Current Date

Search
Close this search box.
Search
Close this search box.

മിസ്റ്റര്‍ മോദി, ഇതിനെല്ലാം ഉത്തരവാദി താങ്കളാണ്

modi23.jpg

സാര്‍, താങ്കളോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ, താങ്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ ഒരുപാട് അവ്യക്തതകളുണ്ട്. ജംഹൂരിയത്ത് (ജനാധിപത്യം), ഇന്‍സാനിയ്യത്ത് (മനുഷ്യത്വം), കാശ്മീരിയത്ത്- കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടെന്നത് ശരിയാണ്!

സാര്‍, യാഥാര്‍ത്ഥ്യത്തിന്റെ അപ്പത്തില്‍ നിന്ന് താങ്കള്‍ ഒരു കഷ്ണം പോലും കഴിച്ചിട്ടില്ലെന്നിരിക്കെ മധുരത്തില്‍ പൊതിഞ്ഞ പദാവലികള്‍ കൊണ്ട് വലിയ കാര്യമൊന്നുമില്ല. 90-ലധികം പേര്‍ കൊല്ലപ്പെട്ട് കഴിഞ്ഞു, ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു, അറസ്റ്റ് ചെയ്യപ്പെട്ടു, കാഴ്ച്ച നഷ്ടപ്പെട്ടു.

ഇന്‍സാനിയത്തും ജംഹൂരിയത്തും കാശ്മീരിയത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ബൊട്ടെഗോയില്‍ നിന്നുള്ള യവാര്‍ മുഷ്താഖ് സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളടക്കമുള്ള ആളുകള്‍ക്ക് ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. അവസാനം രണ്ട് സ്ത്രീകളും നാല് പുരുഷന്‍മാരും ചേര്‍ന്നാണ് മുഷ്താഖിന്റെ മൃതദേഹം പള്ളിക്കാട്ടിലേക്ക് ചുമന്ന് കൊണ്ടുപോയത്.

സാര്‍, കുട്ടികളെല്ലാം പുസ്തകങ്ങളും, ലാപ്പ് ടോപ്പും, ക്രിക്കറ്റ് ബാറ്റും പിടിച്ച് നില്‍ക്കുന്നത് കാണണമെന്ന് താങ്കള്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷെ സൈന്യത്തിന്റെ പെലറ്റ് വെടിയുണ്ടകളേറ്റ് കാഴ്ച്ച നഷ്ടപ്പെട്ട ഇന്‍ഷാഉം, അവളെ പോലുള്ള നൂറ് കണക്കിന് കുട്ടികളും ഈ പുസ്തകങ്ങളും, ലാപ്പ്‌ടോപ്പുകളും കൊണ്ട് എന്ത് ചെയ്യാനാണ്? ഇതൊക്കെ താങ്ങള്‍ എങ്ങനെ അറിയും സാര്‍? കാശ്മീര്‍ ആളികത്തിക്കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ താന്‍സാനിയന്‍ പ്രസിഡന്റിന്റെ കൂടെ ചെണ്ട കൊട്ടി കളിക്കുന്നതിന്റെ തിരക്കിലായിരുന്നല്ലോ അല്ലെ.

മന്‍ കീ ബാത്തിനെ കുറിച്ചുള്ള എന്റെ വീക്ഷണ വ്യത്യാസം അവതരിപ്പിക്കുന്നത്, മന്‍ കീ ബാത്ത് ഒരു പുതുമയാര്‍ന്ന പരിപാടിയാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പക്ഷെ അതൊരു ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കുള്ള സംസാരമല്ല. സത്യം പറഞ്ഞാല്‍, ഒരു ചക്രവര്‍ത്തിയുടെ നിയമം അടിച്ചേല്‍പ്പിക്കല്‍ പ്രഖ്യാപനത്തിനോടാണ് അതിന് കൂടുതല്‍ സാദൃശ്യം.

കാശ്മീര്‍ താഴ്‌വരയിലെ 90 ശതമാനത്തിലധികം കുട്ടികളും പരീക്ഷകള്‍ എഴുതാന്‍ എത്തിയെന്ന് താങ്കള്‍ പറയുകയുണ്ടായി. സത്യം തന്നെയാണ്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ കാശ്മീര്‍ ശാന്തമാണെന്നതിന് തെളിവാണിതെന്ന് താങ്കള്‍ വാദിച്ചു. ഞാന്‍ താങ്കളോട് വിയോജിക്കുന്നു സാര്‍. അടുത്ത തലത്തിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടി മാത്രമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തത്. അതുപോലെ, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്ലായ്‌പ്പോഴും അനാവശ്യമായി പര്‍വ്വതീകരിച്ച് കാണിക്കും. സാര്‍, പുകമറ സൃഷ്ടിക്കുന്ന തന്ത്രം കൊണ്ട് മുറിവുകള്‍ മറച്ച് വെക്കാന്‍ സാധിക്കും, പക്ഷെ ഉണക്കാന്‍ സാധിക്കില്ല.

സാര്‍, നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ കള്ളപ്പണത്തിനെതിരെയുള്ള ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഒരു വലിയ സാമ്പത്തികവും രാഷ്ട്രീയവുമായ പരാജയം തന്നെയായിരുന്നു. നോട്ട് അസാധുവാക്കലിനോട് നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന 65 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതാണ് ചോദ്യം? താങ്കള്‍ ഏറ്റെടുക്കുമോ?

സാര്‍, മൊത്തം ജനസംഖ്യയുടെ 70 ശതമാനം ജനങ്ങള്‍ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്, 40 ശതമാനം പേര്‍ ഇതുവരെ ബാങ്ക് കണ്ടിട്ടില്ലാത്തവരും, ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുമാണ്. വസ്തുതകള്‍ ഇതായിരിക്കെ എങ്ങനെയാണ് രാഷ്ട്രം മുഴുവന്‍ ക്യാഷ്‌ലെസ്സായി മാറുക. ഈ ആധുനിക കാലത്ത് 133 ദിവസം ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ വലഞ്ഞ എന്നെ പോലെയുള്ള കാശ്മീരികള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ കൊണ്ടും, പ്ലാസ്റ്റിക് മണി കൊണ്ടും എന്ത് പ്രയോജനമാണ് ഉള്ളത്? പ്രീപെയ്ഡ് മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോഴും പ്രവര്‍ത്തനരഹിതം തന്നെയാണ്.

സിന്ദു നദി ജല കരാറിനെ കുറിച്ചും, അത് റദ്ദാക്കാനുള്ള താങ്കളുടെ ആഗ്രഹത്തെ കുറിച്ചും അടുത്ത ദിവസങ്ങളിലായി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. സാര്‍, പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദീ ജലം തടയാന്‍ ഒരുങ്ങുന്നതിന് മുമ്പ് താങ്കളോട് കുറച്ച് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ദൈവമല്ല അതിര്‍ത്തികളും നിയന്ത്രണരേഖകളും സൃഷ്ടിച്ചത്. നമ്മള്‍ മനുഷ്യരാണ് അവ നിര്‍മിച്ചത്. വെള്ളത്തിന്റെ ഒഴുക്കിനെ അതിന്റെ സ്വാഭാവികതയില്‍ വിടുകയാണ് ബുദ്ധി. സിന്ദു നദി ചൈനയില്‍ നിന്നാണ് ഉത്ഭവിച്ചൊഴുകുന്നതെങ്കിലും പ്രസ്തുത കരാറില്‍ ചൈന കക്ഷി ചേര്‍ന്നിട്ടില്ല. ചൈനയെങ്ങാനും സിന്ദു നദിയുടെ ഒഴുക്കിന് തടയിടുകയാണെങ്കില്‍ അത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ ബാധിക്കും. പാകിസ്ഥാനും ചൈനയും വളരെ നല്ല സുഹൃത്തുക്കളാണെന്ന കാര്യം മറക്കരുത്.

വെള്ളം തടഞ്ഞു വെക്കുന്നത് പ്രകൃതിയെ ഒരുപാട് തരത്തില്‍ ദോഷകരമായി ബാധിക്കും, ജല ആവാസവ്യവസ്ഥകളില്‍ അത് മാറ്റമുണ്ടാക്കും, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയും. ഭൗമോപരിതലത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഭൂകമ്പസാധ്യത വര്‍ദ്ധിക്കും.

പാകിസ്ഥാന്‍ നിയന്ത്രണ കാശ്മീരിലെ ഞങ്ങളുടെ കാശ്മീരി സഹോദരങ്ങളാണ് ഇതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത്. വേലിക്കപ്പുറത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ഞങ്ങളുടെ സ്വന്തം സഹോദരി സഹോദരന്‍മാരാണ് അവര്‍.

സാര്‍, ഇന്ത്യയും പാകിസ്ഥാനും നല്ല അയല്‍ക്കാരായി നിലകൊള്ളണമെന്ന് തന്നെയാണ് കാശ്മീരികള്‍ എല്ലായ്‌പ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്. കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ അന്തരഫലങ്ങളും, അവര്‍ക്കിടയിലെ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സൗഹൃദത്തിന്റെ ഗുണഫലങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെടുന്നത് ഞങ്ങള്‍ കാശ്മീരികള്‍ മാത്രമാണ്.

ഞങ്ങളുടെ തലക്ക് മുകളില്‍ പൂക്കള്‍ക്ക് പകരം ബോംബുകളാണ് വര്‍ഷിക്കപ്പെടുക എന്ന് യുദ്ധത്തെ പിന്തുണക്കുന്ന ആളുകള്‍ തിരിച്ചറിയുന്നില്ല. 20 ലക്ഷം മനുഷ്യര്‍ മരിച്ച് വീഴുന്നതില്‍ അവര്‍ക്ക് യാതൊരു കുഴപ്പവുമില്ല. ആണവായുധങ്ങള്‍ക്ക് നഗരങ്ങള്‍ തകര്‍ക്കാനും, എല്ലാം തുണ്ടംതുണ്ടമാക്കാനും, കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. അതിന്റെ ചൂടില്‍ ജനങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് വൈകല്യം സംഭവിക്കും. അതെ, ഞാന്‍ കൊല്ലപ്പെടാനും നശിപ്പിക്കപ്പെടാനും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കെന്നെ സ്വാര്‍ത്ഥനെന്ന് വിളിക്കാം. ഞാനത് കാര്യമാക്കുന്നില്ല.

ഇറാനും അമേരിക്കക്കും, പാകിസ്ഥാനും റഷ്യക്കും, കിഴക്കന്‍ ജര്‍മനിക്കും പശ്ചിമ ജര്‍മനിക്കും, അമേരിക്കക്കും ക്യൂബക്കുമെല്ലാം സുഹൃത്തുക്കളാകാന്‍ കഴിയുമെങ്കില്‍, എന്തു കൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും സുഹൃത്തുക്കളായിക്കൂടാ? പ്രശ്‌നത്തിന്റെ മൂലകാരണത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒന്നും തന്നെ ഫലപ്രാപ്തിയിലെത്തില്ല. ഉചിതമായ ഉഭയകക്ഷി സംഭാഷണങ്ങള്‍ മാത്രമാണ് മുന്നോട്ടുള്ള ഏക വഴി.

താങ്കള്‍ ഒരു ഉപകാരം കൂടി ചെയ്യണം. ഇനിയും നോട്ട് അസാധുവാക്കാന്‍ വല്ല പദ്ധതിയുമുണ്ടെങ്കില്‍, ദയവ് ചെയ്ത് അമ്മയെ ബുദ്ധിമുട്ടിക്കാതെ താങ്കള്‍ തന്നെ നേരിട്ട് വന്ന് ബാങ്കിന് മുന്നില്‍ വരി നില്‍ക്കാന്‍ ശ്രദ്ധിക്കുക.

വിശ്വസ്തതയോടെ,

സാറ ഹയാത്ത് ഷാ

ജമ്മുകാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ വക്താവാണ് ലേഖിക

കടപ്പാട്: dailyo.in
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles