്.

ആധുനിക മാധ്യമ വ്യവഹാരം ഇസ്‌ലാമോഫോബിയയാല്‍ ഭരിക്കപ്പെട്ടിരിക്കുമ്പോള്‍ തന്നെ, മുസ്‌ലിംകളുമായി ബന്ധപ്പെട്ട, അവരുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച മുഖ്യധാര മാധ്യമ വിശകലനങ്ങളെ അപഗ്രഥിക്കുന്ന മുസ്‌ലിം വിദ്ഗദരുടെ അപകടകരമായ അഭാവത്തിന്റെ രൂപത്തില്‍ ഓറിയന്റലിസം എല്ലാത്തിനെയും ചൂഴ്ന്ന് തന്നെ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ട്രംപ് യുഗത്തില്‍ ഇതൊരു പ്രശ്‌നം തന്നെയാണ്. ട്രംപിന്റെ കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍, മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്ന പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചവരില്‍ ഭൂരിഭാഗവും വെളുത്തവംശജരായിരുന്നു. മുസ്‌ലിംകള്‍ അപ്പോഴും കാഴ്ച്ചക്കാരായി മാറി.

കുടിയേറ്റ നിയമത്തിന്റെ ലക്ഷ്യത്തോട് ഐക്യപ്പെട്ട് കൊണ്ട്, മുഖ്യധാര വാര്‍ത്ത മാധ്യമങ്ങള്‍ മുസ്‌ലിംകളെ വളരെ വിദഗ്ദമായി തങ്ങളുടെ ചര്‍ച്ചാമുറികളില്‍ നിന്നും അകറ്റി നിര്‍ത്തി. ഫോക്‌സ് ന്യൂസ് പോലെയുള്ള ‘യാഥാസ്ഥിക’ മാധ്യമങ്ങള്‍ മാത്രമല്ല ഈ സമീപനം വെച്ചുപുലര്‍ത്തുന്നത്, മറിച്ച് ലിബറല്‍ മാധ്യമങ്ങള്‍ എന്ന് പൊതുവെ കരുതപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടി.

ഗവേഷണ-വിവരശേഖരണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമായ, ‘മീഡിയ മാറ്റേഴ്‌സ് ഫോര്‍ അമേരിക്ക’ നടത്തിയ ഗവേഷണഫലം പറയുന്നത് അനുസരിച്ച്, കുടിയേറ്റ നിയമം നിയമമായി പാസാക്കപ്പെട്ടതിന് ശേഷമുള്ള അഞ്ച് ദിവസങ്ങളില്‍ (ജനു 30 മുതല്‍ ഫെബ്രു 3), വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ സി.എന്‍.എന്‍ ക്ഷണിച്ച 90 അതിഥികളില്‍ ആകെ 7 പേര്‍ മാത്രമായിരുന്നു മുസ്‌ലിംകള്‍.

ഇക്കാലയളവില്‍ തന്നെ, മൂന്ന് മുഖ്യ കേബ്ള്‍ ന്യൂസ് നെറ്റ്‌വര്‍ക്കുകളില്‍ ഏറ്റവും പുരോഗമന ചിന്താഗതിക്കാര്‍ എന്ന് വ്യാപകമായി കരുതപ്പെടുന്ന MSNBC 28 പേരെ കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാന്‍ ക്ഷണിച്ചപ്പോള്‍ അതില്‍ കേവലം രണ്ട് പേര്‍ മാത്രമായിരുന്നു മുസ്‌ലിംകളായി ഉണ്ടായിരുന്നത്. ഫോക്‌സ് ന്യൂസ് ക്ഷണിച്ച 58 പേരില്‍ 5 പേര്‍ മാത്രമായിരുന്നു മുസ്‌ലിംകള്‍.

ഇസ്‌ലാമിനെയും, മുസ്‌ലിംകളെയും സംബന്ധിച്ച വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്ന ഇടങ്ങളില്‍ നിന്നും മുസ്‌ലിംകള്‍ തഴയപ്പെടുന്നതിന്റെ ഭീകരത ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ഉയര്‍ച്ചക്കിടയില്‍ ഇസ്‌ലാമിന് മേലുള്ള മാധ്യമ ശ്രദ്ധയും സ്വാഭാവികമായി ഉയര്‍ന്നിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ താരതമ്യേന നീതിയുക്തമായും, വിമര്‍ശനാത്മകവുമായും സമീപിക്കുകയും, വിശകലനം ചെയ്യുകയും ചെയ്ത ലിബറല്‍ മാധ്യമങ്ങളുടെ കാര്യത്തില്‍ അത് സത്യമാണ്.

