Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയും സീസിയും സംസാരിക്കുന്നു: ഒരു ജയില്‍ കഥ

sisi-mursi1.jpg

നിലവിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയും അദ്ദേഹത്തിന്റെ മുന്‍ഗാമിയും ഇപ്പോള്‍ ജയിലിനകത്ത് കഴിയുന്ന മുഹമ്മദ് മുര്‍സിയും തമ്മിലുള്ള മുഖാമുഖ സംഭാഷണം അല്‍ജസീറയുടെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ മര്‍വാന്‍ ബിശാറ മനസ്സില്‍ കാണുന്നു…

മുര്‍സി: നിങ്ങള്‍ക്കെന്താ ഇവിടെ കാര്യം ?
സീസി: എന്റെ പൊന്നു ചങ്ങാതി.. ഞാന്‍ താങ്കളെ കാണാന്‍ വന്നതാണ്.
മുര്‍സി: അതെയോ, ശരിക്കും! ഇപ്പോഴും താങ്കള്‍ സ്വയം സംതൃപ്തിയുടെ മൂഢമായ ആവരണം മുഖത്തണിഞ്ഞിട്ടുണ്ടല്ലോ…
സീസി: ഈജിപ്ത് നീണാള്‍ വാഴട്ടെ.. യഥാര്‍ഥത്തില്‍ എന്റെ ഈ വരവിന് ഒരു ഉദ്ദേശം കൂടിയുണ്ട്..
മുര്‍സി: ഉദ്ദേശം എന്തു തന്നെയായാലും ശരി, താങ്കള്‍ ഒരു കാര്യം നിര്‍ബന്ധമായും മനസ്സിലാക്കണം.. കുറ്റവാളികളുമായി ഞാന്‍ യാതൊരു വിധത്തിലുള്ള ഇടപാടുകളും നടത്താറില്ല. പിന്നെ ഞാനും എന്നെ പോലുള്ള 40000 പേരും ജയിലിനകത്തായിരിക്കെ രാഷ്ട്രീയ ഇടപാടുകള്‍ക്ക് എന്നെ കിട്ടില്ല.
സീസി: ഹോ. അങ്ങനെ പറയരുത്.. ഇത് ഇടപാടല്ല.. ആഘോഷം മാത്രം.. ഈജിപ്ത് നീണാള്‍ വാഴട്ടെ…
മുര്‍സി: അപ്പോള്‍ താങ്കള്‍ക്ക് ആത്മപ്രശംസയാണ് വേണ്ടത്.. ഇതിപ്പോള്‍ ഒരു വര്‍ഷമായി തുടങ്ങിയിട്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു..

നിയമസാധുത
സീസി: താങ്കള്‍ തെരഞ്ഞെടുക്കപ്പെട്ടതിനേക്കാള്‍ ഇരട്ടി ശതമാനം വോട്ടുകള്‍ക്ക് ഞാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍.. ശരിയാണ്.. അതുതന്നെയാണ് ആദ്യം എന്റെ മനസ്സിലേക്ക് വന്നത്…
മുര്‍സി: മറ്റൊരു ദുഃസ്വപ്‌നം ആരംഭിച്ചത് മുതല്‍ക്കെന്ന് പറ.. എന്റെയും നിന്റെയും തെരഞ്ഞെടുപ്പുകളെ താരതമ്യം ചെയ്യാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. നിനക്കുണ്ടെന്ന് പറയുന്നതെല്ലാം നീ മോഷ്ടിച്ചെടുത്തതാണ്, എന്റേത് ഞാന്‍ ജയിച്ചു നേടിയതും. നിനക്ക് 90 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു. അമ്പത്തി ചില്ലറ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച പ്രസിഡന്റാണ് ഞാന്‍. നീ ബശ്ശാറുല്‍ അസദിനെ പോലെയാണ്; ഞാന്‍ റജബ് ത്വയ്യിബ് ഉര്‍ഗുദാനെ പോലെയും.
സീസി: നിയമപരമായിട്ട് തന്നെയാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നീ കാണിച്ച് കൂട്ടിയത് പോലെയുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഞാന്‍ ഉണ്ടാക്കിയിട്ടില്ല. അഹങ്കാരി…
മുര്‍സി: നിയമപരമായിട്ടോ?! നിനക്ക് മനസ്സിലാവാത്ത വലിയ വാക്കുകള്‍ ദയവുചെയ്ത് ഉപയോഗിക്കരുത്. ഒരു പട്ടാള അട്ടിമറിക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് നീയാണ്.
സീസി: താങ്കളും ഒരു അട്ടിമറിയുടെ പുറത്തേറിയാണ് വന്നത്! മുബാറക്കിനെ പുറത്താക്കിയ പട്ടാളത്തില്‍ ഞങ്ങളായിരുന്നു ഉണ്ടായിരുന്നത്, താങ്കളത് മറന്നു പോയോ! സമ്മര്‍ദ്ദം കൊണ്ടൊന്നുമല്ല ഞങ്ങളത് ചെയ്തത്, പിന്നെയോ തന്റെ പിന്‍ഗാമിയായി മകന്‍ ഗമാലിനെ അവരോധിക്കാനുള്ള മുബാറക്കിന്റെ പദ്ധതികളില്‍ ഞങ്ങള്‍ക്ക് തീരേ താല്‍പര്യമുണ്ടായിരുന്നില്ല.
മുര്‍സി: താങ്കള്‍ക്കിനി രണ്ടാമതൊന്ന് തെരഞ്ഞെടുക്കാനില്ല, തെരുവുകള്‍ കത്തിക്കൊണ്ടിരിക്കുകയാണ്..
സീസി: തഹ്‌രീര്‍ സ്‌ക്വയറിലെ കുട്ടികള്‍ക്ക് ഭരണകൂടങ്ങളെ മാറ്റാന്‍ കഴിയുമെന്ന് സത്യത്തില്‍ താങ്കള്‍ കരുതുന്നില്ലല്ലോ.. കരുതുന്നുണ്ടോ? നിങ്ങളത്രക്ക് നിഷ്‌കളങ്കനൊന്നുമല്ല, അല്ലല്ലോ! താങ്കള്‍ക്ക് ഇക്കാണുതെല്ലാം സംഭവിച്ച് കഴിഞ്ഞിട്ടും അങ്ങനെ കരുതുന്നുണ്ടോ?
മുര്‍സി: ഇതാണ് യഥാര്‍ത്ഥ വിപ്ലവം ജനങ്ങളുടെ വിപ്ലവമാണ് ഭരണകൂടത്തെ മാറ്റിയത്.. ഈജിപ്തില്‍ എന്നെന്നേക്കുമായി മാറ്റം കൊണ്ടുവന്നത്. താങ്കള്‍ ചെയ്തു കൂട്ടിയതൊന്നും തന്നെ ഈജിപ്ഷ്യന്‍ ജനത മറക്കില്ല. അവര്‍ താങ്കള്‍ക്ക് മാപ്പു തരില്ല.
സീസി: ഇല്ല, അവര്‍ അങ്ങനെ ചെയ്യില്ല; അവര്‍ എനിക്ക് നന്ദി പറയുക തന്നെ ചെയ്യും. ഈജിപ്ത് നീണാള്‍ വാഴട്ടെ.
മുര്‍സി: നമ്മുടെ ചരിത്രത്തിലെ ചെറിയൊരു പിറകോട്ടടി മാത്രമാണ് താങ്കളുടെ പ്രതിവിപ്ലവമെന്ന് തെളിയുക തന്നെ ചെയ്യും. ഒരോന്നിനും അതിന്റേതായ സമയമുണ്ട്. ഒരു ആശയത്തിന്റെ സമയമെത്തിയാല്‍ യാതൊന്നിനും അതിനെ തോല്‍പ്പിക്കാന്‍ കഴിയില്ല.
സീസി: പ്രതിവിപ്ലവമോ! മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നും വരുന്നതെല്ലാം വളരെ പരിതാപകരം തന്നെ. 2011 ജനുവരിയില്‍ ഹുസ്‌നി മുബാറക്കിനെതിരെ നിങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളേക്കാള്‍ എത്രയോ മഹത്തരമായിരുന്നു താങ്കളുടെ പ്രസിഡന്റ് ഭരണത്തിനെതിരെ 2013 ജൂണില്‍ നടന്ന വിപ്ലവം.
