Current Date

Search
Close this search box.
Search
Close this search box.

മുര്‍സി -സീസി സംഭാഷണം തുടരുന്നു

sisi-mursi.jpg

സീസി: വാഗ്ദാനം ചെയ്തത് പോലെ ഞാനിതാ എത്തിയിരിക്കുന്നു.
മുര്‍സി: എന്തെങ്കിലും ലാഭമുള്ള കാര്യം കാണാതെ താങ്കള്‍ വാഗ്ദാനങ്ങള്‍ നല്‍കാറില്ലല്ലോ. അതൊക്കെ പോട്ടെ ഇന്ന് വ്യാഴാഴ്ച്ചയാണ്, ബുധനാഴ്ച്ച വരുമെന്നാണ് താങ്കള്‍ പറഞ്ഞിരുന്നത്.
സീസി: ദാ പിന്നേം തുടങ്ങി! എന്റെ സന്ദര്‍ശനത്തിന് നീ ഇങ്ങനെയാണോ നന്ദി രേഖപ്പെടുത്തുന്നത്? ഞാന്‍ പ്രസിഡന്റാണ്.
മുര്‍സി: ഞാന്‍ നന്ദി പറയണമെന്നാണ് താങ്കള്‍ ആവശ്യപ്പെടുന്നത്, അല്ലെ ‘മിസ്റ്റര്‍ പ്രസിഡന്റ്’? ഞാനും, ജനങ്ങളെല്ലാവരും? ശരിക്കും! വിചിത്രം തന്നെ.
സീസി: നിങ്ങളെന്തു കൊണ്ടാണ് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും മുന്നോട്ട് പോവാനും സന്നദ്ധരാവാത്തത്? ഈജിപ്തിന് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. ഇതാണിപ്പോഴത്തെ കാര്യപ്പെട്ട ഓരേയൊരു സത്യം.

കാപട്യം
മുര്‍സി: താങ്കള്‍ സത്യങ്ങളാണ് പറയുന്നതല്ലെ! ശ്വാസമെടുക്കുന്നത് പോലെയാണ് താങ്കള്‍ നുണകള്‍ പറയുന്നത്. ഞാന്‍ താങ്കളെ നിയമിച്ചത് മുതല്‍ക്ക് നുണ പറയാന്‍ തുടങ്ങിയതാണ് നിങ്ങള്‍. ഒരു ആവശ്യവുമില്ലാത്തപ്പോള്‍ പോലും താങ്കള്‍ കള്ളം പറയുന്നു. ഉദാഹരണമായി, ദാ ഇപ്പോഴും താങ്കള്‍ നുണ പറയുന്നു.
സീസി: നിങ്ങള്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നല്ലെ? എന്റെ സന്ദര്‍ശനത്തിന് വേണ്ടി. എന്നാള്‍ കേട്ടോളു, താങ്കളോടോ അല്ലെങ്കില്‍ മറ്റു വല്ലവരോടോ നുണ പറയേണ്ട ആവശ്യം എനിക്കില്ല. നീയാണ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തുടക്കം മുതല്‍ നുണ പറഞ്ഞത്. ഒരു മുസ്‌ലിം ബ്രദര്‍ഹുഡ് അംഗത്തെയും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തിരുന്നു. പക്ഷെ നിങ്ങള്‍ വാഗ്ദാനം ലംഘിച്ചു. നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്നവരെ ചതിച്ചു. എല്ലാവരെയും ഉള്‍പ്പെടുത്തുമെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷെ എല്ലാവരെയും ഒഴിവാക്കിക്കൊണ്ട് നിങ്ങള്‍ ഭരിക്കുകയാണുണ്ടായത്. ഞങ്ങള്‍ക്ക് കൂട്ടുകക്ഷികളെ ആവശ്യമില്ല; അധികാരം കുത്തകയാക്കി വെക്കുകയായിരുന്നു നിങ്ങളുടെ ആവശ്യം.
മുര്‍സി: താങ്കള്‍ ചെയ്തതു പോലെ, സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ ഞങ്ങള്‍ അടിച്ചമര്‍ത്തിയിട്ടില്ല, ആയിരങ്ങളെ ഞങ്ങള്‍ കൊന്നൊടുക്കിയിട്ടില്ല, അരക്ഷിതാവസ്ഥയുടെ പേരില്‍ പതിനായിരങ്ങളെ അറസ്റ്റ് ചെയ്തിട്ടില്ല. ജനങ്ങളെ ഞങ്ങള്‍ ചൂഷണം ചെയ്തിട്ടില്ല, പീഢിപ്പിച്ചിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ ആയിരക്കണക്കിന് പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുമില്ല.
സീസി: രാജ്യത്ത് സ്ഥിരത പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് ഞങ്ങള്‍ നടപ്പാക്കിയത്. ഈജിപ്തിനെ ഇറാനാക്കി മാറ്റാന്‍ നിങ്ങളെ ഞാന്‍ അനുവദിച്ചില്ല. സിറിയ, യമന്‍, ലിബിയ എന്നീ രാജ്യങ്ങളെപ്പോലെ ആയിത്തീരുന്നതില്‍ നിന്നും ഞങ്ങളാണ് ഈജിപ്തിനെ രക്ഷിച്ചത്. ഞങ്ങള്‍ക്ക് നന്ദി പറയുക. അതിന് ജനങ്ങള്‍ എന്നോട് എക്കാലത്തും നന്ദിയുള്ളവരായിരിക്കും.
മുര്‍സി: പക്ഷെ ഞങ്ങള്‍ക്ക് തുനീഷ്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളെപ്പോലെയോ അല്ലെങ്കില്‍ അവയേക്കാള്‍ മെച്ചപ്പെട്ട രീതിയിലോ ആയിത്തീരാന്‍ കഴിയുമായിരുന്നു. ഒരു പട്ടാള മേധാവിയെ പോലെയാണ് നിങ്ങള്‍ ആദ്യം ഭരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്‍ഷ്യല്‍ രീതിയില്‍ നിങ്ങള്‍ ഭരണം നടത്തിയത്. പാര്‍ലമെന്ററി ഇലക്ഷന്‍ നടത്താന്‍ പോലും താങ്കള്‍ അനുവാദം നല്‍കിയില്ല. ഞങ്ങള്‍ ജനങ്ങളുടെ തീരുമാനത്തെ അംഗീകരിച്ചു; നിങ്ങള്‍ അത് പിടിച്ചെടുത്തു.
സീസി: ഞങ്ങള്‍ ധൃതിപിടിച്ചൊന്നും തന്നെ ചെയ്യാന്‍ പോകുന്നില്ല; ഞങ്ങള്‍ വീണ്ടുവിചാരമില്ലാത്തവരല്ല. നിങ്ങള്‍ നല്ല വിശപ്പുള്ളവരായിരുന്നു, അതുപോലെ തന്നെ അത്യാശയുള്ളവരും, അവിശ്വസിനീയമാം വിധം കപടന്മാരുമാണ് നിങ്ങള്‍. ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ക്ക് എന്താണ് വേണ്ടതെന്ന് അവരേക്കാള്‍ നന്നായിട്ട് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ സമയമെടുത്ത് തന്നെ ചെയ്യും. എല്ലാതും എല്ലാവരും അവരവരുടെ ഊഴത്തിനായുള്ള കാത്തിരിപ്പിലാണ്. അടിച്ചമര്‍ത്തലിനുള്ള സമയവും തെരഞ്ഞെടുപ്പിനുള്ള സമയവും; കാര്യങ്ങള്‍ നേരെയാക്കാനും, നേട്ടങ്ങള്‍ കൊയ്‌തെടുക്കാനുമുള്ള സമയം.
മുര്‍സി: ഞങ്ങളും വീണ്ടുവിചാരമില്ലാത്തവരല്ല! ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടില്ല, ആയിരങ്ങളെ കൊന്നൊടുക്കിയിട്ടില്ല, സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിട്ടില്ല. താങ്കള്‍ എല്ലാ ദിവസവും നല്‍കുന്നത് പോലെയുള്ള പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വാഗ്ദാനങ്ങള്‍ ഞങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ല.
സീസി: പാലിക്കാന്‍ കഴിയാത്ത വാഗ്ദാനം ഞങ്ങള്‍ നല്‍കുന്നില്ല. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കേണ്ടതുണ്ട്. അതൊരിക്കലും മങ്ങിയതാവരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.

സാമ്പത്തികരംഗം
മുര്‍സി: താങ്കള്‍ കണ്ണും മൂക്കുമില്ലാതെ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം അതൊരു മില്ല്യണ്‍ ഗാര്‍ഹിക സമുച്ചയങ്ങളാണെങ്കില്‍ മറ്റൊരു ദിവസം പുതിയ ഭരണ തലസ്ഥാനമായിരിക്കും. പിന്നെ ഒരു ഹൈവേ ശൃംഖല.. അങ്ങനെയങ്ങനെ പോകുന്ന നിങ്ങളുടെ വാഗ്ദാനങ്ങള്‍.
സീസി: എല്ലാത്തിനും അതിന്റേതായ സമയമെടുക്കും. ഇതെല്ലാം ദശാബ്ദങ്ങള്‍ നീണ്ടു നില്‍ക്കുന്ന പദ്ധതികളാണ്. ധൃതി വേണ്ട. പക്ഷെ അതെല്ലാം നടപ്പിലാകുക തന്നെ ചെയ്യും.
മുര്‍സി: പ്രത്യാശയുള്ള ചിന്ത. മുമ്പെത്തേക്കാള്‍ കൂടുതലായി ജനങ്ങള്‍ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം മുന്നോട്ട് തന്നെ, എണ്ണവില താഴുമ്പോഴും പമ്പുകളില്‍ വില കയറിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിലയിലാണ്. ദാരിദ്ര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍ക്കാറിന്റെ അടിസ്ഥാന സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. വര്‍ഷത്തില്‍ 130 ബില്ല്യന്‍ പൗണ്ട് എന്ന കണക്കിലാണ് ബഡ്ജറ്റ് കമ്മി.
സീസി: ജയിലില്‍ എവിടെ നിന്നാണ് താങ്കള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്? എപ്പോഴാണ് നിങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കാനുള്ള വിശേഷാധികാരം കിട്ടിയത്, നിങ്ങളുടെ ദുഷ്ടസംഘം പറഞ്ഞു പരത്തിയ വ്യാജവിവരങ്ങളെയാണോ നിങ്ങള്‍ ആശ്രയിച്ചത്? എന്തു കൊണ്ടാണ് നിങ്ങള്‍ നന്ദി പറഞ്ഞ് മരണം വരിക്കാത്ത്?
മുര്‍സി: നന്ദിയെല്ലാം ദൈവത്തിനാണ്. എന്തു തന്നെ സംഭവിച്ചാലും ശരി. ബ്രദര്‍ഹുഡില്‍ നിന്നും ചീത്ത വാര്‍ത്തകള്‍ പുറത്ത് വരില്ല; അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും അതുപോലെ താങ്കളുടെ തന്നെ സര്‍ക്കാറും അക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടല്ലോ. താങ്കളുടെ ആദ്യവര്‍ഷത്തില്‍ തന്നെ കച്ചവടത്തില്‍ വന്‍ ഇടിവ് സംഭവിച്ചു. കയറ്റുമതി നിരക്കിനേക്കാള്‍ കൂടുതലായിരുന്നു ഇറക്കുമതി. ദേശീയ കടം ഇരട്ടിയായി; അതേസമയം വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ് സംഭവിച്ചു.
സീസി: ഇതെല്ലാം നുണകളാണ് അഥവാ അര്‍ദ്ധസത്യങ്ങള്‍. സഹായമായും നിക്ഷേപങ്ങളായും ബില്ല്യണ്‍ കണക്കിന് ഡോളര്‍ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ക്കിപ്പോള്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. അമേരിക്കക്കാരും യൂറോപ്യന്‍സുമടക്കം ലോകമൊന്നടങ്കം ഈജിപ്തിനെ പുനര്‍നിര്‍മാണത്തിന് സഹായഹസ്തവുമായി ഷറമുശ്ശൈഖിലേക്ക് വന്നു. മധ്യവര്‍ഗത്തിന് മാറ്റം അനുഭവപ്പെടാന്‍ തുടങ്ങി. നമ്മുടെ ബിസിനസ്സ് തമ്പുരാക്കന്‍മാരും ജനറല്‍മാരും ഹര്‍ഷോന്മത്തരാണ്. ഈജിപ്ത് നീണാള്‍ വാഴട്ടെ.

അമേരിക്കയും ഭീകരവാദവും
മുര്‍സി: ഒരു ഈജിപ്ഷ്യന്‍ പൗരനെ താങ്കള്‍ക്ക് എളുപ്പും വിഡ്ഢിയാക്കാന്‍ കഴിയില്ല. ബിസിനസ്സ് സമൂഹം പോലും താങ്കളില്‍ നിന്നും പതുക്കെ തിരിഞ്ഞ് പോവുകയാണ്. അമേരിക്കക്കാരെയും യൂറോപ്യന്‍മാരെയും അധികാലം കബളിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അമേരിക്കയിലും ജര്‍മനിയിലും വെച്ച് നിങ്ങള്‍ക്ക് കണക്കിന് കേട്ടെന്ന് എനിക്കുറപ്പുണ്ട്.
സീസി: സൗദികള്‍ ചെയ്യുന്നത് തന്നെ അമേരിക്കക്കാരും ചെയ്യും. അത് ചെയ്യാന്‍ നമ്മളാണ് അവരോട് പറയുക. നമുക്ക് അവരെ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് നമ്മളെ ആവശ്യമുണ്ട്.
മുര്‍സി: ഒരാവശ്യവുമില്ല. ഈ ആഴ്ച്ച ഈജിപ്തിനെ സംബന്ധിച്ച് ഒബാമ കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ട് അപഹാസ്യകരം തന്നെയാണ്; നിങ്ങളുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടികളെ തുറന്നു കാട്ടുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട്. ഈജിപ്തിനും ഈജിപ്ത്-അമേരിക്ക ബന്ധത്തിനും താങ്കളൊരു തിരിച്ചടിയാണെന്ന് അമേരിക്കക്കാര്‍ക്ക് നല്ലവണ്ണം അറിയാം.
സീസി: അതൊക്കെ ശരി, എന്നു മുതല്‍ക്കാണ് നിങ്ങള്‍ ഇസ്‌ലാമിസ്റ്റുകളും അമേരിക്കക്കാരും തമ്മില്‍ സ്‌നേഹത്തിലായത്? ‘മഹാനായ സാത്താന്‍’ ചിന്തിക്കുന്നത് എന്താണെന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ഇത്രപെട്ടെന്ന് ശ്രദ്ധാലുക്കളായത് എങ്ങനെയാണ്? അധികാരത്തിലേക്കുള്ള നിങ്ങളുടെ കുതിപ്പിനെ അവര്‍ പിന്തുണച്ചതു കൊണ്ടാണോ ഇത്?
മുര്‍സി: അല്‍ഖാഇദയും ഇറാനുമായി ഞങ്ങളെ കൂട്ടിക്കുഴക്കാനാണ് നിങ്ങള്‍ നോക്കുന്നത്. പരസ്പര ബഹുമാനത്തിന്റെയും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ബന്ധങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രിച്ചത്. അതില്‍ കൂടുതലൊന്നുമില്ല.
സീസി: എടോ നിഷ്‌കളങ്കാ.. താങ്കളുടെ അറിവിലേക്കായി പറയുകയാണ്, സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി ഒബാമ ഭരണകൂടം ഈജിപ്തിന് 1.5 ബില്ല്യന്‍ ഡോളര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈജിപ്തിനെ പുനര്‍നിര്‍മിക്കാനായി ഷറമുശ്ശൈഖില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ അവരും പങ്കെടുത്തിരുന്നു. ഞങ്ങളെ ആശ്രയിച്ചാണ് അവരുടെ മിഡിലീസ്റ്റിലെ തന്ത്രങ്ങളെന്നത് ഞങ്ങള്‍ക്കറിയാമെന്ന് അവര്‍ക്ക് നല്ല നിശ്ചയമുണ്ട്.
മുര്‍സി: ഇസ്രായേലുമായുള്ള നിങ്ങളുടെ സഹവര്‍ത്തിത്വവും, വാഷിങ്ടണില്‍ നിങ്ങള്‍ക്കു വേണ്ടി ഇസ്രായേലും യു.എ.ഇയും ചരടുവലികള്‍ നടത്തുകയും ചെയ്യുന്നത് കാരണത്താലാണ് അമേരിക്ക സുരക്ഷാ വിഷയങ്ങളില്‍ നിങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഈജിപ്തിനെ ചതിച്ചു. നിങ്ങള്‍ ഫലസ്തീനെയും ചതിച്ചു.
സീസി: നിങ്ങളാണ് അത്തരം കപടന്‍മാര്‍. ഇസ്രായേലുമായുള്ള ക്യാമ്പ് ഡേവിഡ് കരാറിനെ നിങ്ങള്‍ അംഗീകരിച്ചു. സൗദികളുമായും അമേരിക്കക്കാരുമായും നിങ്ങള്‍ സഹകരിച്ചു. നിങ്ങളെത്രത്തോളം പ്രായോഗികവാദികളും അവസരവാദികളുമാണെന്നത് നിഷേധിക്കാനുള്ള നിങ്ങളുടെ ബദ്ധപ്പാടാണിത്.
മുര്‍സി : താങ്കള്‍ വസ്തുതകളെ വളച്ചൊടിക്കുകയാണ്. ഈജിപ്തിന്റെ താല്‍പര്യവും അതുപോലെ തന്നെ നമ്മുടെ അറബ് മുസ്‌ലിം സഹോദരങ്ങളുടെ താല്‍പര്യങ്ങളും മാത്രമാണ് ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. ഗസ്സയിലെ നമ്മുടെ സഹോദരങ്ങളുടെ ഞങ്ങള്‍ സഹായിച്ചു. കാരണം അത് നമ്മുടെ ധാര്‍മികവും ദേശീയവുമായ ബാധ്യതയാണ്.

തീവ്രവാദവും ഒറ്റുകൊടുക്കലും
സീസി: ഹമാസുമായി രഹസ്യ സഹകരണം നടത്തിയതിലൂടെ താങ്കള്‍ താങ്കളുടെ രാജ്യത്തെ തന്നെ ഒറ്റുകൊടുത്തു; രാഷ്ട്ര രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തികൊടുക്കുന്നതിന് മുസ്‌ലിം ബ്രദര്‍ഹുഡിനെ കൂടെ നിങ്ങളും കൂട്ടുചേര്‍ന്നു. മേഖലയിലെ ഭീകരവാദത്തെയും തീവ്രവാദത്തെയും ചലിപ്പിക്കുന്നത് നിങ്ങളാണ്. ഈജ്പിഷ്യന്‍ പൗരന്‍മാര്‍ക്കും അമേരിക്കക്കാര്‍ക്കും അക്കാര്യമറിയാം.
മുര്‍സി: താങ്കള്‍ക്ക് മനസാക്ഷിയില്ലേ? ഔചിത്യബോധമില്ലേ? ഗസ്സ മരിച്ചു കൊണ്ടിരിക്കുകയാണ്. ഗസ്സയുടെ ദുരിതത്തിനും ദുഃഖത്തിനും ഇസ്രായേലിനേക്കാള്‍ നിങ്ങളാണ് ഉത്തരവാദി; നിങ്ങളെന്തു കൊണ്ടാണ് അവര്‍ക്ക് മേലുള്ള ഉപരോധമൊന്ന് നീക്കി കൊടുക്കാത്തത്?
സീസി: ഈജിപ്തിന്റെ സുരക്ഷയാണ് പ്രധാനം.
മുര്‍സി: അമേരിക്കക്കാരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഭീകരവിരുദ്ധതയുടെ പേരില്‍ നിങ്ങളുടെ വിപ്ലവ വിരുദ്ധതയെ നിങ്ങള്‍ ന്യായീകരിച്ചു. അങ്ങനെയാണ് നിങ്ങള്‍ അകത്തും പുറത്തും ശത്രുക്കളെയും ഭീഷണികളെയും സൃഷ്ടിച്ചത്. നിങ്ങള്‍ ഒന്നുകില്‍ നുണ പറയുകയാണ്. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ നുണകള്‍ സത്യമെന്ന് വിശ്വസിക്കുകയാണ്.
സീസി: ദശാബ്ദങ്ങളായി ഞാന്‍ എന്റെ രാജ്യത്തെ സേവിച്ചു. നമ്മുടെ സൈനിക ഇന്റലിജന്‍സിന്റെ ചുക്കാന്‍ എന്റെ കൈയ്യിലായിരുന്നു. ഈജിപ്ത് നേരിടുന്ന ഭീഷണികള്‍ എന്തൊക്കെയാണെന്ന് എനിക്കറിയാം. ഞാനവയെ കര്‍ക്കശമായി തന്നെ നേരിടും.
