Current Date

Search
Close this search box.
Search
Close this search box.

മഹല്ലിലെ പ്രാതിനിധ്യം സ്ത്രീകളെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവളാക്കും

mahallu.jpg

മഹല്ല് സംവിധാനം എന്നു പറയുന്നത് സ്ത്രീകളും പുരുഷന്മാരും കൂടി ഉള്‍ച്ചേര്‍ന്ന ഒന്നാണ്. മാത്രമല്ല മിക്ക മഹല്ലുകളിലും ഒരു പക്ഷെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഉണ്ടാകുക. അതിനാല്‍ മഹല്ല് കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ വോട്ടവകാശം വിനിയോഗിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടാകണം. രണ്ടത്താണി പോലുള്ള മഹല്ലുകളില്‍ ഇന്ന് അത് യാഥാര്‍ഥ്യമായിട്ടുണ്ട്. ഞങ്ങള്‍ കമ്മറ്റി മെമ്പര്‍മാരാണ്. ആര് മഹല്ലിന്റെ നേതൃത്വത്തില്‍ വരണമെന്ന് തീരുമാനിക്കുന്നതില്‍ സ്ത്രീകള്‍ക്കു കൂടി തീരുമാനമെടുക്കാനുള്ള നിര്‍ണായക അവസരമാണ് ഇതിലൂടെ ലഭിച്ചിട്ടുള്ളത്. ഇപ്രകാരം എല്ലാ മഹല്ലുകളിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണം. കൂടാതെ മഹല്ല് കമ്മിറ്റിയുടെ ഭാരവാഹികളായിട്ട് സ്ത്രീകളുണ്ടാകണം. ഭരണകാര്യങ്ങളറിയാനും അതില്‍ പങ്കാളികളാകാനുമുള്ള അവകാശം ന്യായമായും സ്ത്രീകള്‍ക്കുണ്ട്. മാത്രമല്ല, മഹല്ല് കമ്മറ്റി ചര്‍ച്ച ചെയ്യുന്ന സുപ്രധാന കാര്യങ്ങളായ വിവാഹം, വിവാഹമോചനം തുടങ്ങിയ ചര്‍ച്ചയിലൊന്നും സ്ത്രീയെ പങ്കാളികളാക്കുന്നില്ല. സ്ത്രീയുടെ മനസ്സ് വായിക്കാനും അവളുമായി കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവളുടെ നിലപാടുകളറിയിക്കാനും സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ സാധിക്കുക. എന്നാല്‍ ഇന്ന് പ്രധാനമായും സ്ത്രീകളോട് വേണ്ടത്ര കൂടിയാലോചനയില്ലാതെ പുരുഷന്മാര്‍ തന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചകളിലൂടെയും മററും നടപ്പില്‍ വരുത്തുകയാണ് ചെയ്യുന്നത്.

മഹല്ലുകളില്‍ പങ്കാളിത്തത്തോടൊപ്പം തന്നെ വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് മഹല്ലുകളിലെ വിവാഹ രജിസ്‌ട്രേഷനില്‍ വിവാഹിതയാകുന്ന സ്ത്രീയുടെയും കൂടി ഒപ്പ്. കാരണം സ്ത്രീയുടെ സമ്മതത്തോട് കൂടിയാണ് വിവാഹം നടക്കേണ്ടതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അതിനാല്‍ തന്നെ സ്ത്രീയുടെ ഒപ്പ് മഹല്ലിലെ വിവാഹ രജിസ്‌ട്രേഷനില്‍ നിര്‍ബന്ധമാണ്. മാത്രമല്ല, സ്ത്രീയുടെ സമ്മതമില്ലാതെയോ മറ്റുള്ളവരുടെ നിര്‍ബന്ധം മൂലമോ നടക്കുന്ന വിവാഹങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ ഇതിലൂടെ സാധിക്കും. സമൂഹത്തില്‍ നടമാടുന്ന ചൂഷണങ്ങളും പെട്ടെന്നു തന്നെയുണ്ടാകുന്ന തലാഖുകളുമെല്ലാം ഒരു പരിധിവരെ ഒഴിവാക്കാനും ഇത് വഴിയൊരുക്കും.