മുര്‍സി: അത് താങ്കളുടെ ഓര്‍മയാണ്. ഒന്നുകില്‍ നിങ്ങള്‍ നുണ പറയുകയാണ് അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തം നുണകളെ സത്യമെന്ന് വിശ്വസിക്കുകയാണ്.
സീസി: താങ്കളില്‍ നിന്നും താങ്കളുടെ പൈശാചിക സംഘടനയില്‍ നിന്നും ഞാന്‍ രാജ്യത്തെ രക്ഷിച്ചു. അതിന് ശേഷം അവര്‍ എന്നോട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യാചിച്ചു. നിങ്ങള്‍ നിങ്ങളുടെ തനിനിറം കാണിച്ചു; നിങ്ങള്‍ ‘ബ്രദര്‍ഹുഡ്’ അല്ല, മറിച്ച് ‘എവിള്‍ ഹുഡ്’ ആണ്.
മുര്‍സി: മറ്റുള്ളവര്‍ക്ക് മത്സരിക്കാനുള്ള അവസരം നിങ്ങള്‍ നിഷേധിച്ചു. താങ്കളുടെ മുന്‍ ബോസ് സാമി അനാനോട് പോലും മത്സരിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല. നിങ്ങളുടെ വേട്ടനായ്ക്കള്‍ എല്ലാവരേയും നിയമവിരുദ്ധരും ഭീകരരുമാക്കി തീര്‍ത്തു.
സീസി: എന്തൊക്കെയാണ് രാത്രിയില്‍ താങ്കളുടെ നിദ്രയെ സുഖപ്രദമാക്കുന്നത്… ഈ തടവറയില്‍.. (അടക്കിപ്പിടിച്ച് ചിരിക്കുന്നു).
മുര്‍സി: ഈ ചെറിയ ജയില്‍ മുറി എന്നെ ആദരിക്കുന്നു; പ്രസിഡന്റിന്റെ കൊട്ടാരത്തോട് നീ അനാദരവ് കാട്ടി. നീയൊരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ നീയിങ്ങോട്ട് കടന്നു വന്നേനെ, എന്തുകൊണ്ടാണ് ജയിലഴികള്‍ക്ക് അപ്പുറം നിന്നു കൊണ്ട് എന്നോട് സംസാരിക്കുന്നത്.. നീചന്‍. പേടിക്കണ്ട, ഞാന്‍ താങ്കളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയൊന്നുമില്ല… (ചിരിക്കുന്നു)

വിപ്ലവം
സീസി: അത് ശരി, ഒരു യുദ്ധത്തിന് വേണ്ടി നീയെന്നെ വെല്ലുവിളിക്കുകയാണിപ്പോള്‍ അല്ലെ.. നിന്റെ കാപട്യത്തിന്റെയും നാണക്കേടിന്റെയും ഗന്ധത്തിന് മുന്നില്‍ എനിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല, മിസ്റ്റര്‍ വിപ്ലവകാരി.
മുര്‍സി: തീര്‍ച്ചയായും ഞാനൊരു വിപ്ലവകാരിയാണ്. പക്ഷെ നീയെന്താണ്? ഒരു അകംപൊള്ളയായ മനുഷ്യന്‍.
സീസി: ഞാനത് ഒഴിവാക്കാം. താങ്കളോ, മരണം കാത്തു കിടക്കുന്ന, ആശയറ്റ ഒരു മനുഷ്യന്‍.
മുര്‍സി: വിശ്വസിക്കുന്ന ആദര്‍ശത്തിന് വേണ്ടി മരണം വരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അങ്ങനെയൊന്നുമില്ലാതെ ജീവിക്കുന്നതില്‍ താങ്കള്‍ സന്തോഷവാനാണോ?