മുര്‍സി: നിങ്ങളാണ് ഈജിപ്ത് നേരിടുന്ന പ്രധാന ഭീഷണി. ഞങ്ങളുടെ അരക്ഷിതാവസ്ഥക്കും നാശത്തിനും നിങ്ങളാണ് കാരണക്കാരന്‍. ഭീകരവാദത്തിന്റെയും അസ്ഥിരതയുടെയും പേരില്‍ നിങ്ങള്‍ ഞങ്ങളെ പഴി പറയുന്നു, യഥാര്‍ത്ഥത്തില്‍ നിങ്ങളാണ് അതിന്റെ നിര്‍മാതാക്കള്‍. യഥാര്‍ത്ഥ തീവ്രവാദികളായ അല്‍ഖാഇദ, ഐസിസ് പോലെയുളള സംഘങ്ങളെ തടയാനുള്ള അവസാനത്തെ സേഫ്റ്റി വാള്‍വാണ് ഞങ്ങള്‍.
സീസി: നിങ്ങളാണ് എല്ലാ തിന്മകളുടെയും ഉറവിടം. ഈ തീവ്രവാദികള്‍ക്കെല്ലാം ജന്മം നല്‍കിയതും അവരെ വളര്‍ത്തിയതുമെല്ലാം ബ്രദര്‍ഹുഡാണ്. നിങ്ങളാണ് യുവാക്കളില്‍ തീവ്രവാദ ആശയങ്ങള്‍ കുത്തിവെച്ചത്. ഈ യുവാക്കളാണ് നാമിന്ന് കാണുന്ന ഭീകരകൃത്യങ്ങള്‍ ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുന്നത്. ഈ ആഴ്ച്ച സിനാഇലും ലുക്‌സോറിലും കണ്ട ഭീകരവാദാക്രമണങ്ങളില്‍ താങ്കള്‍ സന്തുഷ്ടനാണോ? ഇതാണോ നിങ്ങള്‍ ആവശ്യപ്പെടുന്ന ഈജിപ്ത്?
മുര്‍സി : ഞങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. സൗദികള്‍ ഞങ്ങളെ പറ്റി മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ അമേരിക്കക്കാരും. ഈ ആഴ്ച്ച ഞങ്ങളുടെ സംഘത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെങ്ങനെയെന്ന് നോക്കൂ. അതു പോലെ തന്നെ യൂറോപ്യന്‍മാരും.
സീസി: അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അവരുടെ ആവശ്യം. പക്ഷെ ഞങ്ങള്‍ക്ക് വേറെയും വഴികളുണ്ട്. ഒരുവര്‍ഷത്തിനിടയില്‍ നാലു തവണ ഞാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിനെ സന്ദര്‍ശിച്ചിരുന്നു. മാന്യനായ വ്യക്തിയാണ് അദ്ദേഹം. റഷ്യയും ചൈനയും ശക്തരാണ്. ഈജിപ്തുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് ബദലുകളുണ്ട്.
മുര്‍സി: ഏകാധിപതികളായ നേതാക്കളുടെ അതേ സംഘത്തില്‍ നിന്നു തന്നെയാണ് താങ്കളും വരുന്നത്. പക്ഷെ ഈജിപ്ത് ചൈനയോ റഷ്യയോ അല്ല, പിന്നെ താങ്കള്‍ പുട്ടിനുമല്ല. നിങ്ങള്‍ നിസ്സാരനായ ഒരു മനുഷ്യന്‍ മാത്രമാണ്. പൊട്ടന് ലോട്ടറിയടിച്ച പോലാണ് താങ്കളുടെ കാര്യം. ഇപ്പോള്‍ നിങ്ങള്‍ രക്തദാഹിയായ ഒരു സ്രാവിനെ പോലെ പെരുമാറുന്നു. നിങ്ങള്‍ക്ക് ഭ്രാന്താണ്.
സീസി: താങ്കളുടെ ജീവിതം അവസാനിക്കാറായിരിക്കുന്നു. ഇപ്പോഴും നിങ്ങള്‍ അതേ മൂഢമായ പ്രസ്താവനകളും ആരോപണങ്ങളും ഉന്നയിച്ച് എന്റെ സമയം പാഴാക്കാന്‍ വാശിപിടിക്കുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് പോകേണ്ടതുണ്ട്. നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്ന് കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞ കാര്യം ഇനി അടുത്ത തവണ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ കൊണ്ടു വരാം. ഇന്‍ശാ അല്ലാഹ്. ഈജിപ്ത് നീണാള്‍ വാഴട്ടെ.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

മുര്‍സിയും സീസിയും സംസാരിക്കുന്നു: ഒരു ജയില്‍ കഥ

Related Articles