സ്ത്രീകള്‍ ഭരണസമിതിയില്‍ വരികയാണെങ്കില്‍ മഹല്ലില്‍ എന്തെല്ലാം നടക്കണമെന്ന്, അല്ലെങ്കില്‍ എന്തെല്ലാം നടക്കുന്നു എന്ന് അവര്‍ക്ക് കൂടി അറിയാന്‍ കഴിയും. ധാര്‍മിക സദാചാര രംഗത്തെ മൂല്യശോഷണങ്ങള്‍ ഒരുപരിധിവരെ തടയാന്‍ ഇതിലൂടെ സാധിക്കും. ഇന്ന് മിക്ക സ്ത്രീകളും വീട്ടിലിരുന്ന് ചാനലുകള്‍ വിസര്‍ജിക്കുന്ന മാലിന്യങ്ങളും പേറി കഴിഞ്ഞുകൂടുന്ന ദുഖകരമായ കാഴ്ചയാണുള്ളത്. മഹല്ലിലോ കുടുംബത്തിലോ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവള്‍ അറിയുന്നുമില്ല, ചിന്തിക്കുന്നുമില്ല.. അതിനാല്‍ തന്നെ അവള്‍ക്ക് അതില്‍ പ്രത്യേകിച്ച് യാതൊരു ഉത്തരവാദിത്തവുമില്ല. മറിച്ച് ഇവര്‍ക്ക് കമ്മറ്റികളില്‍ പ്രാതിനിധ്യമുണ്ടാകുമ്പോള്‍ ഇവര്‍ ഇതിനെ കുറിച്ചെല്ലാം അറിയുകയും ബോധവതിയാകുകയും ഇടപഴകുകയും ചെയ്യും. അല്ലെങ്കില്‍ മഹല്ല് കമ്മറ്റി ഒരു വഴിക്കും സ്ത്രീകള്‍ മറ്റൊരു വഴിക്കും സഞ്ചരിക്കുകയാണ് സ്വാഭാവികമായും ഉണ്ടാകുക. വിദ്യാര്‍ഥികളുടെയും യുവതലമുറയുടെയും വിദ്യാര്‍ഥിനികളുടെയുമെല്ലാം വിദ്യാഭ്യാസ – ധാര്‍മിക സദാചാര രംഗത്ത് സ്ത്രീകള്‍ കൂടി ഇടപഴകുന്നതോടെ അതിന്റെ ഫലം സമൂഹത്തിലുണ്ടാകും. നമ്മുടെ വീടുകളില്‍ ഇസ്‌ലാമിക അന്തരീക്ഷവും കാഴ്ചപ്പാടും ഉണ്ടാകണമെങ്കില്‍ തീര്‍ച്ചയായും സ്ത്രീ പ്രാതിനിധ്യം വേണം.

ഇന്ന് പെണ്‍കുട്ടികളാണ് വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളേക്കാള്‍ മികച്ചുനില്‍ക്കുന്നത്. വിവാഹം കഴിയുന്നതോടെ മിക്കവരും വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയുകയാണ് ചെയ്യുന്നത്. ഇവരെ ഉപോയഗപ്പെടുത്തി പഠനരംഗത്ത് പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മദ്‌റസകളെല്ലാം കേന്ദ്രീകരിച്ച് ട്യൂഷന്‍ നല്‍കാനും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് ചെറിയ തൊഴില്‍ സംരംഭങ്ങളും മൈക്രോ ഫൈനാന്‍സ് സംരംഭങ്ങളുമെല്ലാം ഫലപ്രദമായി നടത്താന്‍ കഴിയും. ഇന്ന് ഈ വിദ്യാസമ്പന്നരെല്ലാം തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കാനുള്ള അവസരമില്ലാതെ ഒരു തരത്തിലുള്ള അസ്വസ്ഥതകള്‍ നേരിടുന്നതായി കാണാം. ഏറ്റവും വിഷലിപ്തമായ ഭക്ഷണങ്ങളാണ് നാം ഇന്ന് കഴിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ മഹല്ലില്‍ ചെറിയ യൂനിറ്റുകള്‍ രൂപീകരിച്ച് കൂട്ടുകൃഷിയും കാര്‍ഷിക സംരംഭങ്ങളും ആരംഭിക്കാന്‍ കഴിയും. പെയിന്‍ ആന്റ് പാലിയേറ്റീവ് സംരംഭങ്ങളിലെല്ലാം വലിയ സംഭാവനകള്‍ സ്ത്രീകള്‍ക്ക് അര്‍പ്പിക്കാന്‍ സാധിക്കും. മഹല്ല് അവരുടെ അജണ്ടയിലും പരിഗണനയിലും വരുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തങ്ങളെയും ബാധ്യതയെയും കുറിച്ച് അവര്‍ ബോധവതികളാകുകയും ചെയ്യും. എന്റെ വീട്, എന്റെ അടുക്കള എന്ന പരിമിതമായ ലോകത്ത് നിന്ന് നന്മ കല്‍പിക്കുക, തിന്മ തടയുക എന്ന് പരസ്പര സഹകരണത്തിന്റെ വിശാല ലോകത്തേക്ക് പ്രവേശിക്കാനും ഇതിലൂടെ കഴിയും. മഹല്ല് കമ്മറ്റി പോലെ തന്നെ ഹജ്ജ് കമ്മറ്റിയിലും വഖഫ് ബോര്‍ഡിലുമെല്ലാം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ട്.

തയ്യാറാക്കിയത് : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles