Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനിലെ നന്മകളെയാണ് ഈ ദൃശ്യങ്ങള്‍ കൊല്ലുന്നത്

warnig.jpg

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരാളെ വെട്ടിക്കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടു. അതുപോലെ അമ്മയുടെ കൈ വിട്ടോടുന്ന കുട്ടി ബൈക്കിടിച്ച് മരിക്കുന്നത്. എന്തിനാണിത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്? ക്രൂരകൃത്യങ്ങള്‍ കണ്ട് മനസ്സ് മരവിച്ച് പോകുന്നു. പ്രമുഖ ചാനലുകള്‍ പോലും ‘വെട്ടിക്കൊല്ലുന്നതിന്റെ CCTVദൃശ്യം കാണാം’ എന്ന് തലക്കെട്ടും കൊടുത്ത് ക്രൂരതകള്‍ പ്രചരിപ്പിക്കുന്നു. അവര്‍ക്ക് റേറ്റിങ്ങായിരിക്കാം പ്രധാനം. പക്ഷെ അതിന്റെ പ്രത്യാഘാതങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നു.

വാട്‌സഅപ്പില്‍ വരുന്ന ഇത്തരം വീഡിയോകള്‍ നമ്മുടെ ഫോണില്‍ ഡൗണ്‍ലോഡായിക്കിടക്കുകയും നമ്മുടെ കൊച്ചു കുട്ടികള്‍ പോലും ഫോണെടുത്ത് ആ വീഡിയോകള്‍ കാണുകയും ചെയ്യുന്നു. പല കുട്ടികള്‍ക്കും ഇത് മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം വീഡിയോകളോടൊപ്പം അടിക്കുറിപ്പായി പ്രതികരണം അല്ലെങ്കില്‍ ബോധവല്‍ക്കരണം തുടങ്ങിയ ന്യായങ്ങളും കാണും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവക്കുന്നത് മനുഷ്യ മനസ്സിന്റെ പല നല്ല വികാരങ്ങള്‍ക്കും ക്ഷതമേല്‍ക്കുകയാണ്.

ഒരനുഭവം പറയാം: എനിക്ക് അറിയാവുന്ന വളരെ ആക്ടീവായിരുന്ന ഒരു കുട്ടി. പ്രായം എട്ട്. പെട്ടെന്ന് ഒരു ദിവസം അവന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടു. എല്ലാത്തിനെയും പേടി. രാത്രിയായാല്‍ ഉറക്കം വരുന്നില്ല. ഉറങ്ങിയാല്‍ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്നു. ഞാന്‍ കുട്ടിയെ ഇരുത്തി കാര്യങ്ങള്‍ സംസാരിച്ചുനോക്കി. കുട്ടി പറഞ്ഞു: കുറച്ച് ദിവസം ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെ വൈ ഫൈ ഉണ്ടായിരുന്നു. ഞങ്ങള്‍ യൂട്യൂബ് വീഡിയോകള്‍ ധാരാളം കണ്ടു. അതില്‍ കുറേ അപകടങ്ങളും പേടിപ്പെടുത്തുന്ന പലതും കണ്ടു. ഇപ്പോള്‍ ഉറങ്ങുമ്പോഴൊക്കെ അത് കാണുന്നു. അതുകൊണ്ട് എനിക്ക് ഉറങ്ങാന്‍ പേടിയാണ്. ഒരുപാട് നല്ല ചിന്തകളും സ്വപ്നങ്ങളും നിരന്തരം പറഞ്ഞ് കൊടുത്ത് മുമ്പ് കണ്ട പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മറക്കാന്‍ പറഞ്ഞ് ഒരു വിധം മാറ്റിയെടുത്തു. ഇത്തരം ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. മനുഷ്യ മനസ്സിലെ നന്‍മയുടെ വികാരങ്ങള്‍ വളര്‍ത്തിയെടുക്കാനാകട്ടെ സോഷ്യല്‍ മീഡിയകളും മറ്റ് വാര്‍ത്താ മാധ്യമ സംവിധാനങ്ങളും. അതുകൊണ്ട് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കാതിരിക്കുന്നതില്‍ നാം ജാഗ്രത പാലിക്കുക.

Related Articles