Current Date

Search
Close this search box.
Search
Close this search box.

മാജിദ് ഖാനെ സി.ഐ.എ പീഢിപ്പിച്ച വിധം

majeed-khan.jpg

‘മകനേ, ഞങ്ങള്‍ നിന്നെ മര്‍ദ്ദിക്കാന്‍ പോവുകയാണ്.’
‘മോനേ.. നിന്റെ കാര്യം ഞങ്ങള്‍ നോക്കും. നിനക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ഒരിടത്തേക്ക് ഞങ്ങള്‍ നിന്നെ അയക്കുകയാണ്.’

മാജീദ് ഖാനെ ചോദ്യം ചെയ്തവര്‍ പറഞ്ഞതാണിത്.

പുതുതായി പുറത്ത് വിട്ട രേഖകളില്‍, എന്റെ ഗ്വാണ്ടനാമോ കക്ഷി അദ്ദേഹം സി.ഐ.എയുടെ രഹസ്യ തടങ്കലിലായിരുന്നപ്പോള്‍ അനുഭവിക്കേണ്ടി വന്ന ഭീകരകൃത്യങ്ങള്‍ വിവരിക്കുന്നുണ്ട്. 2003 മാര്‍ച്ചില്‍ പാകിസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ശേഷം, മാജിദ് രണ്ടു തവണ ‘വാട്ടര്‍ ബോര്‍ഡിംഗ്’-ന് (തടവുകാരുടെ മലര്‍ത്തി കിടത്തി വായിലേക്ക് ട്യൂബ് കയറ്റി അതിലൂടെ വെള്ളം പമ്പ് ചെയ്യുന്ന ശിക്ഷാമുറ) വിധേയനായി. കൈകള്‍ മേല്‍പ്പോട്ടാക്കി കെട്ടിതൂക്കിയിട്ട്, നഗ്നനാക്കി ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട്, ശരീരംമുഴുവന്‍ മുങ്ങുന്ന വിധത്തില്‍ ഐസ് വെള്ളം നിറച്ച ടാങ്കിലാണ് അദ്ദേഹത്തെ ഇറക്കി നിര്‍ത്തിയിരുന്നത്.

കൈകള്‍ മേല്‍ക്കൂരയില്‍ ബന്ധിച്ച് നഗ്നനായി നിര്‍ത്തിയിരുന്ന സമയത്തെല്ലാം അദ്ദേഹം ലൈംഗിക പീഢനത്തിന് ഇരയായിരുന്നു. തല ചുറ്റിക കൊണ്ട് അടിച്ച് പൊളിക്കുമെന്നും ഇളയ സഹോദരിയെ ഉപദ്രവിക്കുമെന്നും ചോദ്യം ചെയ്തിരുന്ന ആളുകള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. 2003-ല്‍ ഉടനീളം മാജിദിനെ ഇരുട്ടു മുറിയിലാണ് അടച്ചിട്ടിരുന്നത്. 2004 മുതല്‍ 2006 വരെ ഏകാന്ത തടങ്കലിലും.

സി.ഐ.എ-യുടെ പീഢന പരിപാടികളെ കുറിച്ച് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പരസ്യമായി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. മാജിദ് മലദ്വാരം വഴി ബലാത്സംഗം ചെയ്യപ്പെട്ടതായി 500 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയും. പാസ്തയും സോസും, അണ്ടിപരിപ്പുകളും, ഉണക്കമുന്തിരിയും ചേര്‍ന്ന അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം കുഴമ്പ് രൂപത്തിലാക്കി മലദ്വാരം വഴി അകത്തേക്ക് കയറ്റുകയുണ്ടായി.

ഇച്ഛാഭംഗത്തിനും നിരാശക്കും അടിപ്പെട്ട മാജിദ് ഒരുപാട് തവണ സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി. രണ്ട് തവണ കൈത്തണ്ട മുറിച്ചു, കൈമുട്ടിലെ ഇറച്ചിയുള്ള ഭാഗം തിന്നാന്‍ നോക്കി, കാല്‍പ്പത്തിയിലെ ഞരമ്പ് മുറിച്ചു, കൈമുട്ട് വരെയുള്ള തൊലി മുറിച്ച് നീക്കാന്‍ ശ്രമിച്ചു.

‘വരാനിരിക്കുന്ന അജ്ഞാതമായ ആപത്തിനെ സംബന്ധിച്ചുള്ള ഭയത്തിലാണ് ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ ജീവിച്ചത്,’ മാജിദ് എന്നോട് പറഞ്ഞു. ‘എന്നെ അവര്‍ കൊന്നിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു.’

പക്ഷെ അദ്ദേഹം അതിജീവിച്ചു, 2006 സെപ്റ്റംബറില്‍ അദ്ദേഹം ഗ്വാണ്ടനാമോയിലേക്ക് അയക്കപ്പെട്ടു. അവിടെ അദ്ദേഹം ഒമ്പത് വര്‍ഷക്കാലം കഴിഞ്ഞു.
 

മാജിദിന് ഏല്‍ക്കേണ്ടി വന്ന പീഢനങ്ങളെ അധികരിച്ച് ഞങ്ങള്‍ പ്രയോഗിച്ച ചില അടയാളങ്ങളെ സംബന്ധിച്ച് സി.ഐ.എ ചിലപ്പോള്‍ തര്‍ക്കിച്ചേക്കാം -മാജിനെ വാട്ടര്‍ ബോര്‍ഡിംഗിന് ഇരയാക്കിയതായ ആരോപണം സി.ഐ.എ വക്താവ് നിഷേധിക്കുന്നുണ്ട്, കാരണം ചിലപ്പോള്‍ അവിടെ അങ്ങനെയൊരു ‘ബോര്‍ഡ്’ ഇല്ലാഞ്ഞിട്ടാവാം – പക്ഷെ മാജിദ് വിവരിക്കുന്ന കിരാതകൃത്യങ്ങളുടെ കാര്യത്തില്‍ അതിന് കഴിയില്ല. അവര്‍ അദ്ദേഹത്തോട് ചെയ്ത കാര്യങ്ങളെ ലഘൂകരിച്ച് കാണിക്കുന്നതിന് വേണ്ടിയിട്ടെന്ന പോലെ, ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോള്‍ മാജിദ് നുണപറഞ്ഞതായും സി.ഐ.എ പരാതിപ്പെടുന്നുണ്ട്. ചോദ്യചെയ്തിരുന്നവര്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സത്യമല്ല എന്നറിഞ്ഞിട്ടും മാജിദ് സമ്മതിച്ചിരുന്നു. അപ്പോള്‍ താന്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ വേണ്ടിയിട്ടായിരുന്നു ആ കുറ്റസമ്മതം. പീഢനം വ്യാജ കുറ്റസമ്മത മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുമെന്ന് ഏതൊരു നല്ല ചോദ്യംചെയ്യലുകാരനും നന്നായിട്ട് അറിയാവുന്ന കാര്യമാണ്. സെനറ്റിന്റെ പഠനം ഇതിനെ ശരിവെക്കുന്നു.

ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യത്തോടെ തന്നെയാണ് സി.ഐ.എ മുസ്‌ലിംകളെ പീഢിപ്പിച്ചത് -ഒരു ദശാബ്ദകാലത്തിലധികമായി വ്യക്തിപരമായ അനുഭവങ്ങളിലൂടെ ലോകം അറിഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അമേരിക്കന്‍ പൗരസമൂഹം തുടങ്ങിയിട്ടേയുള്ളു.

വാട്ടര്‍ ബോര്‍ഡിംഗ്, ലൈംഗിക പീഢനം, ഇന്ദ്രിയങ്ങളുടെ സംവേദന ക്ഷമത ഇല്ലായ്മ ചെയ്യുക, ശാരീക ഉപദ്രവം ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ അത്യന്തം ക്രൂരമായ നടപടികള്‍ പ്രാവര്‍ത്തികമാക്കിയതിന്റെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം കണ്ടു. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ക്രൂരവും നികൃഷ്ടവുമായിരുന്നു സി.ഐ.എ പീഢന പദ്ധതികളെന്ന് സര്‍ക്കാറിന്റെ ഉന്നത തലങ്ങള്‍ സാക്ഷ്യപ്പെടുത്തി. ഓരോ വെളിപ്പെടുത്തലും വേദനാജനകമായ പുതിയ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നു. പ്രസ്തുത അന്ധകാരയുഗത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പൊതുസമൂഹം യഥാര്‍ത്ഥത്തില്‍ എത്രത്തോളം അജ്ഞരാണ് എന്നതിന് അടിവരയിടുന്നതായിരുന്നു അവ.

തെളിവുകള്‍ കുഴിച്ചുമൂടുന്നു
തങ്ങള്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ കുഴിച്ചുമൂടാന്‍ സി.ഐ.എ ഒരുപാട് ശ്രമങ്ങള്‍ നടത്തി. മാജിദ് ഗ്വാണ്ടനാമോയില്‍ എത്തിയ ശേഷം അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്തു കൊണ്ട് ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍, ഒരുവര്‍ഷത്തോളം അദ്ദേഹവുമായി കൂടികാഴ്ച്ച നടത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ ഞങ്ങളെ തടഞ്ഞു. ഇക്കാരണത്താല്‍ അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്ന പീഢനങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ ഞങ്ങള്‍ സാധിക്കാതെ വന്നു.

2007 ഒക്ടോബറിലാണ് ഞങ്ങള്‍ മാജിദിനെ അവസാനമായി സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ തടങ്കലിനെ കുറിച്ച് ഒരു തരത്തിലുള്ള ചെറിയ വിവരം പോലും വെളിപ്പെടുത്തരുതെന്ന് ഞങ്ങള്‍ ഭീഷണിപ്പെടുത്തപ്പെട്ടു. പ്രതിഭാഗം വക്കീലുമാര്‍ എന്ന നിലയില്‍, ഈ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ധാര്‍മികവും നിയമപരവുമായ ബാധ്യത ഞങ്ങള്‍ മുറുകെ പിടിച്ചു. എങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഞങ്ങളുടെ കക്ഷിയെ പ്രതിനിധീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നുള്ളു. മാജിദിന്റെ പീഢനങ്ങളെ കുറിച്ചുള്ള സത്യങ്ങള്‍ യാതൊരു വിധത്തിലുള്ള ഫലവുമുണ്ടാക്കില്ലെന്ന് ഞങ്ങള്‍ ഇന്നുവരേക്കും ഭയപ്പെട്ടു.

പക്ഷെ കാലം മാറി. മാജിദിന് എന്ത് സംഭവിച്ചു എന്നറിയാന്‍ പൊതുസമൂഹത്തിന് കഴിഞ്ഞു. തന്റെ തന്നെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, 2012-ല്‍ സൈനിക കമ്മീഷന് മുമ്പാകെ അദ്ദേഹം കുറ്റസ്സമതം നടത്തിയതിനെ കുറിച്ചും മനസ്സിലാക്കാന്‍ പൊതുസമൂഹം ഇന്ന് പ്രാപ്തരാണ്. ഇവ്വിധമൊക്കെയാണ് അദ്ദേഹം കൈകാര്യം ചെയ്യപ്പെട്ടതെങ്കിലും, സ്വന്തം കുടുംബവുമായി സന്ധിക്കാന്‍ കഴിയുമെന്നും, താന്‍ ഇരുട്ടുമുറിയിലായിരിക്കെ ജനിച്ച തന്റെ മകളെ കാണാന്‍ സാധിക്കുമെന്നുമുള്ള ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

‘അബദ്ധങ്ങള്‍’ സംഭവിച്ചിട്ടുണ്ടെന്ന് സി.ഐ.എ തുറന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷെ മാജിദിനെ പോലെയുള്ള ആളുകള്‍ക്ക് സംഭവിച്ചതില്‍ പശ്ചാതപിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. സെനറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതിലൂടെ ‘അളവില്‍ കവിഞ്ഞ സുതാര്യത’യാണ് തങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ പരിഹാസരൂപേണ പറഞ്ഞു. പക്ഷെ മാജിദിന്റെ സമീപകാല വെളിപ്പെടുത്തലുകള്‍ വരച്ചിടുന്നത് പോലെ, സി.ഐ.എ പീഢന കാര്യപരിപാടിയുടെ പുറംതോട് തൊലിക്കാന്‍ മാത്രമേ ഞങ്ങളിപ്പോള്‍ തുടങ്ങിയിട്ടുള്ളു.

സി.ഐ.എ പീഢന പരിപാടികള്‍ ഇതിലും കൂടുതല്‍ സുതാര്യമായിരിക്കേണ്ടതുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. സെനറ്റ് റിപ്പോര്‍ട്ട് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ വെളിച്ചത്ത് വരിക തന്നെ വേണം. സി.ഐ.എ ഒഫീഷ്യലുകളും, പീഢന പരിപാടികള്‍ക്ക് അംഗീകാരം നല്‍കിയവരും, അത് നടപ്പില്‍ വരുത്തിയവരും, അവ പുറത്ത് വരാതെ മൂടിവെച്ചവരുമായ മറ്റുള്ളവരും വിചാരണ ചെയ്യപ്പെടണം. ഇത്തരം പീഢന മുറകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഏകമാര്‍ഗം ഇതുമാത്രമാണ്.

വിചാരണ ചെയ്യാന്‍ അമേരിക്ക സന്നദ്ധമാവുന്നില്ലെങ്കില്‍, പ്രാപഞ്ചിക വിധിന്യായ തത്വങ്ങള്‍ക്കനുസൃതമായി കുറ്റക്കാരെ വിചാരണ ചെയ്യേണ്ട ഉത്തരവാദിത്വം മറ്റു രാഷ്ട്രങ്ങളുടെ നിര്‍ബന്ധ ബാധ്യതമായി മാറും.

മാജിദിന് എതിരെ സൈനിക കമ്മീഷന്‍ ചുമത്തിയ ചില കേസുകള്‍ വ്യാജമാണെന്ന് കണ്ട് അപ്പീല്‍ കോടതി കഴിഞ്ഞാഴ്ച്ച അവയെല്ലാം അസാധുവാക്കിയിരുന്നു. ഇത്രയൊക്കെയായിട്ടും സൈനിക കമ്മീഷന്‍ നിലംപൊത്തിയില്ലെങ്കില്‍ 2016 ഫെബ്രുവരിയോടു കൂടി മാജിദിന്റെ കാര്യത്തില്‍ കോടതി വിധി പറയും. എന്തു തന്നെ സംഭവിച്ചാലും ശരി, നല്ല രീതിയിലുള്ള പരിചരണം മാജിദിന് ലഭിക്കുക തന്നെ വേണം.

(ന്യൂയോര്‍ക്ക് ക്രേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ്’ എന്ന സ്ഥാപനത്തിലെ സീനിയര്‍ അറ്റോര്‍ണിയാണ് ജെ. വെല്‍സ് ഡിക്‌സണ്‍. ഫെഡറല്‍ കോര്‍ട്ടിലും, ഗ്വാണ്ടനാമോയിലെ മിലിറ്ററി കമ്മീഷന്റെ മുമ്പാകെയും തടവുകാരെ പ്രതിനിധീകരിച്ചു കൊണ്ട് വാദിച്ച് വരുന്നു.)

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  അല്‍ജസീറ

Related Articles