ലിബറല്‍ ഓറിയന്റലിസം തഴച്ച് വളരുന്ന ഫോറങ്ങളായാണ് ലിബറല്‍ വാര്‍ത്ത മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത്. സഹാനുഭൂതിയും, ദയയും അര്‍ഹിക്കുന്ന കര്‍ത്തൃത്വങ്ങളായാണ് അവര്‍ മുസ്‌ലിംകളെ നോക്കികാണുന്നത്. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളെ കുറിച്ച് അറിവില്ലാത്ത, അഭിപ്രായം രേഖപ്പെടുത്താന്‍ ശേഷിയില്ലാത്ത വ്യക്തികളാണ് അവരെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍. അത്യന്തികമായി, മുസ്‌ലിംകളെയും, അവരുടെ സമുദായത്തെ കുറിച്ചും മാത്രമായുള്ള വാര്‍ത്തകളില്‍, വരത്തന്‍മാരായാണ് മുസ്‌ലിംകള്‍ അവതരിപ്പിക്കപ്പെടുന്നത്.

മുസ്‌ലിം വിലക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രമുഖ ലിബറല്‍ വാര്‍ത്ത വ്യക്തിത്വങ്ങള്‍ക്ക് മുന്നില്‍ എല്ലായ്‌പ്പോഴും ഒരൊറ്റ മുസ്‌ലിം (ഖദീര്‍ അബ്ബാസ്) മാത്രമാണ് ഉണ്ടാവുക. അല്ലെങ്കില്‍, ‘കേബ്ള്‍ ന്യൂസ് മീഡിയ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്’ എന്ന പ്രതികരണം കൊണ്ട് മുസ്‌ലിം ശബ്ദങ്ങളുടെ കാര്യത്തിലുള്ള ഭീകരമായ കുറവിനെ മായ്ച്ച് കളയും.

വിമാനത്താവളങ്ങളില്‍ അന്യായമായി തടഞ്ഞ് വെക്കപ്പെടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, സമുദായത്തെ ചലനാത്മകമാക്കുകയും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന, കൊളേജുകളിലും, സര്‍വകലാശാലകളിലും അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന, മുസ്‌ലിം വിലക്കിനെതിരെ പോരാട്ടം നടത്തുന്ന പണ്ഡിതന്‍മാരും, അഡ്വേക്കറ്റുമാരും, നേതാക്കളുമായിട്ടുള്ള അമേരിക്കന്‍ മുസ്‌ലിംകളുടെ വിശാലലോകത്തേക്ക് ലിബറല്‍ വാര്‍ത്ത മാധ്യമശൃംഖലകള്‍ നിര്‍ബന്ധമായും കടന്ന് ചെല്ലേണ്ടതുണ്ട്.

മുസ്‌ലിംകളെ മാത്രമായി ബാധിക്കുന്ന ഒരു നയത്തെ അഭിസംബോധന ചെയ്യുന്നതിനായി, ലിബറല്‍ മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നുള്ള വിമര്‍ശനശബ്ദങ്ങള്‍ക്ക് ഇടം നല്‍കണമെന്ന നിര്‍ദ്ദേശം, യുക്തിസഹമായ ഒരു അപേക്ഷ തന്നെയാണ്. അതേസമയം, ലിബറല്‍ മാധ്യമങ്ങള്‍ എത്രമാത്രം ആഴത്തില്‍ ഓറിയന്റലിസത്താല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്ന് വരച്ച് കാട്ടുന്നതാണ് മുസ്‌ലിംകളെ പുറത്ത് നിര്‍ത്തുന്ന അവരുടെ സമീപനം. ഇസ്‌ലാമിന്റെ ബൗദ്ധിക വ്യവഹാരങ്ങളെ കുറിച്ചും, മുസ്‌ലിംകളെ കുറിച്ചും മുസ്‌ലിംകള്‍ തന്നെ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് അമുസ്‌ലിം-വെളുത്തവംശജര്‍ സംസാരിക്കുന്നതാണ് എന്ന വിശ്വാസമാണ് ലിബറല്‍ മാധ്യമങ്ങളെ നയിക്കുന്നത്.

യാഥാസ്ഥിക മാധ്യമങ്ങള്‍, ഇസ്‌ലാമിനെ കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ മുന്നോട്ട് വെക്കുന്ന, അഥവാ വിശ്വാസത്തെ തള്ളിപ്പറയുന്ന മുസ്‌ലിം നാമധാരികളെ ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കാന്‍ ക്ഷണിക്കുമ്പോള്‍, വിരലിലെണ്ണാവുന്ന മുസ്‌ലിം ശബ്ദങ്ങളെ മാത്രമാണ് ലിബറല്‍ മാധ്യമങ്ങള്‍ പുറത്തേക്ക് കേള്‍പ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍, മുസ്‌ലിംകളെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയം, വെളുത്ത വംശജര്‍ മാത്രമടങ്ങിയ ഒരു പുരുഷ പാനല്‍ ചര്‍ച്ച ചെയ്യുന്നത് ലിബറല്‍ വാര്‍ത്ത മാധ്യമങ്ങളിലെ സാധാരണ കാഴ്ച്ചയാണ്. മുഖ്യധാര ദൃശ്യമാധ്യമങ്ങള്‍ക്ക് കൈയ്യെത്തും ദൂരത്ത് നിന്ന്, മുഖ്യധാര അച്ചടി മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും മുസ്‌ലിംകളുടെ ഒരു വന്‍ നിര തന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍, പ്രത്യേകിച്ച് ട്രംപ് യുഗത്തില്‍ ലിബറല്‍ ദൃശ്യമാധ്യമ ഇടങ്ങളില്‍ കാണുന്ന അത്തരം കാഴ്ച്ചകള്‍ ആശങ്കാജനകം തന്നെയാണ്.

മുസ്‌ലിം ശബ്ദങ്ങളെ പുറത്ത് നിര്‍ത്തുന്നതില്‍ പങ്കുചേരുന്നത്, മുസ്‌ലിംകളെ അമാനവീകരിക്കുകയും, സ്വയം സംസാരിക്കാന്‍ ശേഷിയില്ലാത്തവരായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രക്രിയയെ പോഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മുസ്‌ലിംകളെ വരത്തന്‍മാരും, ആക്രമാസക്തരും, പ്രശ്‌നക്കാരുമായി കാണുന്ന വാര്‍പ്പുമാതൃകളെ വലിയ അളവില്‍ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ വാര്‍പ്പുമാതൃകകളാണ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമത്തിന് പ്രേരകമായി വര്‍ത്തിച്ചത്. അവ ഇനിയും വരാന്‍ കിടക്കുന്നതേയുള്ളു.

ബില്‍ മാഹറിന്റെ സ്ഥിരം ഇസ്‌ലാം ഭത്സനവും, പ്രമുഖ മുസ്‌ലിം അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തക ലിന്‍ഡ സര്‍സോറിന് നേര്‍ക്കുള്ള അദ്ദേഹത്തിന്റെ കടന്നാക്രമണവും, പുരോഗമനവാദികള്‍ക്കിടയിലും ഇസ്‌ലാമോബിയ എത്രത്തോളം വ്യാപകമാണെന്ന് തെളിയിക്കുന്നുണ്ട്. അതുപോലെ, ലിബറല്‍ വാര്‍ത്ത മാധ്യമ ഇടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ശബ്ദങ്ങളുടെ പുറന്തള്ളല്‍, ഇടതുപക്ഷത്തിനുള്ളിലും ഓറിയന്റലിസം എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്ന എന്നതിന്റെ പ്രതീകമാണ്.

മുസ്‌ലിംകളെ അമാനവീകരിക്കുന്നതില്‍ പരസ്പരം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന രണ്ട് വ്യവസ്ഥകളാണ് ഓറിയന്റലിസവും, ഇസ്‌ലാമോഫോബിയയും. അതുകൊണ്ട് തന്നെ, ട്രംപ് ഭരണകൂടം അഴിച്ച് വിടുന്ന വിദ്വേഷ നയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധത്തില്‍ ലിബറല്‍ വാര്‍ത്ത മാധ്യമങ്ങള്‍ ആത്മാര്‍ത്ഥമായി പങ്കുചേരേണ്ടതുണ്ട്. മുസ്‌ലിം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, പ്രമുഖ മുസ്‌ലിം വ്യക്തിത്വങ്ങളെ ചര്‍ച്ചാ പാനലില്‍ ഉള്‍പ്പെടുത്തുകയും, തങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ മുസ്‌ലിംകള്‍ക്ക് അവസരം ഒരുക്കി കൊടുക്കുകയും ചെയ്യേണ്ടത് ലിബറല്‍ മാധ്യമങ്ങളുടെ ധാര്‍മിക ബാധ്യതയാണെന്നും ഓര്‍മപ്പെടുത്തുന്നു.

മൊഴിമാറ്റം: irshad shariathi

Related Articles