Current Date

Search
Close this search box.
Search
Close this search box.

മദ്രസകളെ പറ്റി ചിലത്

madrasa.jpg

പണ്ട് പണ്ട് ഇന്നത്തെ ഈ സ്‌കൂളൊക്കെ വരുന്നേനും മുമ്പ് കുറെ വിവരമുള്ള മനുഷ്യരുണ്ടായിരുന്നു. അവരുടെ വിവരം അവരെയും വരും തലമുറയെയും പോലും ജീവിക്കാന്‍ പഠിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. അവര്‍ വിദ്യ പകര്‍ന്നുകൊടുത്ത സ്ഥലത്തെ ദര്‍സ് എന്നോ മദ്രസ് എന്നോ ഓത്തിനുപോവുന്നിടം എന്നോ ഒക്കെ അതിന് പല പേരും പറഞ്ഞിരുന്നു.  എന്നാല്‍ അന്നു പഠിപ്പിച്ചതിന്റെ രേഖകളോ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളോ ഒന്നും അവരോട് ഏത് യു.എ.പി.എ ചുമത്തി ചോദിച്ചാലും കിട്ടുകയില്ല. സമയമുണ്ടെങ്കില്‍ നിരീക്ഷിച്ചാല്‍ അവരുടെ പച്ച ജീവിതത്തില്‍ അത് ശരിക്കും കാണാന്‍ കഴിയുമെന്ന് മാത്രം.

അന്നില്‍ നിന്ന് ഇന്നിലെത്തുമ്പോഴേക്കും മാറ്റം എല്ലാത്തിലുമെന്ന പോലെ മദ്രസയുടെ കാര്യത്തിലും കടന്നുകയറി. അപൂര്‍വം ചിലയിടങ്ങളില്‍ അത് വിവരസാങ്കേതികക്കൊപ്പം തന്നെ വിശ്വാസവും അനുഷ്ഠാനവും ജീവിതത്തില്‍ പകര്‍ത്താന്‍ പര്യാപ്തമാക്കും വിധം വളര്‍ന്നു. എന്നാല്‍ ഇപ്പോഴും തുടങ്ങിയേടത്ത് നിന്നുതിരിയുന്ന രീതിതന്നെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളും കുറവല്ല.

വീടിന് തറക്കല്ലിടുമ്പോള്‍, കുറ്റിയടിക്കുമ്പോള്‍, കട്ടില വെക്കുമ്പോള്‍, ആര്‍ക്കെങ്കിലും അസുഖം വന്നാല്‍, പ്രസവം അടുക്കുമ്പോള്‍, മരണം നടന്നുകഴിഞ്ഞാല്‍, ചെറിയ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞാല്‍….. തുടങ്ങി ചെറുതും വലുതുമായ പല കാര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒരാളായി മാത്രം മാറുന്ന ഉസ്താദുമാരുണ്ട്. അല്ലെങ്കില്‍ കവലകളില്‍ പ്രതിധ്വനിയോടുകൂടി പ്രസംഗപരമ്പര നടത്തി ഇത്ര ഞങ്ങള്‍ക്കും ഇത്ര നിങ്ങള്‍ക്കും എന്ന് ആദ്യമേ പറഞ്ഞുറപ്പിച്ച് ബക്കറ്റുപിരിവിനുവേണ്ടി വേദിയൊരുക്കുന്നവരുമുണ്ട്. ജീവിതംകൊണ്ട് മഹത്തായ മാതൃക കാണിച്ച് എടുത്തുപറയാന്‍ തന്നോളംപോന്ന പിന്‍ഗാമികളെയും വാര്‍ത്തെടുത്തവരുടെ ശരീരം വിശ്രമിക്കുന്നിടമെന്ന് പറഞ്ഞ് അങ്ങോട്ട് വിനോദയാത്ര സംഘടിപ്പിച്ചാല്‍ തീരുന്നതല്ല ദീന്‍ പഠിപ്പിക്കുന്നവരുടെ ഉത്തരവാദിത്വം.