സീസി: എന്നു മുതല്‍ക്കാണ് നിങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ വിപ്ലവങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത്? ഇസ്‌ലാം വിപ്ലവത്തിന് എതിരല്ലേ; പതുക്കെ പതുക്കെ വര്‍ധിക്കുന്ന ദഅ്‌വത്തിനും പരിവര്‍ത്തനത്തിനും വേണ്ടിയല്ലേ നിങ്ങള്‍? എന്തു കൊണ്ടാണ് നിങ്ങള്‍ അത്യാവേശഭരിതരായി പക്വതയില്ലാതെ പ്രവര്‍ത്തിച്ചുവെന്ന് തുറന്ന് സമ്മതിക്കാത്തത്. ഒച്ചപ്പാടുണ്ടാക്കുന്ന യുവ തലമുറയുടെ ബലത്തില്‍ നിങ്ങള്‍ കാര്യങ്ങള്‍ വേഗത്തിലാക്കി.
മുര്‍സി: ഞങ്ങളുടെ ജനതയും, ആണ്‍മക്കളും പെണ്‍മക്കളും നിങ്ങളുടെ സൈന്യത്തിലെ നരാധമന്‍മാരാല്‍ അന്യായമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് നിശബ്ദരായി നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല.
സീസി: ഒരു വലിയ സഹായമാണ് സൈന്യം ഞങ്ങള്‍ക്ക് ചെയ്തു തന്നത്, മഹത്തായ ഉപകാരം. അവര്‍ ഈജിപ്തിനെ നിങ്ങളില്‍ നിന്നും, നിങ്ങള്‍ക്ക് മുമ്പ് മുബാറക്കില്‍ നിന്നും രക്ഷിച്ചു.
മുര്‍സി: ജനങ്ങളുടെ വിപ്ലവമാണിത്. ഇതൊരു വിപ്ലവം മാത്രമാണ്. ജനങ്ങള്‍ സംസാരിച്ചു. അങ്ങനെ ഞങ്ങള്‍ നല്ലരീതിയില്‍ വിജയിച്ചു. എന്നാല്‍ നിങ്ങളോ, വ്യവസ്ഥയെ തകിടംമറിച്ചു, ഭക്ഷ്യഊര്‍ജ്ജ ക്ഷാമം ഉണ്ടാക്കി, അസ്ഥിരതക്കും, അരക്ഷിതാവസ്ഥക്കും വഴിയൊരുക്കി, നിങ്ങള്‍ക്ക് അധികാരത്തിലേറാനായി ചതിയിലൂടെ ജനങ്ങളെ ഇളക്കിവിട്ടു.
സീസി: അതൊരു വിപ്ലവമായിരുന്നില്ല. അവിടെയൊരു നേതൃത്വവുമുണ്ടായിരുന്നില്ല, പ്രത്യയശാസ്ത്രവുമുണ്ടായിരുന്നില്ല; ഒച്ചപ്പാടും ബഹളവും, പിന്നെ സ്വാതന്ത്ര്യത്തെ കുറിച്ചും നീതിയെ കുറിച്ചുമുള്ള പൊള്ളയായ മുദ്രാവാക്യങ്ങളുമാണ് അവിടെയുണ്ടായിരുന്നത്.
മുര്‍സി: ഇതൊന്നും പൊള്ളയായ വാക്കുകളായിരുന്നില്ല; ജനാഭിലാഷങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധാനമായിരുന്നു അവ. എന്തുകൊണ്ടാണ് നമ്മുടെ ജനതക്ക് ഭീതിയിലും പട്ടിണിയിലും ജീവിക്കേണ്ടി വരുന്നത്?
സീസി: അത് അക്രമമായിരുന്നു. നമ്മള്‍ കാലങ്ങളോളം ഉയര്‍ത്തിപ്പിടിച്ച അറബ്/ഇസ്‌ലാമിക് ചിന്താശകലം താങ്കള്‍ മറന്നുപോയോ: ‘ഒരു ദിവസത്തെ അക്രമഭരണത്തേക്കാള്‍ നല്ലതാണ് നൂറു വര്‍ഷത്തെ ഏകാധിപത്യഭരണമാണ്.’ അക്രമവും, സംഭ്രമവും, യുക്തിരഹിതമായ പ്രതീക്ഷകളും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്.
മുര്‍സി: നിങ്ങളുടെ ഫാസിസ്റ്റ് തന്ത്രങ്ങള്‍ക്ക് പകരം ഞങ്ങളുടെ സഹിഷ്ണുതയിലധിഷ്ഠിതമായ ഇസ്‌ലാമിക രീതികളെയാണ് ഈജിപ്ഷ്യന്‍ ജനത തെരഞ്ഞെടുത്തത്.
സീസി: വൈവിധ്യമാര്‍ന്ന, തുറന്ന മനസ്സുള്ളവരാണ് ഈജിപ്ഷ്യന്‍ ജനത; നിങ്ങളുടെ അക്രമഭരണത്തെ അവള്‍ തള്ളിക്കളഞ്ഞു. നിങ്ങളുടെ ഇസ്‌ലാമിക ഏകാധിപത്യത്തെയും. എന്ത് സഹിഷ്ണുത!?
മുര്‍സി: നിങ്ങള്‍ എവ്വിധമാണ് വസ്തുതകളെ വളച്ചൊടിക്കുന്നതെന്നത് അത്ഭുതകരം തന്നെ. തെരഞ്ഞെടുപ്പില്‍ ഞങ്ങളാണ് വിജയിച്ചത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, അസംബ്ലി തെരഞ്ഞെടുപ്പ്, പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എന്നിട്ട് അതിനെ നിങ്ങള്‍ ഏകാധിപത്യ ഭരണമെന്നാണോ വിളിക്കുന്നത്?

ഉത്തരവാദിത്വം
സീസി: നമുക്ക് വീണ്ടും തുടങ്ങാം! ജനങ്ങള്‍ നിങ്ങള്‍ക്കെതിരെയും നിങ്ങളുടെ സമഗ്രാധിപത്യ ഇസ്‌ലാമിസത്തിനെതിരെയും തിരിഞ്ഞു. അതിന് താങ്കള്‍ക്കെന്റെ നന്ദിയുണ്ട്. താങ്കള്‍ക്കു മാത്രം. അങ്ങനെ വിപ്ലവം പരാജയപ്പെട്ടു. ഞാനാണിന്ന് പ്രസിഡന്റ്. നിങ്ങള്‍ക്കെല്ലാം നന്ദി പറയാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്. ഈജിപ്ത് നീണാള്‍ വാഴട്ടെ.
മുര്‍സി: അല്ല. നിയമവിരുദ്ധവും, രക്തപങ്കിലവുമായ അട്ടിമറിയിലൂടെയാണ് താങ്കള്‍ പ്രസിഡന്റായത്. നിങ്ങള്‍ക്കത് തുറന്ന് സമ്മതിച്ചാലെന്താ, എന്നോടെങ്കിലും!
സീസി: നോക്ക്, സീരിയസ്സായിട്ട് പറയുകയാണ്, നിങ്ങളുടെ അന്ധതക്കും, അതിരുകവിയലിനും പകരമായിട്ടല്ലെങ്കില്‍, പട്ടാളത്തില്‍ നിന്നും ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യം ആരും ചിന്തിക്കുക പോലുമില്ല.
മുര്‍സി: ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് നാണക്കേടോട് കൂടി തന്നെ ഞങ്ങള്‍ തുറന്ന് സമ്മതിക്കുന്നു. അതേസമയം നിരവധിയിടങ്ങളില്‍ കാര്യങ്ങള്‍ നന്നായി ചെയ്യാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ ബാലറ്റ് പെട്ടിയിലൂടെ എല്ലാത്തിനെയും തകിടംമറിക്കാന്‍ കഴിയും. തുര്‍ക്കിയുടെ കാര്യം നോക്കു. കേവല ഭൂരിപക്ഷം നേടണമെന്ന ഉര്‍ദുഗാന്റെ ആഗ്രഹത്തിന് തുര്‍ക്കിഷ് ജനത ‘നോ’ പറഞ്ഞു. ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെയാണ് ഇത് സാധിച്ചത്.
സീസി: നിങ്ങളുടെ അഹങ്കാരിയായ കൂട്ടുകാരന്‍ ഉര്‍ദുഗാന്‍ നിങ്ങള്‍ ചെയ്തത് പോലെ ചെറിയൊരു തെരഞ്ഞെടുപ്പ് വിജയം വരുമ്പോഴേക്ക് രാജ്യത്തെ ഒന്നടങ്കം വിഴുങ്ങാന്‍ ശ്രമിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെയോ നാലമത്തെയോ തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ തെറ്റു മാത്രമല്ല ചെയ്തത്, നിങ്ങള്‍ രാഷ്ട്രീയ ആത്മഹത്യയും ചെയ്തു കളഞ്ഞു.
