Current Date

Search
Close this search box.
Search
Close this search box.

മുഗള്‍ ചരിത്രമല്ല, സംസ്‌കാരം കൂടിയാണ്

mughal.jpg

ട്വിറ്റര്‍ എന്ന സാമൂഹിക മാധ്യമത്തിന് ധാരാളം മേന്മകളുണ്ട്. എന്നാല്‍ അടുത്ത കാലങ്ങളിലായി ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പകരം വംശീയതയും വിദ്വേഷവും ശത്രുതയും പ്രകടിപ്പിക്കാന്‍ മാത്രമാണ് ജനം ട്വിറ്റര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. വിവാദങ്ങള്‍ ഏറെയും കൊഴുക്കുന്നതും പകപോക്കലുകള്‍ ഉയരുന്നതും ട്വിറ്ററിന്റെ അകത്തളങ്ങളിലാണ്. ട്വിറ്റര്‍ മരിച്ചുകൊണ്ടിരിക്കുകയാണോ എന്നുവരെ ജനം സന്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ജനകീയതയെ കുറിച്ചല്ല, മറിച്ച് അതിലൂടെ യഥാര്‍ത്ഥ ധര്‍മം നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഫേസ്ബുക്ക്, ഡിസ്‌ക്കസ് പോലുള്ള മാധ്യമങ്ങള്‍ ആരോഗ്യകരവും ഉല്‍പാദനപരവുമായ ചര്‍ച്ചകളുടെ വേദികളായി ഉയര്‍ന്നുവന്നു കഴിഞ്ഞു. എന്നാല്‍ ട്വിറ്റര്‍ സെലിബ്രിറ്റികള്‍ മേയുന്ന തരിശുനിലമായി മാറിയിരിക്കുന്നു.

ഇന്ത്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഹാഷ് ടാഗാണ് #RemoveMughalsFromBooks എന്നത്. വ്യക്തമായ രാഷ്ട്രീയമുള്ള ഒരു ഹാഷ് ടാഗാണ് ഇത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏത് ഇന്ത്യന്‍ പൗരനും മനസ്സിലാക്കാവുന്ന ലളിതമായ ഒരു സന്ദേശം. ഇന്ത്യന്‍ മുസ്‌ലിംകളെ ആക്രമിക്കാന്‍ എക്കാലത്തും ഉപയോഗിക്കപ്പെട്ട പദമാണല്ലോ ‘മുഗള്‍’ എന്നത്. 1980-കളില്‍ ബാബരി മസ്ജിദ് ധ്വംസനത്തിനായി തീവ്രവലതു പക്ഷ പാര്‍ട്ടികളും ഹിന്ദുത്വ സംഘടനകളും മുറവിളി കൂട്ടിയപ്പോള്‍ ഉല്‍പാദിപ്പിക്കപ്പെട്ട പ്രയോഗങ്ങളില്‍ ഒന്നായിരുന്നു ‘ബാബര്‍ കെ ഔലാദ്’ (ബാബറിന്റെ മക്കള്‍) എന്നത്. കൊളോണിയല്‍ ചരിത്രകാരന്മാരുടെ സൃഷ്ടിയായ ‘മുസ്‌ലിം കാലഘട്ടം’ എന്ന തരംതിരിവ് ഇന്ന് അവരുടെ സാമന്തന്മാര്‍ ഒരു ഹാഷ് ടാഗിന്റെ രൂപത്തില്‍ ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നു.

13-ാം നൂറ്റാണ്ടില്‍ ഖുത്ബുദ്ദീന്‍ ഐബക്കിന്റെ തുര്‍ക്കി സുല്‍ത്താനേറ്റ് മുതല്‍ 1857-ല്‍ ബഹദൂര്‍ഷാ സഫര്‍ മ്യാന്മറിലേക്ക് നാടുകടത്തപ്പെടുന്നത് വരെ ഇന്ത്യ മുസ്‌ലിം ഭരണത്തിന് കീഴിലായിരുന്നുവെന്നത് നാം പാഠപുസ്‌കതങ്ങളില്‍ ചൊല്ലി പഠിച്ച കാര്യമാണ്. ഈ അഞ്ച് നൂറ്റാണ്ടുകള്‍ ചരിത്രത്താളുകളില്‍ നിന്ന് മായ്ച്ചു കളഞ്ഞാല്‍  എഴുതിച്ചേര്‍ക്കാന്‍ പകരം എന്തുണ്ട്? ദല്‍ഹി സുല്‍ത്താന്മാരും മുഗള്‍ ചക്രവര്‍ത്തിമാരും ഇന്ത്യന്‍ മണ്ണില്‍ തീര്‍ത്ത ആഴത്തിലുള്ള ശേഷിപ്പുകളുടെ കാര്യമോ? അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ അമൂല്യമായ സംഭാവനകളോ? നമ്മുടെ പാരമ്പര്യത്തിലും പൈതൃകത്തിലും ഇഴുകിച്ചേര്‍ന്ന ആ മുസ്‌ലിം സ്വാധീനത്തെ തൂത്തെറിയാന്‍ നമുക്ക് സാധിക്കുമോ? ഒരിക്കലുമില്ല. സുല്‍ത്താന്മാരും മുഗളന്മാരും ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ ആധുനിക ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. മുഗളന്മാരെ വേണ്ടാ എന്നു വെക്കുന്നവര്‍ ഇവയെ കൂടി വേണ്ടാ എന്ന് വെക്കേണ്ടി വരും.

ഡല്‍ഹി എന്ന ഇന്ത്യന്‍ തലസ്ഥാനം
ഏതൊരു ഇന്ത്യക്കാരനും ഓര്‍മവെച്ച കാലം മുതല്‍ ഡല്‍ഹി ആണ് ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനം. 1940-കളില്‍ സിംഗപ്പൂരില്‍ നിന്ന് ”ദില്ലി ചലോ” എന്ന സുഭാഷ് ചന്ദ്രബോസിന്റെ ആഹ്വാനം കേട്ടുണര്‍ന്ന ഡല്‍ഹി പിന്നീട് തിരക്കൊഴിയാത്ത മഹാനഗരമായി മാറി. വ്യാവസായിക നഗരങ്ങളായ ബോംബെ, കല്‍ക്കത്ത, മദ്രാസ് എന്നിവയുടെ നിഴലിലായിരുന്നു ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ഡല്‍ഹി. ഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്തയിലെത്തിയ പ്രശസ്ത ഉറുദു കവി ഘാലിബ് ആ നഗരത്തിന്റെ മഹിമ കണ്ട് അത്ഭുതം കൂറിയതായി അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നു.

എന്നാല്‍ ഒരു തലസ്ഥാന നഗരിയായി ഡല്‍ഹിയെ വളര്‍ത്തിക്കൊണ്ടു വന്നതും ആധുനിക ഡല്‍ഹി നഗരത്തിന് അടിത്തറ പാകിയതും ഡല്‍ഹി സുല്‍ത്താന്മാരായിരുന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ ഭരണത്തോടെ ഡല്‍ഹി ഉത്തരേന്ത്യയുടെ തലസ്ഥാനമായി മാറി. എന്നാല്‍ മുഗള്‍ കാലഘട്ടത്തിന്റെ സുവര്‍ണ കാലമായപ്പോഴേക്കും ഡല്‍ഹി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തന്നെ രാജധാനിയായി മാറി. ബ്രിട്ടീഷുകാര്‍ പോലും കല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തങ്ങളുടെ തലസ്ഥാനം മാറ്റാന്‍ മാത്രം ഡല്‍ഹി വിശ്രുതമായതാണ് പിന്നീട് നാം കാണുന്നത്. അടിമത്തത്തിന്റെ കാലം എന്ന് മുഗള്‍ ഭരണത്തെ പരിഹസിച്ച മോദി പോലും സ്വാതന്ത്യദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും കാലൂന്നി നില്‍ക്കുന്നത് മുഗളന്മാരുടെ പുകള്‍പെറ്റ ചെങ്കോട്ടയിലാണെന്ന് ഓര്‍ക്കണം.

ഹിന്ദി എന്ന രാഷ്ട്രഭാഷ
താന്‍ ഒരു ബംഗാളിയായത് കൊണ്ടും തന്റെ ഹിന്ദി സ്ഫുടമല്ലാത്തത് കൊണ്ടും താന്‍ ഒരിക്കലും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് പ്രണബ് മുഖര്‍ജി ഒരിക്കല്‍ പരിഹാസപൂര്‍വം പറയുകയുണ്ടായി. മുഖര്‍ജി എല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനല്ല. എന്നാല്‍ ഇതില്‍ സത്യാവസ്ഥയുണ്ട്. ഇന്ത്യ നാനാ ഭാഷകളുടെ സംഗമഭൂമിയാണെങ്കിലും ഹിന്ദിക്ക് ഒരു രാഷ്ട്രഭാഷ എന്ന നിലയില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. എന്നാല്‍ ഹിന്ദിക്ക് എങ്ങനെ ആ പദവി ലഭിച്ചു?

സുല്‍ത്താനേറ്റ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ഖാഡി ബോലി (ഹിന്ദുസ്ഥാനി) എന്ന മൂല ഭാഷയില്‍ നിന്നാണ് ഹിന്ദി ഉരുത്തിരിഞ്ഞത്. എല്ലാ ഭാഷകള്‍ക്കും മാനക, ഗ്രാമ്യ വകഭേദങ്ങളും സംസാരരീതികളും ഉണ്ട്. ഖാഡി ബോലിക്ക് രണ്ട് വകഭേദങ്ങളാണുണ്ടായിരുന്നത്, ഹിന്ദിയും ഉറുദുവും. പ്രാചീനകാലത്തും മധ്യകാലത്തും സാഹിത്യഭാഷകള്‍ എന്നത് ബ്രാജും അവധി ഭാഷയുമായിരുന്നു. കബീര്‍ദാസും തുളസീദാസുമൊക്കെ തങ്ങളുടെ കാവ്യങ്ങള്‍ രചിച്ചതും ഈ ഭാഷകളിലായിരുന്നു. എന്നാല്‍ ഖാഡി ബോലി എങ്ങനെ ഈ ഭാഷകളെ പകരം വെച്ചു? ഖാഡി ബോലി ഡല്‍ഹിയിലെ നാട്ടു ഭാഷയായിരുന്നു. സുല്‍ത്താനേറ്റ് ഭരണത്തിന്റെ അന്ത്യത്തോടെ പേര്‍ഷ്യന്‍ ഭാഷ ഒരു സാഹിത്യ ഭാഷയല്ലാതായി. ഇന്ത്യന്‍ രാഷ്ട്രീയ കേന്ദ്രമായിരുന്ന ഡല്‍ഹിയിലെ ഭരണവിഭാഗം സാഹിത്യരചനകള്‍ക്കും മറ്റുമായി പേര്‍ഷ്യന്‍ കലര്‍ന്ന ഖാഡി ബോലി ഉപയോഗിച്ചു തുടങ്ങി. അതാണ് ഉറുദുവായി മാറിയത്. പേര്‍ഷ്യന്‍ ഭാഷയുടെയും അറബി ഭാഷയുടെയും സമ്മിശ്ര രൂപമായിരുന്നു ഉറുദുവെങ്കില്‍ ഹിന്ദിക്ക് കൂടുതല്‍ അടുപ്പം സംസ്‌കൃതത്തോടാണ്. ഉറുദു സാഹിത്യഭാഷയായി ഇന്ത്യയില്‍ പേരെടുത്തുവെങ്കില്‍, ഹിന്ദി ഇന്ത്യന്‍ സാമാന്യ ജനത്തിന്റെ ഭാഷയായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.

മുഗളന്മാരും അവരുടെ ഹിന്ദുസ്ഥാനിയും ഇല്ലായിരുന്നുവങ്കില്‍ ഹിന്ദിയോ ഉറുദുവോ ഇന്ത്യക്ക് ലഭിക്കുമായിരുന്നില്ല. ഉത്തരേന്ത്യന്‍ ജനത ബ്രാജോ രാജസ്ഥാനിയോ അവധിയോ സംസാരിക്കേണ്ടി വന്നേനെ. നമ്മുടെ രാഷ്ട്രഭാഷ മറ്റൊന്നാകുമായിരുന്നു. ഇന്ത്യന്‍ ജനതക്ക് ഹിന്ദി എന്ന പൊതുഭാഷ നഷ്ടപ്പെടുമായിരുന്നു.

ഹിന്ദുസ്ഥാനി സംഗീതം
ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാട്ടിക് സംഗീതവും ഇന്ത്യന്‍ സംഗീത പാരമ്പര്യത്തിലെ പ്രബലമായ രണ്ട് ധാരകളാണ്. മുഗള്‍ ഭരണം ഇന്ത്യക്ക് നല്‍കിയ മഹത്തായ സംഭാവനകളില്‍ ഒന്നാണ് ഹിന്ദുസ്ഥാനി സംഗീതം. മേഘമല്‍ഹാര്‍ രാഗത്തില്‍ തന്റെ സിത്താര്‍ മീട്ടി ആലപിച്ച് താന്‍സെന്‍ പെയ്യിച്ച പേമാരി ഒരു ഐതിഹ്യമായിരിക്കാം. എന്നാല്‍ മുഗള്‍ ദര്‍ബാറില്‍ താന്‍സനെ പോലുള്ള ഗാനകോകിലങ്ങള്‍ പാടി പെയ്യിച്ച സ്വരരാഗ തേന്‍മഴയാണ് ഹിന്ദുസ്ഥാനി സംഗീതം. 13-ാം നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ സദസ്യനായിരുന്ന അമീര്‍ ഖുസ്‌റുവാണ് സിത്താര്‍, തബല പോലുള്ള ഉപകരണങ്ങളും തരാന, ഖവാലി, ഖയാല്‍ പോലുള്ള സംഗീത രീതികളും കണ്ടുപിടിച്ചത്. ഈ മനുഷ്യന്‍ ഉത്തരേന്ത്യന്‍ കലക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാനകള്‍ അതുല്യമാണ്. ഇന്ത്യന്‍ ഹോളിവുഡായ ബോളിവുഡിലെ മധുരതരമായ ഗാനങ്ങളേറെയും ഹിന്ദിയിലും ഉറുദുവില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചുവയില്‍ ചിട്ടപ്പെടുത്തിയവയാണ്.

ചുരിദാറും സല്‍വാര്‍ കമീസും
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു ദേശീയ വസ്ത്രമുണ്ടെങ്കില്‍ അത് ഏതായിരിക്കും? സാരിയാണോ? ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വസ്ത്രം എന്ന് സാരിയെ പറ്റി പറയാം. പക്ഷേ, ഇന്ന് വിവാഹിതരായ സ്ത്രീകളുടെ വസ്ത്രമായി അത് മാറിയിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലൊട്ടാകെ യുവതികളും ചെറുപ്പക്കാരികളും മധ്യവയസ്‌കകളും വൃദ്ധകളും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ചുരിദാറും സല്‍വാര്‍ കമീസും. സാരിക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ സല്‍വാര്‍ കമീസ് ഇന്ത്യന്‍ സ്ത്രീകളുടെ വസ്ത്രമായിരുന്നു. മുഗള്‍ കാലഘട്ടത്തില്‍ മുസ്‌ലിം സ്ത്രീകളാണ് ഇവ അധികവും ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് മതഭേദമന്യേ എല്ലാവരും അത് ഏറ്റെടുത്തു. സാരി ധരിക്കുമ്പോള്‍ കൂടുതല്‍ പ്രായം തോന്നിക്കുമെങ്കില്‍ ചുരിദാറും സല്‍വാര്‍ കമീസും പ്രായത്തെ പകുതിയാക്കും. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയില്‍ മുസ്‌ലിം, പഞ്ചാബി സ്ത്രീകള്‍ വ്യാപകമായി സല്‍വാര്‍ കമീസ് ഉപയോഗിക്കുന്നവരാണ്.

ജീന്‍സും ടോപ്പും ടീ-ഷര്‍ട്ടും ധരിച്ച് കോളേജുകളില്‍ വരുന്ന ഇന്ത്യന്‍ യുവതികളോട് സാരി ഉടുക്കാന്‍ പറഞ്ഞാല്‍ അത് പ്രായോഗികമല്ല. എന്നാല്‍ ചുരിദാര്‍, സല്‍വാര്‍ കമീസ് പോലുള്ള ലളിതവും എന്നാല്‍ നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതുമായ വസ്ത്രങ്ങള്‍ അവര്‍ക്ക് തെരെഞ്ഞെടുക്കാവുന്നതാണ്. മുഗളന്മാരെ പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നുവെങ്കില്‍ ഓരോ ഇന്ത്യക്കാരിയും അലമാരകളില്‍ നിന്ന് ചുരിദാര്‍, സല്‍വാര്‍ കമീസ് എന്നിവയും ഒഴിവാക്കേണ്ടി വരും. കാരണം, സുല്‍ത്താനേറ്റ്, മുഗള്‍ കാലഘട്ടത്തിലാണ് ഇവ ഇന്ത്യന്‍ വസ്ത്രധാരണ രീതിയുടെ ഭാഗമായത്. ലണ്ടന്‍ സര്‍വകലാശാലയില്‍ നരവംശശാസ്ത്ര പ്രൊഫസറായ എമ്മ ടാര്‍ലൊ പറയുന്നു: ”മുഗള്‍ കാലഘട്ടത്തില്‍ നീണ്ട മേല്‍വസ്ത്രവും അയഞ്ഞ കാലുറയും തട്ടവുമായിരുന്നു മുസ്‌ലിം സ്ത്രീയുടെ വേഷം. ക്രമേണ ഈ വസ്ത്രം ഉത്തരേന്ത്യ കീഴടക്കി. ഹിന്ദു സ്ത്രീകളും ഈ വസ്ത്രധാരണ രീതി സ്വീകരിച്ചു. ക്രമേണ അത് ഉത്തരേന്ത്യന്‍ സ്ത്രീത്വത്തിന്റെ അടയാളമായി മാറി.”

അനാര്‍ക്കലിയും ലാച്ചയും ശെര്‍വാണിയുമെല്ലാം മുഗള്‍ വസ്ത്രധാരണ രീതികളാണ്, അവയൊക്കെ കയ്യൊഴിയേണ്ടി വരും. മോദി ധരിക്കുന്ന ജാക്കറ്റ് സംസ്‌കാരവും മുഗള്‍ ഉല്‍പന്നമാണ്. അപ്പോള്‍ മോദിജിയും പരുങ്ങലിലാകും.

സമൂസയും ബിരിയാണിയും
സമൂസ ഇന്ത്യന്‍ രുചിയുടെ ബ്രാന്റ് അംബാസഡര്‍മാരില്‍ ഒരാളാണ്. ലാലു പ്രസാദ് യാദവിന്റെ അനുയായികള്‍ മുഴക്കിയിരുന്ന ഒരു മുദ്രാവാക്യമുണ്ട്, ”ജബ് തക് രഹേഗാ സമൂസ മേ ആലൂ, തബ് തക് രഹേഗാ ബീഹാര്‍ മേ ലാലൂ” (സമൂസയില്‍ ഉരുളക്കിഴങ്ങ് ഉള്ളിടത്തോളം കാലം ബീഹാറില്‍ ലാലുവുമുണ്ടാകും).

മുഗളന്മാരെ പോലെ സമൂസയും മദ്ധ്യേഷ്യക്കാരനാണ്. ‘സംബോസാഗ്’ എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നാണ് സമൂസ എന്ന പദം കടന്നുവന്നത്. മുഗള്‍ കൊട്ടാരങ്ങളിലെ പാചക ശാലകളില്‍ വെട്ടിനുറുക്കിയ മാംസമാണ് സമൂസക്കുള്ളില്‍ നിറച്ചിരുന്നത്. ഇന്നും ഈ സമൂസ ജനകീയനായി തന്നെ വിലസുന്നത് നമുക്കറിയാവുന്നതാണ്. നോമ്പുകാലങ്ങളിലെ താരമായ ഇറച്ചി സമൂസകളുടെ താരരാജാവ് ഹൈദരാബാദിലെ ലുഖ്മി സമൂസയാണ്. മുഗളന്മാര്‍ക്ക് ശേഷം പലരും സമൂസയെ ദത്തെടുത്ത് തങ്ങളുടെ ഭക്ഷണരീതിക്ക് അനുസരിച്ച് മാറ്റം വരുത്തി. ഉരുളക്കിഴങ്ങ് നിറച്ച വെജ് സമൂസ ഉത്തരേന്ത്യയില്‍ വ്യാപകമായി. ബംഗാളിലെ ക്വാളിഫഌവര്‍ സമൂസയും ജൈനന്മാരുടെ പഴം സമൂസയും അവയില്‍ ചിലത് മാത്രം.

പൊതുവേ അരിയാഹാരികളായ ഇന്ത്യക്കാര്‍ക്ക് മുഗളന്മാര്‍ നല്‍കിയ സ്വര്‍ഗീയ വിഭവമാണ് ബിരിയാണി. ബിരിയാണിയും ഒരു പേര്‍ഷ്യന്‍ പദമാണ്. അത് ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയതാകട്ടെ മുഗളന്മാരും. ഇന്നും ഇന്ത്യയുടെ ഇതിഹാസ രുചികളിലൊന്നാണ് മുഗള്‍ ബിരിയാണി. ഇന്ത്യയില്‍ ബിരിയാണി വിപ്ലവം തന്നെ തീര്‍ത്തത് മുഗളന്മാരിലൂടെ നവാബുമാരിലെത്തിയ ഹൈദരാബാദി ബിരിയാണികളാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹൈദരാബാദി ബിരിയാണി കഴിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ഇന്ത്യന്‍ കല്യാണങ്ങളിലെയും പാര്‍ട്ടികളിലെയും ആഘോഷങ്ങളിലെയും പ്രധാന വിഭവമായി മാറിയ ബിരിയാണി ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഭക്ഷണ വിഭവമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ വിശ്രുതമായ ഏക ഇന്ത്യന്‍ വിഭവവും മുഗളന്മാര്‍ കൊണ്ടുവന്ന ബിരിയാണിയാണ്. സമൂസയും ബിരിയാണിയും മാത്രമല്ല, ഹല്‍വയും പുലാവും കബാബുമെല്ലാം നൂറ്റാണ്ടുകളായി ഇന്ത്യക്കാരുടെ നാവുകളെ നനയിച്ചും മനസ്സുകളെ കുളിര്‍പ്പിച്ചും തീന്‍മേശകളില്‍ നിറയുന്ന വിഭവങ്ങളാണ്.

മുഗള്‍ ഭരണം 1857-ല്‍ അവസാനിച്ചെങ്കിലും മുഗള്‍ അടയാളങ്ങളെ നമ്മുടെ മണ്ണില്‍ നിന്ന് തൂത്തെറിയുക അസാധ്യമാണ്. അത് പാരമ്പര്യമായി പൈതൃകമായി നമ്മുടെ തലമുറകളിലൂടെ തുടര്‍ന്നുകൊണ്ടിരിക്കും. മുഗളന്മാര്‍ ഇന്ത്യയുടെ ചരിത്രം മാത്രമല്ല, സംസ്‌കാരം കൂടിയാണെന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്നു.

അവലംബം: scroll.in

വിവ: അനസ് പടന്ന

Related Articles