അതൊന്നുമല്ലാതെ ആത്മാര്‍ഥതയോടെ വളര്‍ന്നുവരുന്ന തലമുറക്കും ഏറെ വളര്‍ന്നെന്ന് സ്വയം നടിക്കുന്നവര്‍ക്കുമെല്ലാം ജീവിതംകൊണ്ട് വലിയ ശരികള്‍ വ്യക്തമായി കാണിച്ചുകൊടുക്കുന്നവര്‍ വേറെയുണ്ട്. അറബി അത്യാവശ്യം അറിയുന്നവരോ അറിയുമെന്ന് നടിക്കുന്നവരോ പഠിക്കുമ്പോള്‍ സൈഡായി പോക്കറ്റ് മണി കിട്ടാന്‍ രാവിലെ ഒന്നുരണ്ടു മണിക്കൂര്‍ ചെറിയ കുട്ടികള്‍ക്ക് ഓതിക്കൊടുക്കാമെന്ന് കരുതുന്നവരോ ഇല്ലാതില്ലല്ലോ. യോഗ്യത കുറവാണെങ്കിലും വായിച്ചും പഠിച്ചും അനുഭവിച്ചും നേടിയെടുത്ത അറിവ് വിദഗ്ദമായി പകര്‍ന്നുകൊടുക്കാന്‍ പ്രാപ്തരായവരുമുണ്ടാവാം. ഏതു മാനദണ്ഡം സ്വീകരിച്ചാലും കഴിവുറ്റവരെ കണ്ടെത്താന്‍ സംഘാടകര്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല. എന്നാല്‍ ഇതിന് തയ്യാറായി വരുന്നവര്‍ക്ക്  വന്നേക്കാവുന്ന പ്രയാസങ്ങള്‍ നികത്താനാണ് ആളില്ലാതെ പോവുന്നത്. കൃസ്ത്യന്‍ അരമനകളില്‍ വേദമോതുന്നരെപ്പോലെ പ്രൊഫസറോ ഡബിള്‍ പി.ജി ഉളളവരോ ആയിരിക്കാന്‍ മാത്രം യോഗ്യത എടുത്തു പറയാനില്ലെങ്കിലും ജീവിച്ചുപോകാന്‍ അവരെക്കാളെല്ലാം ബാധ്യത പിന്നിലുള്ളവരായിരിക്കും നമ്മുടെ അധ്യാപകര്‍. അവര്‍ക്ക് അതിനനുസരിച്ച് എന്തെങ്കിലുമൊക്കെ കണ്ടറിഞ്ഞ് കനത്തില്‍ കൊടുത്തെങ്കിലെ സംഗതി ശരിയാവൂ. മതവും സംസ്‌കാരവും പഠിപ്പിക്കുന്നവര്‍ ഭൗതികത ആഗ്രഹിക്കരുത് എന്നൊന്നും പറഞ്ഞാല്‍ ഉണ്ണാനും ഉടുക്കാനുമുള്ളത് അവന് ആകാശത്തില്‍ നിന്ന് കിട്ടില്ല.

ഉസ്താദിനെ നിക്കാഹിനും പുതിയ വീട്ടില്‍ കൂടുമ്പോള്‍ നമസ്‌ക്കാരത്തിന് നേതൃത്വം വഹിക്കാനും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രം വീട്ടിലേക്ക് ക്ഷണിച്ച് അന്നം കൊടുക്കുന്നു. അതല്ലാത്ത അടിപൊളി പരിപാടികള്‍ക്ക് പളളിയിലേക്ക് ഓദാര്യമായി അന്നമെത്തിച്ചു കൊടുക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ പണ്ടല്ല ഇന്നുമുണ്ട്.
പല മദ്രസകളുടെയും പിറവി യഥാര്‍ഥ ഇസ്‌ലാം പകര്‍ന്നുകൊടുക്കാന്‍ ഇല്ലാത്തിടത്ത് ഒന്നുണ്ടാക്കുക എന്ന രീതിയിലല്ല, ഓരോ പാര്‍ട്ടിക്കും ഓരോന്ന് എന്ന നിലക്കാണ്. ഞങ്ങളുദ്ദേശിച്ചവര്‍ക്കല്ല ഇപ്രാവശ്യം അവര്‍ വോട്ടുചെയ്തത് എന്ന കാരണം കൊണ്ട് മാത്രം കുട്ടികളെ അടര്‍ത്തിയെടുത്ത് പുതിയ കെട്ടിടമുണ്ടാക്കി അതിലേക്ക് അവരുടെ രണ്ട് മണിക്കൂര്‍ നേരത്തെ അനുഷ്ഠാന ജീവിത പഠനത്തെ പറിച്ചുനട്ടവര്‍ വരെയുണ്ട്.

മദ്രസയുടെ മുമ്പിലൂടെ നടക്കേണ്ടി വന്നാല്‍ കുടപിടിച്ച് കഴിയുന്നത്ര തല കുനിച്ച് നടന്നിരുന്ന ഒരു പെണ്‍വര്‍ഗത്തിന്റെ പിന്‍തലമുറ മദ്രസയില്‍ പോകുമ്പോള്‍ മാത്രം പര്‍ദയിട്ട് സ്‌കൂള്‍ വണ്ടി വരുമ്പോഴേക്കും കൈയും തലയും കാല്‍മുട്ടും മറക്കാതെ പോകുന്നത് കണ്ടിട്ടുണ്ട്. പല കഴിവുകളുമുള്ള പെണ്‍കുട്ടികള്‍ അത് സ്‌കൂള്‍ സ്റ്റേജില്‍ മാത്രം പ്രകടിപ്പിച്ചാല്‍ മതിയെന്ന നാട്ടുനടപ്പ് ഇപ്പോഴുമുണ്ട്.

രാത്രി മദ്രസകളില്‍ ചൂട്ടും പിടിച്ച് പോയിരുന്ന ഒരു തലമുറയുടെ ഓര്‍മയിലേക്ക് എന്റെ കൂട്ടുകാരി കാണിച്ചുതന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളുടെ ഗള്‍ഫിലുള്ള മാതാപിതാക്കളില്ലാത്ത വീട്ടില്‍ രാത്രി അന്തിയുറങ്ങാനെത്തുന്ന അന്യനാട്ടുകാരനായ ഉസ്താദിന് വല്യുപ്പയും വല്യുമ്മയും ഉറങ്ങിയതിന് ശേഷം സ്ഥിരമായി വാതില്‍ തുറന്നുകൊടുത്തിരുന്നവള്‍. ഒരു ദിവസംപോലും രാത്രി മദ്രസ മുടക്കാത്ത അവള്‍ക്ക് കിട്ടിയിരുന്നത് എന്താണെന്ന് പലപ്പോഴും ആലോചിച്ചുപോയിരുന്നു.
നിലവിലുള്ള ഏറെ മുന്തിയതെന്ന് പറയപ്പെടുന്ന പല മദ്രസകള്‍ക്കും പോരായ്മകളുണ്ടെങ്കിലും ഫാത്തിഹയോ നമസ്‌കാരത്തിന്റെ പേരോ സമയമോ റക്അത്തോ പോലും നേരെചൊവ്വെ പറയാനറിയാത്ത ഉത്തരേന്ത്യക്കാരേക്കാള്‍ ഭേദം നമ്മളാണെന്ന് സമാധാനിക്കാം. കൊല്ലത്തില്‍ ഒരു റമദാനിലെങ്കിലും തൊപ്പിയിട്ട് മുസ്‌ലിമെന്ന് പറയിപ്പിക്കാന്‍ സാമാന്യ മലയാളിക്ക് കഴിയുന്നുണ്ടല്ലോ. ഒരു മദ്രസയിലും പോയിട്ടില്ലെങ്കിലും മക്കളെ നേര്‍വഴിക്ക് നടത്താന്‍ മാത്രം കരുത്തുള്ള വിശ്വാസവും അനുഷ്ഠാന പാരമ്പര്യവും ജീവിതവീക്ഷണവും നമുക്ക് സ്വന്തമായുണ്ടെങ്കില്‍ നിലവിലുള്ള മദ്രസകളെ പഴിക്കാതെ തന്നെ അവരെ മുന്നോട്ട് നടത്താനായേക്കാം.  

Related Articles