മുര്‍സി: വിപ്ലവം ഭീഷണി നേരിട്ടപ്പോഴാണ് ഞാന്‍ അടിയന്തരമായി കൂടുതല്‍ അധികാരത്തിന് ഉത്തരവിട്ടത്. നിങ്ങളില്‍ നിന്നും എനിക്ക് വിപ്ലവത്തിന് സംരക്ഷണം നല്‍കേണ്ടതുണ്ടായിരുന്നു. ദുരിതകാലങ്ങളെ കടന്ന് പോകുന്നത് വരേക്കും ഇതെല്ലാം താല്‍ക്കാലികം മാത്രമാണ്. മിസ്റ്റര്‍ അട്ടിമറി വീരന്‍… ഇതെല്ലാം നിങ്ങളോട് വിശദീകരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല.
സീസി: വിപ്ലവത്തെ സംരക്ഷിക്കാനല്ല നിങ്ങള്‍ നോക്കിയത്; എന്തുവില കൊടുത്തും നിങ്ങളുടെ അധികാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ വിപ്ലവത്തെയും ബ്രദര്‍ഹുഡിനെയും തകര്‍ത്തുക്കൊണ്ട് താങ്കളും അവസാനിച്ചു.
മുര്‍സി: താങ്കളും താങ്കളുടെ സൈനിക സംഘവും ഞങ്ങളുടെ തകര്‍ച്ച കാലങ്ങള്‍ക്ക് മുമ്പു തന്നെ പ്രവചിച്ചിരുന്നല്ലോ. പക്ഷെ കൂട്ടക്കൊലകളും, അറസ്റ്റും, പീഢനങ്ങളും ഞങ്ങള്‍ക്കെതിരെ അരങ്ങേറിയെങ്കിലും ഞങ്ങള്‍ എല്ലായ്‌പ്പോഴും മുന്നോട്ട് തന്നെ കുതിച്ചു.
സീസി: നാസര്‍, സാദാത്ത്, മുബാറക്ക് തുടങ്ങിയ ഈജിപ്ഷ്യന്‍ പ്രസിഡന്റുമാരെല്ലാം മുസ്‌ലിം ബ്രദര്‍ഹുഡിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ മുര്‍സി മാത്രമാണ് അക്കാര്യത്തില്‍ വിജയിച്ചത് എന്നാണ് തെരുവില്‍ ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന തമാശ. (ചിരിക്കുന്നു) ഈജിപ്ത് നീണാള്‍ വാഴട്ടെ.
മുര്‍സി: മറ്റുള്ളവര്‍ പരാജയപ്പെട്ടിടത്തെല്ലാം ഞാനും എന്റെ സഹോദരങ്ങളും വിജയിച്ചിട്ടുണ്ട്. അങ്ങനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റായി ഞാന്‍ മാറി.
സീസി: അസംബന്ധം. നീ നിന്റെ കൂട്ടാളികള്‍ക്കെതിരെ തിരിഞ്ഞു. അങ്ങനെയാണ് അധികാരം കരസ്ഥമാക്കാന്‍ നിനക്ക് സാധിച്ചത്. 1979ല്‍ ആയത്തുള്ള ഖുമൈനി ചെയ്തത് പോലെ.
മുര്‍സി: ഖുമൈനിയും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ജനാധിപത്യ പ്രക്രിയയെ വാരിപ്പുണര്‍ന്നവരാണ് ഞങ്ങള്‍.
സീസി: സംഘാടനത്തിലും അനുഭവസമ്പത്തിലും താങ്കളായിരുന്നു മറ്റുള്ളവരേക്കാള്‍ മുന്നില്‍. തെരഞ്ഞെടുപ്പില്‍ അത് താങ്കള്‍ ഉപയോഗപ്പെടുത്തി. അവരെ താങ്കള്‍ പിന്നിലാക്കി.
മുര്‍സി: ഞങ്ങള്‍ പങ്കാളികളാണ്. അങ്ങനെതന്നെ തുടരുകയും ചെയ്യും.
സീസി: തുടക്കം മുതലേ താങ്കള്‍ അവരെ അവഗണിച്ചു. 2011 അവസാനത്തില്‍ അവരില്‍പെട്ട നിരവധി പേരെ ഞങ്ങള്‍ വധിച്ചപ്പോള്‍ അങ്ങോട്ട് നോക്കാതെ താങ്കള്‍ മറ്റൊരിടത്തേക്കാണ് നോക്കിയത്. മുഹമ്മദ് മഹ്മൂദ് തെരുവ് കൊലപാതകങ്ങളും, പ്രതിഷേധക്കാരുടെ കണ്ണുകള്‍ ലക്ഷ്യം വെച്ചു കൊണ്ട് വെടിയുതിര്‍ത്ത സ്‌നൈപ്പര്‍മാരെയും ഓര്‍ത്ത് നോക്ക്.
മുര്‍സി: അപ്പോള്‍, താങ്കളതെല്ലാം തുറന്ന് സമ്മതിക്കുകയാണ്…
സീസി: ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തു എന്നു മാത്രം. ഞങ്ങള്‍ നിങ്ങളെ പോലെ കപടന്‍മാരല്ല. കൂട്ടുകക്ഷികളുമായി സഹകരിക്കാനും സഹവര്‍ത്തിക്കാനുമുള്ള രാഷ്ട്രീയ ബോധമോ അല്ലെങ്കില്‍ ഇച്ഛാശക്തിയോ നിങ്ങള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നിങ്ങള്‍ ഒറ്റപ്പെട്ടുപ്പോയത്.
മുര്‍സി: ഞങ്ങള്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു, സഹിഷ്ണുതയോടെയാണ് വര്‍ത്തിച്ചത്. പ്രതിപക്ഷത്തിനും സൈന്യത്തിനും നേര്‍ക്ക് ഞങ്ങള്‍ സഹായ ഹസ്തം നീട്ടി.
സീസി: അതുകൊണ്ടാണോ അവരെല്ലാം നിങ്ങള്‍ക്കെതിരെ തിരിഞ്ഞത്?
മുര്‍സി: നിങ്ങള്‍ നിങ്ങളുടെ സ്വന്തം പ്രചാരവേല ആവര്‍ത്തിക്കുകയാണ്. ഞങ്ങളിപ്പോള്‍ സംസാരിക്കുന്നത് പോലെ, ഈജിപ്തിന്റെ തെരുവുകളില്‍ ഞങ്ങള്‍ ഒരുമിച്ച് പോരാടിക്കൊണ്ടിരിക്കുകയാണ്.
സീസി: കുറച്ച് നേരം കൂടി താങ്കളോടൊപ്പം ചിലവഴിക്കാനും സംസാരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു; സത്യത്തില്‍ ബഹുരസം തന്നെയാണിത്. പക്ഷെ പ്രസിഡന്റെന്ന നിലയിലുള്ള ബാധ്യതകള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. താങ്കള്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് എനിക്കറിയാം… (ചിരിക്കുന്നു) ഈജിപ്ത് നീണാള്‍ വാഴട്ടെ…
മുര്‍സി: താങ്കള്‍ ഓടിരക്ഷപ്പെടുകയാണ്. കാരണം താങ്കള്‍ക്ക് വാദിക്കാന്‍ ഒന്നും തന്നെയില്ല, അതുപോലെ താങ്കളുടെ പക്കല്‍ ഉത്തരങ്ങളുമില്ല.
സീസി: ഓടിരക്ഷപ്പെടുകയോ! എന്താണ് കാര്യമെന്ന് ഞാന്‍ താങ്കള്‍ക്ക് പറഞ്ഞു തരാം; നമ്മുടെ ഈ സംഭാഷണം അവസാനിപ്പിക്കുന്നതിന് വേണ്ടി ബുധനാഴ്ച്ച ഞാന്‍ വീണ്ടും വരും. താങ്കളെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യവുമായിട്ടാണ് ഞാന്‍ വരിക.
മുര്‍സി: പോകൂ. നിനക്ക് നാശം.
സീസി: ഈജിപ്ത് നീണാള്‍ വാഴട്ടെ.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

 

മുര്‍സി -സീസി സംഭാഷണം തുടരുന്നു

Related Articles