Current Date

Search
Close this search box.
Search
Close this search box.

മഹല്ല് സംവിധാനത്തില്‍ സ്ത്രീ പങ്കാളിത്തം വേണം

mahallu2.jpg

ശാക്തീകരണ ചിന്തയുടെയും ഉള്ളുണര്‍വിന്റെയും ബലത്തിലും സംവരണത്തിന്റെ മറവിലും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ  എല്ലാ തലത്തിലുമുള്ള സ്ത്രീ പ്രാതിനിധ്യം അടയാളപ്പെടുത്തുകയോ അതിനായുള്ള  ശ്രമങ്ങള്‍ നടക്കുകയോ ചെയ്യുന്നുണ്ട്. പക്ഷേ മുസ്‌ലിം സമൂഹത്തിന്റെ ഭരണസംവിധാനമായ മഹല്ല് കമ്മറ്റികളില്‍ ഒന്നോ രണ്ടോ മഹല്ലൊഴിച്ചാല്‍  സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച ചിന്തപോലും സമുദായത്തിനുണ്ടായിട്ടില്ല. ”നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങള്‍ക്കിടയില്‍ വര്‍ഗങ്ങളും ഗോത്രങ്ങളും ഉണ്ടാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ഉല്‍കൃഷ്ടന്‍ സൂക്ഷ്മതയുള്ളവനാണ്.”49-13)

ആര്‍ക്കും ആരെക്കാളും മേല്‍ക്കോയ്മ അവകാശപ്പെടാനില്ലാത്ത സമുദായത്തിന്റെ ഭരണസംവിധാനത്തിനുള്ളില്‍ തീര്‍ത്തും പുരുഷാധിപത്യ ഏകാധിപത്യം എങ്ങനെയാണ് വേരുറച്ചുപോയത് എന്ന അന്വേഷണം ചെന്നെത്തുന്നത് ഇസ്‌ലാമിലെ പെണ്ണവകാശങ്ങളെയും ജനാധിപത്യബോധ്യത്തെയും കുറിച്ചുള്ള ധാരണ നമ്മുടെ മഹല്ല് സംവിധാനം കയ്യാളുന്നവരിലേക്കും സമുദായ നേതൃത്വത്തിലേക്കും വേണ്ടവണ്ണം വേരൂന്നിയിട്ടില്ല എന്നുതന്നെയാണ്.

സാമൂഹ്യവ്യവഹാരങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തി അടുപ്പും അടുക്കളയും സ്ത്രീക്കും പള്ളിയും പള്ളിക്കൂടങ്ങളും പുരുഷനും എന്ന രീതി ഇസ്‌ലാമിന്റെതല്ല. വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയവരും ഫത്‌വകള്‍ നല്‍കിയവരും യുദ്ധം നയിച്ചവളും രക്തസാക്ഷിയായവളും കച്ചവടം നടത്തിയവളുമാണ് ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീ. മഹല്ലുപരിധിയിലെ കവലകള്‍ തോറും ഇതൊട്ടിച്ചുനടന്നതുകൊണ്ടോ പ്രസംഗിച്ചു നടന്നതുകൊണ്ടോ കാര്യമില്ല. വിദ്യാഭ്യാസ സാമൂഹ്യരാഷ്ട്രീയമുന്നേറ്റം നടത്തി വലിയൊരു ശക്തി മുസ്‌ലിം സ്ത്രീ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന സമയത്ത് പ്രത്യേകിച്ചും.

ചരിത്രത്തിന്റെ നിയോഗം നിറവേറ്റണമെങ്കില്‍ മഹല്ല് സംവിധാനത്തിനു കീഴില്‍ പെണ്‍ പ്രാതിനിധ്യം ഉണ്ടായേ തീരൂ. കാരണം. മഹല്ലുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ അധികവും വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളാണ്. ഇത് സ്ത്രീയെക്കൂടിബാധിക്കുന്ന വിഷയങ്ങളാണ്. അല്ല, സ്ത്രീയെ മാത്രം ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്. തുല്യാവകാശമുള്ള പല കാര്യങ്ങളിലും ഏകാധിപത്യ മനോഭാവം സ്ത്രീകള്‍ക്ക് പൗരോഹിത്യത്തിന്റെ കീഴില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. ഇസ്‌ലാമിലെ പവിത്രമായ വിവാഹസങ്കല്‍പങ്ങള്‍ വികൃതമാക്കാനും മുസ്‌ലിം പെണ്ണിന്റെ ആത്മാഭിമാനത്തെ തെരുവിലിട്ട് ചോദ്യം ചെയ്യാനും ഇതര മതക്കാര്‍ക്കും അല്ലാത്തവര്‍ക്കും സാഹചര്യം ഒരുക്കിക്കൊടുക്കുന്നവരാണ് പല മഹല്ല് ഭരണാധികാരികളും. വിവാഹവും അതുമായി ബന്ധപ്പെട്ട അത്യാചാരങ്ങളെയും മറികടക്കണമെങ്കില്‍ പെണ്ണവകാശത്തെ ഓര്‍മപ്പെടുത്താന്‍ പെണ്‍സാന്നിധ്യം വേണം.

സ്ത്രീധനം ചോദിച്ചുവാങ്ങുന്നതിനു പകരം മഹര്‍ ചോദിക്കാനുള്ള ത്രാണി പെണ്ണിനുണ്ടാവും. സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളാണ് പല ദുരിതങ്ങള്‍ക്കിരയാകുന്നതും സമൂഹത്തിന്റെ മുന്നില്‍ പരിഹാസ്യരായിത്തീരുന്നതും. ഇത് നമ്മുടെ മഹല്ല് സംവിധാനത്തിന്റെ  പരാജയമോ പരിമിതിയോ ആണ്. കനമുള്ള സംഭാവനകൊടുക്കുന്ന വ്യക്തികളെയല്ലാതെ നാട്ടിലെ സാധാരണക്കാരെ കുറിച്ചോ അവരുടെ പ്രശ്‌നങ്ങളെ കുറിച്ചോ സാമ്പത്തിക വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചോ യാതൊരന്വേഷണവും നടത്താന്‍ പല മഹല്ലധികൃതരും  തയ്യാറല്ല. സ്ത്രീധനത്തുകയൊപ്പിക്കാന്‍ ബാപ്പക്കും ആങ്ങളമാര്‍ക്കും ലൈറ്റര്‍പാഡില്‍ ഒരു കത്തെഴുതിക്കൊടുത്ത് കടമ തീര്‍ക്കുന്നവരാണധികവും. സ്ത്രീയാണ് കുടുംബത്തിന്റെ നായകസ്ഥാനത്തെന്ന് പറയുന്നവര്‍ കുടുംബസ്ഥിതിയറിയാന്‍ കുടുംബത്തിലെ പെണ്ണിനോട് ചോദിക്കണം. മഹല്ലിലെ അന്യപുരുഷനത്  സാധ്യമല്ല.  മഹല്ലു ഭരണസംവിധാനത്തിനു കീഴില്‍  സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടേ അത് പരിഹരിക്കാനാവൂ. അല്ലാതെ  കാമ്പസുകളിലെ തട്ടമിട്ട പെണ്ണാധിക്യത്തെ ചൂണ്ടി ശാക്തീകരണം പറയുന്നതില്‍ അര്‍ഥമില്ല.

മഹല്ലു നേതൃത്വത്തിന്‍ കീഴിലാണ് നമ്മുടെ പള്ളികളും മദ്രസകളും. ഇവയേറെയും രാവിലെ ആറ് മണിക്കോ എട്ട് മണിക്കോ തുടങ്ങി പത്ത് മണിയോടെ അവസാനിക്കുന്നവയാണ്. ശൂന്യമായ ഈ ഇടങ്ങളെ പള്ളി ഭരണസംവിധാനത്തിനു കീഴില്‍ വരുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി സക്രിയമാക്കാം. നമ്മുടെ ഒരുപാട് പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത്, വിശിഷ്യാ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ എത്തിപ്പെടുന്നുവെങ്കിലും വിവാഹത്തോടെ നേടിയ അറിവും കഴിവും പൂട്ടിവെക്കേണ്ടി വരുന്നവരാണ്. ഏറ്റവും വലിയ കാരണം ഭര്‍ത്താവിന്റെ പ്രോത്സാഹനമില്ലായ്മയാണ്. നാലക്ക ശമ്പളം വാങ്ങുന്നപല ഭര്‍്ത്താക്കന്മാരും  തന്റെ ഭാര്യ അധ്വാനിച്ചു കുടുംബം പുലര്‍ത്തേണ്ട ആവശ്യമില്ലെന്നു പറഞ്ഞ് വീട്ടില്‍ നിര്‍ത്തുന്നവരാണ്. പ്രദേശ വാസികളായ ഈ സമ്പന്ന ഭര്‍ത്താക്കന്മാരുടെ വിദ്യാസമ്പന്ന ഭാര്യമാരെ ഉപയോഗിച്ച് നിര്‍ധരായ സ്ത്രീകള്‍ക്ക് ട്യൂഷനും കമ്പ്യൂട്ടര്‍ പരിശീലനം, ടൈലറിംഗ് സംവിധാനം ഒക്കെ ചെയ്യാം. അതിന് സ്ത്രീകളുടെ മനസ്സും പ്രകൃതിയും അറിഞ്ഞ് അവരെ ഉപയോഗപ്പെടുത്താനും പള്ളിക്കമ്മറ്റികളിലെ പെണ്‍പ്രാധിനിധ്യത്തിന് കഴിയും. സമ്പാദ്യം വേണ്ടാത്ത ഭാര്യമാരുടെ ശമ്പളം കിഡ്‌നി ഫൗണ്ടേഷന് വിതരണമെങ്കിലും ചെയ്യാമല്ലോ.

മതബോധവും ധാര്‍മിക ബോധവുമില്ലാത്ത ഒരു തലമുറ ചുറ്റും വളര്‍ന്നുവരുന്നു. നമ്മുടെ ആണ്‍മക്കളില്‍ ചിലരെങ്കിലും തീവ്രവാദത്തിലും എത്തിയിട്ടുണ്ട്. ഓട്ടേറെ പേര്‍ വീടുകളില്‍ നിര്‍ധനരായും രോഗികളായും ഉണ്ട്. ഇതൊക്കെ അറിയണമെങ്കില്‍ വീടിന്റെ അടുക്കളവരെ കേറിച്ചെല്ലാന്‍ പറ്റുന്ന തരത്തില്‍ മഹല്ലില്‍ സ്ത്രീ പങ്കാളിത്തം ഉണ്ടാവണം. മഹല്ല് പരിധിയിലെ മുഴുവന്‍ വിശ്വാസിനികള്‍ക്കും  മഹല്ല് ഭരണത്തില്‍ ഇടപെടാനും അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാനും സാധ്യമാകുന്ന തരത്തില്‍ വോട്ടവകാശം ലഭ്യമാക്കണം. എക്‌സിക്യൂട്ടീവ് കമ്മറ്റികളിലും സ്ത്രീ പ്രാധിനിധ്യം ഉണ്ടായിരിക്കണം. മുസ്‌ലിം പെണ്ണിന്റെ ഇന്ന് നിലവിലുള്ള ഉയര്‍ച്ച സാധ്യമാക്കിയത് സമുദായത്തിലെ പരിഷകരണചിന്താഗതിക്കാരായ പണ്ഡിതന്മാരാണ്. ഇതിനും മുന്‍ കൈ എടുക്കേണ്ടത് അവര്‍ തന്നെയാണ്. എന്നാലേ പെണ്‍സമൂഹത്തോട് നീതിപുലര്‍ത്തി എന്ന് പറയാനാകൂ.

Related Articles